UPDATES

മാട്രിമോണിയല്‍ സൈറ്റുകളില്‍ ജീവിത പങ്കാളിയെ തിരയാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും

അഴിമുഖം പ്രതിനിധി

മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ പേര് ചേര്‍ക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് അടക്കമുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യാജ പ്രൊഫൈലുകളും തട്ടിപ്പുകളും വര്‍ദ്ധിക്കുന്നതിന് തടയിടാനാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്. ചട്ടങ്ങള്‍ തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ അഞ്ചംഗ പാനലിനെ നിയമിച്ചു. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയ ഈ കമ്മിറ്റി രണ്ടാഴ്ചയ്ക്കുള്ളില്‍ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ടും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും പോലുള്ള സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കേണ്ടി വരും.

400 കോടി രൂപയുടെ വിപണിയാണ് ഇന്ത്യയില്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റുകള്‍ക്കുള്ളത്. 18-20 പ്രധാനകമ്പനികള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരത് മാട്രിമോണി ആണ് ഈ രംഗത്തെ വമ്പന്‍. 1.4 മില്ല്യണ്‍ ആളുകളാണ് ജീവിത പങ്കാളിയെ കണ്ടെത്താനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാമത് 1.2 മില്ല്യണ്‍ പേര്‍ അംഗങ്ങളായുള്ള ശാദി.കോമും.

മാട്രിമോണിയല്‍ സൈറ്റുകള്‍ പരാതി പരിഹാരത്തിനുള്ള സംവിധാനം മെച്ചപ്പെടുത്തേണ്ടി വരും. ചട്ടങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ ഐടി നിയമപ്രകാരം ഐടി മന്ത്രാലയം ഇവ പ്രസിദ്ധീകരിക്കും. ഇന്ത്യയില്‍ 375 മില്ല്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഉള്ളത്. ലോകത്തെ മൂന്നാമത്തെ വലിയ ഇന്റര്‍നെറ്റ് ഉപയോക്തൃ സമൂഹമാണ് ഇന്ത്യയുടേത്. ഡിസംബറോടു കൂടി ഇന്ത്യ യുഎസിനെ മറികടന്ന് രണ്ടാമത്തെതുമെന്നാണ് ഇന്ത്യയുടെ ഇന്റര്‍നെറ്റ്, മൊബൈല്‍ അസോസിയേഷന്‍ കണക്കാക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും യുവാക്കളാണ്. അവര്‍ ജീവിത പങ്കാളിയെ കണ്ടെത്താന്‍ മാട്രിമോണിയല്‍ സൈറ്റുകളെ കൂടുതലായി ആശ്രയിക്കുന്നുമുണ്ട്. രക്ഷിതാക്കളും മാട്രിമോണിയല്‍ സൈറ്റുകളെ വിശ്വാസത്തിലെടുക്കുന്നുണ്ട്. 2011-ല്‍ സൈബര്‍ കഫേകളെ നിയന്ത്രിക്കാന്‍ കൊണ്ടുവന്ന നിയമത്തിന് സമാനമായിരിക്കും പുതിയ നിയമം. എന്നാല്‍ ഈ നീക്കം തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്ന ഭീതി മാട്രിമോണിയല്‍ വെബ്‌സൈറ്റ് കമ്പനികള്‍ക്ക് ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍