UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എനിക്ക് ശബരിമലയില്‍ പ്രാര്‍ഥിക്കണം; I Am Not #ReadyToWait

Avatar

സുനീത ബാലകൃഷ്ണന്‍

സമൂഹത്തിന്റെ ചില വശങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന ഒരു ചരടാണ് ആചാരങ്ങള്‍ എന്നാണു കരുതപ്പെടുന്നത്. ഒരു പ്രത്യേക കാരണം കൊണ്ടാകും മിക്കവാറും അവ നിലവില്‍ വരുന്നത്. കാലം പോകേ ആ കാരണത്തിന്റെ പ്രസക്തി നഷ്ടപ്പെടും. എന്നാല്‍ ആചാരങ്ങള്‍ നിലനില്‍ക്കുകയും ചെയ്യും. കാലാനുസൃതമായി ഇവയും മാറേണ്ടതാണ്.

നൂറ്റാണ്ടുകളായി സമൂഹം പലവിധ ആചാരങ്ങളും വിലക്കുകളുമൊക്കെ കൊണ്ട് തങ്ങള്‍ പുരുഷന്മാരേക്കാള്‍ താഴ്ന്നവരാണെന്നും അവരുണ്ടാക്കിയ നിയമങ്ങള്‍ അനുസരിക്കേണ്ടവരാണെന്നും സ്ത്രീകളെ ധരിപ്പിച്ചു വച്ചിട്ടുണ്ട്. ശാരീരികമായ വ്യത്യാസങ്ങള്‍ കൊണ്ട് എപ്പോഴും ആണിന്റെ തണലില്‍ കഴിയേണ്ടവരാണെന്ന ചിന്തയും പെണ്ണില്‍ ഉളവാക്കാന്‍ സമൂഹത്തിനു സാധിച്ചു. ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തപ്പെടാന്‍ വരെ ഇതു കാരണമായിട്ടുണ്ട്.

സാമൂഹ്യമായ മുന്നേറ്റങ്ങള്‍ നടന്നുവെന്നഭിമാനിക്കുന്ന കേരളത്തിനു പോലും മോശമായ ഒരു ഭൂതകാലമുണ്ട്. സ്ത്രീകള്‍ക്ക് മുലക്കരം ഏര്‍പ്പെടുത്തിയ സമൂഹമാണ് നമ്മുടേത്. മലയാള സിനിമയിലെ ആദ്യ നായികയെ അപമാനിച്ചു വിസ്മൃതിയിലേക്ക് നാടു കടത്തിയവരാണ് നമ്മള്‍; കാരണം താഴ്ന്ന ജാതിക്കാരിയായിരുന്ന അവര്‍ സിനിമയില്‍ ഉയര്‍ന്ന ജാതിക്കാരിയായി അഭിനയിക്കാന്‍ ധൈര്യം കാണിച്ചു. ഇനിയും ഉദാഹരണങ്ങള്‍ പറയാന്‍ എനിക്കാകും.

എന്നും കടുത്ത പ്രതിരോധത്തെ മറികടന്നാണ് ഏതു തരം മാറ്റങ്ങളും സംഭവിച്ചിട്ടുള്ളത്. എന്നാല്‍ നിലനില്‍ക്കുന്ന ആചാരങ്ങളെ മാറ്റുന്നതാണ് ഏറ്റവും വിഷമകരം. സതി, വിധവാ പുനര്‍വിവാഹം, സ്ത്രീകളുടെ വിദ്യാഭ്യാസം ഇവയൊക്കെ ദൈവനിന്ദയായാണു കണക്കാക്കപ്പെട്ടിരുന്നത് എന്ന് ഓര്‍മയുണ്ടാകുമല്ലോ. അന്ന് സമൂഹത്തിലെ പ്രമുഖരായ ആള്‍ക്കാര്‍ ഈ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ വേണ്ടി നേരിട്ട പ്രതിബന്ധങ്ങള്‍ ചരിത്രത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ അയ്യപ്പ സ്വാമിയുടെ സ്ത്രീകളായ ഭക്തരെക്കുറിച്ചാണ് എനിക്കിപ്പോള്‍ പറയാനുള്ളത്.

ശാസ്താവ്, അയ്യപ്പന്‍ എന്നീ സങ്കല്‍പ്പങ്ങളെ പറ്റി എനിക്കറിയാം. ഞാന്‍ ഹിന്ദുവായി ജനിച്ച്, മതവിശ്വാസങ്ങള്‍ അനുഷ്ഠിക്കുന്ന ഒരാളാണെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. അയ്യപ്പ സ്വാമിയുടെ കടുത്ത ഭക്തരാണ് ഞങ്ങള്‍. സ്ത്രീയായ വിശ്വാസിയെന്ന നിലയില്‍ പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തില്‍ കയറുന്നതില്‍ നിന്നു വിലക്കുന്നത് ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണമാണെന്ന് വ്യക്തമാണ്; അതിനെതിരേ കടുത്ത പ്രതിഷേധവുമുണ്ട്.

ആളുകള്‍ ഉയര്‍ത്തുന്ന ചില വാദഗതികള്‍ ഇവയാണ്. ചിലതു ഭക്തിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ മറ്റു ചിലതു വെറും ബോധമില്ലായ്മയാണ്. കാലത്തിനനുസരിച്ച് നീങ്ങാത്തത്തിന്റെ തെളിവുകള്‍.

ഒന്നാമത്തെ വാദം: അയ്യപ്പ സ്വാമി ബ്രഹ്മചാരിയാണ്. അതുകൊണ്ട് പ്രത്യുത്പാദനശേഷി നിലനില്‍ക്കുന്ന പ്രായത്തിലുള്ള സ്ത്രീകള്‍ അമ്പലത്തില്‍ കയറരുത്.

അയ്യപ്പസങ്കല്‍പ്പത്തിനെ തന്നെ അപമാനിക്കുന്ന വാദമാണിതെന്ന് ഞാന്‍ പറയും. അത്തരം പ്രലോഭനങ്ങള്‍ക്കതീതനാണ് അയ്യപ്പന്‍. ബ്രഹ്മചര്യം എന്നാല്‍ പ്രലോഭനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണെന്നത് മനുഷ്യരുടെ അബദ്ധധാരണയാണ്. പ്രലോഭനങ്ങള്‍ നിലനില്‍ക്കേ, അവയെ അവഗണിച്ച് തന്റെ തീരുമാനങ്ങളില്‍ ഉറച്ചു മുന്നോട്ട് പോകുന്നതാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യം അത് ചെയ്യാന്‍ തീരുമാനിക്കുന്ന ആളുടേതാണ്; അയാള്‍ക്ക് ചുറ്റുമുള്ള മനുഷ്യരുടേതല്ല. ദൈവമെന്ന സങ്കല്‍പ്പത്തിനോട് കൂടുതലടുക്കാന്‍ പ്രലോഭനങ്ങളെ ഉപേക്ഷിക്കേണ്ടതു ഭക്തരാണ്. അതുകൊണ്ടാണ് ലൗകികമായതെല്ലാം ഉപേക്ഷിച്ചു കൊണ്ട് 41 ദിവസത്തെ വ്രതം ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായത്.

ആര്‍ത്തവകാലത്തെ യാത്രയ്ക്കുള്ള പ്രയാസങ്ങള്‍, സന്നിധാനത്തെത്താനുള്ള കഠിനമായ മല കയറ്റം ഇതൊക്കെ കണക്കിലെടുത്താകണം ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ തീര്‍ത്ഥാടനത്തില്‍ നിന്നു വിലക്കിയത്. ആധുനിക സൗകര്യങ്ങള്‍ ഇന്നിതെല്ലാം മാറ്റിമറിച്ചിരിക്കുന്നു.

രണ്ടാമത്തെ വാദം: അയ്യപ്പദര്‍ശനത്തിനാവശ്യമായ 41 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കാന്‍ ആര്‍ത്തവം മൂലം സ്ത്രീകള്‍ക്കാവില്ല.

ശരിക്കും? ഒരു ഭക്തന് ദൈവത്തോടുള്ള പ്രതിബദ്ധതയുടെ മേല്‍നോട്ടം നടത്തേണ്ടത് മറ്റുള്ളവരല്ലല്ലോ, വ്രതം എന്നത് സ്ത്രീ ഉറപ്പു വരുത്തേണ്ട കാര്യമല്ലേ? എല്ലാ സ്ത്രീകളുടേയും ആര്‍ത്തവചക്രം ഒരേ പ്രായപരിധിക്കുള്ളില്‍ അല്ല; അതില്‍ പല മാറ്റങ്ങളും ഉണ്ടാവും. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് ചെറുപ്രായത്തിലേ ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീകളുണ്ട്. അവര്‍ക്ക് വ്രതമെടുക്കാമല്ലോ? വീട്ടിലെ പുരുഷന്മാര്‍ ശബരിമല യാത്രയ്ക്കായി വ്രതമെടുക്കുമ്പോള്‍ ആര്‍ത്തവം നീട്ടി വയ്ക്കാന്‍ സ്ത്രീകള്‍ കഴിക്കുന്ന ഗുളികകളോ? അവരും കുടുംബാംഗങ്ങളും ബ്രഹ്മചര്യവും മറ്റ് നിയന്ത്രണങ്ങളും പാലിക്കുന്നുണ്ട്. അതുപോലെ ഷേവ് ചെയ്യാതെയും മുടി മുറിക്കാതെയും മദ്യപിക്കാതെയും ഇരിക്കണം എന്നത് ഒരു സാധാരണ സ്ത്രീയെ ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ. ഇനി ഇതിലേതെങ്കിലും അവള്‍ ലംഘിക്കുകയാണെങ്കില്‍ തന്നെ അതിന്റെ ശിക്ഷ അവള്‍ക്കു മാത്രമായിരിക്കില്ലേ? സ്ത്രീ നിഷ്ഠകള്‍ പാലിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുന്നതു പോലെ ആരെങ്കിലും വ്രതമെടുക്കുന്ന പുരുഷന്മാരുടെ കാര്യം നോക്കാറുണ്ടോ? അപ്പോള്‍ ആ ബഹുമാനം ഒരു ഭക്തയ്ക്കും കിട്ടേണ്ടതല്ലേ?

അതുകൊണ്ട് സ്ത്രീകളുടെ ‘ശുദ്ധി’ പരിശോധിക്കുന്ന മെഷീനുകള്‍ തുടങ്ങിയ വിചിത്രമായ ആശയങ്ങളും കൊണ്ടു വന്നേക്കല്ലേ. അമ്പലത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടോ എന്നു സ്‌കാന്‍ ചെയ്തു പരിശോധിക്കുന്ന മെഷീനെ പറ്റി ഒരു ഉദ്യോഗസ്ഥന്‍ പരാമര്‍ശിച്ചിരുന്നല്ലോ.

സ്ത്രീയുടെ ‘അശുദ്ധി’യെന്ന ആശയമാണ് ഈ ചര്‍ച്ചകളില്‍ എനിക്കു തീരെ ദഹിക്കാത്തത്. പുരുഷ മേധാവിത്വ സമൂഹം സ്ത്രീകളെ നിയന്ത്രിക്കാന്‍ കാലാകാലമായി പ്രയോഗിച്ചു വരുന്ന തന്ത്രമാണിത്. എന്നിട്ടവര്‍ മാതൃത്വത്തെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നു. എന്തിന്? സ്ത്രീകളാണ് വംശം നിലനിര്‍ത്തിക്കൊണ്ടു പോകുന്നത്. അതാണ് അവരെ കൊണ്ടുള്ള ഏക പ്രയോജനമെന്ന് മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നതാണത്.

#ReadyToWait എന്നു ചിന്തിക്കുന്ന മറ്റ് സ്ത്രീകളോട് എനിക്കു പറയാനുള്ളത്, 55 വയസ്സു വരെ കാത്തിരിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. അതുകൊണ്ട് അങ്ങനെ കാത്തിരിക്കാന്‍ തയ്യാറല്ലെന്ന് തീരുമാനിച്ച മറ്റ് സ്ത്രീകളോട് അതേ ബഹുമാനം നിങ്ങളും കാണിക്കണമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഏതോ നൂറ്റാണ്ടില്‍ പുരുഷന്മാരുണ്ടാക്കിയ നിയമം അവര്‍ക്ക് തടസ്സമാകാതിരിക്കട്ടെ.

സ്ത്രീകള്‍ക്കും ശബരിമലയില്‍ ആരാധന സ്വാതന്ത്ര്യം വേണമെന്ന ഈ നീക്കത്തെ ഒരു മാറ്റമായാണ് ഞാന്‍ കാണുന്നത്; ലിംഗ അസമത്വമെന്ന് ഞാന്‍ കരുതുന്ന ഒന്നിനെ അവസാനിപ്പിക്കുന്ന തരം മാറ്റം. രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിനനുസൃതമായ മാറ്റം. ഇത് ഒരു വിവേചനമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലെങ്കില്‍ വിവേചനം കണ്ടാല്‍ തിരിച്ചറിയാനാകാത്ത വിധം നിങ്ങളെ സമൂഹം രൂപപ്പെടുത്തിയിരിക്കുന്നുവെന്ന് ഞാന്‍ കരുതും.

(എഴുത്തുകാരിയും ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുമാണ് സുനീത ബാലകൃഷ്ണന്‍)

(എന്‍ഡി ടിവിയില്‍ എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍