UPDATES

വിദേശം

ബാലവധുവിന്‍റെ നിരാഹാരം; ബെല്‍ജിയത്തിലെ സിറിയന്‍ കുടിയേറ്റം മറ്റൊരു പ്രതിസന്ധിയില്‍

Avatar

ഇഷാന്‍ തരൂര്‍ 
(വാഷിങ്ടണ്‍ പോസ്റ്റ്) 

പതിനെട്ടുകാരനായ ഭര്‍ത്താവില്‍ നിന്നു വേര്‍പിരിയേണ്ടി വന്നതിനെതിരെ പതിനഞ്ചുകാരിയായ സിറിയന്‍ കുടിയേറ്റക്കാരി നിരാഹാരസമരം നടത്തിയതായി ബല്‍ജിയത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ത്ഥികേന്ദ്രത്തിലെ മറ്റു കുട്ടികളുടെയും സാമൂഹികപ്രവര്‍ത്തകരുടെയും ശ്രമഫലമായി സമരം വെള്ളിയാഴ്ച അവസാനിപ്പിച്ചതായി ദെ സ്റ്റാന്‍ഡേര്‍ഡ് പത്രം പറയുന്നു.

പെണ്‍കുട്ടിയുടെയോ ഭര്‍ത്താവിന്റെയോ പേരു വിവരം വെളിപ്പെടുത്തിയിട്ടില്ല. ശൈശവവിവാഹത്തിനെതിരെ ബല്‍ജിയത്തില്‍ നിലവിലുള്ള നയങ്ങള്‍ അനുസരിച്ചാണ് ഇരുവരെയും വ്യത്യസ്ത സ്ഥലങ്ങളിലാക്കിയത്. സെന്ററിനുള്ളില്‍ ഭര്‍ത്താവിനെ കാണുകയും സംസാരിക്കുയും ചെയ്യുന്നതിനാണ് വിലക്ക്. എന്നാല്‍ സെന്ററിനു പുറത്തും ഫോണിലും സംസാരിക്കുന്നതിനു വിലക്കില്ല.

സിറിയന്‍ നിയമം അനുസരിച്ച് വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 17 വയസാണ്. എന്നാല്‍ 13 വയസ് പൂര്‍ത്തിയായവര്‍ക്ക് മതനേതാക്കള്‍ ഇളവ് അനുവദിക്കാറുണ്ട്. 2014ല്‍ ലെബനനിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ സര്‍വേ നടത്തിയ യുഎന്‍ കുട്ടികള്‍ക്കിടയില്‍ വിവാഹം വര്‍ദ്ധിച്ചുവരുന്നതിനെതിരെ മുന്നറിയിപ്പു നല്‍കിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത പെണ്‍കുട്ടികളില്‍ 18 ശതമാനം 15 – 18വയസിനുള്ളില്‍ വിവാഹിതരായവരായിരുന്നു. സംഘര്‍ഷവുമായി പൊരുത്തപ്പെടാനുള്ള മാര്‍ഗങ്ങളിലൊന്നാകാം ഈ വിവാഹങ്ങളെന്ന് യൂണിസെഫ് അധികൃതര്‍ കരുതുന്നു.

എന്നാല്‍ യൂറോപ്പിലെ അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ ബാലവധുക്കള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ഇത്തരം വിവാഹങ്ങള്‍ അംഗീകരിക്കാന്‍ ഈ രാജ്യങ്ങള്‍ ബാദ്ധ്യസ്ഥരാണോ? ബലമായി നടന്ന വിവാഹങ്ങളുടെ കാര്യത്തില്‍ നിയമനടപടി എടുക്കേണ്ടതുണ്ടോ?

‘ബാലവിവാഹം ഞങ്ങളുടെ തത്വങ്ങള്‍ക്കെതിരാണ്,’ ബല്‍ജിയത്തില്‍ അഭയാര്‍ത്ഥികാര്യങ്ങള്‍ക്കും കുടിയേറ്റനയത്തിനുമായുള്ള സ്‌റ്റേറ്റ് സെക്രട്ടറി തിയോ ഫ്രാന്‍കെന്‍ ദെ മോര്‍ഗന്‍ പത്രത്തോടു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബല്‍ജിയത്തില്‍ 17 ബാലവധുക്കള്‍ അഭയാര്‍ത്ഥികളായി എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഈ വര്‍ഷം ഏഴുപേരും. തൊട്ടടുത്തുള്ള നെതര്‍ലാന്‍ഡ്‌സിലെ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ കഴിഞ്ഞ വര്‍ഷം 13 നും 15നും ഇടയ്ക്കു പ്രായമുള്ള 20 വധുക്കളുണ്ടായിരുന്നു. എന്നാല്‍ കണക്കുകള്‍ സൂചനമാത്രമാണെന്നും അഭയാര്‍ത്ഥികള്‍ എല്ലായ്‌പോഴും ഇക്കാര്യം വെളിപ്പെടുത്താറില്ലെന്നും ഫ്രാന്‍കെന്‍ പറയുന്നു.

രാജ്യത്തെ ചില സമുദായങ്ങള്‍ക്കിടയില്‍ നിലവിലുള്ള നിര്‍ബന്ധിത വിവാഹത്തെപ്പറ്റി ബല്‍ജിയത്തില്‍ പരക്കെ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. 2010നും 2013നുമിടയില്‍ ഇത്തരം 56 പരാതികളാണ് പൊലീസിനു ലഭിച്ചത്. 2014ല്‍ കുട്ടികളുടെ മൊഴികള്‍ അടങ്ങുന്ന വിഡിയോ വഴി നിര്‍ബന്ധിത വിവാഹത്തിനെതിരെ അവബോധമുണ്ടാക്കാന്‍ സന്നദ്ധസംഘടകള്‍ ശ്രമിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍