UPDATES

ഒഎന്‍ജിസിയുടെ പ്രകൃതിവാതകം ഊറ്റിയതിന് റിലയന്‍സിന് 10,000 കോടി പിഴ; ശരിയല്ലെന്ന് റിലയന്‍സ്

അഴിമുഖം പ്രതിനിധി

പൊതുമേഖല എണ്ണ ഉത്പാദക കമ്പനിയായ ഒഎന്‍ജിസിയുടെ പ്രകൃതി വാതകം  ഊറ്റിയതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 10311.76 കോടി രൂപ പിഴ. റിലയന്‍സില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകൃതിവാതക തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് എപി ഷാ കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2009 ഏപ്രില്‍ ഒന്നിനും 2015 മാര്‍ച്ച് 31നും ഇടയിലാണ്  ഒഎന്‍ജിസിക്ക് അവകാശപ്പെട്ട വാതകപ്പാടത്തുനിന്ന് റിലയന്‍സ് വാതകം ഊറ്റിയത്. എന്നാല്‍ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് റിലയന്‍സ് പ്രതികരിച്ചു. നോട്ടീസിന് മറുപടി നല്‍കാന്‍ റിലയന്‍സിന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 

 

ഒ.എൻ.ജി.സിയുടെ പ്രകൃതിവാതക പാടത്തിനോട് ചേര്‍ന്നുള്ള സ്വന്തം സ്രോതസ് ഉപയോഗിച്ച്‌ റിലയന്‍സ് 1100 കോടി ക്യൂബിക് മീറ്റര്‍ വാതകം ഊറ്റിയെടുത്തെന്നായിരുന്നു ജസ്റ്റിസ് എപി ഷാ കമ്മിറ്റിയുടെ കണ്ടെത്തല്‍. ഒഎന്‍ജിസിയും റിലയന്‍സും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഷാ കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചത്. 

 

ആന്ധ്ര തീരത്ത് കൃഷ്ണ – ഗോദാവരി നദീ തടങ്ങളില്‍ അരലക്ഷം ചതുരശ്ര കിലോമീറ്റര്‍  വിസ്തൃതിയിലുള്ള കൃഷ്ണ–ഗോദാവരി എണ്ണപ്പാടം ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിവാതക ബ്ളോക്കാണ്. കൃഷ്ണ–ഗോദാവരിയില്‍ റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള ഡി–6 ബ്ളോക്കിനോട് ചേര്‍ന്ന് കിടക്കുന്ന ഒഎന്‍ജിസിയുടെ ഡി1, ഡി3 ബ്ളോക്കുകളില്‍നിന്ന് വാതകം ഊറ്റിയെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഖനനം നടത്തിയത് എന്നു റിലയന്‍സ് പ്രതികരിച്ചു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍