UPDATES

ട്രെന്‍ഡിങ്ങ്

വിശ്വാസികളുടെ പിന്തുണ തേടി സര്‍ക്കുലറുമായി ആലഞ്ചേരി; പള്ളികളില്‍ വായിക്കില്ലെന്ന് വിമത പുരോഹിതര്‍

വിമത പ്രവര്‍ത്തനം നടത്തിയ വൈദികര്‍ക്കെതിരെ സര്‍ക്കുലറില്‍ വിമര്‍ശനം

ഭൂമിപ്രശ്നം, അതിരൂപതയ്ക്കുമേലുളള അധികാരം, പുതിയ ആര്‍ച്ച് ബിഷപ്പ് എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്തിറക്കിയ സര്‍ക്കുലര്‍ ഭൂരിഭാഗം പള്ളികളിലും വായിക്കാന്‍ ഇടയില്ലെന്നു സൂചന. നാളെ(ഞായറാഴ്ച്ച) എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കുര്‍ബാനയ്ക്കിടയില്‍ വായിക്കണമെന്ന നിര്‍ദേശത്തോടെയാണ് കര്‍ദിനാള്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ അതിരൂപതയില്‍പ്പെട്ട 90 ശതമാനം പള്ളികളും ഈ സര്‍ക്കുലര്‍ ബഹിഷ്‌കരിക്കുമെന്നാണ് വൈദികര്‍ പറയുന്നത്. കര്‍ദിനാളിന്റെ നിലപാടുകള്‍ക്കെതിര പ്രതിഷേധം നയിക്കുവരാണ് സര്‍ക്കുലര്‍ ബഹിഷ്‌കരിക്കാനും തീരുമാനിച്ചിരിക്കുന്നത്.

കര്‍ദിനാള്‍ ആലഞ്ചേരി അതിരൂപയുടെ അധികാരസ്ഥാനത്തേക്ക് തിരികെ എത്തിയതും അതിരൂപത സഹായമെത്രാന്മാരായിരുന്ന സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ പുറത്താക്കിയതും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവരാണ് അതിരൂപതയിലെ 380 ഓളം വൈദികര്‍. ഇവരില്‍ 280 ഓളം പേര്‍ കഴിഞ്ഞ ദിവസം കലൂര്‍ റിന്യൂവല്‍ സെന്‍ട്രലില്‍ യോഗം ചേര്‍ന്ന് കര്‍ദിനാളിനെതിരേ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഈ പ്രമേയം വത്തിക്കാനു മുന്നിലും എത്തിയതായാണ് വിവരം.

ബഹുഭൂരിപക്ഷം വൈദികരും തനിക്കെതിരേ തിരിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് കര്‍ദിനാള്‍ ആലഞ്ചേരി നിലവിലെ വിഷയങ്ങളില്‍ സ്വയം ന്യായീകരിക്കാന്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഈ സര്‍ക്കുലറില്‍ പ്രധാനമായും കര്‍ദിനാള്‍ വാദിച്ചിരിക്കുന്നത് അതിരൂപതയില്‍ നടന്ന ഭൂമി വില്‍പ്പനയില്‍ തെറ്റായതൊന്നും താന്‍ ചെയ്തിട്ടില്ലെന്നാണ്. ഭൂമി വില്‍പ്പനയില്‍ ഒരു വിഭാഗം ആശങ്കകള്‍ അവതരിപ്പിച്ചപ്പോള്‍ അതിനോട് തുറന്ന സമീപനം സ്വീകരിച്ചയാളാണ് താനെന്നാണ് കര്‍ദിനാള്‍ പറയുന്നത്.

ഭൂമി വില്‍പ്പനയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നു പഠിക്കാന്‍ വൈദികരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ആദ്യം നിയോഗിക്കുകയും പ്രശ്നങ്ങള്‍ അവിടം കൊണ്ടും തീരുന്നില്ലെന്നു കണ്ടപ്പോള്‍ സിനഡിന്റെ നിര്‍ദേശപ്രകാരം ആവശ്യമായ അധികാരങ്ങള്‍ നല്‍കി അതിരൂപതയുടെ സാധാരണ നിലയിലുള്ള ഭരണം സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ ഏല്‍പ്പിക്കുകയും ചെയ്താണ്. പ്രശ്നങ്ങള്‍ എന്നിട്ടും പരിഹരിക്കപ്പെടാതെ വന്ന സാഹചര്യത്തിലാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയി മാര്‍പാപ്പ നിയമിക്കുന്നത്. അഡ്മിനിസ്ട്രേറ്റര്‍ നിയമിച്ച ഇഞ്ചോടി കമ്മിഷനോട് പൂര്‍ണണായി സഹകരിക്കുകയും വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങളെല്ലാം അവരോട് തുറന്നു പറയുകയും ചെയ്തതാണെന്നും കര്‍ദിനാള്‍ സര്‍ക്കുലറില്‍ പറയുന്നു.

ഭൂമി വില്‍പ്പന വിവാദം ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയാണെന്ന പരോക്ഷ വിമര്‍ശനവും ഈ സര്‍ക്കുലറില്‍ കര്‍ദിനാള്‍ ഉന്നയിക്കുന്നുണ്ട്. സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏറെ തെറ്റിദ്ധാരണകള്‍ പ്രചരിച്ചിട്ടുണ്ടെന്നും അതെല്ലാം ഈ സര്‍ക്കുലറില്‍ വിശദീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് കര്‍ദിനാള്‍ ആലഞ്ചേരി പറയുന്നത്. നഷ്ടമുണ്ടാക്കിയെന്ന് എതിര്‍വിഭാഗം പറയുന്ന ഭൂമിവില്‍പ്പനയില്‍ അതിരൂപതയ്ക്ക് നഷ്ടം വരുത്തുന്ന രീതിയില്‍ താനൊന്നും ചെയ്തിട്ടില്ലെന്നും സര്‍ക്കുലറിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട് കര്‍ദിനാള്‍. അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ വത്തിക്കാനു സമര്‍പ്പിച്ചിരിക്കുന്ന, ഭൂമി വില്‍പ്പനയമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ നടക്കുന്ന സിനഡില്‍ ചര്‍ച്ചചെയ്യുമെന്നും കര്‍ദിനാള്‍ പറയുന്നുണ്ട്.

സഹായമെത്രാന്മാരെ താന്‍ ഇടപെട്ട് അതിരൂപതയില്‍ നിന്നും പുറത്താക്കിയെന്ന ആരോപണവും സര്‍ക്കുലറില്‍ക്കൂടി കര്‍ദിനാള്‍ ആലഞ്ചേരി തള്ളുന്നുണ്ട്. ഒപ്പം സഹായമെത്രാന്മാരെ മാറ്റിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ത്തുന്ന വൈദിക കൂട്ടായ്മയെ വിമര്‍ശിക്കുന്നുമുണ്ട്. മാര്‍പാപ്പ നേരിട്ടാണ് സഹായമെത്രാന്മാരെ മാറ്റിയതെന്നും എന്നാല്‍ ഇത് തന്റെ തീരുമാനമാണെന്ന മട്ടില്‍ വ്യാഖ്യാനിച്ചാണ് പ്രതിഷേധം ഉയര്‍ത്തുന്നതെന്നാണ് കര്‍ദിനാളിന്റെ ആക്ഷേപം.

സഹായമെത്രാന്മാരായിരുന്ന സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെയും ജോസ് പുത്തന്‍വീട്ടിലിന്റെയും സ്ഥാനചലനത്തിനു കാരണം വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കാളികളായതാണെന്ന പരോക്ഷ സൂചനയ്ക്കും കര്‍ദിനാള്‍ തയ്യറാകുന്നുണ്ട്. എന്തുകൊണ്ടാണ് മാര്‍പാപ്പ രണ്ട് മെത്രാന്മാരെയും അതിരൂപതയില്‍ നിന്നും ഒഴിവാക്കിയതെന്നതിനെ കുറിച്ച് തനിക്ക് നേരിട്ട് അറിവൊന്നും ലഭിച്ചിട്ടില്ലെങ്കിലും അതിരൂപതയിലുണ്ടായ പ്രശ്നങ്ങളെയും വിഭാഗീയതകളെയും കുറിച്ച് വിവിധ തലങ്ങളിലും സ്രോതസുകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെയും വത്തിക്കാന്‍ നടത്തിയ ചില അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കാം എന്നാണ് കര്‍ദിനാള്‍ സര്‍ക്കുലറില്‍ പറയുന്നത്.

തനിക്കെതിരേ നില്‍ക്കുന്ന വൈദികരെയും വിശ്വാസികളെയും അതിരൂപതയില്‍ വിഭാഗീയത ഉണ്ടാക്കുന്നവരാണെന്നു വരുത്തി തീര്‍ക്കാന്‍ സര്‍ക്കുലറിലൂടെ കര്‍ദിനാള്‍ ശ്രമിക്കുന്നുണ്ടെന്നും വിമത വിഭാഗം ആരോപിക്കുന്നു. . സഭ വിശ്വാസികള്‍ ഇവര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നാണ് സര്‍ക്കുറലറില്‍ ആവശ്യപ്പെടുന്നത്. വിഭാഗീയത നടത്തുന്നവരോട് ആരും സഹകരിക്കരുതെന്ന ആവശ്യവും ഈ സര്‍ക്കുലറിലൂടെ വിശ്വാസികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാണ് കര്‍ദിനാള്‍ ശ്രമിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഒരു സ്വതന്ത്ര ചുമതല വഹിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് വേണമെന്ന അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരുടെയും വിശ്വാസികളുടെയും ആവശ്യം പൂര്‍ണമായി നിരാകരിക്കാന്‍ തയ്യാറല്ലെങ്കിലും എത്രയും വേഗം പ്രത്യേക ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണമെന്ന വൈദിക യോഗത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കുലറില്‍ കര്‍ദിനാള്‍ സ്വീകരിച്ചിരിക്കുന്നത്. അതിരൂപത ഭരണം  താന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നു പറയുന്നതിലൂടെ അതിരൂപതയില്‍ നിന്നും താന്‍ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് കര്‍ദിനാള്‍. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഒരു പ്രത്യേക മെത്രാപോലീത്തയെ നിയമിക്കുന്ന കാര്യം ഭാവിയില്‍ ആലോചിക്കാമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അങ്ങനെയൊരാള്‍ വന്നാല്‍പോലും അത് എറണാകുളംകാര്‍ പറയുന്ന ഒരാളായിരിക്കില്ലെന്ന് കര്‍ദിനാളിനോട് അടുത്ത് നില്‍ക്കുന്നവര്‍ വ്യക്തമാക്കുന്നു. ഈ രൂപതയില്‍ ഉള്‍പ്പെട്ട, തങ്ങളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒരാള്‍ വേണം ആര്‍ച്ച് ബിഷപ്പ് ആകാനെന്നാണ് വൈദികര്‍ ആവശ്യപ്പെടുന്നത്. ഈ ആര്‍ച്ച് ബിഷപ്പിന് സ്വതന്ത്ര ചുമതല നല്‍കണമെന്നും പറയുന്നു. നിലവില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ആകുന്നയാളാണ് സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആകുന്നതും. ആ രീതി മാറ്റി എറണാകുളം രൂപതയ്ക്ക് പ്രത്യേകം ആര്‍ച്ച് ബിഷപ്പിനെ നിയമിച്ച് സ്വതന്ത്ര അതിരൂപതയാക്കി നിലനിര്‍ത്തണമെന്നത് ഇവിടെയുള്ള വൈദികരുടെയും വിശ്വാസികളുടെയും കാലങ്ങളായുള്ള ആവശ്യമാണ്. ഇതേ അതിരൂപതയില്‍പ്പെട്ടൊരാള്‍ തന്നെ ആര്‍ച്ച് ബിഷപ്പ് ആകണമെന്നതും ഇവര്‍ ആവശ്യപ്പെടുന്നു. കര്‍ദിനാള്‍ ആലഞ്ചേരി എറണാകുളം രൂപതയില്‍പ്പെട്ടയാള്‍ അല്ല. ഇത്തരം കാര്യങ്ങളൊക്കെ പൂര്‍ണമായി അംഗീകരിക്കാന്‍ ആലഞ്ചേരിയും അദ്ദേഹത്തെ അനൂകൂലിക്കുന്നവരും തയ്യാറാകില്ല.

എറണാകുളം അതിരൂപതയ്ക്ക് ഒരു പ്രത്യേക ആര്‍ച്ച് ബിഷപ്പിനെ നിയമിച്ചാല്‍ പോലും അദ്ദേഹത്തിന് സ്വതന്ത്ര ചുമതല നല്‍കാന്‍ അവര്‍ തയ്യാറാകില്ലെന്നാണ് വിവരം. കാരണം, സ്വതന്ത്ര ചുമതലയോടെ ഒരു ആര്‍ച്ച് ബിഷപ്പ് വന്നാല്‍ പിന്നീട് അതിരൂപതയില്‍ നേരിട്ട് ഇടപെടലുകള്‍ നടത്താന്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയിരുന്നാലും കര്‍ദിനാള്‍ ആലഞ്ചേരിക്ക് കഴിയില്ല. അതുകൊണ്ടാണ് സ്വതന്ത്ര ചുമതല എന്നാവശ്യം അംഗീകരിക്കാത്തത്. കൂടാതെ, തങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നൊരാളെ മാത്രമായിരിക്കും ആ സ്ഥാനത്തേക്ക് പരിഗണിക്കുക. ആ വ്യക്തി കേരളത്തിനു പുറത്ത് പൗരോഹിത്യവൃത്തി ചെയ്യുന്നയാളും ആയിരിക്കും. ഒരു വിധത്തിലും അതിരൂപതയിലെ അധികാരം കൈവിട്ട് പോകാന്‍ അനുവദിക്കില്ലെന്നാണ് കര്‍ദിനാളും പക്ഷവും പറയുന്നത്. ഇതിനെല്ലാം വേണ്ടി വിശ്വാസികളെ തങ്ങളുടെ കൂടെ നിര്‍ത്താന്‍ വേണ്ടിയാണ് കര്‍ദിനാള്‍ ആലഞ്ചേരിയും സംഘവും ശ്രമങ്ങള്‍ നടത്തുന്നതെന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം. അതിന്റെ ഭാഗമായുള്ളതാണ് സര്‍ക്കുലര്‍ എന്നും അതുകൊണ്ട് തന്നെയാണ് ബഹിഷ്‌കരിക്കുന്നതെന്നും വൈദികര്‍
പറയുന്നു.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍