UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരിഷ്ക്കരണം ഒരു സുനാമിയല്ല; നമുക്ക് സ്വകാര്യ മേഖലയും വേണ്ടതുണ്ട്

Avatar

അഴിമുഖത്തില്‍ എഴുതുന്നവരടക്കം പലരും ഭൂമി ഏറ്റെടുക്കല്‍ ബില്ലുപോലുള്ള നിര്‍ണായക പരിഷ്കരണ നിയമനിര്‍മാണങ്ങളെ ഇടതുപക്ഷവും കോണ്‍ഗ്രസും എതിര്‍ക്കുന്നു എന്നതിനെ പൊക്കിപ്പിടിക്കാറുണ്ട്. പരിഷ്കരണം മോശം വാക്കാണെന്ന് അവര്‍ കരുതുന്നു, എല്ലാം തുടച്ചുനീക്കുന്ന ഒരു സുനാമി.

ആഡംബര വിനോദ വിശ്രമകേന്ദ്രങ്ങളില്‍ അവധിക്കാലം ആസ്വദിക്കാനും, മക്കളുടെ വിദേശ പഠനത്തിനും, ബന്ധുക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലിക്കും പരിഷ്കരണങ്ങള്‍ ആവശ്യമില്ലാത്ത ഒരുകൂട്ടം കപട-സോഷ്യലിസ്റ്റുകളുടെ ആത്മവഞ്ചനയോളം വരില്ല മറ്റൊന്നും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പഴമൊഴി മറക്കരുത്: സമ്പദ് രംഗം ഇടത്തോട്ടു തിരിയുമ്പോള്‍ സമ്പദ് രംഗത്ത് ഒന്നും ശേഷിക്കില്ല. പകരം, ഇന്ത്യന്‍ സമ്പദ് രംഗത്തെ മുന്നോട്ട് നീക്കാന്‍ മോദി ചെയ്യേണ്ട ഏഴു കാര്യങ്ങളാണ് വിമതവിചാരം മുന്നോട്ട് വെക്കുന്നത്.

1. സ്വകാര്യമേഖല കൂടുതല്‍ കാര്യക്ഷമത പ്രകടിപ്പിച്ച മേഖലകളില്‍ നിന്നും പൊതുമേഖലയെ ഒഴിവാക്കുക: അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുക, പൊതുജനാരോഗ്യത്തിലും, പരിസ്ഥിതിയിലുമുള്ള ആഘാതങ്ങള്‍ കുറക്കുക, സ്വകാര്യ നിക്ഷേപകര്‍ക്ക് ആകര്‍ഷകമല്ലാത്ത പദ്ധതികളില്‍ മൂലധനമിറക്കുക എന്നിവയിലായിരിക്കണം സര്‍ക്കാര്‍ പങ്ക് വഹിക്കേണ്ടത്. മറ്റ് മേഖലകളില്‍ വിപണി ശക്തികള്‍ മെച്ചപ്പെട്ട ഫലമുണ്ടാക്കും. ഉദാഹരണത്തിന് ഉപഭോക്തൃ സംതൃപ്തിയും, സാമ്പത്തിക ലാഭവുമുള്ള പദ്ധതികള്‍ ഉണ്ടാക്കാന്‍ സ്വകാര്യ കമ്പനികള്‍ തത്പരരാണ്. തിരിച്ച്, ചില തെറ്റായ പൊതുമേഖല ഇടപെടലുകള്‍ നിഷേധാത്മകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക, ഡീസല്‍-ഇന്ധന സബ്സിഡി പോലെ. 

2. അടിസ്ഥാന സൌകര്യ പദ്ധതികളുടെ മാതൃക മാറ്റുക: വലിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ വാര്‍ത്തകളില്‍ തലക്കെട്ടുകളായേക്കാം, എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാറില്ല. അടിസ്ഥാന സൌകര്യാവികസനം പ്രാദേശിക ജനതയുടെ ആവശ്യങ്ങള്‍ പരിഹരിക്കണം, താഴെതട്ടില്‍ കാര്യക്ഷമമായ നടത്തിപ്പും വേണം. ഒരു കേന്ദ്രീകൃത മാതൃക വെച്ചു ഇത് നേടിയെടുക്കുക ബുദ്ധിമുട്ടാണ്. പ്രാദേശിക മുന്‍ഗണനകളോടെ രൂപം കൊടുത്ത പദ്ധതികള്‍ക്ക് വലിയ പെരുമ കിട്ടില്ലെങ്കിലും ജനങ്ങളുടെ ജീവിതം വളരെ വേഗം മാറ്റാന്‍ അവയ്ക്കാവും- വര്‍ഷങ്ങള്‍ എടുത്തല്ല, മാസങ്ങള്‍ കൊണ്ട്. വിദൂര ഗ്രാമങ്ങളിലേക്ക് വൈദ്യുതി ഗ്രിഡുകള്‍ കൊണ്ടുവരുന്നതിനെക്കാള്‍ കാര്യക്ഷമമാണ് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും  മുകളില്‍ സൌരോര്‍ജ്ജ പലകകള്‍ സ്ഥാപിക്കുന്നത്.

3. ആഗോള നേതൃത്വവും ആഗോള മാപനിയും: ഫോര്‍ച്യൂണ്‍ 500-ല്‍ ആദ്യ 10-ല്‍ രണ്ടു യു എസ് കമ്പനികളും മൂന്നു ചൈനീസ് കമ്പനികളും ഉണ്ട്. ആസ്തികള്‍ വെച്ചുനോക്കിയാല്‍ ലോകത്തെ ഏറ്റവും വലിയ ബാങ്ക് ചൈനയുടെ ഐ‌സി‌ബി‌സി-യാണ്. ഇന്ത്യക്ക് ഈ നിലയിലെത്താന്‍ അല്പം വിവേകം ആവശ്യമാണ്. ഇന്ത്യയിലെ പൊതുമേഖലയിലുള്ള ചില വന്‍ സ്ഥാപനങ്ങള്‍- എസ്‌ബി‌ഐ, ഓ‌എന്‍ജിസി, കോള്‍ ഇന്ത്യ, എന്‍ ടി പി സി- ആഗോള ശേഷിയും, മത്സരക്ഷമതയും ആര്‍ജിച്ചെടുത്ത് ആഗോള നിലവാരത്തിലെത്തണം.

4. ലക്ഷ്യത്തിലേക്ക് നേരിട്ടു കുതിക്കുക: അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തില്‍ മുന്‍ഭാരമില്ലാതെ പുത്തന്‍ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇന്ത്യക്കാവും. പുത്തന്‍ സാങ്കേതികവിദ്യകള്‍ എളുപ്പത്തില്‍ കൊണ്ടുവരാം. ഉദാഹരണത്തിന് സൌരോര്‍ജം. കേന്ദ്രീകൃത ഗ്രിഡിന്റെ ആവശ്യം കുറക്കുകയും ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറക്കാനും ഇതിനാകും. അടുത്തകാലത്തായി സൌരോര്‍ജ പലകകളുടെ നിര്‍മാണ ശേഷിയില്‍ വലിയ സമ്പദ് വ്യവസ്ഥകള്‍ ആര്‍ജിച്ച നേട്ടത്തെ ഇന്ത്യക്ക് ഇക്കാര്യത്തില്‍ ഉപയോഗിക്കാനാകും.

5. പദ്ധതി ശരിയായി നടത്താനാണ്, നിക്ഷേപം ആകര്‍ഷിക്കാനല്ല ശ്രദ്ധ നല്‍കേണ്ടത്: ഇന്ത്യയിലെ സമ്പാദ്യ നിരക്ക് ഉയര്‍ന്നതാണ്. ഇന്‍ഷൂറന്‍സ് കമ്പനികളും, പെന്‍ഷന്‍ നിധികളും  അടിസ്ഥാന സൌകര്യ വികസനത്തിലും മറ്റും നിക്ഷേപിക്കാന്‍ സന്നദ്ധരാണ്. ഇന്ത്യയ്ക്കില്ലാതെ പോകുന്നത് കൃത്യമായ പദ്ധതികളും സുതാര്യതയുമാണ്. അഴിമതി വലിയൊരു തടയാണ്; അത് കുറയ്ക്കാനുമാകുന്നില്ല. അത് പൂര്‍ണമായും ഇല്ലാതാക്കണം. അതില്‍കുറഞ്ഞതെന്തും സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍നിന്നും ഇന്ത്യക്കാരെ ചതിക്കലായിരിക്കും.

6. നിര്‍മാണത്തില്‍ വമ്പന്‍ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുക: ലോകത്തെ മികച്ച 100 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒറ്റ ഇന്ത്യന്‍ ബ്രാന്‍ഡ് പോലുമില്ല. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആപ്പിളിന്റെ വിപണിമൂല്യം ഇന്ത്യയുടെ ജി ഡി പിയുടെ 40 ശതമാനമാണ്! ഗംഭീര ഉത്പന്നങ്ങളുടെ അടിത്തറയിലാണ് വമ്പന്‍ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യന്‍ രീതിയിലുള്ള ചലച്ചിത്രവും, ഭക്ഷണവും, വസ്ത്രശൈലികളും പോലെ ഡിജിറ്റല്‍ അടക്കമുള്ള പല മേഖലകളിലും വന്‍ വ്യവസായങ്ങളും ബ്രാന്‍ഡുകളും നിര്‍മിക്കാന്‍ ഇന്ത്യക്കാവും. അഞ്ചു കൊല്ലം മുമ്പ് ക്സിയാമി, ഹുവൈ, ഹെയ്ര്‍ തുടങ്ങിയവ ചൈനീസ് ബ്രാന്‍ഡുകള്‍ സ്ഥാപിക്കാനായി കടന്നുവരുമെന്നത് സങ്കല്‍പ്പിക്കാന്‍ ആവുമായിരുന്നില്ല.

7. ഉദ്യോഗസ്ഥ വൃന്ദത്തെ പരിഷ്ക്കരിക്കുക: ഒരു സംരംഭകന്‍റെ ജീവിതത്തെ നിത്യവും തൊടുന്നവര്‍ ഇവരാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഭരണഘടകം ജില്ലയാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സുതാര്യതയോടെ, സംരംഭകര്‍ക്ക് (വാസ്തവത്തില്‍ എല്ലാ പൌരന്‍മാര്‍ക്കും) കൃത്യ സമയത്തിനുള്ളില്‍ അനുമതികള്‍, പരിശോധന, മറ്റ് സേവനങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കി നല്‍കാന്‍ ജില്ലാ ഭരണകൂടത്തിനാകണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍