UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാലു ഗുജറാത്തികളും ഭരത് സിംഗ് എന്ന ജനപ്രതിനിധിയും: മോദിയുടെ നല്ലകാലം കഴിയുന്നു?

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

ബലിയയില്‍ നിന്നുള്ള ബിജെപി അംഗമായ ഭരത് സിംഗിന് കഴിഞ്ഞ ദിവസങ്ങളില്‍ ലോക്‌സഭയില്‍ മുമ്പുണ്ടായിട്ടില്ലാത്ത വിധമുള്ള ശ്രദ്ധ ലഭിക്കുന്നുണ്ടായിരുന്നു. 67 കാരനായ സിംഗ് എപ്പോള്‍ സംസാരിക്കാന്‍ എഴുന്നേറ്റാലും പ്രതിപക്ഷ അംഗങ്ങള്‍ ഡസ്‌കിലടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നു. സംസ്ഥാനത്ത് നാശം വിതച്ച വേനല്‍ മഴയെ കുറിച്ച് അദ്ദേഹം ശൂന്യവേളയില്‍ അവതരിപ്പിച്ച സബ്മിഷന് ട്രഷറി ബഞ്ചുകളില്‍ നിന്ന് മാത്രമല്ല പ്രതിപക്ഷത്ത് നിന്നും പിന്തുണ ലഭിച്ചു. 

എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിന് ശേഷം അതിന്റെ നേട്ടങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍, അത്തരം നേട്ടങ്ങളൊന്നും സമൂഹത്തില്‍ ദൃശ്യമല്ല എന്ന വലിയ ഒരു ബോംബ്, മുലായം സിംഗ് സര്‍ക്കാരിലെ ഈ മുന്‍മന്ത്രി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പൊട്ടിച്ചതിന്റെ പിറ്റെ ദിവസമാണ് ഇത് സംഭവിച്ചത്. ഈ പരാമര്‍ശം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചില തരംഗങ്ങള്‍ സൃഷ്ടിക്കുകയും യുപിയില്‍ നിന്നുള്ള എംപിമാര്‍ ഡസ്‌കിലടിച്ച് പിന്തുണ അറിയിക്കുകയും ചെയ്തു എന്നതാണ് പാര്‍ട്ടി നേതാക്കളെ കൂടുതല്‍ വ്യാകുലരാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ സംബന്ധിച്ചെങ്കിലും സംസാരിച്ചില്ല. 

എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ബിജെപി കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡുവും അരുണ്‍ ജെയ്റ്റ്‌ലിയും ആനന്ദ് കുമാറും പിന്നീട് പാര്‍ട്ടിയുടെ സംഘടന സെക്രട്ടറി രാം ലാലും പറഞ്ഞതിന് ശേഷം പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സഡക് യോജന പ്രകാരം ഉത്തര്‍ പ്രദേശില്‍ ഒരിഞ്ച് റോഡ് പോലും നിര്‍മ്മിച്ചിട്ടില്ലെന്നും എംപിമാരെ അതിനെക്കുറിച്ച് അറിയിച്ചിട്ടുമില്ലെന്നായിരുന്നു സിംഗിന്റെ പ്രതികരണം. ചരക്ക് സേവന നികുതിയിലും ബംഗ്ലാദേശുമായുള്ള അതിര്‍ത്തി ഉടമ്പടിയിലും ഭരണഘടന ഭേദഗതി ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്നതിനാല്‍, എംപിമാര്‍ നിര്‍ബന്ധമായും ഹാജരാകണം എന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടപ്പോള്‍, ‘ഞങ്ങള്‍ക്കു സംസാരിക്കാന്‍ അവസരം തരൂ’ എന്നാണ് സിംഗ് ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

‘എംപിമാര്‍ പറയുന്നത് യുപിയിലേയും കേന്ദ്രത്തിലേയും മന്ത്രിമാര്‍ കേള്‍ക്കുന്നില്ല’ എന്നും ബനാറസ് സര്‍വകലാശാലയുടെ മുന്‍ പ്രസിഡന്റ് കൂടിയായ സിംഗ് അഭിപ്രായപ്പെട്ടു. അപൂര്‍ണമായി അവസാനിച്ച ഒരു മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തിന്റെ ഒടുവിലാണ് സിംഗിന്റെ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഭരത് സിംഗിന്റെ നിരീക്ഷണങ്ങള്‍ പല ബിജെപി എംപിമാരും സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ വീക്ഷണങ്ങള്‍ രേഖപ്പെടുത്തുന്നതിന് പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ എംപിമാര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 

എന്‍ഡിഎയ്‌ക്കെതിരെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്റെ പേരില്‍ പ്രതിപക്ഷ ആക്രമണം ശക്തമാവുകയും മഴയും ആലിപ്പഴ വര്‍ഷവും മൂലം നാശനഷ്ടം നേരിട്ട് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വൈകുകയും ചെയ്യുന്ന സാഹചര്യത്തില്‍, സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട വിഭാഗങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി മേയ് 26നും ജൂണ്‍ ഒന്നിനും ഇടയില്‍ ‘ജന്‍ കല്യാണ്‍ പാര്‍വ’ പോലെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതിന് എംപിമാര്‍ ബുദ്ധിമുട്ടുകയാണ്. 

ഒരാഴ്ച മുമ്പ്, ബിജെപി നേതാവ് അരുണ്‍ ഷൂരി പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളെ സംബന്ധിക്കുന്ന ഒരു വിവാദ അഭിമുഖം ഒരു ടെലിവഷന്‍ ചാനലിന് നല്‍കിയിരുന്നു. ബിജെപിക്കുള്ളിലെ വിമര്‍ശകര്‍ സംസാരിക്കുന്നതിന് ഒരു പ്രത്യേക രീതിയുണ്ടെന്ന് പലരും കരുതുന്നു.

സര്‍ക്കാര്‍ നയങ്ങള്‍ ‘ദിശാബോധമില്ലാത്ത’താണ് എന്ന് ചൂണ്ടിക്കാട്ടിയ ഷൂരി, തീരുമാനമെടുക്കല്‍ പ്രക്രിയ കുത്തകവല്‍കരിച്ചതിന്റെ പേരില്‍ മോദിയെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും ബിജെപി പ്രസിഡന്റ് അമിത് ഷായെയും കുറ്റപ്പെടുത്തിക്കൊണ്ട് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. 

മോദിയുടെയും ഷായുടെയും ഏകാധിപത്യ പ്രവര്‍ത്തന ശൈലിക്കെതിരായി പാര്‍ട്ടിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അതൃപ്തിയുടെ മറ്റൊരു സൂചനയായാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നടന്ന സംഭവങ്ങളെ പാര്‍ട്ടിക്കുള്ളില്‍ ഉള്ളവര്‍ വിലയിരുത്തുന്നത്. ഇതേ അതൃപ്തിയുടെ ഫലമായാണ് മോദിയെയും ഷായെയും നിശിതമായി വിമര്‍ശിക്കുന്ന ഒരു ‘ഭാനുപ്രതാപ് വര്‍മ’ എഴുതിയ കത്തിന് പാര്‍ട്ടി വൃത്തങ്ങളില്‍ വലിയ പ്രചാരം ലഭിച്ചതും. പക്ഷെ കത്തിന്റെ ഉറവിടത്തെ സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്. 

പാര്‍ട്ടിയിലെ എല്ലാ എംപിമാര്‍ക്കും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കും കത്ത് എത്തിച്ചു കൊടുത്തിട്ടുണ്ട്. ‘ഒരു മുന്‍ പാര്‍ലമെന്റേറിയനും ബിജെപി ദേശീയ എക്‌സിക്യൂട്ടീവിലെ മുന്‍ അംഗവും,’ എന്നാണ് കത്തെഴുതി എന്ന് പറയപ്പെടുന്ന ആള്‍ സ്വയം വിശേഷിപ്പിക്കുന്നത്. കത്തില്‍ ഒരു വാക്ക് പോലും ലഘുവായി ഉപയോഗിച്ചിട്ടില്ല. ‘നാല് ഗുജറാത്തികള്‍, രാജ്യത്തെയും പാര്‍ട്ടിയെയും നയിക്കുന്നത് തുടരുമോ? (മോദി, അമിത് ഷാ, അംബാനി, അദാനി),’ എന്ന കടുത്ത ചോദ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. 

ഇതിന് തൊട്ടുമുമ്പ്, ‘ഒരു വലിയ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ഒറ്റപ്പെടുത്തിയതിന്റെ പേരില്‍’ യുപിയിലെമ്പാടുമുള്ള സംഘപരിവാര്‍ നേതാക്കള്‍ അമിത് ഷായ്‌ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. 2017 തുടക്കത്തില്‍ നടക്കുന്ന അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഏപ്രില്‍ 25ന് ഗാസിയാബാദില്‍ ആര്‍എസ്എസ് നേതാക്കള്‍ ഒത്തുകൂടിയപ്പോഴാണ് ഷായ്‌ക്കെതിരായ ആരോപണങ്ങളുടെ കെട്ടുപൊട്ടിയത്. 

ആര്‍എസ്എസ് നടത്തുന്ന ഒരു സ്‌കൂളിലെ അടച്ചിട്ട മുറിയിലാണ് നടന്ന യോഗം നടന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രതികരണം അറിയുന്നതിനും സംസ്ഥാനത്ത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ അവരെ സജീവമായി രംഗത്തിറക്കാനും ഉദ്ദേശിച്ചുകൊണ്ട് ബിജെപി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഓം പ്രകാശ് മാത്തൂറാണ് യോഗം വിളിച്ചു ചേര്‍ത്തത്. സംസ്ഥാനത്തെമ്പാടും നിന്നുള്ള പ്രചാരകന്മാരും കാര്യവാഹകന്മാരും യോഗത്തില്‍ പങ്കെടുത്തു. ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന യോഗത്തില്‍ ബിജെപിയുമായി ഏകോപന ചുമതലയുള്ള ആര്‍എസ്എസ് സഹ-സര്‍കാര്യവാഹക് കൃഷ്ണ ഗോപാലും സംഘടനാകാര്യ ചുമതലയുള്ള പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി രാം ലാലും പങ്കെടുത്തിരുന്നു. 

ഷാ യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും ബിജെപി സംസ്ഥാന തലവന്‍ ലക്ഷമികാന്ത് വാജ്‌പേയും സംസ്ഥാന ഘടകത്തിന്റെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സുശീല്‍ ബന്‍സാലും രണ്ട് മണിക്കൂറോളം യോഗത്തില്‍ പങ്കെടുക്കുകയും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

‘യുപിയില്‍ പാര്‍ട്ടിയുടെ ശക്തിയിയിലും അഭിമാനത്തിലും പൊതുവായ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും, അമിത് ഷായുടെ പ്രവര്‍ത്തനരീതിയാണ് ഇതിന് ഒരു കാരണമെന്നും യോഗത്തില്‍ ഏകാഭിപ്രായം ഉണ്ടായി’ എന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

യുപിയില്‍, പ്രത്യേകിച്ചും സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലകളില്‍ പാര്‍ട്ടിയുടെ അടിത്തറ നഷ്ടപ്പെട്ടതായി യോഗം വിലയിരുത്തി. ‘ഈ ഒറ്റപ്പെടലിന് നാല് കാരണങ്ങളാണ് യോഗം ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്, ജാട്ടുകളെ ഒബിസി (മറ്റ് പിന്നാക്ക വിഭാഗക്കാര്‍) പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പാര്‍ട്ടിക്ക് നേരിട്ട പരാജയം, കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ നടപടിയെടുക്കുന്നതില്‍ കേന്ദ്രത്തിന് സംഭവിച്ച വീഴ്ച, കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക വര്‍ദ്ധിക്കുന്നത് എന്നിവയാണവ,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സഹായിച്ച മേല്‍ജാതി, ഒബിസി, ദളിത് കൂട്ടായ്മ ഇപ്പോള്‍ വിഘടിക്കാന്‍ തുടങ്ങിയതായി യോത്തില്‍ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, പൊതുജീവിതത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ‘എന്തെങ്കിലും നിര്‍ണായക സ്വാധീനം’ ചെലുത്താന്‍ സാധിക്കാതിരിക്കുകയും അഖിലേഷ് യാദവ് സര്‍ക്കാരിന്റെ ‘ഗുണാത്മക പ്രവര്‍ത്തനങ്ങളുടെ’ പ്രതിഫലനം കണ്ടുതുടങ്ങുകയും ചെയ്തതായി അവര്‍ വിലയിരുത്തുന്നു. 

എന്നാല്‍, മോദി വെല്ലുവിളികള്‍ ഇല്ലാതെ തുടരുകയാണ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പൂര്‍ത്തിയായപ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നാക്കം പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചരക്ക്, സേവന നികുതി ഭേദഗതിയോടൊപ്പം ഭൂമി ഏറ്റെടുക്കല്‍ ബില്ലും സംയുക്ത സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ് ഇപ്പോള്‍. 

ബില്ല് അതുപോലെ തന്നെ പാസാക്കുമെന്ന് കടുംപിടുത്തം പിടിച്ചിരുന്ന മോദിക്ക് ഒരു തിരിച്ചടിയാണിത്. നിയമനിര്‍മ്മാണത്തെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളുടെ കാര്യത്തില്‍ തുറന്ന സമീപനമാണെന്ന് ബിജെപി പ്രഖ്യാപിച്ചെങ്കിലും നിയമം ഇപ്പോഴത്തെ രൂപത്തില്‍ തന്നെ നടപ്പിലാക്കണമെന്ന് കാര്യത്തില്‍ മോദിക്ക് ഉറച്ച നിലപാടായിരുന്നു ഉള്ളത്. ബില്ലില്‍ അഭിപ്രായ ഐക്യം വേണമെന്ന് ആഗ്രഹിക്കുകയും അത് നേടിയെടുക്കുകയും ചെയ്യണമെങ്കില്‍, സെലക്ട് കമ്മിറ്റിക്ക് നിയമനിര്‍മാണത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നിരിക്കെ, ബില്ലില്‍ നിരവധി മാറ്റങ്ങള്‍ വരുമെന്ന് ഏകദേശം ഉറപ്പാണ്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍, ദൈനിക് ജാഗരണിന് നല്‍കിയ അഭിമുഖത്തില്‍ മറ്റുള്ളവരെ പഴിചാരാനാണ് മോദി ശ്രമിച്ചത്. കോണ്‍ഗ്രസ് ‘തിരക്കിട്ട്’ ബില്ല് പാര്‍ലമെന്റില്‍ പാസാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പിന്തുണയ്ക്കാനുള്ള ബിജെപിയുെട തീരുമാനം തെറ്റായി പോയെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത് വന്നതിനാല്‍ ബിജെപിക്കും തിരക്കിട്ട് തീരുമാനം എടുക്കേണ്ടി വന്നെന്നും പിന്നീടാണ് എത്രമാത്രം അപകടകാരിയാണതെന്ന് തിരിച്ചറിഞ്ഞതെന്നും മോദി അവകാശപ്പെടുന്നു. ഭൂമി ഏറ്റെടുക്കല്‍ ബില്ല് തിരക്കിട്ട് നടപ്പാക്കുന്നതിലൂടെ തനിക്കുണ്ടാവുന്ന മാനസിക വ്യഥകളെ കുറിച്ച് ഏതായാലും അദ്ദേഹം പരാമര്‍ശം ഒന്നും നടത്തിയില്ല. അതായത്, അന്നത്തെ പ്രതിപക്ഷ നേതാക്കളായ അരുണ്‍ ജെയ്റ്റിലിയും സുഷമ സ്വരാജും എല്‍ കെ അദ്വാനിയും രാജ്‌നാഥ് സിംഗുമാണ് മര്യാദലംഘനത്തിന്റെ ഉത്തരവാദികളെന്നും ഇപ്പോഴത്തെ സര്‍ക്കാരിന് അതില്‍ കാര്യമായ പങ്കില്ലെന്നും മോദി പറഞ്ഞുവയ്ക്കുന്നു. അതായത് ഇപ്പോഴത്തെ വെല്ലുവിളികള്‍ മോദിയെ ബാധിക്കില്ലെന്ന് സാരം…. ഒരു പക്ഷെ കൂടുതല്‍ കൂടുതല്‍ ഭരത് സിംഗുമാര്‍ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടിരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍