UPDATES

യാത്ര

ഇക്കുറി എവറസ്റ്റ് കീഴടക്കാനെത്തുന്നത് റെക്കോഡ് ആളുകള്‍

കഴിഞ്ഞ വര്‍ഷം 289 പര്‍വതാരോഹര്‍ക്കാണ് കൊടുമുടി കയറാന്‍ അനുമതി നല്‍കിയത്

എവറസ്റ്റ് കൊടുമുടിയില്‍ പര്യവേഷണത്തിനുള്ള പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഈ വര്‍ഷം കൊടുമുടി കീഴടക്കാന്‍ ഉദ്യമിക്കുന്നവരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡ് ആകുമെന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ കണക്കാക്കുന്നത്. സീസണ്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊടുമുടിയുടെ തുമ്പത്തേക്കുള്ള അന്തിമ പാത തെളിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നേപ്പാളി ഷേര്‍പ്പ തൊഴിലാളികളെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മുകള്‍ത്തട്ടിന് സമീപം വെള്ളിയാഴ്ച കാറ്റ് ശക്തമായതും മഞ്ഞുവീഴ്ചയും പണികളുടെ വേഗത കുറച്ചിട്ടുണ്ടെങ്കിലും ഞായറാഴ്ചയോടെ ആദ്യസംഘത്തിന് മുകളില്‍ എത്തിപ്പെടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബേസ് ക്യാമ്പില്‍ തമ്പടിച്ചിരിക്കുന്ന സര്‍ക്കാര്‍ വക്താവ് ഗ്യാനേന്ദ്ര ശേഷ്ഠ അറിയിച്ചു. 26,240 അടി ഉയരത്തിലുള്ള അവസാന ക്യാമ്പിന് മുകളിലേക്ക് കയര്‍ ഉറപ്പിക്കുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നത്.

8850 മീറ്റര്‍ (29,035 അടി) ഉയരമുള്ള കൊടുമുടി കീഴടക്കുന്നതിന് ഇത്തവണ 317 പേര്‍ക്കാണ് നേപ്പാള്‍ വിനോദസഞ്ചാര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ഇത്രയും തന്നെയോ അതിലധികമോ നേപ്പാളി ഷേര്‍പ്പ വഴികാട്ടികള്‍ അവരെ അനുഗമിക്കും. കൊടുമുടിയുടെ ഉച്ചിയില്‍ കുറച്ച് തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്ന മേയാണ് എവറസ്റ്റ് കീഴടക്കാനുള്ള ഏറ്റവും അനുകൂല സമയമായി കണക്കാക്കുന്നത്.

കഴിഞ്ഞ വര്‍ഷം 289 പര്‍വതാരോഹര്‍ക്കാണ് കൊടുമുടി കയറാന്‍ അനുമതി നല്‍കിയത്. 2015ല്‍ നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ഫലമായി എവറസ്റ്റില്‍ ഉണ്ടായ ഹിമപാതത്തില്‍ 19 പര്‍വതാരോഹകര്‍ മരിക്കുകയും 61 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സീസണ്‍ വെട്ടിച്ചുരുക്കിയിരുന്നു. 2014ല്‍ ഉണ്ടായ ഹിമപാതത്തില്‍ 16 ഷേര്‍പ്പ വഴികാട്ടികളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. എവറസ്റ്റ് കയറുന്നതിനുള്ള തയ്യാറെടുപ്പിനിടയില്‍ പ്രമുഖ സ്വിസ് പര്‍വതാരോഹകനായ യൂളി സ്‌റ്റെക് കഴിഞ്ഞ ഞായറാഴ്ച അന്തരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍