UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതപരിവര്‍ത്തന കാലത്തെ ക്രിസ്തുമസ്; ചില ഓര്‍മ്മപ്പെടുത്തലുകള്‍

Avatar

വി കെ അജിത്‌ കുമാര്‍

ഇവാഞ്ചലിക്കല്‍ ബിഷപ്പും വര്‍ണ്ണവെറിക്കെതിരെ നെല്‍സണ്‍ മണ്ടേലയോടൊപ്പം നില്‍ക്കുകയും 1984ല്‍ നോബല്‍ സമ്മാനാര്‍ഹനാകുകയും ചെയ്ത ഡസ്മണ്ട് ടുട്ടു മതപരിവര്‍ത്തനത്തെപ്പറ്റി പറഞ്ഞ രസകരമായ ഒരു കഥയുണ്ട്, “മിഷനറി പ്രവര്‍ത്തകര്‍ ആഫ്രിക്കയില്‍ എത്തുമ്പോള്‍ അവരുടെ കൈയില്‍ ബൈബിളും നമ്മുടെ കൈയില്‍ ഭൂമിയുമായിരുന്നു. ‘നിങ്ങള്‍ കണ്ണടച്ചു പ്രാര്‍ത്ഥിക്കൂ’ എന്നവര്‍ പറഞ്ഞപ്പോള്‍ നമ്മളത് ചെയ്തു. എന്നാല്‍ കണ്ണുതുറന്നപ്പോള്‍  അവരുടെ കൈയില്‍ ഭുമിയും നമ്മുടെ കൈയില്‍ ബൈബിളുമായി”. ടുട്ടു ഇവിടെ വ്യക്തമാക്കുന്നത് മതപരിവര്‍ത്തനത്തിന്‍റെ ആത്യന്തികമായ കൊടുക്കല്‍ വാങ്ങലാണ്. ഭൌതികമായ നേട്ടത്തിനു വേണ്ടി ആത്മീയതയെ കൂട്ടുപിടിക്കുന്ന സമ്പ്രദായം ലോകത്തിന്‍റെ പ്രഖ്യാപിത ചരിത്രത്തോടൊപ്പം തന്നെ ആരംഭിക്കുന്നു. ‘മതം മനുഷ്യന് കറുപ്പാണ്’ എന്ന് മറ്റൊരാള്‍ പറയുമ്പോള്‍ അതിന്‍റെ ശക്തമായ വികാര സാന്നിധ്യമാണ് വെളിപ്പെടുന്നത്. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന പരിവര്‍ത്തന പ്രക്രിയയുടെയും മതപരമായ അസഹിഷ്ണുതകളുടെയും കാരണം അധികാരം, ധനം ഇവയോടുള്ള അതി തീവ്രന്മായ ആവേശം മാത്രമാണ്. ഇവിടെ എപ്പോഴും തിരസ്ക്കരിക്കപ്പെടുന്നതോ ഇല്ലാതാക്കപ്പെടുന്നതോ ഭുരിപക്ഷ വികാരങ്ങളാണ്. ന്യൂനപക്ഷം ഭുരിപക്ഷത്തിനുമേല്‍ എങ്ങനെ പിടിമുറുക്കി എന്നാലോചിക്കുമ്പോള്‍ മതം എന്ന ഉത്തരം മാത്രമേ അവിടെയുണ്ടാകുന്നുള്ളൂ. 

മനുഷ്യന്‍റെ ജീവിതത്തിന് ഒരുകാലത്തും അത്യന്താപേക്ഷിതമല്ലാത്ത മതം അതുണ്ടായ കാലം മുതല്‍ അത് നല്‍കിയ നന്മയ്ക്കുപരി തിന്മകളുടെ വിജയങ്ങളാണ് നല്‍കുന്നത്. കാരണം അതിന്‍റെ വ്യാഖ്യാനം നടത്തുന്നത് അല്പബോധമുള്ളവരും ലോകചിന്തയില്ലാത്തവരുമാണ്. അതുകൊണ്ടുതന്നെയാണ് ഒരു ക്രിസ്തുമസ് വൈകുന്നേരം മാര്‍ട്ടിന്‍ ലുതര്‍ കിംഗ്‌ “നമ്മള്‍ നമ്മളാല്‍ സൃഷ്ടിക്കപ്പെട്ട ആയുധങ്ങളാല്‍  ഇല്ലാതാകും, ക്രിസ്തുമസ് എന്ന ദിനത്തെപ്പറ്റിയുള്ള സ്മരണ ഒരു ഉട്ടോപ്യന്‍ ചിന്ത മാത്രമാകും” എന്നെല്ലാം ഓര്‍മ്മിപ്പിച്ചത്. ബിഷപ്പ് ടുട്ടുവിനെ ഒരുക്കല്‍ കുടി സ്മരിക്കാം. ‘ബൈബിള്‍ ഒരു ലൈബ്രറി ബുക്ക്‌ മാത്രമാണ്. അതില്‍ പറയുന്നതെല്ലാം പാലിക്കേണ്ടതല്ല’. കാര്യം മതപരമായതിനാലും അത് ‘കറുപ്പാ’യതിനാലും ബിഷപ്പിന്‍റെ വാക്കുകളിലൂടെ തന്നെ പോകാം.

You have to understand is that the Bible is really a library book there are certain parts which you have to say to say no to .the Bible accepted slavery. St Poul said women should not speech in church at all and there are people who have used that to say women should not be ordinal. There may things that you shouldn’t accept.

ഇത്തരത്തില്‍ മതഗ്രന്ഥങ്ങള്‍ സ്വീകരിക്കപ്പെട്ടാല്‍, വായിക്കപ്പെട്ടാല്‍- ഭയപ്പെടുന്നതാരാണ്?

മതപരിവര്‍ത്തനത്തിന്‍റെ കേരള പഴമ ആരംഭിക്കുന്നത് വിശുദ്ധ തോമസിലൂടെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവിടെ പരിവര്‍ത്തനത്തിന്‍റെ ആവേഗം വളരെ പതിഞ്ഞ നിലയിലായിരുന്നു. ദേശികളായ ചില ലോലമനസ്ക്കരെ ക്രിസ്തുവിന്‍റെ പിന്‍ഗാമിയായ സെന്‍റ് തോമസ്‌ അത്ഭുത പ്രവര്‍ത്തികളിലൂടെ രംഗത്തെത്തി സ്വാധീനിക്കുകയും പിന്നീട് ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. അത്ഭുതങ്ങള്‍ മതത്തിന്‍റെ ഭാഗമായ കാലം എന്നിതിനെ വിളിക്കാം. മന്ത്രവാദവും ആഭിചാരക്രിയകളും മതവുമായി (ഇന്നത്തെപ്പോലെ) ബന്ധപ്പെട്ടു കിടന്ന ഒരു ഇരുണ്ടകാലം. പലജാതികളും തോമസ്ലീഹയുടെ അത്ഭുത പ്രവര്‍ത്തികളില്‍  ആകൃഷ്ടരായി എത്തുകയായിരുന്നു. മാത്രമല്ല, അതുവരെയുണ്ടായിരുന്ന മതസങ്കല്‍പ്പങ്ങളില്‍ വച്ച് ഏറ്റവും ലഘുവായ എന്‍ട്രിയായിരുന്നു തോമസ്ലീഹ വാഗ്ദാനം ചെയ്തത്.

കഠിനമായ പരിക്ഷണങ്ങളിലൂടെ മാത്രം എത്തപ്പെടാവുന്ന ജൈനമതത്തെപ്പറ്റിയാകണം ഇവിടെ ഓര്‍മ്മിക്കപ്പെടേണ്ടത്. അതിന്‍റെ വളര്‍ച്ചയില്‍ പിഴവ് സംഭവിച്ചതും ഇതുമൂലമാണ്. മതാനുഷ്ഠാനത്തിനു വേണ്ടി താടിരോമം പിഴുതെടുക്കുക, വേഷസങ്കല്പങ്ങളിലെ വിട്ടുവിഴ്ചയില്ലാത്ത നിഷ്കര്‍ഷത തുടങ്ങിയ നിരവധിയായ കടുംപിടുത്തങ്ങളാല്‍ ഒരു മതമെന്ന നിലയില്‍  അതിന്‍റെ ജനസ്വാധീനത നഷ്ടപ്പെടുത്തുകയായിരുന്നു, ജൈനന്മാര്‍.

ഹൈന്ദവ മതചിന്തയും മതപരിവര്‍ത്തനപ്രക്രിയയും പാരമ്യതയിലെത്തുന്നത് ആദിശങ്കരന്റെ ദിഗ്വിജയങ്ങളുടെ കഥകളിലൂടെയായിരുന്നു. ഇവിടെ നേരിട്ട് ആക്രമിക്കപ്പെട്ടത് ബുദ്ധമതമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഹൈന്ദവ മതം അതിന്‍റെ തീവ്രഭാവത്തില്‍ ബുദ്ധമതത്തെ കടന്നാക്രമണം നടത്തിയത് വാദപ്രതിവാദങ്ങളിലൂടെയായിരുന്നു. ഒന്നുകില്‍ ഉമിത്തീയില്‍ സ്വയം എരിഞ്ഞടങ്ങുക അല്ലെങ്കില്‍ ഹിന്ദുത്വം സ്വീകരിക്കുക ഈ രണ്ട് ഉപാധികളായിരുന്നു അതിബുദ്ധിമാനും സുത്രശാലിയുമായിരുന്ന ശങ്കരാചാര്യര്‍ അവര്‍ക്ക് മുന്‍പില്‍ വച്ചത്. ആത്മാഭിമാനികളായ ബുദ്ധസന്യാസിമാര്‍ അതേറ്റെടുക്കുകയും പരാജയം സമ്മതിക്കുകയുമായിരുന്നു. ഇതിലൂടെ ശങ്കരന്‍ കൈയ്യടക്കിയതാകട്ടെ പ്രമുഖങ്ങളായ പല ബുദ്ധവിഹാരകേന്ദ്രങ്ങളും. അതിന്‍റെ അനുയായികളേയും. സാംസ്കാരികതലത്തില്‍  അതി ഹൈന്ദവമായ ഒരു മാറ്റം സൃഷ്ടിക്കുവാന്‍ ശങ്കരന്‍റെ പ്രവര്‍ത്തികള്‍ കാരണമായി. ബുദ്ധജീവിതത്തിന്‍റെ ഭാഗമായ വലിയ ഭവനങ്ങളോടൊട്ടി നിന്ന കാവുകള്‍, കുളങ്ങള്‍ ഇവയെല്ലാം ഹൈന്ദവാചാരകേന്ദ്രങ്ങളായി മാറിയതും (ബുദ്ധദീക്ഷയില്‍ വീടുകള്‍ക്കുള്ളില്‍ ഭിക്ഷുക്കള്‍ ശയിക്കാറില്ലായിരുന്നു. അവര്‍ ഉപയോഗിച്ചിരുന്ന തുറസ്സായ സ്ഥലങ്ങള്‍ ജലസ്രോതസുകള്‍ -കാവുകളും കുളങ്ങളും-അങ്ങനെ ഹൈന്ദവ ക്ഷേത്രാചാരങ്ങളുടെ ഭാഗമായെന്നും ചരിത്രം അടയാളപ്പെടുത്തുന്നു.) ബുദ്ധഭിക്ഷുണികള്‍ ദേവദാസികളായി മാറിയതും, പിന്നിട് വേശ്യാവൃത്തിയിലേക്ക് അവരെ കൊണ്ടുചെന്നെത്തിച്ചതും, ചരിത്രത്തിന്‍റെ എഴുതപ്പെടാതെ പോയ ഭാഗമായി മാറി.

നുറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മതപരിവര്‍ത്തനത്തിന്‍റെ ചരിത്രത്തില്‍ ഏറെ പേര്‍ ചേക്കേറിയത് ക്രിസ്തു മതത്തിലേക്കായിരുന്നു. കൂനംകുരിശും സമാനമായ ചരിത്രരേഖകളും പലതരത്തിലുള്ള  കഥകള്‍ കേരളത്തിന് നല്‍കി.  ക്രിസ്തീയ മതത്തിന്‍റെ ക്രമാനുഗതമായ വളര്‍ച്ച കമ്പനി ഭരണത്തിലൂടെയാണ് സംഭവിക്കുന്നത്‌. അതിന് കാരണമായത് ഹിന്ദു മതത്തിലെ തന്നെ ജാതി വേര്‍തിരിവുകളായിരുന്നു. വഴിനടക്കാന്‍ അനുവദിക്കാതിരിക്കല്‍, അശുദ്ധമായ ഭക്ഷണം ക്രിസ്ത്യാനി തൊട്ടാല്‍ ശുദ്ധമാകും തുടങ്ങിയ വളരെ ബുദ്ധിശൂന്യമായ ആചാരങ്ങളാണ് ക്രിസ്തീയ മതത്തിലേക്ക് താഴ്ന്ന ജാതിയില്‍ പെട്ടവരെ കൊണ്ടുചെന്നെത്തിച്ചത്. ഇവിടെ വച്ചു തന്നെ ഹിന്ദുമത വക്താക്കള്‍ മേലാള സംസ്കാരത്തിന്റെ പ്രതിനിധികളായി മാറിയിരുന്നു. അത് തന്നെയാണ് ഇന്നും തുടരുന്നതും. ഒരു പക്ഷെ ബ്രിട്ടിഷ് ഇന്ത്യ എന്നൊന്ന് സംഭവിച്ചിരുന്നില്ലെങ്കില്‍ കേരളം നുറു വര്‍ഷങ്ങള്‍ക്ക് മുന്പ് എങ്ങനെയോ ആ നിലയില്‍ തന്നെ വായിക്കേണ്ടി വരുമായിരുന്നു.

ക്രിസ്തു മതത്തിന്‍റെ പുതിയ വ്യാഖ്യാനങ്ങളില്‍ ബ്രാഹ്മണര്‍ അല്ലെങ്കില്‍ ഉന്നത ജാതിയില്‍ പെട്ടവര്‍ മാത്രമേ ക്രിസ്തീയ മതം സ്വികരിച്ചിട്ടുള്ളൂ എന്ന ചിന്ത പലപ്പോഴും പറഞ്ഞുറപ്പിക്കുന്നതായി കാണാം. പറയനോ പുലയനോ വേദം കൂടിയെന്നു പറഞ്ഞാല്‍ നഷ്ടമാകുന്നത് ഉല്‍കൃഷ്ടമായ പാരമ്പര്യമാണ്. ഇത്തരം ചിന്തകളാണ് പലപ്പോഴും ചരിത്രത്തെ വഴിതെറ്റിക്കുന്നത്. പുതിയൊരു അവകാശവും ജീവിതവും വെളിച്ചവും അന്ന് വേണ്ടിയിരുന്നത് മേല്‍ ജാതിക്കാരനല്ലായിരുന്നു എന്നുള്ള കേവലമായ തിരിച്ചറിവ് ഇത്തരം വ്യാഖ്യാനങ്ങള്‍ ചമയ്ക്കുമ്പോള്‍ ഓര്‍മ്മിക്കപ്പെടെണ്ടതാണ്.

ഇത് ലവ് ജിഹാദിന്‍റെയും ഘര്‍ വാപസി യുടെയും കാലമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രൈസ്തവരും മത്സരിച്ച് മതം വളര്‍ത്തുന്ന കാലം. നടക്കട്ടെ, ഒരു സാമുഹിക മാറ്റം നല്ലതാണ്. എന്നാല്‍ കേരളത്തില്‍ മതത്തിനുപരി ആഴ്ന്നുനില്‍ക്കുന്നത്‌ ജാതിയെന്ന ധാരയാണ്. അതുകൊണ്ട് മുസ്ലീങ്ങള്‍ നായരായും ഈഴവരായും ബ്രാഹ്മണരായും അതിലും താഴെയുള്ള ജാതികളായും മാറുമ്പോഴല്ലേ യഥാര്‍ത്ഥസത്തയില്‍ പരിവര്‍ത്തനം നടക്കുകയുള്ളൂ. അല്ലെങ്കില്‍ അവകാശത്തിനും ആനുകുല്യത്തിനും വോട്ടിനും വേണ്ടിയുള്ള ഒരു ഇടപാടായി മാത്രമേ ഇത് നിലനില്‍ക്കുകയുള്ളൂ. പരിവര്‍ത്തിത ഹിന്ദുക്കള്‍, പരിവര്‍ത്തിത മുസ്ലീങ്ങള്‍ എന്ന് ടാഗ് ചെയ്ത ഒരു വര്‍ഗ്ഗം കൂടി ഉണ്ടാകുക മാത്രമേ ചെയ്യുകയുള്ളൂ. പ്രത്യക്ഷത്തില്‍  മനുഷ്യന്‍ എന്ന പദം നിഷ്ക്രിയമായ ഒന്നായിത്തീരുന്ന അവസ്ഥയായി പരിണമിക്കുന്നു. ഇവിടെയാണ് ആശയപരമായ പരിവര്‍ത്തനവും (Ideological Conversion) ഭൌതികതാത്പര്യത്തിലുള്ള പരിവര്‍ത്തനവും (Materialistic Conversion) വ്യത്യാസപ്പെടുന്നതും. ശങ്കരന്‍ ആദ്യപക്ഷത്തും സംഘപരിവാറും സമാനമായ മുസ്ലിം, ക്രൈസ്തവ സംഘങ്ങളും രണ്ടാം പക്ഷത്തുമാണ് നില്‍ക്കുന്നത്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍  നവ ഹൈന്ദവ വാദികള്‍ അവരുടെ പ്രത്യക്ഷ ഗുരുവായ ആദിശങ്കരനെ തിരസ്കരിക്കുകയാണ് ചെയ്യുന്നത്.

ഇത് ക്രിസ്തുമസ് കാലമാണ്. പെഷവാറില്‍ പള്ളിക്കൂടം കടന്നാക്രമിച്ച് പിഞ്ചു കുഞ്ഞുങ്ങളെ കുരുതിചെയ്ത പള്ളി വാദികളെ കാണുകയും, ഗാസയില്‍ വംശഹത്യ പെരുകുകയും ചെയ്യുന്ന കാലത്തുള്ള ക്രിസ്തുമസ്. മതം ചിലര്‍ക്ക് വേണ്ടി മാത്രമാണെന്ന വ്യാഖ്യാനം ശക്തമായിവരുമ്പോള്‍ വെറുതെ ഓര്‍മ്മിക്കുന്നത് വില്യം ബൂത്ത്‌ എന്ന മത പ്രവര്‍ത്തകനെയാണ്‌. സാല്‍വേഷന്‍ ആര്‍മിയെന്ന (രക്ഷാസൈന്യം) ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു ശൃംഖല രൂപപ്പെടുത്തിയ മനുഷ്യസ്നേഹി. ഇവിടത്തെ ഉത്കൃഷ്ട ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ജാതിമേലാള പാരമ്പര്യം പറയുന്നിടത്താണ് ബൂത്ത്‌ ജയിക്കുന്നത്. 

ബൂത്തിന്‍റെ മേഖല പാവപ്പെട്ടവന്‍റെ ജീവിതമായിരുന്നു. അദ്ദേഹത്തിന്‍റെ ലക്‌ഷ്യം അവരെ യേശുവില്‍ എത്തിക്കുക എന്നതുമായിരുന്നു. അതിനായുള്ള അധ്യാത്മിക ബോധം നല്‍കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിനു വന്ന വെറും സായിപ്പായി നില്‍ക്കാന്‍ ബൂത്ത്‌ ശ്രമിച്ചില്ല. പരിവര്‍ത്തനം നടത്തിയവരുടെ ക്ഷേമം ഉറപ്പാക്കുന്ന ഉടമ്പടിയുണ്ടാക്കിയാണ് അദ്ദേഹം തിരികെ പോയത്. ക്രിസ്ത്യന്‍ മതവിശ്വാസിയായി അല്‍ബേനിയയില്‍ നിന്നും ഇന്ത്യയിലെത്തുകയും ആശരണര്‍ക്കായി ജിവിതം നല്‍കുകയും ചെയ്ത തെരേസാമ്മ, വൈദികയാകാന്‍ പഠിക്കുകയും പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു മതത്തിന്‍റെയും ലേബല്‍ വേണ്ടെന്നു കാണിച്ചു തരികയും ചെയ്ത ദയാഭായി, നിലവിലെ ക്രിസ്തു മതവിശ്വാസികളില്‍ നിന്നും പീഡനമേറ്റ് വാങ്ങിയ അടിമയായ പൊയ്കയില്‍ യോഹന്നാന്‍ തുടങ്ങിയ മഹത്തുക്കള്‍ക്കും ഇപ്പോഴും അവശ ക്രൈസ്തവരായി ജിവിക്കുന്ന ബൂത്തിന്റെ അനുയായികള്‍ക്കും ഈ ക്രിസ്തുമസ് കാലം സമര്‍പ്പിക്കാം.

(ഐ എച്ച് ആര്‍ ഡിയിലെ ഉദ്യോഗസ്ഥനാണ് ലേഖകന്‍)

*Views are Personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍