UPDATES

സയന്‍സ്/ടെക്നോളജി

മനുഷ്യഭ്രൂണങ്ങളില്‍ ജനിതകമാറ്റം; പരിഹാരം ഒറ്റവാക്കിലുള്ള നിഷേധമല്ല

Avatar

പ്രദീപ് കുമാര്‍ എ വി

മനുഷ്യ ഭ്രൂണങ്ങളില്‍ ജനിതകമാറ്റം വരുത്താന്‍ ബ്രിട്ടന്‍ അനുമതി നല്‍കിക്കഴിഞ്ഞു. രണ്ടാഴ്ച പഠനം നടത്താന്‍ മാത്രമാണ് അനുമതി. ഈ ഭ്രൂണങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ അനുമതിയില്ലെന്നര്‍ത്ഥം.

ജനിതകമാറ്റ പ്രക്രിയകളിലെ ഒരു നൂതന സങ്കേതം ഉപയോഗിച്ച് മനുഷ്യഭ്രൂണങ്ങളില്‍ മാറ്റം വരുത്താനുള്ള ഈ നിര്‍ദേശം ആഗോളതലത്തില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കാതി നായ്കനും സംഘവുമാണ് ബ്രിട്ടനിലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റിയുടെ അനുമതി നേടിയത്.

നിയമപരമായി ഇത്തരമൊരു പരീക്ഷണത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടന്‍. അനുകൂലമായും പ്രതികൂലമായും നിരവധി വാദഗതികള്‍ തീരുമാനത്തെപ്പറ്റി ഉയരുന്നുണ്ട്.

2015ല്‍ ചൈനയില്‍ സമാനമായൊരു പരീക്ഷണം നടന്നതായി നേച്ചര്‍ ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രക്തസംബന്ധമായ ബീറ്റ-തലാസീമിയയ്ക്കു കാരണമാകുന്ന ജനിതകഘടകങ്ങളെ നീക്കം ചെയ്യാനായിരുന്നു അന്നത്തെ ശ്രമം. വന്‍ ചെലവുവരുന്ന ഇത്തരം പരീക്ഷണങ്ങള്‍ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള നീക്കങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ ഈ സങ്കേതം യാഥാര്‍ത്ഥ്യമാകുമെന്നാണു കാണിക്കുന്നത്. ഒരു പിറന്നാള്‍ കേക്ക് എങ്ങനെയാകണം എന്നു തീരുമാനിക്കുന്നതു പോലെ തന്നെ പിറക്കാനിരിക്കുന്ന കുട്ടി എങ്ങനെയാകണം എന്നു തീരുമാനിക്കാന്‍ ഭാവിയില്‍ മാതാപിതാക്കള്‍ക്കു കഴിയും.

മനുഷ്യഭ്രൂണത്തിനു മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ പുതിയതല്ല. എന്നാല്‍ ഇതുകൊണ്ടുണ്ടാകാവുന്ന ദൂരവ്യാപകമായ ഫലങ്ങള്‍ മുന്നില്‍ക്കണ്ട് രാജ്യാന്തരതലത്തില്‍ സര്‍ക്കാരുകള്‍ ഇത്തരം ഗവേഷണങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. ഇത്തരം പരീക്ഷണങ്ങളുടെ സാമൂഹിക, ധാര്‍മിക വശങ്ങള്‍ ലോകമെങ്ങും സംവാദത്തിനു വിഷയവുമാണ്.

പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ മനുഷ്യന്റെ സാമൂഹികതലത്തില്‍ ഇതുവരെ കാണാത്ത ഫലങ്ങളാകും ഉണ്ടാകുക. ഒന്നാമത് ജനിതകമാറ്റം വൈദ്യശാസ്ത്രപരമായ ഒരു ആവശ്യമല്ല. ഗുരുതരമായ ജനിതകരോഗങ്ങള്‍ വരുംതലമുറയിലേക്കു പകരുന്നതു തടയാനാകും എന്നതാണ് പരീക്ഷണങ്ങളെ അനുകൂലിക്കുന്നവരുടെ മുഖ്യവാദം. ഇത് പൊതുതാല്‍പര്യമായി കണക്കാക്കുന്നു. മാതാപിതാക്കളുടെ താല്‍പര്യപ്രകാരം ‘ഡിസൈനര്‍ ബേബി’കളെ സൃഷ്ടിക്കാനായി ദുരുപയോഗം ചെയ്യപ്പെടും എന്നതാണ് എതിര്‍വാദം. ഒരു മധ്യമാര്‍ഗം ഇതുവരെ ഉരുത്തിരിഞ്ഞിട്ടില്ല. പരീക്ഷണങ്ങള്‍ നടക്കുകയാണ്. ജനിതകമാറ്റം യാഥാര്‍ത്ഥ്യമാക്കാനായി അനേകം ബുദ്ധികേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

സ്വാഭാവിക ജനനം പലര്‍ക്കും ദൈവികകാര്യമാണ്. ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ വിധിക്കു വഴങ്ങാന്‍ വ്യക്തികള്‍ തയാറാകണമെന്ന ചിന്ത. എന്നാല്‍ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ഈ വിധിയില്‍ അല്‍പം കണക്കുകൂട്ടലുകള്‍ നടത്താന്‍ വഴിയൊരുക്കി. ശാസ്ത്രജ്ഞരായ റോബര്‍ട്ട് എഡ്വാര്‍ഡ്‌സും പാട്രിക് സ്റ്റെപ്‌ടോയും 1978-ല്‍ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ലൂയിസ് ബ്രൗണിന്റെ ജനനത്തിലൂടെ ആയിരക്കണക്കിനു ദമ്പതികള്‍ക്കു പ്രതീക്ഷ നല്‍കി. എന്നാല്‍ ഇതിനെ അടുത്ത തലത്തിലേക്ക് എത്തിക്കുന്നതാണ് ജനിതകമാറ്റ സാങ്കേതിക വിദ്യ. വരുംതലമുറകളുടെ ഭാവിയില്‍ മാറ്റം വരുത്താനുള്ള ശേഷിയാണിത് നല്‍കുന്നത്.

ക്രിസ്പര്‍ കാസ് 9 എന്ന ജനികതമാറ്റ സങ്കേതം ഉപയോഗിച്ചാണ് ഇപ്പോഴത്തെ പരീക്ഷണങ്ങള്‍ നടക്കുന്നത്. കുഴപ്പമുള്ള ജനിതകഘടകങ്ങളെ മാറ്റി പുതിയവയെ കൂട്ടിച്ചേര്‍ക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഇതിന് രണ്ടിലധികം പേരില്‍നിന്നുള്ള ജനിതകഘടകങ്ങള്‍ ആവശ്യമാണ്. ആരില്‍നിന്നു വേണം ജനികഘടകങ്ങള്‍ സ്വീകരിക്കാന്‍ എന്ന് മാതാപിതാക്കള്‍ക്കു തീരുമാനിക്കാം. ഫലത്തില്‍ ഇഷ്ടപ്പെട്ട നിറവും ലിംഗവും ശാരീരിക ഗുണങ്ങളുമുള്ള അതിമാനുഷരെ സൃഷ്ടിക്കാന്‍ കഴിയുന്നു.

ഇപ്പോഴത്തെ നിലയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ പരീക്ഷണം മാത്രമാണ്. കൃത്യമായി ഫലം തരുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. ഇതിനിടെ പരീക്ഷണ ശിശുക്കള്‍ക്ക് പല ജനിതകവൈകല്യങ്ങളും ഉണ്ടാകാമെന്നതും ആശങ്കയുണ്ടാക്കുന്നു.

1997-ല്‍ ആന്‍ഡ്രൂ നിക്കോള്‍ സംവിധാനം ചെയ്ത ‘ഗറ്റാക്കാ’ എന്ന ചലച്ചിത്രത്തിന്റെ പ്രമേയം ജനിതകമാറ്റമായിരുന്നു. വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് മനുഷ്യന്റെ പരമ്പരാഗത ഘടനകളില്‍ മാറ്റം വരുത്താന്‍ കഴിയുന്ന ജനിതക എന്‍ജിനീയറിങ്ങിന്റെ ഭാവിയാണ് ചിത്രം കാണിക്കുന്നത്. ഇത്തരം ഗവേഷണങ്ങളിലെ ഇന്നത്തെ പ്രവണതയനുസരിച്ച് യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും തമ്മിലുള്ള ദൂരം വളരെ വേഗം കുറയുകയാണ്.

ചരിത്രം നോക്കിയാല്‍ ജര്‍മനിയിലെ വെയ്മര്‍ സര്‍ക്കാര്‍ പരമ്പരാഗത രോഗങ്ങളുള്ള വ്യക്തികളെ വന്ധ്യംകരിച്ചിരുന്നു എന്നു കാണാം. ഇത്തരം രോഗങ്ങളില്‍നിന്ന് വരുംതലമുറയെ രക്ഷിക്കുകയായിരുന്നു ഉദ്ദേശ്യം. തുടര്‍ന്നുവന്ന ഹിറ്റ്‌ലര്‍ പരമ്പരാഗത രോഗങ്ങളുമായി കുട്ടികള്‍ ജനിക്കുന്നതിനെ തടയുന്ന നിയമം കൊണ്ടുവന്നു. പരമ്പരാഗത രോഗങ്ങള്‍ ഉള്ളവരെല്ലാം നിര്‍ബന്ധിത വന്ധ്യംകരണത്തിനു വിധേയരാകണം എന്നായിരുന്നു നിയമം. ‘വംശശുദ്ധീകരണം’ എന്നറിയപ്പെട്ട ഇത് തിരഞ്ഞെടുക്കപ്പെട്ട പ്രത്യുത്പാദനം ഉറപ്പാക്കി. 

വിപണിയിലെ ഉത്പന്നമായി കുഞ്ഞുങ്ങള്‍ മാറുന്ന കാലം വിദൂരമല്ല. ജനിതകതകരാറുകള്‍ പരിഹരിക്കുക മാത്രമല്ല ഭ്രൂണങ്ങളുടെ ഗുണങ്ങളും കഴിവുകളും കൂട്ടുകയും ചെയ്യാന്‍ വിപണി, ഗവേഷകരെ നിര്‍ബന്ധിക്കുമ്പോള്‍ ഇതു സംഭവിക്കും. നിറം, വംശം, ശാരീരിക ഗുണങ്ങള്‍, ബുദ്ധിക്ഷമത എന്നിവയെല്ലാം മാറ്റിമറിക്കപ്പെടും. ജനിതകഘടകങ്ങള്‍ വില്‍പനയ്‌ക്കെത്തുകയും ചെയ്യും. ഫലത്തില്‍ മനുഷ്യനും കമ്പോളത്തിലെ മറ്റൊരു വിപണനവസ്തുവായി മാറാം.

ജനിതക പ്രശ്‌നങ്ങള്‍ മൂലം സാധാരണജീവിതം അസാധ്യമാകുന്നവരാണ് ഈ കഥയുടെ മറുവശം. കഴിവേറിയ ‘അതിമാനുഷര്‍’ സൃഷ്ടിക്കപ്പെടുന്നതോടെ ഭിന്നശേഷിയുള്ളവരും കഴിവു കുറഞ്ഞവരും സാമൂഹികമായി കൂടുതല്‍ അവഗണിക്കപ്പെടും. കാലാകാലങ്ങളായി നിലനില്‍ക്കുന്ന സാമൂഹിക, ധാര്‍മിക മൂല്യവ്യവസ്ഥകളെയും ഇത് അട്ടിമറിക്കും.

ജനിതകമാറ്റം കൊണ്ടുവരുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഒറ്റവാക്കിലുള്ള നിഷേധമല്ല. ധാര്‍മികബോധത്തോടെ, ശരിയായ ദിശയിലുള്ള പരീക്ഷണങ്ങളാണ്. എല്ലാ മാനുഷികവശങ്ങളും പരിഗണിക്കപ്പെടുന്ന, ആശങ്കകളെ ഇല്ലാതാക്കുന്ന ഒരു ജനിതകമാറ്റ നയത്തിനായി ആഗോളതലത്തില്‍ ശാസ്ത്രജ്ഞരും ഗവേഷകരും നയരൂപീകരണം നടത്തുന്നവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

(ഒമാന്‍ മിനിസ്ട്രി ഓഫ് ഹയര്‍ എജ്യൂക്കെഷനില്‍ ജേര്‍ണലിസം അധ്യാപകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍