UPDATES

വിദേശം

യൂറോപ്പിലെത്താത്ത അഭയാര്‍ത്ഥികള്‍

Avatar

കെവിന്‍ സീഫ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മറ്റൊരു മൃതദേഹത്തിനായി കാത്തിരിക്കുകയാണ് ഇബ്രാഹിം അല്‍-അതൌഷി. യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരുടെ ബോട്ടുകള്‍ മറിഞ്ഞ് ഏതാണ്ട് എല്ലാ ദിവസവും മൃതദേഹങ്ങള്‍ ഈ വിദൂരമായ കടല്‍ത്തീരത്ത് അടിയാറുണ്ട്. അന്ന് രാവിലെയും ഒരെണ്ണം കണ്ടു.

മറ്റൊരു മൃതദേഹമെന്നാല്‍ പട്ടണത്തിലെ ശ്മശാനത്തില്‍, നൂറുകണക്കിന് അഭയാര്‍ത്ഥികളെ അടക്കം ചെയ്തതിനിടയില്‍, മറ്റൊരു അജ്ഞാത ശവകുടീരം എന്നുകൂടിയാണ്. തടിയന്‍ വെള്ളക്കടലാസുകെട്ടില്‍ മറ്റൊരു കണക്ക്. പക്ഷേ അതൌഷിക്കും മറ്റ് നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അത് തിരിച്ചറിയേണ്ട മറ്റൊരു മനുഷ്യനാണ്. ദുഖാര്‍ത്തരായ മറ്റൊരു കുടുംബത്തെ കണ്ടെത്തേണ്ട ചുമതലയാണ്.

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ക്കിടയില്‍ യൂറോപ്പ് കണ്ട ഏറ്റവും രൂക്ഷമായ അഭയാര്‍ത്ഥി പ്രതിസന്ധിക്കിടയില്‍, മദ്ധ്യധരണ്യാഴിയുടെയും, ഈജിയന്‍ കടലിന്റെയും തീരപ്രദേശത്തു ഇത്തരം മൃതദേഹങ്ങളെ തിരിച്ചറിയുകയാണ് ഇതുപോലുള്ള സന്നദ്ധപ്രവര്‍ത്തക സംഘങ്ങള്‍. ഈ വര്‍ഷം ഇതുവരെയായി യൂറോപ്പിലേക്കുള്ള കുടിയേറ്റ ശ്രമത്തിനിടെ 3,000-ത്തിലേറെ ആളുകള്‍ മുങ്ങിമരിച്ചിട്ടുണ്ട്.

ഈറന്‍ പ്രഭാതത്തില്‍ അതൌഷി കടല്‍ത്തീരത്ത് തിരയുകയാണ്. തിരകള്‍ പാറക്കെട്ടുകളിലും പൊലിഞ്ഞ കപ്പല്‍ അവശിഷ്ടങ്ങളിലും അടിച്ചുതെറിക്കുന്നു. ഒരു ജീവന്‍രക്ഷ കുപ്പായം, ഒരു ഷൂ, പിന്നെ ആളെക്കടത്തുകാരുടെ തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍. അപകടങ്ങള്‍ താണ്ടി കടല്‍ കടക്കാന്‍ ഇറങ്ങിയ ആയിരക്കണക്കിന് ആഫ്രിക്കക്കാരുടെയും, തെക്കനേഷ്യക്കാരുടെയും, അറബ് വംശജരുടെയും സ്മാരകാവശിഷ്ടങ്ങളുടെ കടല്‍ത്തീരമായിരിക്കുന്നു ഇവിടം. തീരത്തടിഞ്ഞ മൃതദേഹങ്ങളില്‍ ചിലതെല്ലാം ഉറങ്ങുംപോലെ തോന്നിച്ചു. മറ്റ് ചിലത് മനുഷ്യരാണെന്ന് പോലും തിരിച്ചറിയാനായില്ല. ഒരു മൃതദേഹത്തിലെ അടയാളങ്ങള്‍ക്കായാണ് അവരാദ്യം നോക്കുക. ബംഗാളി ലിപിയില്‍ പച്ച കുത്തിയത്, കീശയില്‍ നൈജീരിയന്‍ സിം കാഡുള്ള ഒരു ഫോണ്‍, അല്ലെങ്കില്‍ സിറിയന്‍ മേല്‍വിലാസത്തില്‍ മടക്കിവെച്ചൊരു കത്ത്. മറ്റേതോ രാജ്യത്തില്‍, നഗരത്തില്‍, വീട്ടില്‍ കാത്തിരിക്കുന്ന ഒരു കുടുംബത്തിലേക്ക് അതവരെ എത്തിച്ചേക്കാം.

കടല്‍യാത്രയില്‍ കാത്തിരിക്കുന്ന ദുരന്തങ്ങളെപ്പറ്റി കുടിയേറ്റക്കാര്‍ക്ക് പലര്‍ക്കും അറിയാം. പലരും അവരുടെ ജീവന്‍ രക്ഷാ കുപ്പായത്തില്‍ ബന്ധുക്കളുടെ ഫോണ്‍ നമ്പറുകള്‍ എഴുതിയിട്ടുണ്ട്. “കണ്ടുകിട്ടിയാല്‍, ഈ നമ്പറിലേക്ക് വിളിക്കുക.”

പ്രിയപ്പെട്ടവരില്‍ നിന്നും വിവരങ്ങളൊന്നുമില്ലെങ്കില്‍ ബന്ധുക്കള്‍ തെരച്ചില്‍ തുടങ്ങും. അവര്‍ പോയ വഴികള്‍ അന്വേഷിക്കും. ഒടുവില്‍ വിളിച്ച നഗരം ഗൂഗിളില്‍ തിരയും. മകന്റെയോ മകളുടെയോ കൂടെ യാത്ര ചെയ്തവര്‍ക്ക് വാട്സപ് സന്ദേശം. പലപ്പോഴും അവരുടെ തിരച്ചില്‍ എത്തിനില്‍ക്കുക പടിഞ്ഞാറന്‍ ലിബിയയിലെ സുവാറാ റെഡ് ക്രെസന്‍റ് സൊസൈറ്റിയുടെ ഫെയ്സ്ബുക് പേജിലായിരിക്കും.

എന്നും രാവിലെ മുറി ഇംഗ്ലീഷില്‍ കിട്ടുന്ന സന്ദേശങ്ങള്‍ അതൌഷി പരതും. സഹോദരങ്ങളെ, സുഹൃത്തുക്കളെ അന്വേഷിച്ചുള്ള അന്വേഷണങ്ങള്‍.

ചിലരുടെയൊക്കെ ചിത്രങ്ങള്‍ അയച്ചുകൊടുത്ത് ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാറുണ്ട്. അപ്പോളയാള്‍ ശ്മശാനത്തിലേക്ക് തിരിച്ചുചെല്ലും. എന്നിട്ട് ഒരു അക്കം മാത്രമെഴുതിയ കുഴിമാടത്തില്‍ പേരെഴുതിവെക്കും. മിക്കപ്പോഴും അതിനൊന്നും ഇടവരാറില്ല.

കഴിഞ്ഞ മാസം തെക്കുകിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും ലിബിയയില്‍ നിന്നും പുറപ്പെട്ട അയാളുടെ ബോട്ട് പോയതില്‍പ്പിന്നെ അപ്രത്യക്ഷനായ തന്റെ ബന്ധുവിന്റെ ചിത്രം മുബാഷര്‍ ഖുമാന്‍ അതൌഷിക്ക് അയച്ചുകൊടുത്തു. മൃതദേഹം കിട്ടിയിട്ടില്ലെന്ന്, അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടില്ലെന്ന്  അതൌഷി മറുപടി അയച്ചു. ലിബിയയുടെ തീരദേശം 1,100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. ആളെക്കടത്തുകാര്‍ ഏതാണ്ട് എല്ലാ മൂലയ്ക്കും ആളെയിറക്കുന്നുണ്ട്.

ഇരുപതു ദിവസങ്ങള്‍ക്ക് ശേഷം തന്റെ ബന്ധു റോമിലെത്തിയെന്ന്  ഖുമാന്‍ പാകിസ്ഥാന്‍ നയതന്ത്ര കാര്യാലയത്തില്‍ നിന്നും അറിഞ്ഞു. പക്ഷേ വെള്ളത്തില്‍ മുങ്ങി മരണത്തിനടുത്തെത്തിയ അയാള്‍ അബോധാവസ്ഥയിലായിരുന്നു. ഒരു മാസത്തിനുശേഷം അയാള്‍ മരിച്ചു. അയാളുടെ പേര് മുഹമ്മദ് നവാസ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. ഒരു മകനും മകളുമുണ്ടായിരുന്നു അയാള്‍ക്ക്.

യൂറോപ്പിലേക്ക് തങ്ങള്‍ക്കൊപ്പം സഞ്ചരിച്ച കുടുംബാംഗങ്ങളെ മൃതശരീരങ്ങളില്‍ നിന്നും തിരിച്ചറിയുക എന്നതിന്റെ വേദന താങ്ങാനാകാത്തതാണ്. കഴിഞ്ഞ മാസം ഒരു 3 വയസുകാരന്റെ മൃതദേഹം ഒരു തുര്‍ക്കി പോലീസ് ഉദ്യോഗസ്ഥന്‍ തീരത്തുനിന്നും കണ്ടെത്തിയത് മുതല്‍ ആ കുഞ്ഞിന്റെ അച്ഛനെ കണ്ടെത്താന്‍ അവര്‍ ശ്രമം തുടങ്ങി. മണിക്കൂറുകള്‍ക്കകം അയാളെ കണ്ടെത്തി, അബ്ദുള്ള കുര്‍ദി, ഗ്രീസിലേക്കുള്ള യാത്രാ മദ്ധ്യേ ബോട്ട് മറിഞ്ഞപ്പോള്‍ തന്റെ രണ്ടു കുഞ്ഞുങ്ങളും കൈപ്പിടിയില്‍ നിന്നും വഴുതി മുങ്ങിപ്പോകുന്നത് കണ്ട 40-കാരനായ സിറിയക്കാരന്‍. അയാളുടെ ഭാര്യയും മുങ്ങിപ്പോയി. “എന്റെ കുഞ്ഞുങ്ങള്‍ക്കും ഭാര്യക്കുമടുത്തൊരു കുഴിമാടം മതി ഇനിയെനിക്ക്,” മകന്റെ മൃതദേഹം തിരിച്ചറിയാന്‍ എത്തിയ കുര്‍ദി വിലപിച്ചു.

“ഈ രാജ്യങ്ങളിലൊക്കെ ജീവിച്ചിരിക്കുന്നവരുടെ കാര്യം തന്നെ കഷ്ടത്തിലാണ്, എന്നിട്ടാണ് മരിച്ചവരുടെ,” ആഗോള കുടിയേറ്റ കണക്കുകളുടെ വിശകലന കേന്ദ്രം തലവന്‍ ഫ്രാങ്ക് ലാസ്കോ പറഞ്ഞു.

സെപ്റ്റംബര്‍ മാസത്തിലൊരു പ്രഭാതത്തില്‍ അതൌഷിയും മറ്റ് അഞ്ചു സന്നദ്ധപ്രവര്‍ത്തകരും കടല്‍ത്തീരത്ത് പരിശോധിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതിലൊരാള്‍ അതൌഷിയെ വിളിച്ചു. ഒരു മൃതദേഹം കണ്ടിട്ടുണ്ട്. പക്ഷേ അതിനു തലയില്ല. തൊലി സൂര്യപ്രകാശത്തില്‍ പിഞ്ഞിയിരിക്കുന്നു. വസ്ത്രങ്ങളുമില്ല.

ഒരു വെള്ള പ്ലാസ്റ്റിക് സഞ്ചിയില്‍ ആ ശരീരം പൊതിഞ്ഞു. പട്ടണത്തിലെ ഒറ്റ മുറി ശവസൂക്ഷിപ്പു കേന്ദ്രത്തിലേക്ക് നീക്കി. വിവരങള്‍ എഴുതാനുള്ള കടലാസിലേക്ക് അതൌഷി നോക്കി നിന്നു. ഒന്നും എഴുതാനില്ല.

ട്രിപോളിയില്‍ നിന്നും ഫോറെന്‍സിക് വിദഗ്ധന്‍ വരുന്നതുവരെ കാത്തു നില്‍ക്കണ്ടകാര്യമില്ല. ഒന്നും അറിയാനില്ല. ശവമടക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

ലോകത്തിന്റെ ഏതോ ഒരു മൂലയില്‍ ഒരിയ്ക്കലും അറിയാന്‍ പോകുന്നില്ലാത്ത ഒരു വാര്‍ത്തക്കായി ഒരു കുടുംബം കാത്തിരിക്കുന്നുണ്ടാവും.

“ബോട്ടുകള്‍ ഇപ്പൊഴും ലിബിയയില്‍ നിന്നും പോകുന്നുണ്ട്,” നിലത്തുനോക്കിക്കൊണ്ട് അതൌഷി പറഞ്ഞു. “തിരകള്‍ ശവങ്ങളെത്തിക്കുന്നത് ഈ തീരത്താണ്.”

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍