UPDATES

വിദേശം

അഭയാര്‍ത്ഥികളുടെ മുഖങ്ങളില്‍ ഞാന്‍ കണ്ടത്

Avatar

മാന്‍ഡി പാറ്റിന്‍കിന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

‘എന്റെ പിന്നില്‍ മരണമായിരുന്നു; മുന്നില്‍ ജീവിതവും’, രണ്ടു മക്കള്‍ക്കൊപ്പം ഇസ്‌ലാമിക് സ്റ്റേറ്റില്‍നിന്നു രക്ഷപ്പെട്ട കഥ പറയവെ സഫാ എന്ന സിറിയക്കാരി എന്നോടു പറഞ്ഞു. രാത്രി സിറിയ – തുര്‍ക്കി അതിര്‍ത്തി കടന്ന് അവസാനം ഗ്രീസിലെത്തിയതായിരുന്നു അവര്‍.

അവര്‍ക്കൊപ്പമുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്റെ മക്കളെ ഓര്‍മിപ്പിച്ചു. എന്റെയും അവരുടെയും കുടുംബങ്ങള്‍ തമ്മില്‍ നല്ല സാമ്യമുണ്ടായിരുന്നു. അപകടകരമായ യാത്രയ്‌ക്കൊടുവില്‍ ക്ഷീണിച്ചുവലഞ്ഞ അവരുടെ സ്ഥാനത്ത് എന്നെ സങ്കല്‍പിക്കാന്‍ എളുപ്പമായിരുന്നു.

ബര്‍ലിനില്‍ ‘ഹോംലാന്‍ഡി’ന്റെ ഫിഫ്ത് സീസണ്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി ലെബോസ് ദ്വീപില്‍ ഇന്റര്‍നാഷനല്‍ റെസ്‌ക്യൂ കമ്മിറ്റി (ഐആര്‍സി) അംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനെത്തിയതായിരുന്നു ഞാന്‍. ഭീകരതയുടെയും യുദ്ധത്തിന്റെയും കെടുതികള്‍ യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്ന സഫായെപോലുള്ളവരെ സഹായിക്കുകയായിരുന്നു ലക്ഷ്യം. സ്‌ക്രീനില്‍ മാത്രം ഞാന്‍ അനുഭവിച്ചിട്ടുള്ള സംഘര്‍ഷങ്ങളുടെയും അക്രമത്തിന്റെയും ലോകം.

കാറ്റിന്റെ ഗതി അനുകൂലമല്ലാത്തതിനാല്‍ രണ്ടു ദിവസമായി ബോട്ടുകളൊന്നും തീരത്തടുത്തിരുന്നില്ല. എന്നാല്‍ നിരാശ്രയരായ ഒരു കുടുംബം അഭയകേന്ദ്രത്തിലുണ്ടായിരുന്നു. തീരത്തിറങ്ങുമ്പോള്‍ അവരുടെ പണവും രേഖകളും നഷ്ടമായിരുന്നു. ജര്‍മനിയിലുള്ള ബന്ധുക്കളുടെ അടുത്തെത്താന്‍ വഴി തേടുകയായിരുന്ന അവര്‍ക്ക് ബോട്ട്, ട്രെയിന്‍ ടിക്കറ്റുകള്‍ക്കു വേണ്ടി 150 യൂറോ വേണ്ടിയിരുന്നു. സഫയെയും ഭര്‍ത്താവ് കോദറിനെയും മക്കളെയും കാണാനും സഹായിക്കാനും കഴിഞ്ഞതില്‍ എനിക്കു ചാരിതാര്‍ഥ്യമുണ്ട്.

അവരില്‍ അപരിചിതരെയല്ല എന്റെ കുടുംബത്തിന്റെ മുഖമാണു ഞാന്‍ കണ്ടത്. നാസികളില്‍നിന്നു രക്ഷപ്പെടാന്‍ പോളണ്ട് വിട്ട മുത്തശ്ശന്‍ മാക്‌സ്; റഷ്യയിലെ കൂട്ടക്കൊലയുടെ കാലത്ത് രക്ഷപ്പെട്ട മുത്തശ്ശി മാഷ. എന്റെ പൂര്‍വികര്‍ ചെന്നെത്തിയതും ജര്‍മനിയിലാണ് എന്നത് ഇവരെ സഹായിക്കുന്നതില്‍ എനിക്ക് കൂടുതല്‍ സന്തോഷം തരുന്നു.

ഞങ്ങള്‍ വാട്‌സ് ആപ് നമ്പരുകളും ഇ മെയില്‍ അഡ്രസുകളും കൈമാറി. പരസ്പരം ബന്ധം നിലനിര്‍ത്തുമെന്നു വാഗ്ദാനം ചെയ്തു. പിരിയും മുന്‍പ് ഞാന്‍ ചോദിച്ചു: ‘ പേടിയുണ്ടോ?’ ഇരുവരുടെയും ഉത്തരം പെട്ടെന്നായിരുന്നു: ‘ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നിനെയും പേടിയില്ല.’

പിറ്റേന്ന് വിമാനത്താവളത്തിലേക്കു പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ ഒരു ബോട്ട് വന്നെത്തുന്നതിന്റെ ആരവം കേട്ട് ഞങ്ങള്‍ കടല്‍ത്തീരത്തേക്ക് ഓടി. സൂര്യോദയത്തിനുശേഷം വരുന്ന എട്ടാമത്തെ ബോട്ടായിരുന്നു അത്. അത് ഞങ്ങളുടെ നേര്‍ക്കാണു വന്നത്. ഞങ്ങള്‍  കയറുകള്‍ വലിച്ച് ബോട്ട് അടുപ്പിക്കുമ്പോള്‍ത്തന്നെ അതിനുള്ളില്‍നിന്ന് ആളുകള്‍ തീരത്തേക്ക് ചാടിയിറങ്ങിത്തുടങ്ങി.

ഒരു പിതാവ് ചെറിയ മകളെ എന്റെ കയ്യില്‍ തന്നിട്ട് ബോട്ടിലുള്ള മകനെ സഹായിക്കാന്‍ തുടങ്ങി. പിങ്ക് ജാക്കറ്റ് ധരിച്ച പെണ്‍കുട്ടി വെളുത്ത സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചിരുന്നു. അവള്‍ രോഗിയാണെന്നതു വ്യക്തമായിരുന്നു. മാസ്‌ക് നീക്കി നോക്കിയപ്പോള്‍ അവള്‍ക്കു ജീവനുണ്ടെന്ന് എനിക്കുറപ്പുണ്ടായിരുന്നില്ല.

അവളുടെ ജാക്കറ്റ് അയച്ചിടാനും ലൈഫ് ജാക്കറ്റ് മാറ്റാനും ഞാന്‍ ആഗ്രഹിച്ചു. അവളുടെ പിതാവ് സമ്മതിച്ചില്ല. അവള്‍ രക്ഷപ്പെട്ടേക്കില്ലെന്നു സമ്മതിക്കാന്‍ അയാള്‍ തയാറായിരുന്നില്ല; ഞാനും. അവളുടെ വിരല്‍ എന്റെ വിരലിനെ ചുറ്റിപ്പിടിച്ചുവെന്ന് എനിക്കു തോന്നി. ഉറപ്പുണ്ടായിരുന്നില്ലെങ്കിലും ഞാനത് അവളുടെ പിതാവിനോടു പറഞ്ഞു. പിന്നീട് അവളെ ഒരു മെഡിക്കല്‍ സെന്ററിലേക്കു കൊണ്ടുപോയി. അവള്‍ രക്ഷപ്പെട്ടോ എന്ന് അറിയിക്കണമെന്ന് ഐആര്‍സിയിലെ സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

‘എന്റെ പിന്നില്‍ മരണമായിരുന്നു; മുന്നില്‍ ജീവിതവും’ എന്റെ കുടുംബവും ഇതേവാക്കുകള്‍ പറഞ്ഞിട്ടുണ്ടാകണം. അവരുടെ വീടുകളില്‍നിന്ന് ഓടിരക്ഷപ്പെടുമ്പോള്‍ യിദ്ദിഷിലോ റഷ്യനിലോ പോളിഷിലോ അവരങ്ങനെ പറഞ്ഞു കാണണം. ഈ പുതിയ തലമുറ അഭയാര്‍ഥികളുടെ കഥകള്‍ കേള്‍ക്കവേ, എന്റെ തലമുറയിലെ അഭയാര്‍ഥി അനുഭവങ്ങള്‍ ഓര്‍ക്കവേ അഭയാര്‍ഥികളെപ്പറ്റിയുള്ള എന്റെ ഭയം ഇല്ലാതായി. ഭയത്തെയും വെറുപ്പിനെയും കൂടുതല്‍ ഭയവും വെറുപ്പും കൊണ്ട് നേരിടാനാകില്ലെന്ന് എനിക്കു മനസിലായി. നമ്മെ മനുഷ്യത്വത്തില്‍നിന്ന് അകറ്റാന്‍ ഭ്രാന്തന്മാരുടെ ഭീകരപ്രവൃത്തികള്‍ക്കാകരുത്. 

നിസ്വാര്‍ത്ഥരായ രക്ഷാപ്രവര്‍ത്തകര്‍, അഭയം തേടുന്ന സിറിയന്‍ കുടുംബങ്ങള്‍, പീഡനമേറ്റ് അഭയം തേടിയെത്തുന്ന അപരിചിതര്‍ക്ക് വീടിന്റെ വാതില്‍ തുറന്നുകൊടുക്കുന്ന ലെബോസ് നിവാസികള്‍ …. പരസ്പരം ആശ്വാസമേകുന്നതിലൂടെ മാത്രമേ സമാധാനം സൃഷ്ടിക്കാനാകൂ എന്ന് താങ്‌സ് ഗിവിങ് വാരത്തില്‍ ഞാന്‍ പരിചയപ്പെട്ട ഇവരെല്ലാം എന്നെ പഠിപ്പിച്ചു. ബന്ധങ്ങള്‍ വിപുലമാക്കണം, മറ്റുള്ളവരുടെ കുട്ടികളെ അറിയണം, ഹൃദയങ്ങള്‍ അടയ്ക്കുന്നതിനു പകരം കൈകള്‍ തുറക്കണം.

ബെയ്‌റൂട്ടില്‍ പാരിസിലുമുണ്ടായതുപോലുള്ള ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാരുകള്‍ നടപടിയെടുക്കും. അത് അവരുടെ ജോലിയാണ്. ടിവിയില്‍ അങ്ങനെയൊരു ജോലി ഞാനും ചെയ്യുന്നു. പക്ഷേ മരണത്തില്‍ നിന്നു രക്ഷപ്പെട്ട് അവര്‍ക്കും മക്കള്‍ക്കും വേണ്ടി ജീവിതം അന്വേഷിക്കുന്നവരെ സ്വാഗതം ചെയ്യുക എന്നത് ലോകപൗരരെന്ന നിലയില്‍ ഞാനും നിങ്ങളും തുടരേണ്ട ജോലിയാണ്.

ഇന്ന് സിറിയന്‍ അഭയാര്‍ഥികള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ ആവശ്യം.  യുഎസിലെ രാജ്യാന്തര രക്ഷാ കമ്മിറ്റികളില്‍ ഒന്നിനടുത്താണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ അമേരിക്കന്‍ ജീവിതത്തോടു പൊരുത്തപ്പെടാന്‍ ഒരു അഭയാര്‍ഥി കുടുംബത്തെയെങ്കിലും സഹായിക്കുക. ഒരു കുടുംബത്തെയെങ്കിലും ഭക്ഷണത്തിനായി ക്ഷണിക്കുക; അവരുടെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ചെവി കൊടുക്കുക. നിങ്ങളുടെ സ്വപ്‌നങ്ങള്‍ അവരുമായി പങ്കുവയ്ക്കുക. അസഹനീയമായ വേദനയ്ക്കും സഹനത്തിനുമിടയിലും സ്‌നേഹവും സാന്ത്വനവും കൊണ്ടുമാത്രമേ അക്രമത്തിന് അന്ത്യം വരുത്താനാകൂ.

പിങ്ക് ജാക്കറ്റില്‍ വന്ന പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന് ഇത് എഴുതുന്നതിനിടെ എനിക്ക് വിവരം കിട്ടി. ഉടന്‍ ആരോഗ്യം വീണ്ടെടുക്കാനും യാത്ര പൂര്‍ത്തിയാക്കാനും അവള്‍ക്കാകണം. അവളെപ്പോലെ, നമ്മുടെ നിരവധി പൂര്‍വികരെപ്പോലെ അക്രമത്തില്‍ നിന്ന് രക്ഷപെട്ടുവരുന്നവരെ തുറന്ന കൈകളോടെ സ്വാഗതം ചെയ്യാന്‍ എന്നോടൊപ്പം ചേരണമെന്ന് നിങ്ങളോടും ഞാന്‍ അപേക്ഷിക്കുന്നു.

(നടനാണ് മാഡി പാറ്റിന്‍കിന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍