UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ്ബുക് യുക്തിവാദികളുടെ ചങ്കിടിപ്പുകള്‍

യുക്തിവാദ പ്രസ്ഥാനങ്ങളെന്നാല്‍ ദൈവം ഇല്ല എന്ന വിശ്വാസം പ്രചരിപ്പിക്കുന്ന ഒന്നാണ് എന്ന കേവല കാഴ്ച്ചപ്പാട് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.  റയമണ്ട് കോര്സയുടെ‘എത്തിസം ആസ് എ പോസിറ്റീവ് സോഷ്യൽ ഫോഴ്സ്’  എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ യുക്തിവാദം ഒരു ജീവിത രീതിയാണ് എന്നും മതത്തിനെതിരായ ആശയപരമായ ഒരു നിലപാട് മാത്രമല്ല എന്നും പറയുന്നുണ്ട്. മാത്രവുമല്ല ദൈവത്തിന് പകരം എന്താണ് പകരം വെക്കുന്നത് എന്നും വ്യക്തമാക്കേണ്ട ബാധ്യത ഈ പ്രസ്ഥാനങ്ങൾക്ക് ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദൈവത്തിൽ വിശ്വസിക്കലും ആരാധനയും മാത്രമല്ല മതം എന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന മറ്റൊരു വാദഗതി. സമുഹത്തെ ചലിപ്പിക്കാൻ കഴിയുന്ന ഒരു പ്രത്യയശാസ്ത്രവും കുടിയാണ്‍ യുക്തിവാദം. ദൈവം ഇന്ന് നിലനില്കുന്നത് മനുഷ്യന്റെ വിധിയെ നിർണ്ണയിക്കുന്ന ശക്തി എന്ന നിലക്ക് മാത്രമല്ല എന്ന്‍ എമ്മാ ഗോൾഡ്‌മൻ 1916ല്‍ എഴുതിയ യുക്തിവാദത്തിന്റെ തത്വശാസ്ത്രം എന്നാ ലേഖനത്തിൽ, പറയുന്നുണ്ട്. പകരം കാലത്തിന്റെ പ്രയാണത്തിൽ ദൈവം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും  സ്വാധീനമുള്ള ശക്തിയായി മാറികഴിഞ്ഞു. ഈ ഇടപെടൽ ദൈവം എന്നാൽ മനുഷ്യന്റെ ഭയത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു സൃഷ്ടിയാണ് എന്ന പരമ്പരാഗത കാഴ്ചപ്പാടിന് മാറ്റം വരുത്തി എന്ന എമ്മാ ഗോള്‍ഡിന്‍റെ വിശദീകരണം വര്‍ത്തമാനകാലത്ത് തികച്ചും പ്രസക്തമാണ്. 

മനുഷ്യര്  എന്തുകൊണ്ട് ദൈവ വിശ്വാസികൾ ആകുന്നു എന്ന ചോദ്യത്തിന് ഉത്തരം ദൈവവും മനുഷ്യനും തമ്മിൽ നേരിട്ട് സംവദിക്കുന്നില്ല എന്നുള്ളത് മാത്രമാണ്. ഇത്തരം ഇടപെടലുകൾ  ആള്‍ദൈവങ്ങളുടെ കാര്യത്തിൽ മാത്രമാണ് ഇന്ന് പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്നത്. ആൾദൈവങ്ങൾ ഈ ലേഖനത്തിന്റെ പ്രധാനവിഷയം അല്ലാത്തത് കൊണ്ട് അവരെ ഇവിടെ ഒഴിവാക്കുകയാണ്.

യുക്തിവാദം എന്നാൽ മനുഷ്യയുക്തി അടിസ്ഥാനപ്പെടുത്തി രൂപപെടുന്ന ഒരു പ്രത്യയശാസ്ത്രം കുടിയാണ്‍. അതിൽ കേവലമായ മത, ജാതി വൈരുധ്യങ്ങൾ ഒട്ടും ഇല്ല എന്നതാണ് അതിന്റെ നിലനില്പ്പിനെ നിർണയിക്കുന്നത്. ഈ യുക്തിബോധത്തെ പൂര്‍ണ്ണമായും നിഷേധിക്കുന്നതാണ് നമ്മുടെ നാട്ടിലെ യുക്തിവാദികളുടെ ഫേസ് ബുക്ക്‌ പേജുകൾ. ഇത്തരം പേജുകൾ കാലത്തിന്റെ കണ്ണാടിയാണ് എന്ന രീതിയിൽ തന്നെയാണ്‍ ഈ കുറിപ്പിൽ വിശകലനം ചെയ്യുന്നത്. ഇത്തരം പേജുകൾ കൃത്യമായി നോക്കാൻ തുടങ്ങിയതോടെ യുക്തിവാദത്തെയും യുക്തിവാദികളെയും കുറിച്ചുള്ള എന്റെ കാഴ്ചപാടുകളെയും പുനർവിചിന്തനം ചെയ്യേണ്ടിവന്നു. പ്രത്യക്ഷത്തിൽ മനസിലാകുന്ന ഒരു കാര്യം യുക്തിവാദികൾക്കിടയിൽ ജാതിയും മതവും ഉണ്ട് എന്നതാണ്.  പ്രത്യേകിച്ചും ഫേസ്ബുക്കിൽ സജീവമാകുന്ന യുക്തിവാദികൾക്കിടയിൽ. താഴെ പറയുന്ന ക്രമത്തിലാണ് ഫേസ്ബുക്ക്‌ യുക്തിവാദികള്‍ക്കിടയിലെ ജാതിയും മതവും.

നായര് പുരുഷ യുക്തിവാദികൾ
ഈഴവ പുരുഷ യുക്തിവാദികൾ
ദളിത്‌ പുരുഷ യുക്തിവാദികൾ
മുസ്ലിം പുരുഷ യുക്തിവാദികൾ

ക്രിസ്ത്യന്‍ യുക്തിവാദികളും, ബ്രാഹ്മണ യുക്തിവാദികളും, സ്ത്രീ യുക്തിവാദികളും പൊതുവിൽ കുറവാണ്.  ഇങ്ങനെ ഇവരെ ജാതി മത വേർതിരിവോടെ കാണാൻ കാരണം ഇവരുടെ പോസ്റ്റുകളാണ്.  രണ്ടു കാര്യത്തിൽ മാത്രമാണ് എല്ലാ വിഭാഗം യുക്തി വാദികളും ഐക്യപ്പെടുന്നത്, ഒന്ന്  ഇസ്ലാം വിരുദ്ധ പോസ്റ്റുകളും, ഇടതുപക്ഷ രാഷ്ട്രീയ വിരുദ്ധ പോസ്റ്റുകളും. പലപ്പോഴും ഹിന്ദു മത വിരുദ്ധ പോസ്റ്റുകൾ ഇടുന്നത് ദളിത്‌ യുക്തി വാദികൾ ആയിരിക്കും.ഇത്തരം പോസ്റ്റുകൾ നായർ, ഈഴവ  യുക്തിവാദികൾ കാര്യമായി  ഷെയർ ചെയ്യാറില്ല. അടുത്ത കാലത്തായി മുസ്ലിം യുക്തിവാദികളും ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യാറില്ല. കാരണം മനസിലായിട്ടില്ല! നായർ, ഈഴവ യുക്തിവാദികൾ പലപ്പോഴും സംഘപരിവാർ സംഘടനകളുടെ ഇസ്ലാം-കമ്യൂണിസ്റ്റ് വിരുദ്ധ പോസ്റ്റുകൾ യാതൊരു വിധ ആശയ പ്രധിസന്ധിയും ഇല്ലാതെ ഷെയർ ചെയ്യാറുണ്ട് . ഇതിന്റെ പിന്നിലെ  യുക്തിയും  വിശദമായി പഠിക്കപ്പെടേണ്ടതാണ്.  ഇത്തരം ഐക്യപ്പെടലുകൾ സമകാലീന ഫാസിസ്റ്റ് രാഷ്ടീയത്തെ കൃത്യമായി  അടയാളപ്പെടുത്തുന്നുണ്ട്. 

യുക്തിവാദത്തിന്റെ രാഷ്ട്രീയത്തിന് എന്തുകൊണ്ട്  സംഘടിത മതരാഷ്ട്രീയത്തെ വേര്‍പെടുത്തി വിശകലനം ചെയ്യാൻ കഴിയുന്നില്ല? പലപ്പോഴും പൊതു ശത്രു എന്ന നിലയിലാണ് സംഘപരിവാർ ഇസ്ലാമിനെയും കമ്യൂണിസത്തേയും കാണുന്നത്.  ഇവരുടെ പൊതു ശത്രു എന്നാൽ അതിനര്‍ഥം മതദേശീയതയുടെ ശത്രു എന്നാണ്.  എന്നാൽ മതത്തെ നിഷേധിക്കുന്നവർ എന്തിനാണ്  ഇത്തരം മതദേശീയതയെ അനുകൂലിക്കുന്നത്. അതിന്റെ അർഥം യുക്തിവാദികള്‍ക്കിടയിലും മത സാംസ്കാരിക ബോധം നിലനിൽക്കുന്നുണ്ട് എന്നല്ലേ. പ്രത്യേകിച്ചും സവർണ ഹിന്ദു പുരുഷ യുക്തിവാദികൾക്കിടയിൽ. മുസ്ലിം യുക്തിവാദികളാണ് ഏറ്റവും കുടുതൽ ആശയ പ്രതിസന്ധി അനുഭവിക്കുന്നത്. കാരണം ഇവർക്ക് ഇസ്ലാം മതമല്ലാതെ മറ്റ് മതങ്ങളെ വിമര്‍ശിക്കാൻ എളുപ്പം കഴിയുന്നില്ല.  ഇവരുടെ പ്രശ്നം നേരെത്തെ സുചിപ്പിച്ച മത രാഷ്ട്രീയമാണ്. 

ഇസ്ലാം മതരാഷ്ട്രീയം എല്ലാ രീതിയിലും വിമർശിക്കപ്പെടുന്ന കാലത്തിലുടെയാണ് ഇസ്ലാം മതവിശ്വാസം തന്നെ കടന്നു പോകുന്നത്.  അതുകൊണ്ട് തന്നെയാണ് നമ്മുടെ രാജ്യത്ത് ഇസ്ലാം എന്നാൽ രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധം എന്ന രീതിയിൽ മാറിക്കഴിഞ്ഞിരിക്കുന്നത്. ഇത്തരം മാറ്റം ഏറ്റവും കുടുത്തൽ ആശയക്കുഴപ്പം ഉണ്ടാക്കിയത് ഫേസ്ബുക്കിൽ സജീവമായ മുസ്ലിം യുക്തിവാദികള്‍ക്കാണ്. കാരണം നായര്, ഈഴവ യുക്തി വാദികൾക്ക് ഹിന്ദു മതത്തെ ആചാരങ്ങൾ അടിസ്ഥാനപ്പെടുത്തി, എന്നാൽ മതത്തെ നിഷേധിക്കാതെ പോസ്റ്റുകൾ ഇടാൻ കഴിയുമ്പോൾ മുസ്ലിം യുക്തിവാദികള്‍ക്ക് മൊത്തം മുസ്ളീങ്ങളെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റുകൾ ഇടേണ്ടിവരുന്നുണ്ട്. മാത്രവുമല്ല ഇത്തരം പോസ്റ്റുകള്‍ക്ക് മുസ്ലിം വ്യക്തി എന്നാൽ തീവ്രവാദി എന്ന ആശയം കൂടി പ്രചരിപ്പിക്കേണ്ടി വരുന്നുണ്ട്. പൊതു ഇടം എന്ന നിലക്ക് ഇത്തരം നവ മാധ്യമങ്ങളെ സമീപിക്കുന്നവരിൽ ഇത്തരം പോസ്റ്റുകൾ മറ്റൊരു തരം ഇസ്ലാം വായന അവശ്യപെടുന്നുണ്ട്. അതോടൊപ്പം ഏറ്റവും ശക്തമായ ഇടപെടലുകൾ നടത്തുന്നത് ദളിത്‌ യുക്തിവാദികളാണ്. അവർ പലപ്പോഴും ദളിത്‌ എന്നാൽ ഹിന്ദു അല്ല എന്ന ആശയവും മുന്നോട്ട് വയ്ക്കുന്നുണ്ട്. ഒരു പക്ഷേ കാഞ്ച ഇളയ്യ  പറയാൻ ശ്രമിച്ച അതേ കാര്യങ്ങൾ ഇവർ പ്രചരിപ്പിക്കുന്നുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

യുക്തിവാദികളെ ആര്‍ക്കാണ് പേടി?
പ്രവാസിക്കെന്തിനാണ് ഫേസ് ബുക്ക്?
ഫേസ് ബുക്ക്: സര്‍ക്കാര്‍ നിങ്ങളെക്കുറിച്ചും അന്വേഷിക്കാം
ആരു പറഞ്ഞു അടിമത്തം നിര്‍ത്തലാക്കിയെന്ന്?
വധൂവരന്‍മാരുടെ ശ്രദ്ധയ്ക്ക് അഥവാ കമ്പോള നിലവാരം

അടുത്തകാലത്തായി കണ്ട മറ്റൊരു പ്രവണത ‘ഉന്നതകുലജാതരായ’  ചിലർ സംഘപരിവാര് പോസ്റ്റുകൾ വലിയതോതിൽ ഷെയർ ചെയ്തു തുടങ്ങിയിട്ടുണ്ട് എന്നതാണ്. ഇപ്പോഴത്തെ സർക്കാർ യേശു ദേവന്റെ കരുണയാണ് എന്ന് ചില മതപത്രങ്ങൾ എഴുതി എന്ന വാർത്ത‍ കണ്ടതോടെ അതിനു പിന്നിലെ രാഷ്ടീയവും വ്യക്തമായി.

വ്യക്തമായ ഒരു വിലയിരുത്തലിന്റെ ആവശ്യം ഉള്ളതാണ് മുകളിൽ സുചിപ്പിച്ച നീരീക്ഷണങ്ങൾ. അതുകൊണ്ട് തന്നെ, വായനക്കാരുടെ താല്പര്യത്തിനും യുക്തിക്കും അനുസരിച്ച് ഈ കുറിപ്പിനെ വായിക്കാവുന്നതാണ്.

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍