UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി, ഈ മൃതദേഹത്തിനും ചിലത് പറയാനുണ്ട്

Avatar

ഡി. ധനസുമോദ്

ഡല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് മാത്രമായി കേന്ദ്രസര്‍ക്കാര്‍ ഒരു റോഡ് അനുവദിച്ചിട്ടുണ്ട്. കേരള ഹൗസിനു മുന്നിലുള്ള ജന്തര്‍ മന്തര്‍ റോഡ്. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ മൃതദേഹവുമായി ഒരു കുടുംബം അവിടെ ധര്‍ണ ഇരിക്കുന്നത് അറിഞ്ഞാണ് മൈക്കും കാമറയുമായി ഓടിച്ചെന്നത്. റോഡിനോടു ചേര്‍ന്ന നടപ്പാതയില്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് കെട്ടിയ മൃതദേഹത്തിന്റെ സമീപം യൂണിഫോമിലും അല്ലാതെയും പോലീസുകാര്‍ നില്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാതെ പോകില്ലെന്ന് പറഞ്ഞു കരയുന്ന ബന്ധുകളാണ് ധര്‍ണ നടത്തുന്നത്.എന്റെ കാമറാമാന്‍ ലിജു ചെറിയാന്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ  പോലീസിന്റെ ഭാവം മാറി. ഷൂട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നായി അവരുടെ നിലപാട്. മരിച്ചതും മരിച്ചതിനൊക്കുമേ കുത്തിയിരിക്കുന്ന രണ്ടു സ്ത്രീകളും ആരാണെന്നു പോലും അറിയാന്‍ വയ്യ. പോലീസ് അവരുടെ അടുത്തേക്ക് കടത്തി വിടുന്നുമില്ല. ചുറ്റിനടന്നപ്പോള്‍ മഫ്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ വാക്കിടോക്കി മുട്ടിച്ചു കൂടെ വരാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ മരത്തിന്റെ മറയില്‍ നിന്നും മരിച്ചു കിടക്കുന്ന സ്ത്രീയെക്കുറിച്ച് ചുരുക്കി പറഞ്ഞു.

‘ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയില്‍ ഘെരോളി ഗ്രാമത്തിലെ ബിമലാ ദേവി (55) യുടെതാണ് ആ മൃതദേഹം. ഭൂമാഫിയയുടെ ഗുണ്ടകള്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍ കയറി വെടി വയ്ക്കുകയായിരുന്നു. 18 വെടിയുണ്ടകള്‍ ആണ് ദേഹത്ത് തറച്ചത്. മഹേന്ദ്രഗഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു ശേഷം ഡല്‍ഹിക്ക് വന്നിരിക്കുകയാണ്. ഇത്രയും ദൂരം സഞ്ചരിച്ചു ഡല്‍ഹിയിലെത്താന്‍ മറ്റൊരു കാര്യം കൂടി ഉണ്ട്. 20 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ നടത്തിയ കൊലപാതക പരമ്പരയിലെ അവസാന കണ്ണി ആണ് ബിമലാ ദേവി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14 നു ഇവരുടെ ഇളയ സഹോദരന്‍ മഹേഷ്‌കുമാര്‍ (35) വീടിനടുത്ത റോഡില്‍ വച്ച് വെടിയേറ്റ് മരിക്കുന്നതോടെ ആണ് ഭൂമിക്കു വേണ്ടിയുള്ള മാഫിയ പോരാട്ടം തുടങ്ങുന്നത്. അമ്മാവന്‍ വെടിയേറ്റ് മരിച്ചതറിഞ്ഞു ബിമലാദേവിയുടെ മകന്‍ സന്ദീപ് കുമാര്‍ (28 ) പട്ടാളത്തില്‍ നിന്നും ലീവ് എടുത്തു നാട്ടിലെത്തി. ഭൂമാഫിയക്ക് എതിരായ പോരാട്ടവും കൊലപാതക കേസും ഈ ചെറുപ്പക്കാരന്‍ ഒറ്റയ്ക്ക് നടത്തി. എന്നാല്‍ അയളും നിറതോക്കിനു ഇരയാകാന്‍ അധികനാള്‍ വേണ്ടി വന്നില്ല. കഴിഞ്ഞ ഡിസംബര്‍ 23 നു നാര്‍നോളിലെ കോടതിക്ക് മുന്നില്‍ വച്ച് സന്ദീപ്കുമാറിനെ വെടിവെച്ചു കൊന്നു. രണ്ടു മരണം സംഭവിച്ചിട്ടും ഭൂമി വിട്ടുകൊടുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ബിമലാ ദേവിക്കും വെടിയുണ്ടകള്‍ക്കു മുന്നില്‍ കീഴടങ്ങേണ്ടിവന്നത്. ബാക്കി കുടുംബാംഗങ്ങള്‍ക്ക് ഗ്രാമത്തിലേക്ക് തിരിച്ചു പോകാന്‍ ഭയമാണ്. ഭൂമി വിട്ടു കൊടുത്തില്ലെങ്കില്‍ മൂന്നുപേരെ കൊന്ന തോക്ക് തങ്ങള്‍ക്ക് നേരെയും ഉന്നം പിടിക്കുന്നുണ്ടന്നു ബന്ധുക്കള്‍ക്ക് അറിയാം’.

ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം എത്തിയതോടെ കഥ പറഞ്ഞു നല്‍കിയ പോലീസുകാരന്‍ പെട്ടെന്ന് മൃതദേഹത്തിനടുത്തേക്ക് പോയി. വിവരം അറിഞ്ഞെത്തിയ മലയാളം ചാനലുകളെ ഒരു വിഷ്വല്‍ പോലും ലഭിക്കാത്ത തടയാന്‍ കൂടുതല്‍ പോലീസ് ചുറ്റും നിലയുറപ്പിച്ചു. കൂടുതല്‍ സേനകളും എത്തി. കൂടുതല്‍ മാധ്യമങ്ങള്‍ എത്താതിരിക്കാന്‍ ജന്തര്‍ മന്തറിലെക്കുള്ള വഴി ബാരിക്കേഡു കൊണ്ട് പോലീസ് അടച്ചു. എങ്കിലും ഈ പിടിവലികള്‍ക്കിടയില്‍ സുജിത് പട്ടാമ്പി( മാതൃഭൂമി ന്യൂസ്), മധു മേനോന്‍(ഏഷ്യാനെറ്റ് ന്യൂസ്), ഫൈസല്‍(റിപ്പോര്‍ട്ടര്‍),ഇര്‍ഷാദ്( മനോരമ ന്യൂസ്),രാജീവ് കണ്ണാടി( കൈരളി) എന്നിവര്‍ തങ്ങളുടെ മിടുക്ക് കൊണ്ട് ആ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയെടുത്തിരുന്നു.

പ്രധാന മന്ത്രി മോദി ജന്തര്‍ മന്തറില്‍ വന്നു കാണണം എന്നായിരുന്നു മൃതദേഹവുമായി എത്തിയവരുടെ ആവശ്യം. വേണമെങ്കില്‍ മോദിയെ ഓഫീസിലേക്ക് പോയി കാണാം എന്ന് ഒരു ബന്ധു പറഞ്ഞു. പെട്ടെന്ന് എവിടെ നിന്നോ ഒരു ആംബുലന്‍സ് അവിടെ എത്തി കമാന്‍ഡോ ഓപ്പറേഷന്‍ പോലെ മൃതദേഹം എടുത്ത് ആംബുലന്‍സിലെക്കു കയറ്റിയതും ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചു. പുരുഷന്മാരായ ബന്ധുക്കളെ പോലീസ് ജീപ്പില്‍ കയറ്റി. സ്ത്രീകളെ വനിത പോലീസ് പിടിച്ചു വലിച്ചെങ്കിലും അവര്‍ പോകാന്‍ തയാറായില്ല.

സംസ്ഥാന അതിര്‍ത്തി വരെ മൃതദേഹം ഡല്‍ഹി പോലീസ് കൊണ്ട് പോകും. പിന്നീട് ഹരിയാന പോലീസ് ഏറ്റുവാങ്ങി ഘെരോളിയില്‍ എത്തിക്കും. മൃതദേഹം കിടത്തിയ നടപ്പാതയ്ക്ക് എതിര്‍വശം പന്തലില്‍ നാലഞ്ചു ദിവസമായി നിരാഹാരം അനുഷ്ടിക്കുന്നവരുമുണ്ട്. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ ആവശ്യപ്പെട്ടാണ് പഴയ പട്ടാളക്കാരുടെ സമരം. പട്ടാളക്കാരനായിരിക്കെ സ്വന്തം പ്രദേശത്ത് വെടിയേറ്റ് മരിക്കാന്‍ വിധിക്കപ്പെട്ടയാളുടെ അമ്മയുടെ ശരീരവും ജന്തര്‍ മന്തറില്‍ കുറച്ചു നേരം ഉറഞ്ഞു കിടന്നു. വിവരം ദേശീയ ചാനലുകളില്‍ എത്തിയപ്പോഴേയ്ക്കും മൃതദേഹം ജന്തര്‍ മന്തറില്‍ നിന്നും കൊണ്ടുപോയിരുന്നു.

ഭൂമി ഏറ്റെടുക്കുന്നതിനു മുന്‍പ് പാലിക്കേണ്ട നടപടി ക്രമങ്ങളില്‍ മാറ്റം വരുത്താതെ വ്യവസായം വരില്ലെന്ന് വിശ്വസിക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്ക് അനുകൂലമായി അറിയപ്പെടുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം നിലവിലുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് അധികവും. ഈ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരെ കോണ്‍ഗ്രസ്സും സിപിഎമ്മും മാത്രമല്ല സംഘപരിവാര്‍ സംഘടനകളും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു. മഴക്കാല സമ്മേളനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാക്കി എടുക്കാന്‍ പ്രതിപക്ഷത്തോടൊപ്പം ബിജെപി യിലെ ഒരു വിഭാഗത്തിനും താല്‍പര്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. കര്‍ഷക കേന്ദ്രീകൃതമായ ബിഹാറില്‍ ഏതു മുഖവുമായി വോട്ടു ചോദിക്കും എന്ന് ആശങ്ക ഉണ്ടായിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പു ഫലം കൂടി കഴിഞ്ഞാണ് ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. എല്ലാ ആശങ്കയും കാറ്റില്‍ പറത്തി ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ വെള്ളവും കുറച്ചു എരിവും പുളിയുമൊക്കെ ചേര്‍ത്ത് അവതരിപ്പിക്കാം. വ്യവസായം വരുമോ എന്ന് നോക്കാം. സുരക്ഷിത നിയമം നിലനില്‍ക്കുമ്പോള്‍ മഹേഷ്‌കുമാരും സന്ദീപ് കുമാറും ബിമലാദേവിയുമൊക്കെ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹത ഇല്ലാത്തവരായി മാറുമ്പോള്‍ വെള്ളം ചേര്‍ത്ത നിയമത്തിന്റെ കാലത്ത് ആരെന്നും എന്തെന്നും ആര്‍ക്കറിയാം???

(ടിവി ന്യൂ വാര്‍ത്താ ചാനല്‍ ന്യൂസ് എഡിറ്ററും ഡല്‍ഹി ബ്യൂറോചീഫും കൂടിയാണ് ലേഖകന്‍ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍