UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കല്പാത്തിയില്‍ നിന്നും ഐ ടി നഗരത്തിലേക്ക്; നര്‍ത്തകി എന്ന നിലയില്‍ ഡോ. രേഖ രാജുവിന്റെ ജീവിതം

Avatar

ഉണ്ണികൃഷ്ണന്‍ വി


ഒരു നല്ല നര്‍ത്തകിയെ തിരിച്ചറിയാന്‍ അവരുടെ നൃത്തം കാണണമെന്നില്ല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. വേഷഭൂഷാദികള്‍ അണിഞ്ഞു വേദിയില്‍ കയറാതെ തന്നെ അവരുടെ ഉള്ളിലെ കലയോടുള്ള പ്രണയം തിരിച്ചറിയാന്‍ കഴിയും. അവര്‍ക്ക് ശ്വാസ വായു പോലും നൃത്തമാണ്,  ഓരോ ചലനങ്ങളും ഓരോ ചുവടുകളാണ്. അങ്ങനെയൊരു നര്‍ത്തകിയാണ് ഡോക്ടര്‍ രേഖ.

നൃത്ത്യ വിഭുഷന്‍, നൃത്ത്യ വിലാസിനി, നൃത്ത്യ രഞ്ജിനി, യുവ കലാഭാരതി, അഭിനവ ഭാരതി, നാട്യവേദ, ആന്ധ്രപ്രദേശ് സര്‍ക്കാരിന്‍റെ നൃത്ത്യകൗമുദി എന്നിങ്ങനെ ഈ നര്‍ത്തകിയ്ക്ക് ലഭിച്ച പുരസ്കാരങ്ങളുടെ കണക്കെടുത്താല്‍ തീരാത്തവിധം നീളുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികള്‍ അവര്‍ തന്‍റെ പ്രാണവായുവായ കലയോടൊപ്പം യാത്രചെയ്തു. ഡോക്ടര്‍ രേഖ രാജുവിന്‍റെ കലാ ജീവിതത്തിലൂടെ ഒരു യാത്ര

കല്പാത്തിയില്‍ നിന്നും ഐടി നഗരത്തിലേക്ക്

കാറ്റില്‍ പോലും നൃത്തവും സംഗീതവും മണക്കുന്ന കല്‍പ്പാത്തിയിലെ മണ്ണിലാണ് രേഖയുടെ പാദം ആദ്യമായി സ്പര്‍ശിക്കുന്നത്. യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍ ജയലക്ഷ്മി രാഘവന്‍റെയും ബിസിനസുകാരനായ രാജുവിന്‍റെയും ഏകമകളായ രേഖയ്ക്ക് തന്‍റെ കുട്ടിക്കാലത്ത് താല്‍പ്പര്യം സംഗീതത്തോടായിരുന്നു. കാതിനിമ്പം പകര്‍ന്ന അമ്മയുടെ താരാട്ട് പാട്ടുകള്‍ അതിനെ ആരോഹണത്തിലെത്തിച്ചു. നൃത്തത്തോടും സംഗീതത്തോടും ഒരേപോലെ  ഇഷ്ടം കൂടിയിരുന്ന അമ്മ ജയലക്ഷ്മിക്ക് പക്ഷേ അത് പഠിക്കാനുള്ള അവസരം കിട്ടിയിരുന്നില്ല.പക്ഷേ മകള്‍ക്ക് അങ്ങനെ ഒരവസ്ഥ ഉണ്ടാകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ഇതിനിടയില്‍ കുട്ടിക്കാലത്ത് ഐടി നഗരമായ ബാംഗ്ലൂരിലേക്കു പറിച്ചു നടപ്പെട്ടുവെങ്കിലും അവര്‍ തന്‍റെ കലാസപര്യയുടെ തുടക്കം കുറിച്ചത് അവിടെയായിരുന്നു. പാട്ടിനോടുള്ള താല്‍പ്പര്യം മനസ്സില്‍ ഉണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് അതിനെ നൃത്തം മറികടന്നു. അമ്മയുടെ വിരലില്‍ തൂങ്ങിയാണ് മൂന്നര വയസ്സുകാരിയായ രേഖ തന്‍റെ ചുവടുകള്‍ ഉറപ്പിക്കാന്‍ ഗുരുവായ പദ്മിനി രാമചന്ദ്രന്‍റെ അരികിലെത്തുന്നത്. നൃത്തം പഠിക്കാനെത്തിയ രേഖ തീരെ ചെറിയ കുട്ടിയായതിനാല്‍ ഗുരു ഒന്നും പഠിപ്പിച്ചില്ല. മുതിര്‍ന്ന കുട്ടികള്‍ നൃത്തം ചെയ്യുന്നത് നോക്കിയിരുന്ന രേഖയുടെ ഉള്ളിലെ നര്‍ത്തകി പ്രതിബന്ധങ്ങളില്‍ തോറ്റു പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. തന്നെയും നൃത്തം പഠിപ്പിക്കണമെന്ന നിര്‍ബന്ധവുമായി ആ മൂന്നര വയസ്സുകാരി ഗുരുവിന്‍റെ പിന്നാലെ കൂടി. അങ്ങനെ നമസ്കാരം എന്ന ഒറ്റ സ്റ്റെപ് പഠിപ്പിച്ച ഗുരു അത് വീട്ടില്‍ പോയി പരിശീലിച്ചു വരാന്‍ പറഞ്ഞു. അങ്ങനെയാണ് തുടക്കം.  നാലര വയസ്സിലാണ് അവരുടെ ആദ്യ സ്റ്റേജ് പെര്‍ഫോമന്‍സ്. 45 മിനിറ്റുള്ള ഭരതനാട്യം അന്നാ വേദിയില്‍ രേഖ അവതരിപ്പിച്ചു. ബംഗ്ലൂരില്‍ തന്നെയായിരുന്നു അരങ്ങേറ്റം, 18മത്തെ വയസ്സില്‍.  പിന്നീട് ചുവടുകളില്‍ നിന്നും ചുവടുകളിലേക്ക് ഒഴുകുന്നതുപോലെ വേദികളില്‍ നിന്നും വേദികളിലേക്ക്.

‘സ്കൂളിലും മറ്റും പ്രോഗ്രാമുകള്‍ ചെയ്യുമായിരുന്നുവെങ്കിലും അരങ്ങേറ്റം ഇവിടത്തെപ്പോലെയല്ലായിരുന്നു ബാംഗ്ലൂരില്‍. ഭാവങ്ങളും നവരസങ്ങളും പദങ്ങളും ഒക്കെ ഉള്‍ക്കൊള്ളാറായി എന്ന് ബോധ്യം വരുമ്പോഴേ അവിടെ അരങ്ങേറ്റം നടത്താറുള്ളൂ. ചെറിയ പ്രായത്തില്‍ തോന്നുന്നത് ഒരു പക്ഷേ കോസ്റ്റ്യൂമുകളോടുള്ള  കൌതുകമാകാം. എന്നാല്‍ വളരുമ്പോള്‍ തനിക്ക് എന്താണ് ആവശ്യമെന്ന് അയാള്‍ക്ക് മനസ്സിലാവും’,
കന്നഡചുവയുള്ള പാലക്കാടന്‍ മലയാളത്തില്‍ രേഖ ചിലങ്കയണിഞ്ഞ ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തു.

രേഖയും നൃത്തലോകവും

ഭരതനാട്യം മാത്രമല്ല മോഹിനിയാട്ടവും കഥക്കും കുച്ചുപ്പുഡിയും ഒഡീസിയുമെല്ലാം രേഖ പഠിച്ചിട്ടുണ്ട്, വേദികളില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അവര്‍ക്ക് പ്രണയം മലയാളത്തനിമയുള്ള മോഹിനിയാട്ടത്തോടാണ്. തുടക്കത്തില്‍ ഭരതനാട്യം പെര്‍ഫോമന്‍സ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പൂര്‍ണ്ണമായും മോഹിനിയാട്ടത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, പഠനവും പരിശീലനവും അതില്‍ മാത്രം. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ മാത്രം ഭരതനാട്യം. കലാമണ്ഡലം ഉഷ നാഥനാണു രേഖയുടെ മോഹിനിയാട്ടത്തിലെ പ്രഥമ ഗുരു. നീണ്ട 12 വര്‍ഷം അവരുടെ കീഴില്‍ പരിശീലനം. പിന്നീട് അത് പ്രശസ്ത നര്‍ത്തകി ഗോപികാ വര്‍മ്മയുടെ ശിക്ഷണത്തില്‍. മോഹിനിയാട്ടത്തോടുള്ള പ്രണയം കാരണം അവര്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ഡി നേടുകയും ചെയ്തു. മാര്‍ഗ്ഗി ആന്‍ഡ്‌ ദേസി ടെക്നിക്സ് ഇന്‍ ഭരതനാട്യം ആന്‍ഡ്‌ മോഹിനിയാട്ടം എന്ന വിഷയത്തിലായിരുന്നു അവര്‍ റിസര്‍ച്ച് നടത്തിയത്. പ്രശസ്ത കഥകളി കലാകാരന്‍ ചന്തു പണിക്കരുടെ മകന്‍ ജനാര്‍ദ്ദനന്‍റെ സഹായത്തോടെയാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്.

‘മോഹിനിയാട്ടത്തിന്‍റെ പദങ്ങള്‍ക്കും ഭാവചലനങ്ങള്‍ക്കും വേഗത കുറവായതിനാല്‍ പലര്‍ക്കും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് എന്നുള്ള ഒരു പ്രശ്നം ഉണ്ടെന്നു പലരും പറയാറുണ്ട്. ആ പരാതി മാറ്റണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ് മോഹിനിയാട്ടം തന്നെ പുതിയ രീതികളില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. അങ്ങനെയാണ്  ഓരോ നാട്ടിലെയും തനതുകാവ്യരൂപങ്ങള്‍ കൂടി സന്നിവേശിപ്പിച്ചിട്ടുള്ള രീതി. കര്‍ണ്ണാടകയില്‍ അവിടത്തെ കവിതകള്‍, വടക്കേ ഇന്ത്യയില്‍ നടത്തുന്ന പ്രോഗ്രാമുകളില്‍ മീരാ ഭജന്‍സ് പോലെയുള്ളവ ഉപയോഗിക്കും, ഇടയ്ക്ക് കര്‍ണ്ണാട്ടിക് സംഗീതം വാദ്യോപകരണങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള ഒരു രൂപവും പരീക്ഷിച്ചിരുന്നു. നല്ല പ്രതികരണമാണ് ചെയ്തയിടങ്ങളില്‍ നിന്നും ലഭിച്ചത്. യുഎസില്‍ ഒരു പ്രോഗ്രാം ചെയ്തിരുന്നു. അവര്‍ ആദ്യമായാണ് മോഹിനിയാട്ടം കാണുന്നത്. എന്നാല്‍ ഷോ കഴിഞ്ഞപ്പോള്‍ കിട്ടിയ അവരുടെ പ്രതികരണം
ശരിക്കും സന്തോഷിപ്പിച്ചു. കലാരൂപം ആദ്യമായി കാണുകയാണെങ്കിലും അവര്‍ മനസ്സറിഞ്ഞ് ആസ്വദിച്ചു’, രേഖ പറയുന്നു.  

മോഹിനിയാട്ടത്തില്‍ പരീക്ഷണങ്ങള്‍ ഏറെ നടത്താറുണ്ടെങ്കിലും പരമ്പരാഗത രീതിയ്ക്കു മാറ്റം വരുത്തില്ലെന്ന നിര്‍ബന്ധം കൂടി രേഖയ്ക്കുണ്ട്. പലരും സമകാലിക ഫോം ഉപയോഗിക്കുമ്പോള്‍ താന്‍ എന്താണ് അതിലുറച്ചു നില്‍ക്കുന്നത് എന്നതിന് വ്യക്തമായ കാരണമുണ്ട് അവര്‍ക്ക്.

സമകാലിക കലയുടെ ഫോം മാറിക്കൊണ്ടേയിരിക്കും. സ്റ്റാറ്റിക്ക് ആയ ഒരു ഫോം അതിനുണ്ടാവില്ല. എന്നാല്‍ പരമ്പരാഗത രീതി എന്നും അതേ രീതിയില്‍ നിലനില്‍ക്കും കലര്‍പ്പില്ലാതെ.’

ഇതു മാത്രമല്ല രേഖ. ബാംഗ്ലൂരിലെ വീടിനോടു ചേര്‍ന്ന് നൃത്ത്യധാമ എന്നു പേരുള്ള ഒരു ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ട് ഇവര്‍ . ഇതിനൊരു പ്രത്യേകതയുണ്ട്, ഇവിടെയുള്ള കുട്ടികളില്‍ പകുതി പേരും സൗജന്യമായാണ് നൃത്തം പഠിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അതേ സമയം കലയോട് ആഭിമുഖ്യമുള്ള കുട്ടികള്‍ക്ക്  ഇവിടെ പണക്കിഴിയുടെ കനം കാട്ടാതെ തന്നെ നൃത്തം അഭ്യസിക്കാനാകും. 11 വര്‍ഷമായി രേഖ ഇത് തുടങ്ങിയിട്ട്. കൂടാതെ എച്ച്ഐവി ബാധിതരായ കുട്ടികള്‍ക്കു വേണ്ടിയുള്ള ഫ്രീഡം ഫൌണ്ടേഷനുമായി ബന്ധപ്പെട്ടും ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കായി ധനശേഖരണാര്‍ത്ഥം നിരവധി പ്രോഗ്രാമുകള്‍ രേഖ ചെയ്തിട്ടുണ്ട്.

കലയുടെ ലോകവും സമൂഹ്യസേവനത്തിന്റെ പാതയും ഒരുമിച്ചു കൊണ്ടുപോകുന്നത് തനിക്കു ചെറുപ്പത്തില്‍ മാതാപിതാക്കളില്‍ നിന്നും പഠിച്ച സ്കൂളില്‍ നിന്നും ലഭിച്ച പ്രചോദനത്തിന്‍റെ കരുത്തിലാണ് എന്ന് രേഖ പറയുന്നു.



‘അച്ഛന്‍ എല്ലാവരെയും സഹായിക്കുന്ന കൂട്ടത്തിലായിരുന്നു, സ്കൂളില്‍ പഠിക്കുന്ന കാലത്ത് മോറല്‍ സയന്‍സ് പഠിക്കാനുണ്ടായിരുന്നു. അതിന്‍റെ ഭാഗമായി സ്പെഷ്യല്‍ സ്കൂളുകള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ പോയി അവരുമായി ഇടപഴകിയിട്ടുണ്ട്. ആ ശീലം ഇപ്പോഴും പോയിട്ടില്ല. അര്‍ഹരായ കുട്ടികള്‍ക്ക് സൌജന്യമായി നൃത്തവിദ്യാഭ്യാസം നല്‍കാനുള്ള തീരുമാനത്തിനു പിന്നില്‍ വേറൊന്നാണ്‌. കുട്ടിക്കാലത്ത് അച്ഛന്റെ ബിസിനസ് നഷ്ടത്തിലായപ്പോള്‍ ഡാന്‍സ് പഠിച്ചുകൊണ്ടിരുന്ന ടീച്ചറിന് കൊടുക്കാന്‍ ഫീസ്‌ ഇല്ലാതെ വന്നു. അങ്ങനെ ഒരു അഞ്ചു വര്‍ഷം എനിക്ക് നഷ്ടമായി. അതു വേറെയാര്‍ക്കും സംഭവിക്കരുതെന്നുണ്ട്,’
രേഖ ഓര്‍ക്കുന്നു.

കലയെ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി മാത്രം കാണുന്നതിനോട് തനിക്കെതിര്‍പ്പാണെന്ന് രേഖ പറയുന്നു. പഠിച്ചിറങ്ങി ഉടന്‍ തന്നെ ഡാന്‍സ് സ്കൂളുകളും മറ്റും തുറക്കുന്നതിനോട് തനിക്കു യോജിപ്പില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

‘ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട് സ്വായത്തമാക്കാവുന്ന ഒന്നല്ല കല, അത് ഏതു രൂപമായാലും. ചിലര്‍ അത് പരിശീലനം കൊണ്ട് നേടിയെടുക്കും, മറ്റു ചിലര്‍ക്ക് ജന്മനാ അവരുടെ ഉള്ളില്‍ തന്നെയുണ്ടാവും. ഇന്‍ബോണ്‍ ടാലന്റ് ഉള്ളവര്‍ക്ക് മാത്രമാണ് നന്നായി ചെയ്യാന്‍ കഴിയുക എന്നു പറയ്യാന്‍ പറ്റില്ല. കാരണം നന്നായി പരിശീലനം സിദ്ധിച്ച ഒരാള്‍ക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയും, അത് ഏതു മേഖലയായാലും’
രേഖ പറയുന്നു.  

ലിംക ബുക്കില്‍ ഇടം പിടിച്ച നൃത്തോത്സവത്തിലും രേഖ പങ്കെടുത്തിട്ടുണ്ട്. 1000 നര്‍ത്തകര്‍ ഒരേ സമയം ഒരേ താളത്തില്‍ ചുവടു വച്ച തഞ്ചാവൂര്‍ ഡാന്‍സ് ഫെസ്റ്റിവലിലും ഇവര്‍ ഭാഗഭാക്കായിരുന്നു. ലോകമാകെ നിന്ന് തിരഞ്ഞെടുത്ത ആയിരം നര്‍ത്തകരാണ് അതില്‍ പങ്കെടുത്തത്. രണ്ടു മാസം പരിശീലനം നടത്തിയാണ് താന്‍ അന്ന് തഞ്ചാവൂര്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുത്തത് എന്ന് രേഖ പറയുന്നു.

ചുവടുകളുടെ ലോകത്ത് സജീവമായിരുന്നപ്പോഴും തന്‍റെ വിദ്യാഭ്യാസത്തിനു കോട്ടം തട്ടാന്‍ രേഖ അനുവദിച്ചിരുന്നില്ല. പ്ലസ്‌ ടു കഴിഞ്ഞ് സിഎ ഇന്റര്‍മീഡിയറ്റ്. പിന്നെ അക്കൌണ്ട്സ് ആന്‍ഡ്‌ എച്ച് ആറില്‍ എംബിഎയും. മാനേജ്മെന്റ് ആന്‍ഡ്‌ ഡാന്‍സ് എന്ന വിഷയത്തില്‍ ഒരു പ്രബന്ധം രേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ജര്‍മ്മന്‍ സര്‍വ്വകലാശാലയുടെ അംഗീകാരവും ലഭിച്ചു. സ്റ്റേജില്‍ മാത്രം ഒതുങ്ങി നില്ക്കാന്‍ ഈ നര്‍ത്തകി തയ്യാറല്ല. ഡാന്‍സ് സ്കൂളിനു പുറമേ ബാംഗ്ലൂര്‍ തമിഴ് സംഘത്തില്‍ അസിസ്റ്റന്‍റ് ഡാന്‍സ് ടീച്ചര്‍, വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ മാനെജ്മെന്റ് ആന്‍ഡ്‌ ഇന്ത്യന്‍ സ്റ്റഡീസ് എന്ന വിദ്യാഭ്യാസസ്ഥാപനത്തിലെ ഗസ്റ്റ് ലക്ചറര്‍ കൂടിയാണ് രേഖാ രാജു.കൂടാതെ ദൂരദര്‍ശന്‍ എ ഗ്രേഡ്  ആര്‍ട്ടിസ്റ്റ്, മോഹിനിയാട്ടം എക്സ്പെര്‍ട്ട് കമ്മറ്റി എന്നിങ്ങനെ ഇവര്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ അനവധി. സിനിമയില്‍ നിന്നും അവസരങ്ങള്‍ പോലും രേഖയെ തേടി വന്നു. നൃത്തത്തെ കൈവിടാന്‍ ഒരുക്കമല്ലാത്തതിനാല്‍ അവര്‍ സിനിമാ മേഖല വേണ്ടെന്നു വച്ചു.

ബഹുമതികള്‍ ഏറെ ലഭിക്കുമ്പോള്‍ വ്യക്തിത്വത്തില്‍ തന്നെ മാറ്റം വരുന്നവരുടെ ലോകത്താണ് നാം ജീവിക്കുന്നത്. പക്ഷേ ഈ നര്‍ത്തകി അതില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. മറ്റുള്ളവര്‍ക്ക് കൂടി മാതൃകയായി.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍