UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഏഴു കാര്യങ്ങള്‍; മതപരിവര്‍ത്തനത്തെക്കുറിച്ചും

Avatar

ടീം അഴിമുഖം

1) മതസ്വാതന്ത്ര്യത്തെ കുറിച്ച് എന്താണ് നമ്മുടെ ഭരണഘടന പറയുന്നത്? മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും സ്വതന്ത്രമായ മതസ്വീകാര്യതയും വിശ്വാസ സംരക്ഷണവും മതപ്രചാരണവും ഇന്ത്യന്‍ ഭരണഘടനയുടെ 25 മുതല്‍ 30 വരെയുള്ള വകുപ്പുകള്‍ പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നു. മതകാര്യങ്ങള്‍ സ്വതന്ത്രമായി നടപ്പിലാക്കാനും ഏത് മതത്തിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക സംഭാവനകള്‍ നല്‍കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യവും അത് ഉറപ്പ് നല്‍കുന്നു.

2) സ്വാതന്ത്ര്യത്തിന് മുമ്പ് മതപരിവര്‍ത്തനം സംബന്ധിച്ച് എന്തെങ്കിലും നിയമങ്ങള്‍ നിലവിലുണ്ടായിരുന്നോ?
ബ്രിട്ടീഷുകാര്‍ ഇത്തരത്തിലുള്ള എന്തെങ്കിലും നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നില്ല. എന്നാല്‍ നാട്ടുരാജ്യങ്ങള്‍ ചില നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നു. രാജിഗാര്‍ സംസ്ഥാന മതപരിവര്‍ത്തന ചട്ടം 1936, പാറ്റ്‌ന മതസ്വാതന്ത്ര്യ ചട്ടം 1942, സര്‍ഗുജ സംസ്ഥാന മതപരിത്യാഗ ചട്ടം 1945, ഉദയ്പൂര്‍ സംസ്ഥാന മതപരിവര്‍ത്തന വിരുദ്ധ ചട്ടം 1946 എന്നിവ ഉദാഹരണങ്ങള്‍. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടയുന്നതിനുള്ള കൃത്യമായ നിയമങ്ങള്‍ ബിക്കാനീര്‍, ജോധ്പൂര്‍, കാളഹന്ദി, കോട്ട എന്നിവിടങ്ങളില്‍ നടപ്പിലാക്കിയിരുന്നു.

3) സ്വാതന്ത്ര്യത്തിന് ശേഷം എന്ത് സംഭവിച്ചു?
1954ല്‍ ഇന്ത്യന്‍ മതപരിവര്‍ത്തന (നിയന്ത്രണവും രജിസ്‌ട്രേഷനും) ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനുള്ള ആലോചനകള്‍ നടന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം, 1960ല്‍, മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് പിന്നോക്ക സമുദായ (മതസംരക്ഷണ) ബില്ല് അവതരിപ്പാനുള്ള ശ്രമങ്ങളും നടന്നു. എന്നാല്‍ മതിയായ പിന്തുണ ലഭിക്കാത്തതിനാല്‍ രണ്ട് ശ്രമങ്ങളും ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഒറീസ, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം 1967, 1968, 1978 എന്നീ വര്‍ഷങ്ങളില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ പാസാക്കി. പിന്നീട് ഛത്തീസ്ഗഡ് (2000), തമിഴ്‌നാട് (2002), ഗുജറാത്ത് (2003), ഹിമാചല്‍ പ്രദേശ് (2006), രാജസ്ഥാന്‍ (2008) സംസ്ഥാന നിയമസഭകളും സമാനമായ നിയമങ്ങള്‍ പാസാക്കി. ബലം പ്രയോഗിച്ചോ പ്രലോഭനങ്ങള്‍ നല്‍കിയോ അല്ലെങ്കില്‍ ചതിപ്രയോഗത്തിലൂടെയോ നടത്തുന്ന പരിവര്‍ത്തനങ്ങള്‍ തടയുക എന്നതായിരുന്നു ഈ നിയമങ്ങളുടെ ഒക്കെ ലക്ഷ്യം. മതപരിവര്‍ത്തനത്തിന് മുമ്പ് പ്രാദേശിക അധികാരികളുടെ അനുവാദം നേടുന്ന ചില നിയമങ്ങള്‍ നിര്‍ബന്ധിതമാക്കുകയും ചെയ്തു.

4) നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ത് ശിക്ഷയാണ് വിളിച്ചുവരുത്തുക? നിര്‍ബന്ധിത മതപരിവര്‍ത്തനം വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടാവുന്ന ഒരു ക്രിമിനല്‍ കുറ്റമാണ്. ഇന്ത്യന്‍ പീനല്‍കോഡിന്റെ 295 എ, 298 എന്നീ വകുപ്പുകള്‍ പ്രകാരം മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം നടത്തിയാല്‍ മൂന്ന്‍ വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടായാല്‍ കൂടുതല്‍ കര്‍ക്കശമായ ശിക്ഷകളാണ് ലഭിക്കുക.

5) ഇത്തരം നിയമങ്ങള്‍ നേരിടുന്ന നിയമപരമായ വെല്ലുവിളികള്‍ എന്തെല്ലാമാണ്?
1967-68 ല്‍ ഒറീസയും മധ്യപ്രദേശും നടപ്പിലാക്കിയ മതപരിവര്‍ത്തന നിയമങ്ങള്‍ക്കെതിരെയുള്ള പരാതികളാണ് മതപരിവര്‍ത്തനവും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ആദ്യമായി സുപ്രീം കോടതി വിധി പറഞ്ഞ പ്രധാനപ്പെട്ട കേസ്. ഭരണഘടനയുടെ 25 (1) വകുപ്പ് പ്രകാരം ഒരാളുടെ മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം മറ്റൊരാളെ മതപരിവര്‍ത്തനം ചെയ്യുന്നതിനുള്ള അടിസ്ഥാന അവകാശം നല്‍കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, 1977ല്‍ അന്നത്തെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന എ എന്‍ റായുടെ നേതൃത്വത്തിലുള്ള ഭരണഘടന ബഞ്ച് നിയമങ്ങളെല്ലാം ശരിവെക്കുകയായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ‘മന:സാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യ’ത്തിന്റെ ലംഘനമാകുമെന്നും ബഞ്ച് ചൂണ്ടിക്കാട്ടി.

6) മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട മറ്റ് സുപ്രധാന വിധികള്‍ ഏതൊക്കെയാണ്?
ബഹുഭാര്യത്വം സാധ്യമാകുന്നതിന് വേണ്ടി മാത്രം ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്നത് നിയമപരമായി കണക്കാനാവില്ലെന്ന് 1995ലെ ശാരദ മുദ്ഗല്‍ കേസില്‍ സുപ്രീം കോടതി വിധിച്ചു. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ 17-ാം വകുപ്പ് പ്രകാരം ബഹുഭാര്യത്വം നിരോധിക്കപ്പെട്ടതും ഇന്ത്യന്‍ പീനല്‍ കോഡിന്റെ 494-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹവുമാണ്. രണ്ടാം വിവാഹത്തിന് നിയമസാധുത ഉണ്ടാവില്ലെന്നും കോടതി വിധിച്ചു. ബഹുഭാര്യത്വത്തിന് വിചാരണ ചെയ്യപ്പെടുന്നത് ഭരണഘടനയുടെ 25-ാം വകുപ്പ് അനുശാസിക്കുന്ന മത സ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലെന്ന നിലപാട് 2000ലെ ലില്ലി തോമസ് കേസിലും സുപ്രീം കോടതി ആവര്‍ത്തിച്ചു. വിവാഹസമയത്ത് ഇരുവരും ഹിന്ദുക്കളാണെങ്കില്‍ ഹിന്ദു വിവാഹ നിയമം ബാധകമാവുമെന്നും അതിന് ശേഷം ഒരാളോ രണ്ട് പേരുമോ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്താലും നിയമത്തിന്റെ വകുപ്പുകള്‍ ബാധകമായിരിക്കുമെന്നും1983ലെ വിലായത്ത് രാജ് കേസില്‍ കോടതി വിധിച്ചു. ഒരാള്‍ക്ക് തന്റെ മതത്തില്‍  വിശ്വാസമില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രമോ അല്ലെങ്കില്‍ മതപരമായ കര്‍മങ്ങള്‍ ചെയ്യുന്നില്ല എന്നത് കൊണ്ട് മാത്രമോ ഒരാള്‍ ഹിന്ദു അല്ലാതാകുന്നില്ലെന്ന് 1963ലെ ചന്ദ്രശേഖരന്‍ കേസില്‍ കോടതി വിധിച്ചു.

 

7) ഒരു കേന്ദ്രീകൃത നിയമം കൊണ്ടുവരാനുള്ള അവസാന ശ്രമങ്ങള്‍ നടന്നത് എന്നാണ്?

1978ല്‍ ഒരു അഖിലേന്ത്യാ മതസ്വാതന്ത്ര്യ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ അത് ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്ന് മാത്രമല്ല, 1979 ജൂലൈയില്‍ സര്‍ക്കാര്‍ നിലംപതിച്ചതോടെ അത് ഉപേക്ഷിക്കുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍