UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാം പോരാടി നേടേണ്ട യഥാര്‍ത്ഥ സ്വാതന്ത്ര്യങ്ങള്‍ – എഡിറ്റോറിയല്‍

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

സഹജീവികളായ മിക്ക ഇന്ത്യക്കാരും ആഗ്രഹിക്കുന്ന യഥാര്‍ത്ഥ സ്വാതന്ത്ര്യങ്ങളാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ ഞങ്ങളും ആഗ്രഹിക്കുന്നത്. ദീപാലങ്കാരങ്ങളില്‍ മുങ്ങിയ സര്‍ക്കാര്‍ കെട്ടിടങ്ങളും പത്രത്താളുകളിലെ പ്രചാരണ പരസ്യങ്ങളും പരാമര്‍ശിക്കാത്തവയാണ് ഈ യഥാര്‍ത്ഥ സ്വാതന്ത്ര്യങ്ങള്‍.

നാം പോരാടി നേടേണ്ട യഥാര്‍ത്ഥ സ്വാതന്ത്ര്യങ്ങള്‍.

ഈ സ്വാതന്ത്ര്യദിനത്തില്‍ പ്രചാരണഭീകരതയില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് നാം തേടുന്നത്. നേതാക്കളുടെ വെളുക്കെച്ചിരിക്കുന്ന മുഖവ്യായാമം കാണാതെ എന്നാണ് നമുക്ക് ദിനപത്രങ്ങള്‍ തുറക്കാന്‍ കഴിയുക? അടിമുടി അഴിമതിയില്‍ ആണ്ടുകിടക്കുന്ന രാഷ്ട്രീയ വ്യവസ്ഥയുടെ അപമാനകരമായ സത്യങ്ങള്‍ എന്നാണ് നമുക്ക് വായിക്കാനാവുക?

വഴിതെറ്റിക്കുന്ന, സ്ത്രീവിരുദ്ധമായ, ഫ്യൂഡല്‍ രാഷ്ട്രീയ സംവിധാനത്തിനെതിരെ സാധാരണ പൌരന്‍മാര്‍ നടത്തുന്ന നിരന്തര പ്രതിരോധത്തെ, വിനയമുള്ള ഭരണാധികാരികള്‍ക്കും സംശുദ്ധമായ രാഷ്ട്രീയത്തിനും വേണ്ടിയുള്ള സാധാരണക്കാരുടെ സ്വാതന്ത്ര്യത്തെ എന്നാണ് നമുക്ക് ആഘോഷിക്കാനാവുക?

സ്ത്രീകളും കുട്ടികളും പുരുഷന്മാരും- ഏതാണ്ട് 60 കോടിയോളം വരുമവര്‍- പുലര്‍കാലത്തെഴുന്നേല്‍ക്കുമ്പോള്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ ആളൊഴിഞ്ഞ വെളിമ്പ്രദേശങ്ങള്‍ക്കായി തിരഞ്ഞുനടക്കാതെ, വീട്ടുപരിസരത്ത് അടച്ചുറപ്പുള്ള കക്കൂസുകളുള്ള കാലം എന്നാണ് നമുക്കുണ്ടാവുക?

ആധുനിക വൈദ്യത്തോടുള്ള ആധുനിക ഇന്ത്യയുടെ  ഭയം നിറഞ്ഞ അകല്‍ച്ചയില്‍ നിന്നും മുക്തമാകണമെന്ന് ഈ ആഗസ്റ്റ് 15-നു നാം ആഗ്രഹിക്കുന്നു. ആശുപത്രികളും മരുന്നുകളും നമ്മില്‍ മിക്കവര്‍ക്കും അടുക്കാനാവാത്ത തരത്തില്‍ അപ്രാപ്യവും ചികിത്സയ്ക്ക് വിധേയമായാല്‍ നമ്മളെ സാമ്പത്തികമായി തകര്‍ക്കുന്ന ഒന്നുമാണ്. കുറഞ്ഞ ചികിത്സാ സൌകര്യങ്ങളും മരുന്നുകളുടെ ലഭ്യതയുമില്ലാത്ത 66 ശതമാനം വരുന്ന ഇന്ത്യയിലെ ഗ്രാമീണ ജനതയ്ക്ക് എന്നാണ് ഈ ആധുനിക റിപ്പബ്ലിക് അടിസ്ഥാന വൈദ്യസഹായം ഉറപ്പുനല്‍കുക?

ഒരു പനി വന്നാല്‍ ആശുപത്രിയിലെത്തണമെങ്കില്‍, ഡോക്ടറെ കാണണമെങ്കില്‍ ചുരുങ്ങിയത് 30 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിവരുന്ന 31 ശതമാനം ഇന്ത്യക്കാര്‍ക്ക് എന്നാണ് ഈ ജീവന്‍ കയ്യില്‍പ്പിടിച്ചുള്ള നടത്തത്തില്‍ നിന്നും  സ്വാതന്ത്ര്യം ലഭിക്കുക? എന്നാണ് സര്‍ക്കാരിന്റെ 40-ലേറെ ക്ഷേമപദ്ധതികളിലൂടെ വിശപ്പുമാറ്റാന്‍ ഒരു നേരത്തെ ഭക്ഷണവും തല ചായ്ക്കാന്‍ ഒരു കൂരയും ശുദ്ധമായ കുടിവെള്ളവും കക്കൂസും കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് എന്നാണാ സ്വാതന്ത്ര്യം ലഭിക്കുക? എന്നാണവര്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് അവര്‍ക്ക് തോന്നുക?

എന്നാണ് ഇന്ത്യയിലെ കുട്ടികള്‍ ആരോഗ്യത്തോടെ വളരുക, ആഗോള പട്ടിണി സൂചികയില്‍ ശ്രീലങ്കയ്ക്കും നേപ്പാളിനും പിറകില്‍ തളര്‍ന്നുകിടക്കുന്ന ഇന്ത്യ ആരോഗ്യമുള്ളൊരു സ്ഥാനത്തെത്തുക?

എന്നാണ് വൈവിധ്യത്തിന്റെ കീര്‍ത്തിയുമായി അറിയാത്ത കോണുകളില്‍ നിന്നും ഇന്ത്യക്കാര്‍ ആഗോളവേദികളില്‍ മികവിന്റെ മുദ്ര തെളിയിക്കുക?

എന്നാണ് യഥാര്‍ത്ഥ ഭാരതമാതാവിന് ആധുനിക ഇന്ത്യയിലെ തെരുവുകളിലൂടെ ഹൃദയശൂന്യരായ, അഴിമതിക്കാരും സ്വജനപക്ഷപാതികളുമായ ഭരണകൂടത്തിന്റെ പീഡനവും അക്രമവും ഭയക്കാതെ നടക്കാനാവുന്ന ആ യഥാര്‍ത്ഥ സ്വാതന്ത്ര്യം വരിക?

 

എന്നാണ് മുഴുവന്‍ ഇന്ത്യക്കാരും പട്ടിണിയില്ലാതെ കഴിയുന്ന ദിവസം വരിക? കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നതില്‍ നിന്ന്‍ അവര്‍ക്കെന്നാണ് മോചനം ലഭിക്കുക?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍