UPDATES

ട്രെന്‍ഡിങ്ങ്

ശിക്ഷാ ഇളവ്: ഇതാണ് മാധ്യമ പ്രവർത്തനമെങ്കിൽ ആ മാധ്യമങ്ങളിൽ ഞങ്ങൾക്ക് വിശ്വാസം ഇല്ലച്ചോ!

മാധ്യമസ്വാതന്ത്ര്യം എന്നാല്‍ മാധ്യമ മുതലാളിമാരുടെ ഇംഗിതാനുസരണം എന്തും എഴുതാനും പ്രചരിപ്പിക്കാനും ഒപ്പം അവര്‍ക്ക് ഹിതകരമല്ലാത്ത വിഷയങ്ങള്‍ മൂടിവെയ്ക്കാനുമുള്ള സ്വാതന്ത്ര്യമാണോ?

മാധ്യമസ്വാതന്ത്ര്യം എന്നാല്‍ മാധ്യമ മുതലാളിമാരുടെ ഇംഗിതാനുസരണം എന്തും എഴുതാനും പ്രചരിപ്പിക്കാനും ഒപ്പം അവര്‍ക്ക് ഹിതകരമല്ലാത്ത വിഷയങ്ങള്‍ മൂടിവെയ്ക്കാനുമുള്ള സ്വാതന്ത്ര്യമാണോ? അല്ല എന്നതാണ് ആധുനിക ജനാധിപത്യ സങ്കല്‍പം. മാധ്യമ സ്വാതന്ത്ര്യത്തില്‍ സംരക്ഷിക്കപ്പെടേണ്ടത് കാര്യങ്ങള്‍ വസ്തുനിഷ്ഠമായി അറിയാനുള്ള വായനക്കാരുടെ/പ്രേക്ഷകരുടെ അവകാശമാണ്.

ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ രൂപകങ്ങളെയും വാര്‍പ്പുമാതൃകകളെയും സൃഷ്ടിക്കുന്നതിനെപ്പറ്റി ‘മാസ് കമ്യൂണിക്കേഷന്‍ ആന്റ് സൈക്കോളജി’ എന്ന പ്രബന്ധത്തില്‍ ഉംബര്‍ട്ടോ എക്കോ വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇങ്ങനെയാണ്: ഒരേ കാര്യം പലതവണ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ അബോധതലത്തില്‍ ഒരു ‘സബ് ലിമിനല്‍ ക്യൂസ്’ ഉണ്ടാകുന്നു. ഉദാഹരണമായി ഒരു സിനിമയില്‍ നാം വില്ലന്‍ കഥാപാത്രത്തെ കാണുന്നു. കറുത്ത നിറം, കുറിയ രൂപം, ചുവന്ന കണ്ണുകള്‍, കഷണ്ടി തുടങ്ങിയവയാണ് ആ വില്ലന്റെ രൂപമെന്ന് കരുതുക. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഇതേ വില്ലന്‍ കഥാപാത്രത്തെ ഇതേ രൂപത്തില്‍ കാണുന്നുവെങ്കില്‍ നമ്മുടെ മനസ്സില്‍ ‘വില്ലന്‍’ എന്നതിന്റെ പ്രതീകമായി ആ കഥാപാത്രം മാറും. പിന്നീട് ഇതേ രൂപസാദൃശ്യമുള്ള, വില്ലത്തരമൊന്നുമില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരനെ കാണുമ്പോള്‍ നാം പെട്ടെന്ന് ചിന്തിക്കുക ‘ഇയാളൊരു വില്ലനാണല്ലോ’ എന്നായിരിക്കും.

കമ്മ്യുണിസ്റ്റുകളോടുള്ള മാധ്യമ സമീപനത്തെ കുറിച്ച് സംസാരിക്കുന്നത് ഒരു ക്ളീഷേ ആയി ഇടതുപക്ഷേതര സമൂഹത്തിനു തോന്നിയാൽ കുറ്റം പറയാൻ കഴിയില്ല, അതിനു നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ഇന്ത്യയിലും അരക്കഴഞ്ചം പോലും വ്യത്യസ്തമല്ല മാധ്യമങ്ങളുടെ ഇടതുപക്ഷത്തോടുള്ള സമീപനം. അതിങ്ങനെ ആവർത്തിക്കേണ്ടി വരുന്നത് വീണ്ടും വീണ്ടും ഗീബൽസിയൻ തന്ത്രങ്ങൾ കൺമുന്നിൽ കാണേണ്ടി വരുമ്പോഴാണ്.

2005-ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് 2850 തടവ് പുള്ളികൾക്കു ശിക്ഷ ഇളവ് നൽകാനുള്ള പട്ടിക തയ്യാറാക്കിയത്. ശിക്ഷ ഇളവ് എന്നാൽ നിശ്ചിത കാലം ശിക്ഷ അനുഭവിച്ചവര്‍ക്ക് (മൂന്നു മാസ തടവുകാര്‍ക്ക് 15 ദിവസം. പതിമൂന്നു കൊല്ലം ജീവപര്യന്ത തടവ് പൂര്‍ത്തിയായവര്‍ക്കു ഒരു വര്‍ഷം ഇങ്ങനെ) ഇളവ് നല്‍കലാണ്. ഒരു പ്രത്യേക ദിവസം (നവംബര്‍ ഒന്നിന്) കൂട്ടത്തോടെ 2850 പേര് ജയില്‍ മോചിതര്‍ ആക്കല്‍ അല്ല. ഓരോരുത്തരും അവരുടെ ശിക്ഷാ കാലാവധിയുടെ നിശ്ചിത ഭാഗം പൂര്‍ത്തിയാക്കുമ്പോള്‍ അര്‍ഹമായതും അനുവദിക്കപ്പെട്ടതുമായ ഇളവ് ലഭ്യമാക്കലാണ്. ഒരാള്‍ക്ക് മൂന്നിലൊന്നു ശിക്ഷാ കാലമാണ് പരമാവധി നല്കാനാകുന്ന ഇളവ്. നവംബർ ഒന്ന് കേരളം പിറവി ദിനമാണ് ഇതിനായി തെരഞ്ഞെടുത്തു പോന്നിരുന്നത്.

എൽഡിഎഫ് സര്‍ക്കാറിനു മുന്നില്‍ ഫയല്‍ എത്തിയപ്പോള്‍ പരിശോധനയ്ക്കായി ഒരു കമ്മിറ്റി രൂപീകരിച്ചു. ആഭ്യന്തര വകുപ്പ് അഡി. സെക്രട്ടറിയും ജയില്‍ ഡിഐജിയും ലോ സെക്രട്ടറിയും അടങ്ങുന്ന ആ കമ്മിറ്റി ഓരോ കേസും പരിശോധിച്ച്. പട്ടികയില്‍ നേരത്തെ 2850 പേരാണെങ്കില്‍, ഈ പരിശോധനയ്ക്കു ശേഷം അത് 1850 ആക്കി ചുരുക്കി. വസ്തുതകൾ ഇങ്ങനെയെല്ലാം ആണെന്നിരിക്കെ ഒരു പറ്റം മാധ്യമങ്ങളും അതിന്റെ ചുവടു പിടിച്ച് സാക്ഷാൽ പ്രതിപക്ഷ നേതാവടക്കം ഉള്ളവരും ചേർന്ന് ശൂന്യതയിൽ നിന്ന് ഒരു ഗൂഡാലോചന തിയറി മെനഞ്ഞെടുക്കുന്ന കാഴ്ച ആണ് നാം പിന്നീട് കാണുന്നത്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ, മുഹമ്മദ് നിഷാം തുടങ്ങിയവരെ പുറത്തു വിടാൻ ഇടതുപക്ഷ മന്ത്രിസഭ ശുപാർശ ചെയ്തു എന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തി.

ജീവപര്യന്തം തടവുകാര്‍ നിര്‍ബന്ധമായും 14 വര്‍ഷം തടവനുഭവിച്ചിരിക്കണമെന്നത് CrPC സെക്ഷന്‍ 433(A) അനുസരിച്ച് നിര്‍ബന്ധമാണ്. അതിനാല്‍ പതിനാല് വര്‍ഷം കഴിയാതെ ജീവപര്യന്ത തടവുകാരെ ആരെയും പുറത്തുവിടാന്‍ കഴിയില്ല. റെമിഷന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും പതിനാല് വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ അവരുടെ റിലീസ് പരിഗണിക്കാനാവൂ. ഇതാകട്ടെ ജയിലിലെ പെരുമാറ്റത്തെയും വിധിന്യായത്തിലെ പരാമര്‍ശത്തെയും പൊലീസ് റിപ്പോര്‍ട്ടിന്റെയുമൊക്കെ അടിസ്ഥാനത്തിലാണ് റെമിഷന്‍ പരിഗണിക്കുന്നത്. അതില്‍ കേസിന്റെ പ്രശസ്തിക്കോ വൈകാരികതയ്ക്കോ സ്ഥാനമില്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, പ്രൊഫഷണൽ കൊലപാതകങ്ങൾ എന്നിവ റെമിഷന് പരിഗണിക്കില്ല. ജീവപര്യന്ത തടവുകാരായി 25 വര്‍ഷം കഴിഞ്ഞവർ പോലും ഇപ്പോള്‍ ജയിലിലുണ്ട്.

ശിക്ഷ ഇളവിന്റെ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ പത്ര സമ്മേളനത്തിൽ നൽകുന്ന മറുപടി ഉണ്ട്. അതും മേൽപ്രകാരം യു ഡി എഫ് സർക്കാരിന്റെ കാലത്തെ ലിസ്റ്റ് പുനഃപരിശോധിക്കുന്ന നടപടിക്രമങ്ങൾ മാത്രം ആണ് എന്ന് അദ്ദേഹം വ്യക്തമാക്കിയ സാഹചര്യത്തിലും ഒരുളുപ്പും ഇല്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കാൻ ഇറങ്ങുമ്പോൾ അതിനെ ഏതു തരം മാധ്യമ പ്രവർത്തനം ആയി വിശേഷിപ്പിക്കണം?

വാർത്തകൾ മാധ്യമ മേശയിലെത്തിയാൽ അവയുടെ അടിവേരുകൾ അന്വേഷിച്ച്‌ ബോദ്ധ്യമായ ശേഷം വാർത്ത നൽകുക അസാധ്യമാണ്‌. എന്നാൽ യാതൊരു അടിസ്ഥാനവും ഇല്ലാത്ത വാർത്തകൾ മെനഞ്ഞെടുക്കുന്നത് ഒരു കലയായി സ്വീകരിച്ചാൽ, അതിനെ മാധ്യമ പ്രവർത്തനം എന്ന് കൂടി അഭിസംബോധന ചെയ്‌താൽ, ഒറ്റ കുത്തിന് കൊന്നോളൂ, ഇഞ്ചിഞ്ചായി ചാവാൻ താൽപ്പര്യം ഇല്ലെന്നു പറയുകയേ നിവർത്തി ഉള്ളൂ. ശുഭാപ്തി വിശ്വാസ വാർത്താഘോഷണം മാധ്യമരംഗത്ത്‌ അന്യമായിക്കൊണ്ടിരിക്കയാണ്‌. പ്രതീക്ഷ നൽകുന്നതൊന്നും വാർത്തയാക്കാൻ വിവാദങ്ങൾ മാത്രം കൊഴുപ്പിക്കുന്ന ഇന്നത്തെ മാധ്യമശൈലിക്കാവില്ല. ഈ നിലപാട്‌ അപകടകരമാണ്‌. നാടിനും മാധ്യമലോകത്തിനും നാശം വാരിവിതയ്ക്കുകയായിരിക്കും ഇതിന്റെ ഫലം.

നോം ചോംസ്കിയും എഡ്വേര്‍ഡ് ഹെര്‍മനും ചേര്‍ന്നെഴുതിയ ‘സമ്മതിയുടെ നിര്‍മിതി’ (manufacturing consent) എന്ന പുസ്തകം മാധ്യമത്തിന്റെ രാഷ്ട്രീയം നന്നായി അവതരിപ്പിക്കുന്നതാണ്. യഥാര്‍ഥത്തില്‍ സമ്മത നിര്‍മാണമെന്ന പ്രയോഗത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്ന് ചോംസ്കി തുറന്നുപറയുന്നുണ്ട്. അടഞ്ഞ മനസ്സിനെയാണ് ഫാസിസം ആഗ്രഹിക്കുന്നത്. നിരന്തരം ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നാല്‍ ഗൌരവമായ ചിന്തയുടെ പരിസരത്തെ ഇല്ലാതാക്കാന്‍ കഴിയും.

കേരളം മാധ്യമസമൂഹമായി മാറിയിരിക്കുന്നെന്ന പരാമര്‍ശം നടത്തിയത് ഡോ. കെ.എന്‍ പണിക്കരാണ്. മണിയോര്‍ഡര്‍ സമൂഹമെന്ന് ഇഎംഎസ് ഒരുകാലത്ത് കേരളത്തെ വിശേഷിപ്പിച്ചിരുന്നു. വിദേശത്തു നിന്നയക്കുന്ന മണിയോര്‍ഡറിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിന്റെ നിലനില്‍പ്പ്. ഇന്നത്തെ കേരളത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് മാധ്യമങ്ങളാണ്. മലയാളിയുടെ അഭിപ്രായരൂപീകരണത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകമാണത്. അച്ചടി മഷി പുരണ്ടതെന്തും സത്യമെന്നു കരുതുന്നവരാണ് മലയാളികളില്‍ നല്ലൊരു പങ്കും. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോഴും കേരളം കോണ്‍ഗ്രസിനൊപ്പം നിന്നതിന്റെ ഒരു കാരണം മാധ്യമസ്വാധീനമാണെന്ന ചിലരുടെ പഠനങ്ങളും ശ്രദ്ധേയം.

മാധ്യമ സാക്ഷരത പ്രവര്‍ത്തനം പ്രധാനമാണ് എന്ന നിരീക്ഷണം പ്രധാനമാണ്. തലക്കെട്ടിന്റെ വായനയില്‍നിന്നു തന്നെ നിലപാടിലേക്ക് എത്തുന്ന നല്ലൊരു വിഭാഗമുള്ളപ്പോള്‍ ഈ പ്രക്രിയ അങ്ങേയറ്റം സങ്കീര്‍ണമാണ്. ഒരു കാലത്ത് മാധ്യമങ്ങള്‍ ചില മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നത് അന്നത്തെ ഭരണവര്‍ഗസ്വഭാവത്തില്‍ അതു കൂടിയുണ്ടായിരുന്നതുകൊണ്ടാണ്. അങ്ങേയറ്റം ചരക്കുവല്‍ക്കരിക്കപ്പെട്ട മാധ്യമത്തില്‍നിന്നും പഴയ മൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നത് അബദ്ധമായിരിക്കും. പണം കൊടുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന കാലമാണിത്. മാധ്യമങ്ങളും കുത്തക കമ്പനികളും തമ്മില്‍ പരസ്യമായി സ്വകാര്യ കരാറുകളില്‍ ഏര്‍പ്പെടുന്നു. അവരുടെ താല്‍പര്യം വാര്‍ത്തയായി വായിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതമാക്കപ്പെടുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ മാധ്യമത്തെ സംബന്ധിച്ച ശാസ്ത്രീയ ധാരണയും, അതിന്റെ ദൌത്യമെന്താണെന്ന് തിരിച്ചറിയലും പ്രധാനമാണ്.

പിണറായി വിജയനും കൂട്ടരും ആയിരത്തിലധികം കുറ്റവാളികളെ കേരള സമൂഹത്തിലേക്ക് തുറന്നു വിടുന്നു എന്ന ഒരു തോന്നൽ ചെറിയ ഒരു വിഭാഗം സാധാരണ മനുഷ്യരിലേക്ക് എങ്കിലും എത്തിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന, അതിനെ വിമർശിക്കുമ്പോൾ ആഴ്ച തോറും മുഖ്യൻ മുഖം കൊടുക്കുന്നില്ലെന്നു പരാതിപ്പെടുന്ന അഭിനവ നാലാം തൂണുകാരോട് ഒരു അഭ്യർത്ഥനയുണ്ട്. കാലവും രാഷ്ട്രീയവും രണ്ടും പരസ്പരബന്ധിതമാണ്. അട്രോസിറ്റി നിറഞ്ഞ ആക്രോശങ്ങളും കൊലവിളികളും ആയി നടക്കുന്ന ക്രിമിനലുകൾ ആണ് രാജ്യത്തിൻറെ മറ്റു സംസ്ഥാനങ്ങളിൽ അധികാരമേറ്റു കൊണ്ടിരിക്കുന്നത്. ഫാഷിസത്തിന്റെ കാളിമ സകല മേഖലകളിലും തെളിഞ്ഞു കാണുന്ന ഒരു കെട്ട കാലം. വരും തലമുറ ചരിത്രം പരിശോധിക്കുമ്പോൾ നിങ്ങളുടെ സ്ഥാനം എന്തായിരിക്കും എന്ന് നിർണയിക്കുന്നത് നിങ്ങളുടെ നിലപാടുകൾ ആണ്. ആശിഷ് ഖേതൻറെ പ്രമാദമായ ഗുജറാത്ത് കലാപ അന്വേഷണ റിപ്പോട്ടുകൾ ഇന്ത്യ ഒട്ടുക്കും ചർച്ച ചെയ്യുമ്പോൾ കേരളത്തിലെ പത്ര മാധ്യമങ്ങൾ ഒരു ഇടതുപക്ഷ നേതാവിന്റെ ഇനിയും തെളിയിക്കാൻ ആവാത്ത ഒരു അഴിമതി കേസിനു പുറകെ ആയിരുന്നു എന്ന് കുമ്പസാരിച്ചത് അറിയപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകൻ ആണ്. അദ്ദേഹത്തിന്റെ തന്നെ ആത്മകഥാംശം ഉള്ള പുസ്തകത്തിൽ. വീഴ്ചകൾ ആരുടേയും കുത്തക അല്ല, ആ വീഴ്ചയിൽ നിന്നും  നാം ഉൾകൊള്ളുന്ന പാഠങ്ങൾ ആണ് പ്രധാനം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍