UPDATES

കൊടി സുനിക്കും നിസാമിനും ഓംപ്രകാശിനുമൊക്കെ ഇളവ് ലഭിക്കുന്ന ആ നിയമം ഏതാണ് സര്‍ക്കാരേ?

ഗുരുതരമായ നിയമലംഘനവും സുപ്രീംകോടതിയുടെ മാനദണ്ഡങ്ങളുടെ ലംഘനവുമാണ് ശിക്ഷാ ഇളവിനുള്ള ഈ പട്ടിക.

സംസ്ഥാന സര്‍ക്കാര്‍ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ വകുപ്പ് തയ്യാറാക്കിയ തടവുകാരുടെ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളും ഉള്‍പ്പെട്ടിട്ടുള്ളതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ടിപി വധക്കേസ് പ്രതികളായ കൊടിസുനി, മുഹമ്മദ് ഷാഫി, പികെ കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍, സിജിത്ത്, ട്രൗസര്‍ മനോജ് തുടങ്ങിയ 11 പേര്‍ പട്ടികയിലുണ്ട്. ഇവരെ കൂടാതെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍, കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചന്‍, ഗുണ്ടാനേതാവ് ഓം പ്രകാശ് തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളില്‍ പെട്ടവരാണ് പട്ടികയിലുള്ളത്. വളരെ ഗുരുതരമായ നിയമലംഘനവും സുപ്രീംകോടതിയുടെ മാനദണ്ഡങ്ങളുടെ ലംഘനവുമാണ് ശിക്ഷാ ഇളവിനുള്ള ഈ പട്ടിക.

പ്രതികകള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്; ഏതൊക്കെ തരത്തിലുള്ള പ്രതികളെ ശിക്ഷാ കാലാവധി അവസാനിക്കാതെ മോചിപ്പിക്കാന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്.

1. കൊലപാതകം തൊഴിലാക്കിയവര്‍ / വാടകക്കൊലയാളികള്‍

2. മത, സമുദായ, ജാതീയ കാരണങ്ങളാല്‍ കൊലപാതകം നടത്തിയവര്‍, രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിച്ചിരിക്കുന്നവര്‍

3.കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊല നടത്തിയവര്‍, ജയില്‍ ഉദ്യോഗസ്ഥര്‍, ജയില്‍ സന്ദര്‍ശകര്‍, ഡ്യൂട്ടി നിര്‍വഹണത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ കൊലപ്പെടുത്തിയവര്‍

4. ലൈംഗികാതിക്രമങ്ങളെ തുടര്‍ന്ന് സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തിയവര്‍, കരുതിക്കൂട്ടി സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തിയവര്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവരെ കൊലപ്പെടുത്തിയവര്‍

5. മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍

6. അന്യസംസ്ഥാന കോടതികള്‍ ശിക്ഷിച്ചവര്‍, വിദേശികളായ തടവുകാര്‍

മുകളില്‍ പറഞ്ഞ തരത്തിലുള്ള ഏതെങ്കിലും വ്യക്തിക്ക് ശിക്ഷാ ഇളവുകള്‍ നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഈ മാനദണ്ഡം വച്ച് നോക്കിയാല്‍ കൊടി സുനി അടക്കമുള്ള ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ കഴിയില്ല.

സംസ്ഥാനത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത്. 2262 തടവുകാരുടെ പട്ടികയാണ് ജയില്‍ വകുപ്പ് സര്‍ക്കാരിന് കൈമാറിയത്. ഇത് പരിശോധിച്ച് 1850 ആക്കി വെട്ടിക്കുറച്ചാണ് ഗവര്‍ണര്‍ക്ക് കൈമാറിയതും. എന്നാല്‍ ശിക്ഷാ ഇളവിനായി സമര്‍പ്പിച്ച പട്ടിക സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കുന്നതല്ലെന്ന സംശയത്തില്‍ ഗവര്‍ണര്‍ പട്ടിക അംഗീകരിക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. ഇക്കാര്യം വിവാദമായപ്പോഴും വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഒരാള്‍ പോലും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയപ്പോഴും സംശയങ്ങള്‍ അങ്ങനെ തന്നെ നില്‍ക്കുന്നത്. ഈ സംശയങ്ങള്‍ ബലപ്പെടുത്തുന്ന തരത്തിലാണ് ഇപ്പോള്‍ വിവരാവകാശ രേഖ പുറത്ത് വന്നിരിക്കുന്നത്.

ഗവര്‍ണര്‍ക്ക് കൈമാറിയ പട്ടികയില്‍ ടിപി വധക്കേസ് പ്രതികളടക്കമുള്ള കൊടും കുറ്റവാളികളുണ്ടോ അതോ ഈ പേരുകള്‍ വെട്ടിക്കുറച്ചുള്ള പട്ടികയാണോ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയത് എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ട്. ഇതില്‍ ഏതാണ് ശരിയെങ്കിലും ഗുരുതരമായ് തെറ്റ് തന്നെയാണ്. 2262 തടവുകാരുടെ പട്ടികയില്‍ മുകളില്‍ പറയുന്ന പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ജയില്‍ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഗുരുതരമായ നിയമലംഘനമാണ്. 14 വര്‍ഷം പൂര്‍ത്തിയാകാത്ത സ്ഥിതിക്ക് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ടിപി കേസ് പ്രതികള്‍ക്ക് എങ്ങനെ ശിക്ഷാ ഇളവ് നല്‍കാനാവും എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചത്. ശിക്ഷാ ഇളവിനായുള്ള പട്ടികയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തനിക്കിപ്പോള്‍ പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

രാഷ്ട്രീയാക്രമണ കേസ് എന്ന് തരത്തില്‍ ടിപി വധക്കേസിനെ വ്യാഖ്യാനിച്ചുള്ള വളച്ചൊടിക്കലുകള്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനായി വരുത്തിയതായി ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനും വിശദീകരണം നല്‍കാനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. അതില്‍ നിന്ന് ഒളിച്ചോടാന്‍ അദ്ദേഹത്തിനാവില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍