UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരേന്ദ്ര മോദിയുടെ ചിത്രം പരസ്യങ്ങളില്‍; റിലയന്‍സും പേടിഎമ്മും മാപ്പ് പറഞ്ഞു

പ്രധാനമന്ത്രിയുടെ പേരും ചിത്രങ്ങളും വാണിജ്യലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് തടയുന്ന നിയമത്തിന്റെ ലംഘനം നടന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തങ്ങളുടെ പരസ്യങ്ങളില്‍ ഉപയോഗിച്ചതിന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും പേടിഎമ്മും വെള്ളിയാഴ്ച മാപ്പ് പറഞ്ഞു. അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഇരുകമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. ഇരു കമ്പനികള്‍ക്കും പിഴ ശിക്ഷ ലഭിക്കുമെന്നാണ് സൂചനയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രിയുടെ പേരും ചിത്രങ്ങളും വാണിജ്യലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് തടയുന്ന 1950ലെ ചിഹ്നങ്ങളും പേരുകളും (അനുചിത ഉപയോഗങ്ങള്‍ തടയല്‍) ചട്ടത്തിന്റെ ലംഘനമാണ് ഇരു കമ്പനികളും നടത്തിയിരിക്കുന്നതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു. ചില എംബ്ലങ്ങളും ചിത്രങ്ങളും ഉപയോഗിക്കുന്നതിന് ‘മുന്‍കൂട്ടി അനുമതി’ തേടിയിരിക്കണമെന്ന് പരസ്യം ചെയ്യാന്‍ ഇന്‍ഫൊര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോടും ഉപഭോക്തൃകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. തന്റെ അനുമതിയില്ലാതെ ഒരു ഉല്‍പന്നം പ്രചരിപ്പിക്കാനായി പേര് ഉപയോഗിക്കുന്നത് തടയാന്‍ ഏതൊരു പൗരനുമുള്ള അവകാശങ്ങള്‍ പ്രധാനമന്ത്രിക്കുമുണ്ടെന്ന് ഒരു മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു.

റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മോദിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. നവംബര്‍ എട്ടിന് കേന്ദ്രം നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷമാണ് പേടിഎം പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ നടപടി എന്നാണ് നോട്ട് നിരോധനത്തെ പേടിഎം പരസ്യങ്ങള്‍ വിശേഷിപ്പിച്ചത്.

പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഇടയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍