UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ കരാര്‍: നിര്‍മല സീതാരാമന് ഒരു തുറന്ന കത്ത്

Avatar

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി നിര്‍മല സീതാരാമന് വിവിധ പൗര സമൂഹ സംഘടനകള്‍ അയച്ച കത്തിന്റെ പൂര്‍ണ രൂപമാണ് താഴെ. ഡിസംബര്‍ ഒന്നു മുതല്‍ അഞ്ച് വരെ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (Regional  Comprehesive Economic Partnership-RCEP) ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളും അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. 


ശ്രീമതി നിര്‍മല സീതാരാമന്‍,
വാണിജ്യ, വ്യവസായ മന്ത്രി,
ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ

വിഷയം: പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ (Regional Comprehesive Economic Cooperation Agreement-RCEP) ഇന്ത്യ പങ്കാളിയാവാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്ന അഭ്യര്‍ത്ഥന.

ബഹുമാനപ്പെട്ട മന്ത്രി,
ഇപ്പോള്‍ 10 ആസിയാന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍, കൊറിയന്‍ റിപ്പബ്ലിക്, ന്യൂസിലാന്റ് എന്നീ ആറു രാജ്യങ്ങളും പങ്കാളികളായ പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ ഇന്ത്യ പങ്കാളിയാകുന്നതിലുള്ള ആശങ്ക രേഖപ്പെടുത്തുന്നതിനാണ് ഞങ്ങള്‍ ഈ കത്തെഴുതുന്നത്. സാധനങ്ങള്‍, സേവനങ്ങള്‍, നിക്ഷേപങ്ങള്‍, സാമ്പത്തികവും സാങ്കേതികവുമായ സഹകരണം, ബൗദ്ധിക സ്വത്ത്, മത്സരം, പരാതി പരിഹാരം തുടങ്ങി ഇന്ത്യന്‍ സാമ്പത്തിക രംഗത്തേയും ഇവിടുത്തെ ജനങ്ങളെയും ബാധിക്കുന്ന എല്ലാ ഘടകങ്ങളും അടങ്ങുന്നതാണ് ആര്‍സിഇപി കരാര്‍ എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. പുതിയ മേഖലകളിലേക്ക് കരാര്‍ വ്യാപിക്കുന്ന തരത്തിലുള്ള ആലോചനകളും ചര്‍ച്ചകളില്‍ ഉണ്ടായിട്ടുണ്ടെന്നും ഞങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍സിഇപിയിലെ ആറ് പ്രധാന അംഗങ്ങളായ ഓസ്‌ട്രേലിയ, ബ്രൂണൈ ദാറുസലാം, ജപ്പാന്‍, മലേഷ്യ, ന്യൂസിലാന്റ്, സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സും കാനഡയുമായി ട്രാന്‍സ് പസഫിക് പാര്‍ട്ട്‌നര്‍ഷിപ് എഗ്രിമെന്റുണ്ടാക്കാനുള്ള (TPP) ചര്‍ച്ചകളിലാണെന്ന കൂടി താങ്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ ആഴത്തിലുള്ളതും വിശാലവുമായ ഒരു വാണിജ്യ സംവിധാനത്തിനായുള്ള ‘സുവര്‍ണ നിലവാരം’ എന്ന് വിളിക്കപ്പെടുന്ന ഒന്ന് TPP രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അതുപോലെ തന്നെ ‘നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുകളെ നിര്‍ണായകമായി മെച്ചടുത്തുന്നതിനായി കൂടുതല്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ വേണമെന്ന്’ ആര്‍സിഇപി ചര്‍ച്ചകള്‍ക്കായുള്ള ‘മാര്‍ഗ തത്വങ്ങളും ലക്ഷ്യങ്ങളും’ ആഹ്വാനം ചെയ്യുന്നു.

ചരക്ക് വ്യാപാരം: ആര്‍സിഇപി വിഭാവനം ചെയ്യുന്ന ആഴത്തിലുള്ള ഉദാരവല്‍ക്കരണത്തിന് രാജ്യത്തെ കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ അപരിഹാര്യമായ കേടുപാടുകള്‍ വരുത്താനുള്ള ശേഷിയുണ്ട്. അവരുടെ കര്‍ഷകര്‍ വിവധ തരത്തിലുള്ള സബ്‌സിഡികളുടെ ഗുണം അനുഭവിക്കുന്നത് തുടരുമ്പോഴും ഇന്ത്യന്‍ കാര്‍ഷിക കമ്പോളങ്ങളില്‍ കൂടതല്‍ ആഴത്തിലുള്ള ഇടപെടലുകള്‍ക്ക് വേണ്ടി ഓസ്‌ട്രേലിയയും ന്യൂസിലന്റും പോലുള്ള രാജ്യങ്ങള്‍ ആവശ്യം ഉന്നയിക്കുമെന്ന് ഉറപ്പാണ്. ആര്‍സിഇപി കരാര്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്ന നിര്‍ണായക മേഖലകളില്‍ ഒന്ന് ക്ഷീരവികസന മേഖലയായിരിക്കും.

ലോകം അംഗീകരിക്കുന്ന ആധുനിക നിര്‍ണായക ശേഷികളുള്ള ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയും ആസിയാനിലെ ചില അംഗങ്ങളും ഇന്ത്യയുടെ ഉല്‍പാദന മേഖലയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് മാത്രമല്ല ഉല്‍പാദന മേഖലയെ പരിപോഷിപ്പിക്കാന്‍ ഉദ്ദേശിച്ച് സര്‍ക്കാര്‍ നടത്തുന്ന ‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ’ പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകയും ചെയ്യും. ചെറുകിട ഇടത്തരം ഉല്‍പാദന സ്ഥാപനങ്ങളാവും കടുത്തതും രൂക്ഷവുമായ ഭീഷണി നേരിടുന്നത്. ഇന്ത്യന്‍ ഉല്‍പാദന മേഖലയെ താഴ്ന്ന മുല്യ ശൃംഖലയില്‍ തളച്ചിടുക എന്ന അപകടവും ഈ ആര്‍സിഇപി ഉയര്‍ത്തുന്നുണ്ട്.

സ്ഥിരമായി ഉയരുന്ന വിപരീത വാണിജ്യ കമ്മി എന്ന സ്ഥൂല സാമ്പത്തിക ഫലങ്ങള്‍ മാത്രമല്ല ചരക്കുകളുടെ സ്വതന്ത്രവ്യാപാരത്തിലൂടെ സംഭവിക്കുന്നത്. ഉല്‍പാദന ചിലവ് കുറയ്ക്കുന്നതിനുള്ള കഴുത്തറപ്പന്‍ മത്സരത്തിനും ഇത് കാരണമാകും. താഴ്ന്ന നിലവാരമുള്ള തൊഴിലും കൂലി കുറയ്ക്കുന്നതിനുള്ള സമ്മര്‍ദവും മൂലം പ്രദേശത്തെ തൊഴിലാളികളെ ആകെ ബാധിക്കുന്ന രൂക്ഷ പ്രശ്‌നത്തിന് ഈ മത്സരം വഴി വയ്ക്കും. പ്രദേശത്തെ തൊഴിലാളികളുടെ ക്ഷേമത്തെ ഇത് പ്രതികൂലമായി ബാധിക്കുകയും ‘മാന്യമായ തൊഴിലിന്’ വേണ്ടിയുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായി പിന്നോട്ടടിക്കുകയും സംഘടിക്കാനും കൂട്ടം ചേര്‍ന്ന് വിലപേശാനുമുള്ള അവരുടെ അവകാശത്തെ തുരങ്കം വയ്ക്കുകയും ചെയ്യും.

നിക്ഷേപങ്ങള്‍: കരാറിലെ നിക്ഷേപങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍, ന്യായവും തുല്യവുമായ പരിഗണന (Fair and equitable treatment-FET), നേരിട്ടോ അല്ലാതെയോ ഉള്ള ഏറ്റെടുക്കലുകള്‍ക്ക് നഷ്ടപരിഹാരം, വിദേശ നിക്ഷേപകര്‍ക്ക് ദേശീയവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന രാജ്യവും (National and Most Favored Nation (MFN) ) എന്ന പരിഗണന, പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം, നിക്ഷേപകരോടുള്ള ബാധ്യത സംരക്ഷിക്കുന്നതിനുള്ള നിര്‍ണായക വകുപ്പായ മൂലധനത്തിന്റെ സ്വതന്ത്ര കൈമാറ്റം, സര്‍ക്കാരുകളില്‍ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവകാശം നല്‍കുന്ന സാര്‍വത്രിക വകുപ്പായ നിക്ഷേപക-സര്‍ക്കാര്‍-തര്‍ക്ക-പരിഹാരം (Investor-State-Dispute-Settlement-ISDS) എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും എന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നു.

ദക്ഷിണ ആഫ്രിക്ക, ബ്രസീല്‍, അര്‍ജന്റീന, വെനീസ്വല തുടങ്ങിയ മിക്ക രാജ്യങ്ങളും ഇപ്പോള്‍ വാണിജ്യ കരാറുകളില്‍ നിന്നും ISDS നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കൈകള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ലൈസന്‍സുകള്‍ നല്‍കുന്നതില്‍ അഴിമതി ഉണ്ടായി എന്ന കാരണത്താല്‍ സുപ്രീം കോടതി ലൈസന്‍സുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് 2ജി സ്‌പെക്ട്രം കമ്പനികള്‍ അന്താരാഷ്ട്ര മധ്യസ്ഥ പ്രക്രിയ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍, പരസ്പര നിക്ഷേപ സംരക്ഷണ, പ്രോത്സാഹന കരാറുകള്‍ (Bilateral Investment Protection and Promotion Agreements-BIPA) പുനഃപരിശോധിക്കുന്ന പ്രക്രിയയില്‍ ഇന്ത്യ സര്‍ക്കാരും ഏര്‍പ്പെട്ടിരിക്കുകയാണെന്ന വസ്തുത അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുന്നു. ഈ സാഹചര്യത്തില്‍, വന്‍കിട കുത്തകകളുടെ താല്‍പര്യം മാത്രം സംരക്ഷിക്കുന്ന ആര്‍സിഇപി നിക്ഷേപ ചര്‍ച്ചകളുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനം അനുചിതവും അമ്പരപ്പിക്കുന്നതുമാണ്.

ബൗദ്ധിക സ്വത്തവകാശം: ഔഷധങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പേറ്റന്റിന് കേട്ടുകേള്‍വി ഇല്ലാത്ത നിലവാരത്തിലുള്ള സംരക്ഷണം നല്‍കാന്‍ പ്രസ്തുത സര്‍ക്കാരുകള്‍ ശ്രമിക്കുന്നതായി ടിപിപി ചര്‍ച്ചകളിലെ ചോര്‍ന്ന കരടിലെ ബൗദ്ധിക സ്വത്തവകാശത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ വ്യക്തമാക്കുന്നു. ഈ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചില രാജ്യങ്ങള്‍ തന്നെയാണ് ആര്‍സിഇപി ചര്‍ച്ചകളിലും പങ്കെടുക്കുന്നത് എന്നതിനാല്‍, വിവരങ്ങള്‍ നിഷേധിക്കുന്നതിനുള്ള വകുപ്പുകള്‍, നിത്യഹരിതത്വം, പേറ്റന്റ് കാലാവധി നീട്ടല്‍, സസ്യ വൈവിദ്ധ്യ സംരക്ഷണം, കൂടുതല്‍ ഭൂമിശാസ്ത്ര സൂചകങ്ങള്‍ എന്നിവ അടങ്ങുന്ന ‘ട്രിപ്‌സ്-പ്ലസ്’ (TRIPS-plus) നിബന്ധനകള്‍ ആര്‍സിഇപി ചര്‍ച്ചകളില്‍ ഉള്‍പ്പെടുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. മാത്രമല്ല, കഴിഞ്ഞ വട്ടം ആര്‍സിഇപി ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ജപ്പാന്‍ വിതരണം ചെയ്ത കുറിപ്പില്‍ ട്രിപ്പ്‌സ് പ്ലസ് നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിരുന്ന കാര്യം ഞങ്ങള്‍ ഇവിടെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

താങ്ങാവുന്ന വിലയ്ക്കുള്ള ജനറിക് മരുന്നുകളുടെ ഉല്‍പാദനത്തെ നിയന്ത്രിക്കുക വഴി വന്‍കിട ഔഷധ നിര്‍മ്മാണ കമ്പനികളുടെ കുത്തക സംരക്ഷിക്കുന്നതിന് മാത്രമേ ഇത്തരത്തിലുള്ള കടുത്ത ബൗദ്ധിക സ്വത്തവകാശ സംവിധാനങ്ങള്‍ സഹായിക്കുകയുള്ളു. കൂടാതെ ട്രിപ്‌സ്-പ്ലസ് നിബന്ധനകള്‍ കര്‍ഷകരുടെ അവകാശത്തെയും (ചിലവ് വര്‍ദ്ധിപ്പിക്കുന്നത് കൂടാതെ), പൗരാവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ഡിജിറ്റല്‍ ചരക്കുകളെ സംബന്ധിച്ച ഉപഭോക്തൃ അവകാശങ്ങള്‍ക്ക് ഹാനി വരുത്തുകയും ചെയ്യും.

സേവനങ്ങള്‍: ദക്ഷിണ കൊറിയ, ജപ്പാന്‍, ആസിയാന്‍ രാജ്യങ്ങള്‍ എന്നിവയുമായി സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ സേവന മേഖലയില്‍ ഇന്ത്യയ്ക്ക് നാമമാത്രമായ ലാഭം മാത്രമാണ് ലഭിക്കുക എന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഇതിനകം തന്നെ നമ്മുടെ ചരക്ക് വ്യാപാര കമ്പോളങ്ങള്‍ അവര്‍ക്കായി തുറന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഇന്ത്യയില്‍ ഇപ്പോള്‍ ചെറുകിട വ്യാപാര രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയന്ത്രങ്ങള്‍ക്ക് അപ്പുറത്തേക്ക് നമ്മുടെ ഉത്തരവാദിത്വങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ആര്‍സിഇപി ചര്‍ച്ചകളില്‍ ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ടെന്നും ഞങ്ങള്‍ ആശങ്കപ്പെടുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

അത്ര നിഷ്കളങ്കമല്ല നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ WTO പ്രഖ്യാപനം
ഇന്ത്യ ആയുധ ഇറക്കുമതിയില്‍ നിന്നും കയറ്റുമതിയിലേക്ക്; പക്ഷേ സമയമെടുക്കും
WTO സമ്മര്‍ദ്ദം അതിജീവിക്കാന്‍ ഇന്ത്യക്കാവുമോ?
നേട്ടങ്ങളുണ്ട്; അതിനേക്കാളേറെ നാണക്കേടും
ദരിദ്രര്‍ക്ക് ബാങ്ക് അക്കൌണ്ട്; ഇന്ത്യയില്‍ കാര്യങ്ങള്‍ മാറും

 

വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ നയ ഇടം ആവശ്യമാണെന്ന് ഐക്യരാഷ്ട്ര വ്യാപാര, വികസന കോണ്‍ഫറന്‍സിന്റെ (UNCTAD-United Nations Conference on Trade and Development) 2014ലെ വ്യാപാര, വികസന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന കാര്യം ഇവിടെ ഊന്നി പറയേണ്ടിയിരിക്കുന്നു. നയരൂപീകരണത്തില്‍ കൂടുതല്‍ വഴക്കവും ഉപകരണങ്ങളും ലഭ്യമാകാത്തിടത്തോളം കാലം 2015 അനന്തര വികസനം ഇത്തരം രാജ്യങ്ങള്‍ക്ക് സാധ്യമാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ നയ ഇടത്തെ കൂടുതല്‍ ഇടുങ്ങിയതാക്കാന്‍ ആര്‍സിഇപി കാരണമാകുന്നും ഞങ്ങള്‍ ആശങ്കപ്പെടുന്നു.

ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് വ്യാപാര, വ്യവസായ മന്ത്രിയായി ചുമതല ഏറ്റയുടനെ താങ്കള്‍ വ്യക്തമാക്കിയിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളെയും ഇവിടുത്തെ ജനങ്ങളെയും സ്വതന്ത്ര വ്യാപാര കരാറുകള്‍ എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കുന്നതിനായ സംഘടിപ്പിക്കപ്പെട്ട ഒരു പഠനത്തിന്റെയും റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നേട്ടങ്ങളെയും നഷ്ടങ്ങളെയും സംബന്ധിച്ചുള്ള അത്തരം സമഗ്ര വിലയിരുത്തലുകളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പൊതു ചര്‍ച്ചകളുടെയും അഭാവത്തില്‍ പോലും, കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ ആക്രമണോത്സുകമായ വ്യാപാര നയങ്ങളെ അന്തമായി പിന്തുടരുകയാണ് താങ്കളുടെ സര്‍ക്കാര്‍ ചെയ്യുന്നത്.

സ്വതന്ത്ര വ്യാപാര കരാറുകളിലുള്ള ഇന്ത്യയുടെ പങ്കാളിത്തം വിലയിരുത്തുന്നതിനായി 2013 ല്‍ ഒരു പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്ന കാര്യം ഇവിടെ ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ആ കമ്മിറ്റി ഇതുവരെ അതിന്റെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. ഈ ജനാധിപത്യ പ്രക്രിയയെ ബഹുമാനിക്കാനും തുടര്‍ന്നുള്ള സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ആ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. ആര്‍സിഇപിയുടെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് പോലും സര്‍ക്കാര്‍ പ്രത്യേക പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് വിവരാവകാശ നിയമം വഴിയുള്ള അന്വേഷണങ്ങളിലൂടെ ഞങ്ങള്‍ മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ കരാറുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാരിന്റെ ഈ തിരക്ക് തീര്‍ത്തും അനുചിതമാണ്.

ഈ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ഞങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ആവശ്യപ്പെടുന്നു:

1.ആര്‍സിഇപി ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ എല്ലാ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകളും അടിയന്തിരമായി അവസാനിപ്പിക്കുക.
2.ഇന്ത്യയുടെ നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുകളെ കുറിച്ചും ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയും വികസനത്തില്‍ അത് നിര്‍വഹിച്ച പങ്കിനെ കുറിച്ചുമുള്ള വിലയിരുത്തലുകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്ത് വിടുക. 
3.എല്ലാ ആര്‍സിഇപി രേഖകളും ചര്‍ച്ചാ കുറിപ്പുകളും പുറത്ത് വിടുക. 
4.നിര്‍ദ്ദിഷ്ട ആര്‍സിഇപി കരാറുമായി ബന്ധപ്പെട്ട സാമൂഹിക-സാമ്പത്തിക, മനുഷ്യാവകാശ ആഘാത വിലയിരുത്തല്‍ അടിയന്തിരമായി സംഘടിപ്പിക്കുക.
5.കര്‍ഷക സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, രോഗി സമൂഹങ്ങള്‍, ജനറിക് മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍, ചെറുകിട-ഇടത്തരം വ്യാപാരികള്‍, പൗര സമൂഹ സംഘടനകള്‍ തുടങ്ങി ആര്‍സിഇപി നേരിട്ട് ബാധിക്കുന്ന എല്ലാ വിഭാഗങ്ങളുമായും പൊതു ചര്‍ച്ചകള്‍ നടത്തുക.
6.ആര്‍സിഇപിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന നിരവധി വിഷയങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതിനാല്‍, സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടത്താനും പൊതുസമ്മതം രൂപീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുക. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍