UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്രപ്രവര്‍ത്തകയില്‍ നിന്നു ചിത്രകാരിയിലേക്കുള്ള ദൂരം; റീമ നരേന്ദ്രനും ലെമണ്‍ യെല്ലോ ആര്‍ട്ട് ഗ്യാലറിയും

Avatar

അമൃത വിനോദ് ശിവറാം

അവിചാരിത വഴികളിലൂടെയാണ് റീമ നരേന്ദ്രന്‍ എന്നും യാത്ര ചെയ്തിരുന്നത്. കൊച്ചിയിലെയും തിരുവന്തപുരത്തെയും ‘ലെമണ്‍ യെല്ലൊ’ ആര്‍ട്ട് ഗ്യാലറിയുടെ സ്ഥാപകരില്‍ ഒരാളായ റീമ പിന്നിട്ട വഴികള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. ബിരുദത്തില്‍ എം.ജി യൂണിവേഴ്‌സിറ്റിയുടെ റാങ്ക് നേടി, ജനറ്റിക്സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ്ങില്‍ ബിരുദാനന്തര ബിരുദമെടുത്ത റീമ, ദേശീയ അവാര്‍ഡ് നേടിയ പത്രപ്രവര്‍ത്തക കൂടിയാണ്. പത്രപ്രവര്‍ത്തനമോ, ചിത്രകലയോ ഇവര്‍ അഭ്യസിച്ചിട്ടില്ലെന്ന വസ്തുത അറിയുമ്പോള്‍ അത്ഭുതം ഇരട്ടിക്കും. മികച്ച ശാസ്ത്ര ലേഖനങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ഇവര്‍ ഇന്ന് നിറങ്ങളെയും ചിത്രങ്ങളെയും തന്റെ കരവിരുതില്‍ ഒതുക്കുകയാണ്. എഴുത്ത് മാത്രമല്ല, മികച്ച ചിത്രങ്ങളൊരുക്കുവാനും കഴിയുമെന്ന് തെളിയിച്ചുകൊണ്ട് 2 വര്‍ഷം മുന്‍പ് റീമ ലെമണ്‍ യെല്ലൊ ആര്‍ട്ട് ഗ്യാലറിക്ക് തിരുവനന്തപുരം കുമാരപുരത്ത് ആരംഭം കുറിച്ചു. തുടര്‍ന്ന് താന്‍ ജനിച്ചു വളര്‍ന്ന കൊച്ചിയിലെ കടവന്ത്രയിലേക്കും ‘ലെമണ്‍ യെല്ലോ’യുടെ പ്രവര്‍ത്തനം ഈ ഓഗസ്റ്റില്‍ ആരംഭിച്ചു.

കേരള യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് ലക്ചററായി കരിയര്‍ തുടങ്ങിയ റീമ എഴുത്തിലേക്ക് തിരിഞ്ഞത് അവിചാരിതമായിട്ടായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ പത്രപ്രവര്‍ത്തകനായിരുന്ന എന്‍ നരേന്ദ്രനുമായുള്ള വിവാഹമാണ് റീമയുടെ ഉള്ളിലെ എഴുത്തുകാരിയെ തിരിച്ചറിയാന്‍ സഹായിച്ചത്.

കേരളാ യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് ലക്ചററായിരിക്കെത്തന്നെ ശാസ്ത്രവിഷയ സംബന്ധമായ ചില ലേഖനങ്ങള്‍ റീമ പത്രങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കുകയുണ്ടായി. പിന്നീടാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ സബ് എഡിറ്ററായായി പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് റീമ നേടിയെടുത്ത അംഗീകാരങ്ങള്‍ ആര്‍ക്കും അത്ഭുതം ഉളവാക്കുമെന്നതില്‍ സംശയമില്ല. മിനിസ്റ്ററി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ മികച്ച ശാസ്ത്ര ലേഖനങ്ങള്‍ക്കുള്ള അവാര്‍ഡ് നേടിയ ഇവര്‍, കേരള സര്‍ക്കാറിന്റെ ഗ്രീന്‍ ജേണലിസ്റ്റ് അവാര്‍ഡ്, കെ.മാധവന്‍കുട്ടി അവാര്‍ഡ്, ലീല മേനോന്‍ അവാര്‍ഡ്, വി കൃഷ്ണമൂര്‍ത്തി അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളിലൂടെ തിളങ്ങി. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് പത്രപ്രവര്‍ത്തനത്തോട് വിടപറഞ്ഞ് റീമ ചിത്രങ്ങളുടെ ലോകത്തേക്ക് തിരിയുകയായിരുന്നു.

ചെറുപ്പം മുതല്‍ പെയിന്റിങ്ങിനോട് അതിയായ താല്‍പ്പര്യം ഉണ്ടായിരുന്നതായി റീമ സാക്ഷ്യപ്പെടുത്തുന്നു. ആദ്യമൊക്കെ ചെയ്തിരുന്ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനമായി നല്‍കുകയായിരുന്നു പതിവ്. തിരക്കുള്ള പത്രപ്രവര്‍ത്തകയായി ജോലിചെയ്യുമ്പോഴും പെയിന്റിങ്ങിനായി സമയം കണ്ടെത്തിയിരുന്നു. വരച്ച ചിത്രങ്ങള്‍ക്ക് ആവശ്യക്കാരേറിയപ്പോഴാണ് ആര്‍ട് ഗ്യാലറി എന്ന ആശയം രൂപം കൊണ്ടത്. സുഹൃത്തായ പത്രപ്രവര്‍ത്തകന്‍ പദ്മകുമാറിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ ആര്‍ട്ഗ്യാലറി ‘ലെമണ്‍ യെല്ലോ’ എന്ന പേരില്‍ ജന്മംകൊണ്ടു. ഈ സ്ഥാപനത്തിന്റെ പാര്‍ട്ണറും കൂടിയാണ് പദ്മകുമാര്‍.

ഗ്യാലറിക്ക് ‘ലെമണ്‍ യെല്ലൊ’ എന്ന പേരിടാന്‍ തന്നെ കാരണം ചിത്രകാരനായ വാന്‍ഗോഗിന്റെ ചിത്രങ്ങളോടുള്ള പ്രണയമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ യെല്ലോയ്ക്ക് പ്രത്യേക പ്രാധാന്യം കൊടുത്തിരിക്കുന്നതായി കാണാമെന്ന് റീമ പറയുന്നു. ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത റീമയുടെ ചിത്രങ്ങളില്‍ പ്രകൃതിയും മനുഷ്യനുമെല്ലാം വിഷയമാകുന്നു. യാത്രകളില്‍ കണ്ട സ്ഥലങ്ങളും, ഓര്‍മ്മയില്‍ തെളിയുന്ന വസ്തുക്കളുമെല്ലാം റീമ ചിത്രങ്ങളായി കാന്‍വാസില്‍ പകര്‍ത്തുന്നു. വര്‍ണ്ണങ്ങള്‍ കൊണ്ട് മനസ്സിനെ മോഹിപ്പിക്കുന്ന ഒരു പറ്റം അബ്‌സ്ട്രാക്റ്റ് പെയിന്റിങ്ങുകളും ചിത്ര ശ്രേണിയെ മികവുറ്റതാക്കി മാറ്റിയിരിക്കുന്നു എന്ന് പറയാതെ വയ്യ.

ഒരു പ്രത്യേക ശൈലിയേയും പിന്‍തുടരാതെ വളരെ വ്യത്യസ്ഥവും വൈവിധ്യവും നിറഞ്ഞതലത്തിലേക്ക് പെയിന്റിങ്ങുകളെ അണി ചേര്‍ത്തു നിര്‍ത്തുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ റീമയുടെ മറുപടി ഇങ്ങനെ ” ഒരു ചിത്രവും വളരെ പ്ലാന്‍ഡ് ആയി വരയ്ക്കുകയല്ല ഞാന്‍ ചെയ്യുന്നത്. വരയ്ക്കുവാന്‍ തോന്നുന്നതെന്തോ, എപ്പോഴാണോ, അപ്പോള്‍ തന്നെ വരക്കുകയാണ് പതിവ്. വീടുകളും ഓഫീസുകളും ഹോട്ടല്‍ മുറികളും അലങ്കരിക്കാന്‍ പാകത്തിനുള്ളതാണെന്റെ പെയിന്റിങ്ങുകള്‍. വളരെ അഫോഡബിള്‍ വിലയിലാണ് പെയിന്റിങ്ങുകളും, അവയുടെ പ്രിന്റുകളും ലെമണ്‍യെല്ലോയില്‍ ലഭ്യമാകുന്നത്. വിദേശത്തേക്ക് പെയിന്റിങ്ങ് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ക്യാന്‍വാസ് സ്‌ക്രോളുകളും ഇവിടെ ലഭ്യമാണ്. പലരും പറഞ്ഞറിഞ്ഞു വരുന്നവരാണ് എന്റെ കസ്റ്റമേഴ്‌സ്. അല്ലാതെ ഇതുവരെ ലെമണ്‍ യെല്ലോയ്ക്ക് മറ്റൊരു തരത്തിലുമുള്ള പരസ്യങ്ങളും ഉണ്ടായിട്ടില്ല. ഇതുവരെ ഒരു എക്‌സിബിഷനും നടത്തിയിട്ടില്ല. ഭാവിയില്‍ ഒരു പക്ഷേ അത് സംഭവിച്ചേക്കാം. ആദ്യമൊക്കെ ഓയിലായിരുന്നു എന്റെ ഇഷ്ട മാധ്യമം. ഇപ്പോള്‍ അകര്‍ലിക്ക് ഉപയോഗിച്ചു തുടങ്ങി’.

നിരവധി അവാര്‍ഡുകള്‍ നേടിയ പത്രപ്രവര്‍ത്തകയില്‍നിന്നും ചിത്രകാരിയിലേക്കുള്ള റീമയുടെ മാറ്റം പെട്ടെന്നുള്ളൊരു ആവേശത്തില്‍ സംഭവിച്ചതല്ല. അദ്ധ്യാപികയില്‍ നിന്നും പത്രപ്രവര്‍ത്തകയായി മാറാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ ആരുടെയൊക്കെയോ പ്രേരണ അയിരുന്നുവെങ്കില്‍ പെയിന്റിങ്ങിലേക്ക് തിരിയാന്‍ കാരണം വര്‍ണ്ണങ്ങളും ചിത്രങ്ങളും ചെറുപ്പത്തിലേ മനസ്സിനെ കീഴടക്കിയതായിരുന്നു.

‘ എല്ലാറ്റിനും ഒരു സമയമുണ്ടെന്ന് പറയുന്നപോലെ, എന്റെ മനസ്സിന് സന്തോഷം കിട്ടുന്ന മേഖലയിലേക്ക് തിരിയാന്‍ കുറച്ചു കാലതാമസമുണ്ടായെന്ന് മാത്രം. എന്ത് ജോലി ചെയ്താലും അതില്‍നിന്ന് സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാത്രമേ അത് മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുകയുള്ളു. ഇന്ന് പത്രപ്രവര്‍ത്തനത്തിന്റെ രീതി ഒരുപാട് മാറി. ചെയ്യുന്നതില്‍ സംതൃപ്തിയില്ലാതെ ജോലി തുടരുന്നതില്‍ അര്‍ത്ഥമില്ല. ആലോചിച്ചെടുത്ത തീരുമാനമാണ് ജോലി രാജിവെക്കുക എന്നത്. പെയിന്റിങ്ങിനെ പ്രൊഫഷനാക്കുകയാണെന്ന് പറഞ്ഞപ്പോള്‍ കൂടെനിന്ന് പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കളാണ് എന്റെ ആഗ്രഹങ്ങള്‍ക്ക് ശക്തി പകര്‍ന്നത്’ റീമ പറയുന്നു.

ഹൈക്കോടതിയിലെ അഭിഭാഷകനും, എറണാകുളം ഗവ: ലോകോളേജ് ലക്ചററുമായിരുന്ന പരേതനായ പി.സി. എബ്രഹാമിന്റെയും, സെന്റ് തെരേസാസ് കോളേജിലെ പ്രൊഫസറായ സാറാ എബ്രഹാമിന്റെയും മകളാണ് റീമ. ഭര്‍ത്താവ് എന്‍.നരേന്ദ്രന്‍ 14 വര്‍ഷം മുന്‍പ് മരണപ്പെട്ടു. മക്കളായ ആരോമലിനും, നയോമിക്കുമൊപ്പം ഇവര്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ലെമണ്‍ യെല്ലോയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി പെയിന്റിങ്ങ് രംഗത്ത് സജീവമാകുവാന്‍ തയ്യാറെടുക്കുകയാണ് റീമയിപ്പോള്‍.

(മാധ്യമ പ്രവര്‍ത്തകയാണ് അമൃത)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍