UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്തിന്റെ സ്വന്തം ‘പാസ് പോറ്റി’

Avatar

രാകേഷ് നായര്‍

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്ത് നടന്നൊരു ചടങ്ങില്‍, എം എസ് വിശ്വനാഥന്‍ പങ്കെടുത്തിരുന്നു. ആ ചടങ്ങില്‍വെച്ച് പ്രമുഖ വ്യക്തികളെ ആദരിക്കുന്നുമുണ്ടായിരുന്നു. കൂട്ടത്തില്‍ മെലിഞ്ഞ ഒരു മനുഷ്യനെയും സംഘാടകര്‍ പൊന്നാടയണിച്ചു. ആരാണ് ഈ മനുഷ്യന്‍? സദസില്‍ നിന്ന് ഇയാള്‍ക്ക് ഇത്രയധികം കരഘോഷങ്ങള്‍ കിട്ടാന്‍ കാരണമെന്താണ്? എംഎസ്‌വി തിരക്കി. സംഘാടകര്‍ പറഞ്ഞു; ഇത് രഘുരാമന്‍ പോറ്റി. ആരാണ് ഇദ്ദേഹം? ഏതുമേഖലയിലെ പ്രവര്‍ത്തനത്തിനാണ് ഇദ്ദേഹത്തെ ആദരിക്കുന്നത്? എംഎസ്‌വിക്കു വീണ്ടും സംശയം. അതിനു മറുപടി പറഞ്ഞത് രഘുരാമന്‍ പോറ്റിയായിരുന്നു; സാര്‍ ഇത് എനിക്കല്ല, ആസ്വാദകര്‍ക്കുള്ള ആദരമാണ്. ആ മറുപടി എം എസ്‌ വി യെ അത്ഭുതപ്പെടുത്തി. ആസ്വാദകര്‍ക്കും ആദരമോ? തിരുവനന്തപുരത്തിന്റെ കലാഹൃദയത്തെ ഞാന്‍ നമിക്കുന്നു. തന്റെ മുഴക്കമുള്ള ശബ്ദത്തില്‍ എം എസ് വിശ്വനാഥന്‍ വിനയാന്വിതനായി പറഞ്ഞപ്പോള്‍ രഘുനാഥന്‍ പോറ്റിയുടെ കണ്ണില്‍ ചെറിയ നനവ് പടര്‍ന്നു.

കേരളത്തിന് അകത്തും പുറത്തുമുള്ള കലാസ്വാദകരെ സംബന്ധിച്ച് പോറ്റിയിലൂടെ ആദരിക്കപ്പെടുന്നത് അവര്‍ തന്നെയായിരുന്നു. കാരണം തിരുവനന്തപുരത്ത് നടക്കുന്ന ഏതൊരു കലാപരിപാടിക്കും അവര്‍ക്ക് സാക്ഷിയാകാന്‍ ക്ഷണമെത്തുന്നത് രഘുരാമന്‍ പോറ്റിയെന്ന സ്വാമിയിലൂടെയായിരുന്നു. കഴിഞ്ഞ പത്തുമുപ്പത്തിയഞ്ചു വര്‍ഷമായി എത്രയെത്ര പരിപാടികള്‍ക്കാണ് സ്വാമി ആസ്വാദകരെ എത്തിച്ചത്. ഒരരുപക്ഷേ ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യുന്ന കേരളത്തിലെ ഏക വ്യക്തിയും സ്വാമി മാത്രമായിരിക്കും. സ്വാമി അതുകൊണ്ടു തന്നെ ആസ്വാദകരുടെ പ്രതീകമാണ്.

നന്നേ ചെറുപ്പത്തില്‍ തന്നെ കലയോട് ആഭിമുഖ്യം ഉണ്ടായ വ്യക്തിയാണ് സ്വാമി. കഥാപ്രസംഗവും കച്ചേരിയും നാടകവുമൊക്കെ എവിടെ ഉണ്ടെന്നറിഞ്ഞാലും സ്വാമി പോയിരിക്കും. പഠനത്തിനിടയിലും പിന്നീട് ജോലിയുടെ തിരക്കിലും ആ കലാഹൃദയം കൈമോശം വരാന്‍ സ്വാമി അനുവദിച്ചില്ല. പകരം അതു തേച്ചെടുത്തു മിനുസപ്പെടുത്തിക്കൊണ്ടിരുന്നു. ഇന്ത്യന്‍ നേവിയില്‍ ജോലി കിട്ടിയപ്പോള്‍ തമിഴ്-തെലുങ്ക് നടന്‍ പൂര്‍ണ വിശ്വനാഥന്റെ സഹപ്രവര്‍ത്തകനാകാന്‍ കഴിഞ്ഞതൊക്കെ സ്വാമിയിലെ കലാകാരനെ കൂടതല്‍ ഉന്മേഷവാനാക്കി. ഒടുവില്‍ തിരുവനന്തപുരത്ത് വിഎസ്എസ്‌സി യില്‍ എത്തിയപ്പോള്‍ സ്വാമിയുടെ ജീവിതത്തിലെ മറ്റൊരു കര്‍മ്മകാണ്ഡം അവിടെ ആരംഭിച്ചു.

വി എസ് എസ് സി യിലെ കള്‍ച്ചറല്‍ പ്ലാറ്റ്‌ഫോമായ സ്പാര്‍ക്കുമായി സഹകരിക്കുന്നതോടെയാണു സ്വാമി പുതിയ നിയോഗത്തിലേക്കു മാറുന്നത്. വളരെ ആക്ടീവായൊരു പ്രവര്‍ത്തകനെ താമസിയാതെ തന്നെ സ്പാര്‍ക്കിന്റെ പബ്ലിസിറ്റി സെക്രട്ടറിയാക്കി. തിരുവനന്തപുരത്ത് ഏതൊക്കെ കള്‍ച്ചറല്‍ പ്രോഗ്രം നടക്കുന്നുണ്ടെങ്കിലും അവിടെയെല്ലാം സ്ഥിരം സാന്നിധ്യവും വിവിധ കലാകാരന്മാരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്ന സ്വാമിക്ക് സ്പാര്‍ക്കിന്റെ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന വിശ്വാസം അതിന്റെ സംഘാടകരില്‍ ഉണ്ടായിരുന്നു. ആ വിശ്വാസം സ്വാമി തെറ്റിച്ചതുമില്ല. സ്വാമിയുടെ ആത്മവിശ്വാസവും ഊര്‍ജ്ജസ്വലതയും പല പ്രമുഖരെയും സ്പാര്‍ക്കിന്‍െ പരിപാടികള്‍ക്കായി കൊണ്ടുവരുന്നതില്‍ നിര്‍ണായകമായി. ഒഎന്‍വി കുറുപ്പ് അടക്കം പലരും സ്പാര്‍ക്കിന്റെ വേദിയിലെത്തി. അക്കാലത്ത് സ്പാര്‍ക്ക് നാടകങ്ങള്‍ അവതരിപ്പിക്കും. അക്കാര്യത്തില്‍ സ്വാമിക്കുള്ള ചുമതല റിഹേഴ്‌സലിനുള്ള സ്ഥലം ഒരുക്കി കൊടുക്കലാണ്. നാടകത്തിന്റെ മേല്‍നോട്ടത്തിനായി കൃഷ്ണന്‍കുട്ടി നായര്‍, ജഗന്നാഥന്‍, നെടുമുടി, മുരളി എന്നിവരുമൊക്കെ എത്താറുണ്ട്. സ്പാര്‍ക്കിന്റെ ഭാഗമായി ഫിലിം സൊസൈറ്റിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാസത്തില്‍ ഒരു സിനിമ ഞങ്ങള്‍ ഏതെങ്കിലും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ഇതിനായി തിയേറ്റര്‍ ബുക്ക് ചെയ്യാന്‍ പോകുന്നതും വിശിഷ്ട വ്യക്തികളെ സിനിമ കാണാന്‍ ക്ഷണിക്കാന്‍ പോകുന്നതൊക്കെ സ്വാമിയുടെ ചുമതലായിരുന്നു. ഇവരൊക്കെയായി പിന്നീട് സ്വാമിക്ക് അടുത്ത ബന്ധമായിരുന്നു. നാടക റിഹേഴ്‌സലിന് പറ്റിയ സ്ഥലങ്ങള്‍ നഗരത്തില്‍ കിട്ടില്ലെന്നോര്‍ത്ത് വിഷമിക്കേണ്ടായിരുന്നു. കലാഹൃദയമുള്ള നമ്പൂതിരിമാരുടെ ഇല്ലത്തെ വിശാലമായ മുറ്റം സ്വാമി ഇവര്‍ക്കായി ഒരുക്കി കൊടുക്കും. അങ്ങനെയങ്ങനെ രഘുരാമന്‍ പോറ്റിയെ ഒരുകാര്യം ഏല്‍പ്പിച്ചാല്‍ അത് ഭംഗിയായി നടന്നിരിക്കും എന്ന വിശ്വാസം സഹപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, നാട്ടിലും നഗരത്തിലും തന്നെ കേള്‍വിയായി. 

അക്കാലത്ത് ഗായകന്‍ മാര്‍ക്കോസ് വളരെ തിരക്കുള്ള ഗായകനാണ്. എനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയം ഉണ്ട്. ഇതറിയാവുന്ന, നാട്ടിലെ ഒരു ക്ഷേത്രം കമ്മറ്റിക്കാര്‍ എന്നെ സമീപിച്ചു. അവര്‍ക്ക് മാര്‍ക്കോസിന്റെ ഗാനമേള കിട്ടണം. സമീപിക്കുന്ന ആരെയും നിരാശരാക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്, അവരോട് ഞാന്‍ വാക്കു പറഞ്ഞു. മാര്‍ക്കോസിനെ കണ്ടു കാര്യം പറഞ്ഞു. സ്വാമി ഒകെ പറഞ്ഞോളൂ ഞാനെത്തിക്കോളാം, മാര്‍ക്കോസ് ഉറപ്പു പറഞ്ഞു. സ്വാമി പറഞ്ഞ പരിപാടിക്ക് ഞനൊരു ഡിമാന്‍ഡും പറയില്ല, പക്ഷെ ആ പരിപാടിക്ക് വരുമ്പോള്‍ എനിക്ക് നാലഞ്ചു മറ്റു പ്രോഗ്രാമുകള്‍ പിടിച്ചു തരാന്‍ സ്വാമി ശ്രമിക്കണം; മാര്‍ക്കോസ് കൂട്ടത്തില്‍ പറഞ്ഞു. ഞാനതേറ്റൂ. പറഞ്ഞപോലെ മാര്‍ക്കോസ് വന്നു, പരിപാടിക്ക് നല്ല ജനം. എല്ലാവര്‍ക്കും നല്ല അഭിപ്രായം. പക്ഷെ ഒരു പ്രശ്നം മാത്രം, അദ്ദേഹത്തിന്റെ ഗാനമേള ബുക്ക് ചെയ്യാനായി ആരും എന്നെ തിരിക്കി വരുന്നില്ല. എനിക്കാകെ വിഷമമായി. എന്നാലും ഇക്കാര്യം മാര്‍ക്കോസിനോടു പറയാതെ പറ്റിലല്ലോ. ഞാന്‍ ഗ്രീന്‍ റൂമില്‍ ചെന്നുകണ്ടു കാര്യം പറഞ്ഞു. മാര്‍ക്കോസിന്റെ മുഖത്ത് വലിയൊരു ചിരിയാണ്. എന്റെ സ്വാമി എനിക്കിപ്പോള്‍ തന്നെ ഏഴു ബുക്കിംഗ് കിട്ടിക്കഴിഞ്ഞു.

ഇത്തരത്തില്‍ പലരും എന്നെ സമീപിക്കാന്‍ തുടങ്ങി, സ്വാമി ഞങ്ങള്‍ക്ക് ഇന്നയാളെ കിട്ടണം എന്നു പറഞ്ഞുവരുന്നവരുടെ എണ്ണം കൂടി. ചിലരൊക്കെ വിസമ്മതം പറഞ്ഞിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും എന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് പരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തിയിട്ടുണ്ട്. കലാകാരന്മാരുമായി നല്ലൊരു ഹൃദയബന്ധം സൂക്ഷിക്കാന്‍ സാധിക്കുന്നതാണ് ഇതിനു കാരണം. യുണിവേഴ്‌സിറ്റി യുവജനോത്സവത്തിന് ഒന്നാമതായതിനു ശേഷം ഒരു പൊതു സദസ്സില്‍ പാടാന്‍ കെ എസ് ചിത്രയ്ക്ക് അവസരമൊരുങ്ങുന്നത് സപാര്‍ക്കിലാണ്. കോളേജില്‍ എത്തി ചിത്രയടക്കമുള്ള കുട്ടികളുടെ അഡ്രസ് വാങ്ങി അവരെ പരിപാടിക്ക് ക്ഷണിക്കുന്നത് ഞാനായിരുന്നു. അന്നത്തെ പരിചയം ഇന്നും ചിത്രയ്ക്ക് എന്നോടുണ്ട്. വളരെ സ്‌നേഹത്തോടെയല്ലാതെ ആ കുട്ടി എന്നോടു പെരുമാറിയിട്ടില്ല. കഴിഞ്ഞ ദിവസം വീടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ എയര്‍പോര്‍ട്ടിലേക്കു പോകുന്നൊരു കാറില്‍ നിന്ന് ഒരാള്‍ എന്നെ നോക്കി കൈവീശി കാണിക്കുന്നു; ചിത്രയായിരുന്നു അത്. എത്രയോ വലിയ പാട്ടുകാരിയാണവര്‍, എന്നാലും അതിനൊപ്പം തന്നെ മനുഷ്യത്വവും നന്മയും ഉള്ളിലുണ്ട്.

ചിത്ര മാത്രമല്ല, ഒരുമാതിരി എല്ലാവരും തന്നെ ഇതേ സ്‌നേഹത്തോടെയാണ് എന്നോടു പെരുമാറിയിട്ടുള്ളത്. നല്ലൊരു ആസ്വാദകന്‍ എന്ന നിലയിലാണ് അവരെല്ലാം എന്നെ പരിഗണിക്കുന്നത്. കലാകാരനും അവന്റെ ആസ്വാദകനും തമ്മിലുള്ള വൈകാരിമായൊരു അടുപ്പമുണ്ടല്ലോ, അതാണ് ഓരോരുത്തരുമായി പങ്കിടുന്നത്.

നല്ലൊരു ആസ്വാദകന്‍ ആകാന്‍ സ്വയം കഴിയുന്നതുകൊണ്ടാണ് ഓരോപരിപാടിയിലേക്കും അതിന് സാക്ഷികളാകാന്‍ യോഗ്യതയുള്ളവരെ തന്നെ എത്തിക്കാന്‍ എനിക്കു കഴിയുന്നതും; സ്വാമി പറയുന്നു. ഒരു കലാകാരനെ ക്ഷണിക്കുന്നതിനെക്കാളും പരിപാടിക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനേക്കാളുമൊക്കെ ഞാന്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയത് ആസ്വാദകരെ എത്തിക്കുന്നതിലായിരുന്നു. പാസ് പോറ്റി എന്നൊരു വിളിപ്പേരു തന്നെ എനിക്കുണ്ടാകുന്നത് അങ്ങനെയാണ്. ഒന്നുകില്‍ സംഘാടകര്‍ എന്നെ സമീപിക്കും അല്ലെങ്കില്‍ ഞാനവരെ. അതുവഴി കിട്ടുന്ന പാസുകള്‍ മാക്‌സിമം ആളുകള്‍ക്ക് വിതരണം ചെയ്യുകയാണ് എന്റെ ജോലി. ഈ ജോലി കാര്യക്ഷമമായി തന്നെ ചെയ്യുന്നതുകൊണ്ട് സംഘാടകര്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ ആളുകളെ ഞാന്‍ എത്തിച്ചിട്ടുണ്ട്. എന്നെ സമീപിച്ചാല്‍ പാസ് കിട്ടുമെന്നൊരു വിശ്വാസം ആളുകള്‍ക്കിടയില്‍ ഉണ്ടായി, അതേപോലെ സ്വാമിയെ എത്ര പാസ് ഏല്‍പ്പിക്കുന്നുവോ അതിനുള്ള ആളുകളെ കൊണ്ടുവന്നിരിക്കുമെന്ന വിശ്വാസം സംഘടകരിലുമുണ്ടായി. ഈ വിശ്വാസങ്ങളാണ് എന്റെ സംതൃപ്തി; സ്വാമി നിറഞ്ഞ ചിരിയോടെ പറയുന്നു.

തിരുവനന്തപുരത്തു നിന്നു മാത്രമല്ല, തമിഴ്‌നാട്ടില്‍ നിന്നൊക്കെ ആളുകള്‍ എന്നെ വിളിക്കാന്‍ തുടങ്ങി. അവര്‍ക്കൊക്കെ ഫാമിലിയായിട്ടു വന്നു ചില പരിപാടികള്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കും. അത്രയും ദൂരം ചെന്നു പാസ് എത്തിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യം സംഘാടകരോടു പറയുമ്പോള്‍ അവര്‍ പറയുന്നത്; പാസൊന്നും വേണ്ട, സ്വാമിയുടെ പേരു പറഞ്ഞു ആരൊക്കെ വരുന്നോ അവരെയെല്ലാം കയറ്റിവിടാനുള്ള ഏര്‍പ്പാടു ചെയ്‌തേക്കാമെന്നാണ്. ഇപ്പോളും പലരും എന്റെ പേരു പറഞ്ഞു മാത്രം പരിപാടികള്‍ കാണാന്‍ എത്തുന്നുണ്ട്. ഇതുവരെ ആരും അവരെ തടഞ്ഞിട്ടുമില്ല. ഒരു പ്രോഗ്രാമിനു തടസ്സം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്ന ആരെയും തന്നെ ഞാന്‍ മനപൂര്‍വം പങ്കെടുപ്പിക്കാറില്ല. മിക്കവാറും എന്നോട് ഇങ്ങോട്ടാണ് പലരും പാസ് ഉണ്ടോയെന്നു ചോദിച്ചു വിളിക്കുക, അവരെല്ലാം തന്നെ നല്ല കലാസ്വാദകര്‍ ആയിരിക്കും. ഞാന്‍ ചെയ്യുന്നത് വിവിധ ആര്‍ട്‌സ് ക്ലബുകളെ സമീപിച്ച് അവിടെ പാസ് ഏല്‍പ്പിക്കുകയാണ്. അവര്‍ തങ്ങളുടെ അംഗങ്ങള്‍ക്കത് വിതരണം ചെയ്യും. ഒരാള്‍ പറഞ്ഞ് മറ്റൊരാള്‍ അറിഞ്ഞ് പ്രോഗ്രാമിന് നല്ല പബ്ലിസിറ്റിയും കിട്ടും. ഇതൊക്കെയാണ് സംഘാടകര്‍ക്ക് എന്നോടുള്ള മതിപ്പിന് കാരണം. അവര്‍പോലും പ്രതിക്ഷിക്കാത്ത ജനക്കൂട്ടത്തെ ഞാന്‍ എത്തിക്കാറുണ്ട്. ഒരിക്കല്‍ ദേവരാജന്‍ മാഷ് എന്നെ കുറിച്ച് കേട്ടറിഞ്ഞ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഒരു പ്രോഗ്രാമിന്റെ കുറച്ച് പാസുകള്‍ എല്‍പ്പിച്ചു. ഒറ്റ കണ്ടീഷനായിരുന്നു മാഷിനുണ്ടായിരുന്നത്. പരിപാടി തീരും വരെ ഒറ്റൊരാള്‍ മൂത്രമൊഴിക്കാന്‍ പോലും എഴുന്നേറ്റു പോയേക്കരുത്. ആ പരിപാടിയുടെ സംഘാടകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ആസ്വാദകര്‍ എത്തിയത്. കൂട്ടത്തില്‍ ചിലര്‍ക്ക് പകുതിയില്‍വച്ചു തന്നെ മാഷിനെ കണ്ടു തങ്ങളുടെ അനുമോദനം അറിയിക്കണം. അതിനവര്‍ എന്നെയും വിളിച്ചു. നിര്‍ബന്ധം കൂടിയപ്പോള്‍ ഞാന്‍ മാഷ് വിശ്രമിക്കുന്ന മുറിയില്‍ ചെന്നു. എന്നെ കണ്ടയുടനെ ദേഷ്യത്തോടെ ചോദിച്ചത്, ആരും പരിപാടിക്കിടയില്‍ എഴുന്നേറ്റു പോകരുതെന്നല്ലേ ഞാന്‍ പറഞ്ഞത്. എന്നിട്ട് സ്വാമി തന്നെ അതു തെറ്റിച്ചോ? ഒന്നും മിണ്ടാതെ ഞാന്‍ തിരികെ പോയി. എന്നാല്‍ പരിപാടിയെല്ലാം കഴിഞ്ഞപ്പോള്‍ മാഷ് വന്ന് എന്നെ അഭിനന്ദിച്ചു, നല്ലൊരു സദസ്സിനെ ഒരുക്കി തന്നതിന്.

മുപ്പത്തിഞ്ചു വര്‍ഷത്തോളമായി സ്വാമി തിരുവനന്തപുരത്തിന്റെ  കലാപ്രചാകരനായി ജീവിതം നയിക്കുന്നു. ഇതിനിടയില്‍ സ്വാമി പരിചയപ്പെടാത്ത പ്രമുഖര്‍ കുറവ്. വിവിധ മേഖലകളിലെ പ്രഗത്ഭരെ സ്വാമി കണ്ടുമുട്ടി. അവരില്‍ മലയാളികളുണ്ട്, തമിഴരുണ്ട്… തിരുവനന്തപുരത്ത് ഏതൊരു പരിപാടി നടന്നാലും അതിന്റെ ഭാഗമായും ആസ്വാദകനായും സ്വാമി ഉണ്ടാകും. അതുകൊണ്ട് തന്നെ ഇന്നീ നഗരത്തില്‍ സ്വാമിയുടെ മുഖം അത്രമേല്‍ പരിചിതമാണ്. കൈയില്‍ ഒരു കറുത്ത ബാഗ് ഉണ്ടെങ്കില്‍( അതെപ്പോഴും കൂടെ തന്നെ കാണും) സ്വാമിയെ കാണുന്നവര്‍ ഒരു മുഖവുരയും കൂടാതെ പറയുന്നത്, സ്വാമി ഒരു പാസ് എന്നു മാത്രമായിരിക്കും. അവര്‍ക്കുറപ്പാണ് ആ ബാഗില്‍ ഏതെങ്കിലുമൊരു പ്രോഗ്രാമിന്റെ പാസ് ഉണ്ടായിരിക്കുമെന്ന്. ചിലപ്പോള്‍ ആ പ്രതീക്ഷ തെറ്റും. സ്വാമിയുടെ ഡയറി മാത്രമായിരിക്കും ഉള്ളില്‍. അതു കണ്ടാലും മതി, കാരണം ഇനി നടക്കാനുള്ള പരിപാടികളുടെ ലിസ്റ്റ് അതില്‍ ഉണ്ടായിരിക്കും, അപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് നടത്താം. സ്വാമിയോടായതുകൊണ്ട്, ആഗ്രഹിക്കുന്നവര്‍ ആ പരിപാടി കണ്ടിരിക്കും.

മിക്കവാറും പത്രങ്ങള്‍ നോക്കിയാണ് ഞാന്‍ ഓരോ പരിപാടികളും കുറിച്ചെടുക്കുന്നത്. ചിലര്‍ എന്നെ ഇങ്ങേട്ടു വിളിച്ചു പറയും; ഒരു പരിപാടിയുണ്ട്, സ്വാമിക്കുവേണ്ടി ഇത്ര പാസ്സുകള്‍ മാറ്റിവച്ചിട്ടുണ്ടെന്ന്. ചിലപ്പോള്‍ ഞാന്‍ സംഘാടകരെ അങ്ങോട്ടുപോയി കാണും. ഇക്കാലത്തിനിടയിലെ എന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം കൊണ്ടായിരിക്കാം ആരും എന്നോട് വിസ്സമതമൊന്നും കാണിച്ചിട്ടില്ല. ഇങ്ങോട്ടു സമീപിക്കുന്നവരോട് ഒരു കാര്യമേ ആവശ്യപ്പെടാറുള്ളൂ, മിനിമം ഒരാഴ്ച്ച മുമ്പെങ്കിലും പാസ് എത്തിക്കാന്‍ ശ്രമിക്കണം. എങ്കിലെ യോഗ്യരായവരുടെ കൈകളില്‍ എനിക്കിത് എത്തിക്കാന്‍ സാധിക്കൂ.

ഇത് സ്വാമിക്കൊരു ജീവനോപാധി കൂടിയാണോ? എന്നൊരു ചോദ്യം വന്നാല്‍ സ്വാമി നിഷ്‌കളങ്കമായി ചിരിക്കും. ഇന്നുവരെ എനിക്കിത്ര കാശു തരണം എന്നു ആരോടും പറഞ്ഞിട്ടില്ല. തരുന്നത് വാങ്ങും. ചിലര്‍ മോശമില്ലാത്തൊരു തുക തരും. ചിലര്‍ തരാമെന്നുള്ള വാക്കുമാത്രം തരും. മറ്റു ചിലര്‍ അതിനുപോലും ശ്രമിക്കാറില്ല.

ഇക്കാലത്തിനിടയില്‍ മററുള്ളവര്‍ക്കു വേണ്ടി ഓടിനടന്നതിന് സംതൃപ്തിയുണ്ടെങ്കിലും ചിലപ്പോഴോക്കെ മനസ് വേദനിച്ചിട്ടുമുണ്ട്. ചില സംവിധായകരും സ്വാമിയുടെ സഹായം തേടിയിട്ടുണ്ട്. സ്വാമിയുടെ അടുത്ത ബന്ധുവായിരുന്നു തേന്മാവിന്‍ കൊമ്പത്ത് സിനിമയുടെ നിര്‍മാതാവ് എന്‍ . ഗോപാലാകൃഷ്ണ്‍. അദ്ദേഹം വഴി സിനിമാക്കാരില്‍ പലരുമായും സ്വാമിക്ക് ബന്ധമുണ്ട്.

ചില സിനിമകള്‍ നല്ലതായിരുന്നിട്ടും തിയേറ്ററില്‍ ആളു കയറാത്ത അവസ്ഥ വരും. ഈ സമയത്ത് നിര്‍മാതാവോ സംവിധായകനോ എന്നെ വിളിക്കും. ഞാന്‍ പലവഴിയില്‍ ആ സിനിമയ്ക്ക് നല്ല പബ്ലിസിറ്റി കൊടുക്കും. നല്ലതിനെ നല്ലതെന്നും മോശമായവയെ അങ്ങനെയും പറയുന്നൊരാളാണ് ഞാനെന്ന് ഒട്ടുമിക്കപേര്‍ക്കും അറിയാം. സിനിമാസ്വാദനവും ചെറുപ്പകാലത്ത് തൊട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഞാന്‍ പറഞ്ഞാല്‍ ആളുകള്‍ അംഗീകരിക്കും. ചില സിനിമാക്കാര്‍ പറയും, ടിക്കറ്റിന്റെ കൗണ്ടര്‍ ഫേയിലുമായി വന്നാല്‍ പകുതി കാശുതരാമെന്ന്. ഇക്കാര്യം ഞാന്‍ വിവിധ ആര്‍ട്‌സ് ക്ലബുകളിലെ സെക്രട്ടറിമാരെ അറിയിക്കും. അവര് അംഗങ്ങളോടു പറഞ്ഞ് സിനിമ കാണാന്‍ പോകാന്‍ പറയും. ടിക്കറ്റിന്റെ പകുതി ക്ലബില്‍ കൊണ്ടുപോയി കൊടുത്താല്‍ പകുതി കാശ് തിരിച്ചു കിട്ടുകയും ചെയ്യും. എല്ലാ സിനിമകള്‍ക്കും ഇങ്ങനെയില്ല. ഒരിക്കല്‍ പ്രമുഖനായൊരു സംവിധായകന്റെ സിനിമയ്ക്ക് കുറച്ച് പബ്ലിസിറ്റി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ദേശീയ അവാര്‍ഡ് കിട്ടിയ സിനിമയാണ്. കാണാന്‍ വരുന്നവര്‍ക്ക് ടിക്കറ്റിന്റെ പകുതി കാശു മടക്കി നല്‍കാമെന്നും പറഞ്ഞു. ഒരപകടം പറ്റി. ഇക്കാര്യം എങ്ങനെയോ അറിഞ്ഞൊരു വിരുതന്‍ തിയേറ്ററിന്റെ വാതിക്കല്‍ തന്നെ നിന്നു കണ്ടിറങ്ങിയവരുടെ കൈയില്‍ നിന്നെല്ലാം ടിക്കറ്റിന്റെ ബാക്കി കൈവശപ്പെടുത്തി. ഇക്കാര്യം എങ്ങനെയോ സിനിമയുടെ സംവിധായകന്‍ അറിഞ്ഞു. അയാള്‍ എന്റെ നേരെ കോപിച്ചു. ഞാനാണ് കാശിനുവേണ്ടി ആളെനിര്‍ത്തിയതെന്ന് അദ്ദേഹം ആക്ഷേപിച്ചു. തെറ്റൊന്നും എന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നു മാത്രം പറഞ്ഞ് ഞാനദ്ദേഹത്തിന്റെ മുന്നില്‍ നിന്നുംപോയി. പിന്നീട് കുറെ നാളുകള്‍ക്കുശേഷം അവിചാരിതമായി ഞങ്ങള്‍ കണ്ടു മുട്ടി. എന്നെ കണ്ടയുടനെ കൈകൂപ്പിക്കൊണ്ട് അദ്ദേഹം എന്നോടു ക്ഷമ ചോദിച്ചു. സ്വാമിയെ തെറ്റിദ്ധരിച്ചതാണ്, സത്യം പിന്നീടാണ് അറിഞ്ഞതെന്നൊക്കെ പറഞ്ഞു. എനിക്കദ്ദേഹത്തോടു യാതൊരു മുഷിച്ചിലും ഉണ്ടായിരുന്നില്ല. കലയില്‍ കള്ളത്തരം കാണിക്കാന്‍ എനിക്കറിയില്ല, ഇന്നേവരെ കാണിച്ചിട്ടുമില്ല. ഓടി നടന്ന് ജോലി ചെയ്തശേഷം ഒരു നന്ദിവാക്കുപോലും കേള്‍ക്കാതെ തിരികെ പോകേണ്ടി വന്നിട്ടുണ്ട്. ഒഴിഞ്ഞ കവറുകള്‍ കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ എന്നെ ആദരിക്കുന്നൊരു ചടങ്ങില്‍വെച്ച് പൊന്നാടയണിച്ചുകൊണ്ട് ആദരവ് ആര്‍പ്പിച്ചയാള്‍ നിങ്ങളാരാണെന്ന് എന്നോടു ചോദിച്ചിട്ടുണ്ട്. മറ്റൊരിക്കല്‍ ഒരു ചടങ്ങില്‍വെച്ചു കിട്ടിയ അനുമോദന പത്രം വിടര്‍ത്തി നോക്കിയപ്പോള്‍ അതിലൊന്നും തന്നെ എഴുതിയിട്ടില്ല. അതൊക്കെ സ്വാമി തന്നെ എന്താന്നുവച്ചാല്‍ എഴുതിയുണ്ടാക്കിക്കോളൂ എന്നായിരുന്നു സംഘാടകരുടെ മറുപടി. അങ്ങനെയെന്തൊക്കെ…

പക്ഷെ ഇക്കാലത്തിനടിയില്‍ എനിക്ക് സംതൃപ്തി തന്നെയാണ് കൂടുതലും കിട്ടിയിരിക്കുന്നത്. വലിയ കലാകാരന്മാരുടെ സ്‌നേഹം, അവരുമായുണ്ടാക്കാന്‍ കഴിഞ്ഞ ആത്മബന്ധം. അതേപോലെ ആസ്വാദകരുമായി നിലനില്‍ക്കുന്ന ബന്ധം. എനിക്ക് കൃത്യമായി പ്രതിഫലമൊന്നും കിട്ടാറില്ലെന്ന് അറിഞ്ഞ് ആളുകള്‍ തന്നെയാണ് പറഞ്ഞത്, ഒരു വര്‍ഷത്തേക്ക് മുന്നൂറു രൂപ മുടക്കി ഒരു രജിസ്‌ട്രേഷന്‍ സ്വാമി ആരംഭിക്കൂ എന്ന്. അങ്ങനെ രജിസ്ട്രര്‍ ചെയ്യുന്നവരെ ഓരോ പരിപാടിയുടെയും വിവരങ്ങള്‍ അറിയിച്ചാല്‍ മതിയെന്നും. കുറെപ്പേര്‍ അങ്ങനെ രജിസ്റ്റര്‍ ചെയ്തു. ഇതൊന്നും എന്റെ തീരുമാനപ്രകാരമല്ല, എന്നെ സ്‌നേഹിക്കുന്നവരുടെ താല്‍പര്യമായിരുന്നു. പക്ഷെ രജിസ്റ്റര്‍ ചെയ്തവരെന്നോ ഇല്ലാത്തവരെന്നോ ഞാനിപ്പോഴും നോക്കാറില്ല, സ്വാമീ ഒരു പാസ് വേണമെന്നു ചോദിച്ചാല്‍ ഞാനത് കൊടുക്കും…ആസ്വാദനം ആണല്ലോ എറ്റവും വലിയ കലാപ്രവര്‍ത്തനം…സ്വാമി ചിരിച്ചുകൊണ്ട് പറഞ്ഞു. 

(സ്വാമിയെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നമ്പറില്‍ വിളിക്കുക; 9495628462)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍