UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിതിന്റെ ആത്മഹത്യയ്ക്കു പിന്നിലെ പീഡന ചരിത്രം

Avatar

അഴിമുഖം പ്രതിനിധി

രോഹിത് വെമുല എന്ന 28കാരന്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു രണ്ടാം വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ രാത്രിയാണ് അയാള്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. അതൊരു ആത്മഹത്യയല്ല. ഹൈദരാബാദ് സര്‍വകലാശാല അധികൃതരും എബിവിപി-ആര്‍എസ്എസ്-ബിജെപി ഗുണ്ടകളും ചേര്‍ന്ന് നടത്തിയ ഒരു കൊലപാതകമാണത്. 

ഡല്‍ഹി സര്‍വകലാശാലയില്‍ മൊണ്ടാഷ് ഫിലിം സൊസൈറ്റി നടത്തിയ ‘മുസഫര്‍നാഗര്‍ ബാകി ഹേ’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ എബിവിപിക്കാര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(എഎസ്എ) നടത്തിയ ഒരു പ്രതിഷേധ ജാഥയിലാണ് പ്രശ്‌നം തുടങ്ങുന്നത്. 

ഈ പ്രതിഷേധത്തിനെതിരെ പ്രാദേശിക എബിവിപി നേതാവ് സുശീല്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ ASA അംഗങ്ങളെ ഗുണ്ടകള്‍ എന്നുവിളിച്ച് അധിക്ഷേപിച്ചു. പിന്നീടതിന് അയാള്‍ മാപ്പെഴുതി നല്‍കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ ഏതാണ്ട് ശമിച്ചപ്പോഴാണ് പിറ്റേന്ന് നാടകീയമായി കാര്യങ്ങള്‍ വഴിമാറിയത്. അടുത്തദിവസം രാവിലെ, എ എസ് എ യില്‍ പെട്ട 30ഓളം വിദ്യാര്‍ത്ഥികള്‍ തന്നെ ആക്രമിച്ചുവെന്നും തനിക്ക് ആശുപത്രിയില്‍ കിടക്കേണ്ടിവന്നു എന്നും സുശീല്‍ കുമാര്‍ ആരോപിച്ചു. 

എന്നാല്‍, ഒരു ഡോക്ടറെ വെച്ച് സര്‍വ്വകലാശാലയുടെ പ്രോക്ടോറിയല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ സുശീല്‍ കുമാറിന് ശാരീരികമായി പരിക്കുകളൊന്നും ഉള്ളതായി കണ്ടെത്തിയില്ല. സംഭവം നടന്നെന്നു പറഞ്ഞ സമയത്ത് അവിടെ ഉണ്ടായിരുന്ന സുരക്ഷ ജീവനക്കാരും ഒന്നും കണ്ടതായി സ്ഥിരീകരിച്ചില്ല. ബോര്‍ഡിന്റെ കണ്ടെത്തലുകളില്‍ നിന്നു: ‘കൃഷ്ണ ചൈതന്യയില്‍ നിന്നോ ഡോക്ടര്‍ അനുപമ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ നിന്നോ സുശീല്‍ കുമാറിന് മര്‍ദ്ദനമേറ്റതിന് തെളിവുകളൊന്നും ബോര്‍ഡിന് ലഭിച്ചില്ല. സുശീല്‍ കുമാറിന് നടത്തിയ ശസ്ത്രക്രിയ മര്‍ദ്ദനത്തിന്റെ ഫലമാണെന്ന് ഡോക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുകയോ അതുമായി ബന്ധപ്പെടുത്തുകയോ ചെയ്യുന്നില്ല.’

ഇതിനുശേഷം ബോര്‍ഡ് ഇരുവിഭാഗങ്ങള്‍ക്കും താക്കീതു നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍, ബോര്‍ഡിന്റെ അന്തിമറിപ്പോര്‍ട്ടില്‍ എ എസ് എ പ്രവര്‍ത്തകരെ കുറ്റപ്പെടുത്തുകയും സുശീല്‍ കുമാറിന് പരിക്കേല്‍പ്പിച്ചതിന്റെ പേരില്‍ അഞ്ചു വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ബിജെപി MLC രാമചന്ദ്ര റാവു, മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ആര്‍ പി ശര്‍മയെ കണ്ടതിനുശേഷമാണ് മൊത്തം ചിത്രവും മാറിയതെന്ന് പറയുന്നു. ബി ജെ പി എം പിയും കേന്ദ്ര തൊഴില്‍ മന്ത്രിയുമായ ബന്ദാരു ദത്താത്രേയ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതുകയും ദളിത വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സര്‍വ്വകലാശാലയില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. 

പ്രോക്ടോറിയല്‍ ബോഡിന്റെ തീരുമാനം ഇങ്ങനെയായിരുന്നു: 

‘മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ടും (ഡോക്ടര്‍ അനുപമ വിശദീകരിച്ചത്)പ്രധാന പരാതിക്കാരന്‍ സുശീല്‍ കുമാറിന്റെ മൊഴിയും അയാള്‍ നല്‍കിയ ചിത്രങ്ങളും സംഭവത്തിന്റെ രണ്ടു ദൃക്‌സാക്ഷികളുടെ (പേര് വെളിപ്പെടുത്തുന്നില്ല) മൊഴിയും അനുസരിച്ച് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള 30ലേറെ വിദ്യാര്‍ത്ഥികള്‍ സുശീല്‍ കുമാറിനെ അധിക്ഷേപിക്കുകയും, മര്‍ദിക്കുകയും, മാപ്പപേക്ഷ എഴുതാന്‍ ബലം പ്രയോഗിക്കുകയും ചെയ്തു എന്ന് തെളിഞ്ഞിരിക്കുന്നു. പരാതിക്കാരന്റെയും ദൃക്‌സാക്ഷികളുടെയും മൊഴിയനുസരിച്ച് സംഭവത്തില്‍ ഏറ്റവുകൂടുതല്‍ മര്‍ദ്ദനവും അധിക്ഷേപവും നടത്തിയ വിദ്യാര്‍ത്ഥികള്‍ പ്രശാന്ത്, രോഹിത്, സേഷൂ, വിജയ്, സുങ്കണ്ണ എന്നിവരാണ്.’

സസ്‌പെന്‍ഷന്‍ തീരുമാനത്തെ തുടര്‍ന്ന് എഎസ്എ പ്രതിഷേധം സംഘടിപ്പിച്ചു. മുന്‍ വൈസ് ചാന്‍സലര്‍ ആര്‍ പി മിശ്രയുമായി അന്വേഷണത്തിലെ കള്ളത്തരങ്ങളെക്കുറിച്ച് നടത്തിയ ഒരു തുറന്ന സംവാദത്തിനോടുവില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പുതിയ സമിതിയെ നിയോഗിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ അദ്ദേഹം ഉടനടി തീരുമാനിച്ചു. പക്ഷേ, നിലവിലെ വൈസ് ചാന്‍സലര്‍ പ്രൊഫ.പി അപ്പറാവു പുതിയ അന്വേഷണത്തിന് ഉത്തരവിട്ടില്ല. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സസ്‌പെന്‍ഷന്‍ സംബന്ധിച്ച് തീരുമാനമെടുത്തപ്പോള്‍ വിദ്യാര്‍ത്ഥികളെ ആ പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയില്ല. 

സാമൂഹ്യനീതിക്കായുള്ള സംയുക്ത സമരസമിതി ഇറക്കിയ ഒരു പ്രസ്താവനയില്‍ ഈ നീക്കത്തെ ‘ഞെട്ടിപ്പിക്കും വിധം നിഷ്ഠൂരവും”മനസിലാക്കാന്‍ കഴിയാത്തതും’ ആണെന്ന് വിശേഷിപ്പിച്ചു. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ അപ്പറാവുവിനെ വി സിയായി നിയമിച്ചതുമുതല്‍ ദളിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലുകള്‍, പൊതുസ്ഥലങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങള്‍, വിദ്യാര്‍ത്ഥി സംഘടന തെരഞ്ഞെടുപ്പ് എന്നിവയിലെല്ലാം നിന്നു ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കാന്‍ തുടങ്ങിയെന്നും പ്രസ്താവനയില്‍ പറയുന്നു. 

ശരിയായ അന്വേഷണം നടത്താതെയാണ് സര്‍വ്വകലാശാലയിലെ ഉയര്‍ന്ന സമിതിയായ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെടുത്തത്. ഒരുതരം സാമൂഹ്യ ബഹിഷ്‌കരണമായിരുന്നു ഈ തീരുമാനം. 

ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെല്ലാവരും. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു കഴിഞ്ഞ 10 ദിവസമായി ഹോസ്റ്റലിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു ഇവര്‍. പക്ഷേ അധികൃതരിലെ ‘മനുവിന്റെ മക്കള്‍’ അവരെ ശ്രദ്ധിച്ചത് പോലുമില്ല. സവര്‍ണ സംഘികള്‍ക്കായി ഇനിയും ദളിത രക്തത്തിന്നായി ദാഹിക്കുകയാണവര്‍. 

യഥാര്‍ത്ഥ കൊലപാതകികള്‍ക്കെതിരെ എഫ് ഐ ആര്‍ രേഖപ്പെടുത്താതെ ഭരണകൂടത്തിന് രോഹിതിന്റെ മൃതദേഹം തൊടാനാവില്ലെന്ന് പറഞ്ഞു നിരവധി വിദ്യാര്‍ത്ഥികള്‍ മൃതദേഹത്തിനരികിലിരുന്നു പ്രതിഷേധിക്കുകയുണ്ടായി…

കടപ്പാട്; http://www.indiaresists.com/

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍