UPDATES

1850 തടവുകാരുടെ മോചനം: സംശയങ്ങള്‍ ദുരീകരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്

ടി പി കേസ് പ്രതികളായ കൊടി സുനിയും കുഞ്ഞനന്തനുമൊക്കെ പട്ടികയിലുണ്ടെന്നാണ് മാധ്യമങ്ങള്‍ ആരോപിക്കുന്നത്

സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് 1850 തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ആ പട്ടിക മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന സംശയത്തില്‍ ഗവര്‍ണര്‍ ഒപ്പിടാതെ തിരിച്ചയയ്ക്കുകയും ചെയ്തിരിക്കുന്നു. ഇതിന് പിന്നാലെയാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായുള്ള ആരോപണം ഉയര്‍ന്നത്. തടവുകാരെ മോചിപ്പിക്കുന്നത് ഒരു സ്വാഭാവിക നടപടിയാണ്. എല്ലാ കാലത്തും സര്‍ക്കാരുകള്‍ ചെയ്യുന്ന കാര്യവുമാണ്. 2262 തടവുകാരെ മോചിപ്പിക്കാനാണ് ജയില്‍ വകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. ഇതിലാണ് 1850 പേരുടെ മോചനം അംഗീകരിക്കപ്പെട്ടത്. ശിക്ഷാകാലാവധിയില്‍ തടവുകാരുടെ പെരുമാറ്റം കണക്കിലെടുത്തുള്ള ഇളവുകളാണ് നല്‍കുന്നത്. ഈ പറഞ്ഞ 1850 പേരെ ഒറ്റയടിക്ക് മോചിപ്പിക്കുകയല്ല ചെയ്യുന്നതെന്നും വിവിധ ഘട്ടങ്ങളിലായാണ് ഇവരെ വിട്ടയ്ക്കുന്നതെന്നും അധികൃതര്‍ വിശദീകരണം നല്‍കുന്നുണ്ട്. ഓരോ കേസും പ്രത്യേകം പരിഗണിച്ച് അത് പരിശോധിച്ച് വേണം മോചനം സംബന്ധിച്ച തീരുമാനമെടുക്കാനെന്ന് സു്പ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കപ്പെട്ടു എന്നാണ് പരാതി.

അതേസമയം ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊടിസുനി അടക്കമുള്ള ക്രിമിനലുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവരുടെ ആയുധമായി പ്രവര്‍ത്തിച്ച ക്വട്ടേഷന്‍ സംഘമെന്നാണ് ഇവരെ കോടതി വിശേഷിപ്പച്ചത്. എന്നാല്‍ ഇവരെ രാഷ്ട്രീയാക്രമണ കേസ് പ്രതികളെന്ന് പറഞ്ഞ് ശിക്ഷാ ഇളവ് നല്‍കാനാണ് സര്‍ക്കാരിന്‍റെ നീക്കമെന്നാണ് ആരോപണം. ടിപി ഗൂഢാലോചനയില്‍ പങ്കാളികളെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ച പികെ കുഞ്ഞനന്ദന്‍, കെസി രാമചന്ദ്രന്‍ തുടങ്ങിയവും പട്ടികയിലുണ്ടെന്ന് പറയുന്നുണ്ട്. ജയില്‍ വകുപ്പില്‍ നിന്ന് ഇത് നിഷേധിച്ചുകൊണ്ടുള്ള പ്രതികരണമൊന്നും വന്നിട്ടില്ല. ഇത് സംശയങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇട നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ വസ്തുതകള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. മാദ്ധ്യമങ്ങളുടെ ആരോപണം ശരിയാണോ എന്ന് പരിശോധിക്കാന്‍ ആരൊക്കെയാണ് മോചിപ്പിക്കുന്ന ഈ ലിസ്റ്റില്‍ ഉള്ളത് എന്നറിയേണ്ടതുണ്ട്. പ്രതികളെ മോചിപിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുടെ ഏതൊക്കെ തരത്തിലുള്ള പ്രതികളെ മോചിപ്പിക്കാന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്.

1.കൊലപാതകം തൊഴിലാക്കിയവര്‍ / വാടകക്കൊലയാളികള്‍

2.മത, സമുദായ, ജാതീയ കാരണങ്ങളാല്‍ കൊലപാതകം നടത്തിയവര്‍, രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിച്ചിരിക്കുന്നവര്‍

3.കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊല നടത്തിയവര്‍,

ജയില്‍ ഉദ്യോഗസ്ഥര്‍, ജയില്‍ സന്ദര്‍ശകര്‍, ഡ്യൂട്ടി നിര്‍വഹണത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ കൊലപ്പെടുത്തിയവര്‍

4.ലൈംഗികാതിക്രമങ്ങളെ തുടര്‍ന്ന് സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തിയവര്‍, കരുതിക്കൂട്ടി സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തിയവര്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവരെ കൊലപ്പെടുത്തിയവര്‍

5.മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍

6.അന്യസംസ്ഥാന കോടതികള്‍ ശിക്ഷിച്ചവര്‍, വിദേശികളായ തടവുകാര്‍

മുകളില്‍ പറഞ്ഞ തരത്തിലുള്ള ഏതെങ്കിലും വ്യക്തിക്ക് ശിക്ഷാ ഇളവുകള്‍ നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഈ മാനദണ്ഡം വച്ച് നോക്കിയാല്‍ കൊടി സുനി അടക്കമുള്ള ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ കഴിയില്ല. എന്നാല്‍ ഇത് സംബന്ധിച്ച് വസ്തുതകള്‍ അന്വേഷിക്കാതെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഉചിതമായിരിക്കില്ല.

ഒരുമിച്ച് ഇത്രയധികം തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ച സര്‍ക്കാരിന്റെ നടപടിയാണ് സംശയങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇട നല്‍കുന്നത്. ഏതായാലും പരിശോധിക്കപ്പെടേണ്ട മറ്റൊരു കാര്യമുണ്ട്. ദീര്‍ഘകാലമായി ശിക്ഷ അനുഭവിച്ചിട്ടും ജയിലില്‍ എന്തെങ്കിലും പെരുമാറ്റ പ്രശ്‌നം ഇല്ലാതിരുന്നിട്ടും മോചനം സാദ്ധ്യമാകാതെ മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്ന തടവുകാര്‍ സംസ്ഥാനത്തുണ്ട്. അവരുടെ പേരുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ അതോ ഒഴിവാക്കപ്പെട്ടോ എന്ന കാര്യവും അറിയേണ്ടതുണ്ട്. അതേസമയം ടിപി കേസിലെ പ്രതികള്‍ അടക്കമുള്ള കൊടുംകുറ്റവാളികളെ ഇതാ സര്‍ക്കാര്‍ മോചിപ്പിക്കുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി മോചനം അര്‍ഹിക്കുന്ന തടവുകാരുടെ കാര്യം കൂടി അവതാളത്തിലാക്കാതിരിക്കാനുള്ള ഉത്തരവാദിത്തം മാദ്ധ്യമങ്ങള്‍ക്കുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍