UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മുന്തിരി കൊണ്ട് അല്‍ഷിമേഴ്സ് തടയാം!

മുന്തിരിങ്ങ ദിവസവും കഴിക്കുന്നത് സ്മൃതിനാശം (Alzheimer’s) തടയുമെന്നും ശ്രദ്ധയും ഓര്‍മശക്തിയും മെച്ചപ്പെടുത്തും എന്ന് പഠനം

സഹന ബിജു

സഹന ബിജു

മുന്തിരിങ്ങ ദിവസവും കഴിക്കുന്നത് സ്മൃതിനാശം (Alzheimer’s) തടയുമെന്നും ശ്രദ്ധയും ഓര്‍മശക്തിയും മെച്ചപ്പെടുത്തും എന്ന് പഠനം. ആറു മാസം തുടര്‍ച്ചയായി ദിവസം രണ്ടു നേരം മുന്തിരിങ്ങ കഴിക്കുന്നത് ഓര്‍മശക്തി നശിച്ചു തുടങ്ങിയ ആളുകളില്‍, തലച്ചോറിന്റെ ഓര്‍മ്മയുമായി ബന്ധപ്പെട്ട ഭാഗത്തെ നാശത്തില്‍ നിന്നു സംരക്ഷിക്കാന്‍ സഹായിക്കും. തലച്ചോറിന്റെ ഈ ഭാഗങ്ങളില്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ക്രമേണ കുറഞ്ഞു വരുന്നത് സ്മൃതിനാശ രോഗത്തിന്റെ ആദ്യ ഘട്ടം ആണ്.

ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍, മുന്തിരി ധാരാളം അടങ്ങിയ ഭക്ഷണം, തലച്ചോറിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ക്ഷയിക്കുന്നതില്‍ നിന്നു സംരക്ഷിക്കുന്നു എന്ന് കണ്ടു. മുന്തിരി ഭക്ഷണത്തില്‍ ഉള്‍പെടുത്താത്തവരെ അപേക്ഷിച്ചു തലച്ചോറിലെ മറ്റ് ഭാഗങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചതായും ശ്രദ്ധ, ഓര്‍മശക്തി ഇവയെ എല്ലാം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളുടെ പ്രവര്‍ത്തനം, മുന്തിരി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ വര്‍ധിച്ചതായും കണ്ടു.

മുന്തിരിയിലടങ്ങിയ സംയുക്തങ്ങളുടെ ഗുണഫലങ്ങളും പഠനം പരിശോധിച്ചു. സ്മൃതിനാശ രോഗവുമായി ബന്ധപ്പെട്ട കോശങ്ങളെ നേരത്തെയുള്ള നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ മുന്തിരിയുടെ പതിവായ ഉപയോഗത്തിന് സാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡാനിയേല്‍ എച് സില്‍വെര്‍മാന്‍ പറഞ്ഞു. ഓര്‍മ ക്കുറവുള്ളവരിലാണ് പഠനം നടത്തിയത്. ഇവരില്‍ ഒരു കൂട്ടര്‍ക്ക് മുന്തിരി പൊടി നല്‍കി. ഇത് ദിവസം രണ്ടര കപ്പ് മുന്തിരി കഴിക്കുന്നതിന് തുല്യമായിരുന്നു. മറ്റൊരു കൂട്ടര്‍ക്ക് പോളിഫിനോള്‍ അടങ്ങാത്ത കാഴ്ചയിലും രുചിയിലും വ്യത്യാസം തോന്നാത്ത ഡമ്മി പൗഡറും (placebo) നല്‍കി.

പഠനത്തിന്റെ തുടക്കത്തിലും ആറു മാസങ്ങള്‍ക്ക് ശേഷവും ബൗദ്ധിക പ്രവര്‍ത്തനം അളന്നു. തലച്ചോറിന്റെ PET സ്‌കാന്‍ ഉപയോഗിച്ചു ഉപാപചയ പ്രവര്‍ത്തനം കണക്കാക്കി. ഡിമെന്‍ഷ്യ യുടെ ലക്ഷണങ്ങളുള്ള രോഗികളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മുന്‍കൂട്ടി അറിയാനും രോഗനിര്‍ണയത്തിനും ഉപയോഗിക്കുന്ന മാര്‍ഗമാണ് PET സ്‌കാന്‍. അല്‍ഷിമേഴ്സ് ബാധിച്ചു തുടങ്ങിയ തലച്ചോറിന്റെ ഭാഗങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ മുന്തിരിയുടെ ഉപയോഗത്തിന് സാധിച്ചു. മുന്തിരി കഴി ക്കാത്തവരില്‍ തലച്ചോറിന്റെ ഈ പ്രധാന ഭാഗങ്ങളില്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു വരുന്നതായും കണ്ടു.

കൂടാതെ മുന്തിരി ധാരാളം കഴിക്കുന്നത് തലച്ചോറിലെ ബുദ്ധിയുടെയും ഓര്‍മ ശക്തിയുടെയും ഭാഗങ്ങളുടെ പ്രവര്‍ത്തനത്തിനും ഗുണകരമാണെന്ന് കണ്ടു. മുന്തിരിങ്ങയിലടങ്ങിയ പോളിഫിനോളുകള്‍, ആന്റി ഓക്‌സിഡന്റുകളെ യും ആന്റി ഇന്‍ഫ്‌ല മേറ്ററി പ്രവര്‍ത്തന ങ്ങളേയും സഹായിക്കുന്നതായും പഠനത്തില്‍ കണ്ടു. തലച്ചോറിലെ ഓക്‌സി കരണ സമ്മര്‍ദം കുറക്കുക, രക്തപ്രവാഹം ആരോഗ്യകരമായി നിലനിര്‍ത്തുക തുടങ്ങി തലച്ചോറിന്റെ ആരോഗ്യത്തിന് മുന്തിരിയുടെ ഉപയോഗം സഹായിക്കുമെന്ന് ‘എക്‌സ്പിരിമെന്റല്‍ ജറന്റോളോജി’ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍