UPDATES

സയന്‍സ്/ടെക്നോളജി

റിലയന്‍സ് ജിയോ: എണ്ണ ഖനനത്തില്‍ നിന്ന്‍ ഡേറ്റാ ഖനനത്തിലേക്ക്

Avatar

അഴിമുഖം പ്രതിനിധി

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈയിടെ നടത്തിയിട്ടുള്ള ഏറ്റെടുക്കലുകളും വിവിധ വ്യവസായ മേഖലകളിലേക്കുള്ള കടന്നു വരവുമെല്ലാം എടുത്തു നോക്കുമ്പോള്‍ കമ്പനി ഇതിനകം തന്നെ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒരു ആഗോള ഭീമനായി മാറിയിട്ടുണ്ട് എന്നു കാണാം. ഊര്‍ജ്ജ മേഖലയില്‍ നിന്നു തുടങ്ങി പെട്രോകെമിക്കല്‍സ്, ടെക്‌സ്റ്റൈല്‍സ്, പ്രകൃതി വിഭവങ്ങള്‍, ചില്ലറ വില്‍പ്പന, ബയോടെക്‌നോളജി, ലോജിസ്റ്റിക്‌സ്, സൗരോര്‍ജ്ജം, മാധ്യമം, ഇന്‍ഫ്രസ്ട്രക്ചര്‍ മേഖലയില്‍ വരെ കമ്പനിക്ക് നിര്‍ണ്ണായക സാന്നിധ്യമുണ്ട്.

നേരത്തെ ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന റിലയന്‍സ് ജിയോയുമായി കമ്പനി 4ജി ബ്രോഡ്ബാന്‍ഡ് സേവന മേഖലയിലേക്കിറങ്ങുകയാണ്. ഏറെ കൊട്ടിഘോഷിക്കുന്ന ജിയോ പദ്ധതി ഒരു ഡിജിറ്റല്‍ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള അംബാനിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ തുടക്കമാകുമെന്ന് ചിലര്‍ പറയുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ എന്ത് കഴിക്കുന്നു, എങ്ങനെ ഷോപ്പിംഗ് നടത്തുന്നു തുടങ്ങി രാജ്യത്തെ വമ്പന്‍ ഡാറ്റാ ശേഖരം റിലയന്‍സിന് വളരെ വേഗത്തില്‍ ഒരു നിയന്ത്രണങ്ങളുമില്ലാതെ ലഭ്യമാകും.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധിരുഭായ് അംബാനിയുടെ 83-ാം ജന്മവാര്‍ഷിക ദിനമായ 2015 ഡിസംബര്‍ 27-നാണ് ജിയോ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനി ജീവനക്കാര്‍ക്കു മാത്രമായി അവതരിപ്പിച്ചത്. ജിയോ ബ്രാന്‍ഡ് അംബാസറായ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അടക്കം നിരവധി ബോളിവുഡ് സെലിബ്രിറ്റികളും 35,000-ലേറെ വരുന്ന റിലയന്‍സ് ജീവനക്കാരും, ഇവരില്‍ പലരും വിവിധ രാജ്യങ്ങളിലായി ആയിരം സ്ഥലങ്ങളില്‍ നിന്ന് വെര്‍ച്വലി കണക്ടഡ് ആയി നവി മുംബൈയിലെ റിലയന്‍സ് കോര്‍പറേറ്റ് പാര്‍ക്കില്‍ നടന്ന പരിപാടിക്ക് സാക്ഷിയായി. ജിയോയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള അവതരണം ഈ വര്‍ഷം തന്നെ ഉണ്ടാകും.

രണ്ടര ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ രാജ്യത്തുടനീളം ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ശൃംഖല കമ്പനിക്കുണ്ട്. ഇതിനു പുറമെ കൂടുതല്‍ വ്യാപകമായ കണക്ടിവിറ്റിക്കു വേണ്ടി പ്രാദേശിക കേബിള്‍ ഓപറേറ്റര്‍മാരുമായും സഹകരണമുണ്ടാക്കും. മള്‍ട്ടി സര്‍വീസ് ഓപറേറ്റര്‍ (എംഎസ്ഒ) ലൈസന്‍സുള്ള ജിയോ ടിവി ചാനല്‍ വിതരണക്കാരായും പ്രവര്‍ത്തിക്കും. ഓണ്‍ ഡിമാന്‍ഡ് ടെലിവിഷന്‍ സേവനം തങ്ങളുടെ നെറ്റ്‌വര്‍ക്കിലൂടെ നല്‍കാന്‍ ജിയോക്കു കഴിയും. 800 മെഗാഹെറ്റ്സ്, 1800 മെഗാഹെറ്റ്സ് സ്‌പെക്ട്രങ്ങളാണ് യഥാക്രമം 10, ആറ് സര്‍ക്കിളുകളിലായി ജിയോയ്ക്കു സ്വന്തമായുള്ളത്. രാജ്യത്തെ 22 സര്‍ക്കിളുകളില്‍ 16 എണ്ണത്തിലും സാന്നിധ്യമുള്ളതിനു പുറമെ കമ്പനിക്ക് ഇന്ത്യയിലുടനീളം ലൈസന്‍സുള്ള 2300 മെഗാഹെറ്റ്സ് സ്‌പെക്ട്രവുമുണ്ട്. സ്‌പെക്ട്രത്തിന്റെ ലൈസന്‍സ് കാലാവധി 2035 വരെയുണ്ട്. ഡിജിറ്റല്‍ സേവന രംഗത്തേക്കിറങ്ങുന്നതിനു മുമ്പു തന്നെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ, സഹോദരനായ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി സ്‌പെക്ട്രം വീതംവയ്ക്കല്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഏഴ് സര്‍ക്കിളിലുകളിലാണ് ഇരു കമ്പനികളും 800 മെഗാഹെറ്റ്സ് സ്‌പെക്ട്രം പങ്കിടുക.

ഡിജിറ്റലാകുന്ന അംബാനി സാമ്രാജ്യം
തുറന്ന ഓഫീസ് സങ്കല്‍പത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച വിശാലമായ ജിയോ ആസ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി എത്തുന്നത് ഷോട്ട് സ്ലീവ് വസ്ത്രമണിഞ്ഞാണ്. തന്റെ സര്‍വീസിലേക്ക് പുതിയ ഓരോ വരിക്കാരനേയും ലോഗ് ഇന്‍ ചെയ്യിക്കുന്ന ഒരു ഡിജിറ്റല്‍ ട്രാക്കറിനു കീഴിലാണ് അദ്ദേഹം നില്‍ക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ, ഏറ്റവും ലാഭകരമായ കമ്പനി മേധാവിയായ അദ്ദേഹം 20 ശതകോടി ഡോളറിന്റെ ഒരു രാജ്യവ്യാപക ഡിജിറ്റല്‍ സാമ്രാജ്യം കെട്ടിപ്പടുക്കാനൊരുങ്ങുകയാണ്. ഫോണുകളും ഹാര്‍ഡ് വെയറും തൊട്ട് വിനോദവും കസ്റ്റം മെയ്ഡ് ആപ്പ്‌സും വരെ ഉള്‍പ്പെടുന്ന വിശാല സാമ്രാജ്യം.

ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയിലുടനീളം നല്‍കുന്ന ബൃഹത്തായ ഒരു സേവനദാതാവായി റിലയന്‍സിനെ മാറ്റാന്‍ ജിയോ പദ്ധതിക്കാകും. ‘റിലയന്‍സിനെ സംബന്ധിച്ചിടത്തോളം ഡാറ്റയാണ് പുതിയ എണ്ണ, ഇന്റലിജന്റ് ഡാറ്റ പുതിയ പെട്രോളും,’ മാര്‍ച്ചില്‍ മുകേഷ് പറഞ്ഞതാണിത്. ജിയോയെ കുറിച്ച് വളരെ കുറച്ചു മാത്രമെ റിലയന്‍സ് പരസ്യമായി പറഞ്ഞിട്ടുള്ളൂ. ഓണ്‍ലൈന്‍ സ്വകാര്യത ഇനിയും വലിയ കാര്യമാക്കി എടുക്കാത്ത ഉപഭോക്താക്കളുള്ള ഒരു രാജ്യത്തെ വന്‍തോതിലുള്ള ഡാറ്റാ മൈനിങ് അവസരങ്ങളെ കുറിച്ച് കാര്യമായൊന്നും കമ്പനി പരസ്യമായി പറഞ്ഞിട്ടില്ല. എന്നാല്‍ ഉന്നത എക്‌സിക്യുട്ടീവുകള്‍ക്ക് ഈ അവസരങ്ങളെ കുറിച്ച് വ്യക്തമായി അറിയാം.

‘ഡീപ് പാക്കറ്റ് ഇന്‍സ്‌പെക്ഷന്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതിന്റെ അനലിറ്റിക്‌സ് ഉപയോഗിച്ച് എന്തൊക്കെ ചെയ്യാനാകുമെന്നത് നാം ചിന്തിക്കുന്നതിലും അപ്പുറത്താണ്,’ ഒരു മുതിര്‍ന്ന റിലയന്‍സ് ഉദ്യോഗസ്ഥന്‍ പറയുന്നു. ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പാകത്തില്‍ കമ്പ്യൂട്ടറുകള്‍ സൃഷ്ടിക്കുന്ന ഡാറ്റ പാക്കറ്റുകളെ ചികഞ്ഞ് പരിശോധിക്കുന്ന രീതിയെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. റിലയന്‍സിന്റെ ലാഭക്കണക്കിലേക്ക് ജിയോ സമീപകാലത്തൊന്നും ഒന്നും സംഭാവന ചെയ്യാന്‍ പോകുന്നില്ല. എന്നാല്‍ കമ്പനിയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ജിയോയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഉപഭോക്തൃ മേഖലകളില്‍ റിലയന്‍സിന് മുമ്പ് പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. എങ്കിലും റിലയന്‍സിന് ഒരു പുത്തന്‍ ഭാവം നല്‍കാന്‍ മുകേഷ് അംബാനിയെ സഹായിക്കുന്ന ഒരു അവസരമായാണ് ജിയോ കണക്കാക്കപ്പെടുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം അതിവേഗം വളരുകയും ഓണ്‍ലൈന്‍ വിനോദ രംഗവും മൊബൈല്‍ പേമന്റ് സേവനങ്ങളും സാധാരണമാകുകയും ചെയ്ത ഇന്ത്യയ്ക്ക് ഒരു നാഴികകല്ലാകുന്ന അവസരമാണ് ജിയോ. ഇനിയും വാണിജ്യാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിട്ടില്ലാത്ത ജിയോ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഡാറ്റാ സേവനമെന്ന പ്രതീക്ഷകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. മൂന്ന് മാസത്തെ പരിധികളില്ലാത്ത ഡാറ്റാ നല്‍കുന്ന സൗജന്യ ജിയോ കണക്ഷനുകള്‍ സ്വന്തമാക്കാന്‍ രാജ്യത്ത് പലടയിടത്തും നീണ്ട വരിയാണ്. ഇത് എതിരാളികളേയും ചൊടിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വയര്‍ലെസ് സേവനദാതാവായ ഭാരതി എയര്‍ടെല്‍ ഈ ആഴ്ച തങ്ങളുടെ 3ജി/4ജി ഡാറ്റ താരിഫ് 40 ശതമാനത്തിലേറെയാണ് കുറച്ചത്. ഒരു മാസം മുമ്പ് ഇവ പകുതിയായും കുറച്ചിരുന്നു.

വാനോളമുയര്‍ന്ന പ്രതീക്ഷകള്‍
എന്നാല്‍ ജിയോ ലക്ഷ്യമിട്ടതിലും പിന്നിലാണെന്നും ബജറ്റ് കവിഞ്ഞെന്നും പല മുന്‍ ജീവനക്കാരും പറയുന്നു. 15 ശതകോടി ഡോളര്‍ മുതല്‍ മുടക്കില്‍ 2014 അവസാനത്തോടെ അവതരിപ്പിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. വാണിജ്യ മന്ത്രാലയത്തില്‍ കമ്പനി സമര്‍പ്പിച്ച രേഖകള്‍ പറയുന്നത് ദീര്‍ഘകാല വായ്പ ഇനത്തില്‍ 32,500 കോടിയിലേറെ രൂപയും മറ്റു ബാധ്യതകളെല്ലാം ചേര്‍ന്ന് 58,000 കോടി രൂപയും ജിയോയ്ക്ക് മാര്‍ച്ച് വരെ ബാധ്യതയായുണ്ട് എന്നാണ്. ഇതിനു പുറമെയാണ് റിലയന്‍സ് 29,000 കോടി ജിയോയ്ക്കു വേണ്ടി ചെലവഴിച്ചത്. ഇനിയും നിക്ഷേപമിറക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. എല്ലാം കൂടി ചേരുമ്പോള്‍ റിലയന്‍സിന്റെ മുഖ്യ വ്യവസായമായ എണ്ണശുദ്ധീകരണ, പെട്രോകെമിക്കല്‍ ബിസിനസിനു ചെലവഴിക്കുന്നതിലേറെ വരുമിത്.

റിലയന്‍സ് പറയുന്നത് എണ്ണ വ്യവസായത്തില്‍ നിന്ന് പണമുണ്ടാക്കുന്നുണ്ടെന്നും ജിയോയിലെ ഏതൊരു നിക്ഷേപവും വലുതായിരിക്കണമെന്നുമാണ്. 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും ഓണ്‍ലൈന്‍ അല്ല. എന്നിട്ടും ജിയോ ലക്ഷ്യമിടുന്നത് ഒരു വര്‍ഷത്തിനുള്ളില്‍ 10 കോടി ഉപഭോക്താക്കളെയാണ്. അതായത് ഇന്ത്യയിലെ നിലവിലെ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളുടെ പകുതിയോളം.

സ്വന്തമായി കോഡ് ചെയ്യാന്‍ പഠിച്ച മുകേഷ് അംബാനി തന്നെയാണ് 2000-ന്റെ തുടക്കത്തില്‍ റിലയന്‍സിന്റെ ശൈശവദശയിലുള്ള ടെലികോം വ്യവസായത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്. പിന്നീട് സഹോദരന്‍ അനില്‍ അംബാനിയുമായുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് കമ്പനി വിഭജിക്കുകയും പരസ്പര മത്സരം ഉണ്ടാവില്ലെന്ന കരാറുണ്ടാക്കുകയും ചെയ്തു. ഊര്‍ജ്ജ വ്യവസായം മുകേഷിനും ടെലികോം അനിലിനും വീതം വയ്ക്കപ്പെട്ടു. അതിനു മുമ്പെ തന്നെ മുകേഷ് റാന്‍കോര്‍ എന്ന പേരില്‍ സഹസ്ഥാപനം തുടങ്ങി ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ച് സ്വന്തമായി മൊബൈല്‍ ടെലിഫോണ്‍ സംവിധാനം ഉണ്ടാക്കിയെടുക്കാന്‍ തുടങ്ങിയിരുന്നു.

2010-ല്‍ മുകേഷിന്റെ റിലയന്‍സ് ഇന്‍സ്ട്രീസ്, ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡിനെ ഏറ്റെടുത്തു. രാജ്യവ്യാപകമായ സ്‌പെക്ട്രം ഇന്‍ഫോടെലിനു ലഭിച്ച ദിവസം തന്നെയായിരുന്നു കമ്പനിയെ ഏറ്റെടുക്കുകയും ചെയ്തത്. ഹൈ സ്പീഡ് 4ജി സേവനത്തിനുമപ്പുറം വാഗ്ദാനം ചെയ്യുന്ന കമ്പനിയാക്കി ഇതിനെ മാറ്റാനും തീരുമാനിച്ചു. പകരം വോയ്‌സ് കോളുകള്‍ പോലും ഡാറ്റയായി പരിഗണിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ഒരു മുഴു ഇന്റര്‍നെറ്റ് സേവനമാണ് ജിയോയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗുണനിലവാരം, വേഗത എന്നിവയുടെ കാര്യത്തില്‍ എതിരാളികളായി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവരെ പിന്നിലാക്കുന്നുവെന്നും ജിയോ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ‘കുറഞ്ഞ ചെലവിന്റെ കാര്യത്തില്‍ വളരെ കാര്യക്ഷമമാണ് ജിയോ ടെക്‌നോളജി. എന്നാല്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ മേഖല ഇനിയും മാറേണ്ടതുണ്ട്. ഇങ്ങനെ വരുമ്പോള്‍ ചുരുങ്ങിയത് അടുത്ത അഞ്ച് വര്‍ഷത്തേക്കെങ്കിലും ജിയോയ്ക്ക് പണമുണ്ടാക്കാനാകില്ല,’ ഫിലിപ് ക്യാപിറ്റലിലെ ഗവേഷണ വിഭാഗം സഹമേധാവി നവീന്‍ കുല്‍ക്കര്‍ണി പറയുന്നു.

റിലയന്‍സ് സിറ്റി
ജിയോയുടെ ഏറ്റവും വലിയ ക്യാമ്പസും ചില്ലുകെട്ടിടങ്ങളുടെ വിശാലമായ കൂട്ടങ്ങളും മനോഹരമായ പുല്‍ത്തകിടികളും മുംബൈയ്ക്ക് പുറത്തെ ജിയോയുടെ കൂറ്റന്‍ ലോഗോകളുമെല്ലാം മുകേഷ് അംബാനിയുടെ ലക്ഷ്യം സ്പഷ്ടമാക്കുന്നു. ഈ ക്യാമ്പസില്‍ ജിയോക്കു വേണ്ടി മാത്രം ജോലിചെയ്യുന്ന 15,000 പേരുണ്ട്. കൂടാതെ നൂറിലേറെ വരുന്ന കണ്‍സട്ടന്റുകളും സേവനദാതാക്കളും. ഇവിടെ വലിയ ഗസ്റ്റ് ഹൗസുകളും ഹോട്ടലുകളുമുണ്ട്.

ഇവിടെ ഒരു ഹാളില്‍ റിലയന്‍സ് ജിയോയുടെ എല്ലാ സേവനങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇ- പേമെന്റ് സംവിധാനവും മ്യുസിക് സ്ട്രീമിംഗ് ആപ്പും, മെസേജിംഗ് ആപ്പും അടക്കം കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ജിയോ സ്മാര്‍ട്‌ഫോണുകളും കണക്ടഡ് കാറുകളുമെല്ലാം ഇവിടെ പ്രദര്‍ശനത്തിനുണ്ട്. ‘ഇവയെല്ലാം പുറത്തിറങ്ങുന്നതോടെ ശക്തമായ ഒരിടം ഇവ കണ്ടെത്തും,’ സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറയുന്നു.

ക്യാമ്പസില്‍ ആഴ്ചയിലൊരു ദിവസം മുകേഷ് അംബാനി ഹെലികോപ്റ്ററില്‍ പറന്നെത്തുന്നു. ജിയോയുടെ സ്ട്രാറ്റജി തലവനായ മൂത്ത മകന്‍ ആകാശിന്റെയും ദീര്‍ഘകാല ഉപദേശകനായ മനോജ് മോദിയുടേയും ഡസ്‌കിനടുത്താണ് സീറ്റ്. വിശ്വസ്തരായ ജീവനക്കാരുടെ സ്വാധീനത്തിനൊരു തെളിവ്. ജിയോ ലോഗോയുടെ കണ്ണാടി പ്രതിബിംബം ഇംഗ്ലീഷില്‍ ഓയില്‍ എന്ന വാക്കായാണ് പ്രത്യക്ഷപ്പെടുക. റിലയന്‍സിന്റെ എണ്ണ ഖനനത്തില്‍ നിന്നും ഡാറ്റാ ഖനനത്തിലേക്കുള്ള പ്രയാണത്തെ മറ്റൊരു വിധത്തില്‍ പ്രതിഫലിപ്പിക്കുന്നതാണിതെന്ന് ഒരു കമ്പനി ജീവനക്കാരന്‍ പറയുന്നു.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍