UPDATES

മിസ്ത്രിയെ പുറത്താക്കിയത് ടാറ്റ കുടുംബത്തിന്‌റെ താല്‍പര്യങ്ങള്‍ക്ക് തടസമായപ്പോള്‍

അഴിമുഖം പ്രതിനിധി

സിറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ടാറ്റ കുടുംബത്തിന്‌റെ താല്‍പര്യങ്ങള്‍ക്ക് വിലങ്ങുതടിയാവുമെന്ന് വ്യക്തമായപ്പോള്‍. രത്തന്‍ ടാറ്റയോട് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. കുടുംബ രത്നങ്ങളായി അറിയപ്പെടുന്ന ബ്രിട്ടനിലെ ഉരുക്ക് വ്യവസായങ്ങള്‍ വില്‍ക്കാന്‍ സിറസ് മിസ്ത്രിക്ക് പദ്ധതിയുണ്ടായിരുന്നു. ടാറ്റയുടെ കടബാദ്ധ്യതയും സാമ്പത്തിക പ്രതിസന്ധിയും മറികടക്കാന്‍ സ്വത്തുക്കള്‍ വിറ്റഴിക്കേണ്ടി വരുമെന്ന് കമ്പനിയുടെ ഇന്‍ ഹൗസ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മിസ്ത്രി പറഞ്ഞിരുന്നു. ഈ അഭിമുഖം പിന്നീട് ടാറ്റയുടെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു.

ഡോകോമോയുമായുള്ള തര്‍ക്കവും കേസും അവരുടെ വേര്‍പിരിയലുമായി ബന്ധപ്പെട്ട വിഷയത്തില്‍ രത്തന്‍ ടാറ്റയെ പുറത്താക്കാന്‍ മിസ്ത്രിയ്ക്ക് പദ്ധതിയുണ്ടായിരുന്നു. കേസില്‍ 100 കോടി ഡോളര്‍ ഡോകോമോയ്ക്ക് ലഭിച്ചു. ഇതെല്ലാം കണ്ടുകൊണ്ടാണ് മിസ്ത്രിക്കെതിരായ നീക്കം രത്തന്‍ ടാറ്റയും കുടുംബവും സജീവമാക്കിയത്. മിസ്ത്രിയെ നീക്കം ചെയ്യാന്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ടാറ്റ കുടുംബം തീരുമാനിച്ചിരുന്നു. അവസാനം ഒമ്പത് അംഗങ്ങളില്‍ ആറ് പേരും സിറസ് മിസ്ത്രിയെ പുറത്താക്കുന്നതിനെ അനുകൂലിക്കുകയായിരുന്നു. രണ്ട് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. മിസ്ത്രിയ്ക്കാണെങ്കില്‍ വോട്ട് ചെയ്യാന്‍ കഴിയുകയുമില്ല. ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങളുമായി രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിലായിരുന്നു സിറസ് മിസ്ത്രി.

ഡോകോമോ കേസ് തന്നെയാണ് നിര്‍ണായകമായതെന്നാണ് സൂചന. 2009ലാണ് ജാപ്പനീസ് കമ്പനിയായ ഡോകോമോ ടാറ്റ ടെലിസര്‍വീസസിന്‌റെ 27 ശതമാനം ഓഹരി വാങ്ങിയത്. എന്നാല്‍ 2014ല്‍ സംരംഭത്തില്‍ നിന്ന് ഡോകോമോ പിന്മാറി. മതിയായ ഉപഭോക്താക്കളെ കണ്ടെത്താനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. നേരത്തെ നിശ്ചയിച്ച തുക പ്രകാരം ഓഹരി വാങ്ങാന്‍ പറ്റിയവരെ കണ്ടെത്താന്‍ ടാറ്റയോട് ഡോകോമോ ആവശ്യപ്പെട്ടു. എന്നാല്‍ ഓഹരി വാങ്ങാന്‍ പറ്റിയവരെ കണ്ടെത്താന്‍ ടാറ്റയ്ക്കായില്ല. പകരം ടാറ്റ തന്നെ ഓഹരി വാങ്ങാമെന്ന നിലപാടെടുത്തു. പക്ഷെ ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക്് അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് ഡോകോമോ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. 1.2 ബില്യണ്‍ ഡോളര്‍ നഷ്ട്പരിഹാര തുക നല്‍കാന്‍ തീര്‍പ്പാവുകയും ചെയ്തു.

രത്തന്‍ ടാറ്റയ്ക്ക് വര്‍ഷങ്ങളായി ഉപദേശം നല്‍കിയിരുന്ന അഭിഭാഷകരെ സിറസ് മിസ്ത്രി അടുപ്പിച്ചിരുന്നില്ല. ഇതും ടാറ്റ കുടുംബത്തിന് മിസ്ത്രിയില്‍ വിശ്വാസക്കുറവ് വളര്‍ത്താനിടയാക്കി. നഷ്ടത്തിലായി തുടങ്ങിയിരുന്ന ഉരുക്ക് വ്യവസായം വിറ്റഴിക്കാനുള്ള തീരുമാനം കൂടുതല്‍ അകല്‍ച്ചയ്ക്കിടയാക്കി. റിറ്റ്‌സ് കാള്‍ട്ടണ്‍ ഗ്രൂപ്പില്‍ നിന്ന് വാങ്ങിയ ബോസ്റ്റണിലെ (യു.എസ്) താജ് ബോസ്റ്റണ്‍ ഹോട്ടല്‍, ന്യൂയോര്‍ക്കിലെ ദി പിയെറി എ താജ് ഹോട്ടല്‍ എന്നിവ വില്‍ക്കാനുള്ള ആലോചനയും എതിര്‍പ്പിനിടയാക്കിയിരുന്നു. 2008ല്‍ രത്തന്‍ ടാറ്റ ചെയര്‍മാനായിരിക്കെ ഏറ്റെടുത്ത ജഗ്വാര്‍ ലാന്‌റ് റോവറിനെ വളര്‍ത്തിയെടുക്കുന്നതില്‍ സിറസ് മിസ്ത്രി ഒട്ടും താല്‍പര്യമെടുത്തില്ലെന്ന പരാതി ടാറ്റ കുടുംബത്തിനുണ്ടായിരുന്നു. ഇതെല്ലാമാണ് സിറസ് മിസ്ത്രിയെ പുറത്താക്കുന്നതിലേയ്ക്ക് നയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍