UPDATES

തെളിവ് നിയമം വേദങ്ങളുടെ അടിസ്ഥാനത്തില്‍ പരിഷ്കരിക്കണമെന്ന് നിയമ കമ്മീഷന്‍ അംഗം

അഴിമുഖം പ്രതിനിധി

ന്യൂഡല്‍ഹി ഇന്ത്യ തെളിവ് നിയമം വേദങ്ങളുടേയും ശാസ്ത്രങ്ങളുടേയും അടിസ്ഥാനത്തില്‍ പരിഷ്കരിക്കണമെന്ന് നിയമ കമ്മീഷന്‍ അംഗം അഭയ് ഭരദ്വാജ്. ഗുജറാത്തില്‍ നിന്നുള്ള അഭിഭാഷകനായ അഭയ് ഭരദ്വാജ് ഈ അടുത്താണ് ഹ്രസ്വകാല അംഗമായി നിയമ കമ്മീഷനില്‍ എത്തിയത്. 2002ലെ ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി നടന്ന ഗുല്‍ബര്‍ഗ കൂട്ടക്കൊലയിലെ പ്രതികള്‍ക്ക് വേണ്ടി വാദിച്ചത് അഭയ് ഭരദ്വാജാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നിലവില്‍ വന്ന, 144 വര്‍ഷം പഴക്കമുള്ള തെളിവ് നിയമം പരിഷ്കരിക്കേണ്ടത് പൗരാണിക ഹൈന്ദവ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാവണം എന്നാണ് ഭരദ്വാജിന്‌റ ആവശ്യം. ആര്‍.എസ്.എസ സ്വയംസേവകനാണ് താനെന്ന് അഭയ് ഭരദ്വാജ് പറയുന്നു. വേദങ്ങള്‍, ഉപനിഷത്തുകള്‍, ശാസ്ത്രങ്ങള്‍, പൗരാണിക ഹിന്ദു ഗ്രന്ഥങ്ങള്‍ തുടങ്ങിയവയില്‍ തെളിവുമായി ബന്ധപ്പട്ട് നിരവധി കാര്യങ്ങളുണ്ട്. ജൈന ശാസ്ത്രത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുന്ന ഏഴ് ശ്ലോകങ്ങളുണ്ട്. ജഡ്ജിമാര്‍ ഇത് ആധാരമാക്കി തുടങ്ങിയാല്‍ പിന്നെ ഒരു പ്രശ്നവുമില്ല. പിന്നെ വിചാരണ കോടതി മുതല്‍ സുപ്രീംകോടതി വരെയുള്ളവയുടെ വിധികളില്‍ ഒരു വ്യത്യാസവുമുണ്ടാവില്ലെന്നും അഭയ് ഭരദ്വാജ് അഭിപ്രായപ്പടുന്നു.

ഗുല്‍ബര്‍ഗ കൂട്ടക്കൊല കേസില്‍ തന്‌റെ നിലപാട് അഭയ് ഭരദ്വാജ് ന്യായീകരിച്ചു. ‘ഹിന്ദുക്കള്‍ക്ക് വേണ്ടി കേസ് വാദിക്കുമ്പോള്‍ മാത്രമാണ് പരാതി. ശാന്തി ഭൂഷന്‍ യാക്കൂബ് മേമന് വേണ്ടി ഹാജരാകുമ്പോള്‍ ആര്‍ക്കും പ്രശ്നമില്ല. ഇന്ദിര ജയ്‌സിംഗിനെ ആരും ചോദ്യം ചെയ്യുന്നില്ല.’ ഭരദ്വാജ് പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് നിയമ കമ്മീഷന്‍ ജനങ്ങളുടെ അഭിപ്രായം തേടിയതിന് പിന്നാലെയാണ് ഭരദ്വാജ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതി മുന്‍ ന്യയാധിപനായ ജസ്റ്റിസ് ബല്‍ബീര്‍ സിംഗ് ചൗഹാനാണ് നിയമ കമ്മീഷന്‍ അദ്ധ്യക്ഷന്‍. ഇന്ത്യയില്‍ സമാധാനപരമായ ജനാധിപത്യം ഉറപ്പാകണമെങ്കില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമന്ന് അഭയ് ഭരദ്വാജ് ആവശ്യപ്പെട്ടു.

‘അമേരിക്ക ഒരു മതനിരപേക്ഷ രാജ്യമായാണ് അറിയപ്പെടുന്നത്. എന്നാല്‍ ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതില്‍ ആര്‍ക്കും പരാതിയില്ല. അമേരിക്കയില്‍ ഇത്തരത്തില്‍ ആവാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയില്‍ ഭഗവദ് ഗീതയില്‍ തൊട്ട് ഇതായിക്കൂട.  അമേരിക്കയില്‍ നിങ്ങള്‍ക്ക് മുസ്ലീം മതനിയമ പ്രകാരം വിവാഹിതരാവാന്‍ കഴിയില്ല. അമേരിക്കന്‍ വിവാഹ രജിസ്‌ട്രേഷന്‍ ആക്ടുണ്ട് അവിടെ. എന്നിട്ടും ഇന്ത്യയില്‍ എന്താണ് കാര്യങ്ങള്‍ ഇങ്ങനെ?’ ഭരദ്വാജ് ചോദിക്കുന്നു.

ഞാന്‍ ആര്‍.എസ്.എസിലെ കമ്മ്യൂണിസ്റ്റും ക്മ്മ്യൂണിസ്റ്റുകള്‍ക്കിടയിലെ ആര്‍. എസ്. എസുകാരനുമാണ്. കമ്മ്യൂണിസത്തിന്‌റെ വേരുകള്‍ യഥാര്‍ത്ഥത്തിലുള്ളത് പാശ്ചാത്യ രാജ്യങ്ങളിലല്ല. അത് നമ്മുടെ വേദങ്ങളിലാണുള്ളത്. പൊതു ഉടമസ്ഥതയില്‍ കൃഷി വേണമെന്നും സ്വകാര്യ സ്വത്ത് ഇല്ലാതാവണം എന്നും പറഞ്ഞ പാണ്ടുരംഗ്ഗ് ശാസ്ത്രി കമ്മ്യൂണിസ്റ്റാണെന്ന് അംഗീകരിക്കാന്‍ തയ്യാറായിട്ടുണ്ടോ എന്നും അഭയ് ഭരദ്വാജ് ചോദിച്ചു.   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍