UPDATES

ട്രെന്‍ഡിങ്ങ്

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് റോഹ്താക് സഹോദരിമാര്‍ തല്ലിയ പ്രതികളെ കോടതി വെറുതെവിട്ടു

40 സാക്ഷി മൊഴികളും യുവാക്കള്‍ക്ക് അനുകൂലമായതോടെയാണ് കോടതി ഇവരെ വെറുതെ വിടാന്‍ തീരുമാനിച്ചത്

റോഹ്താക്കിലെ സംഭവം അധികമാരും മറന്നിട്ടുണ്ടാകില്ല. രണ്ട് വര്‍ഷം മുമ്പ് ഹരിയാനയിലെ റോഹ്താക്കില്‍ ബസില്‍ വച്ച് തങ്ങളെ പീഡിപ്പിക്കാന്‍ ശ്രമച്ചതിന് മൂന്ന് യുവാക്കളെ രണ്ട് പെണ്‍കുട്ടികള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യത്തിന് അന്ന് അത്രമാത്രം സ്വീകര്യതയായിരുന്നല്ലോ സമൂഹമാധ്യമത്തില്‍ ലഭിച്ചിരുന്നത്. എന്നാല്‍ പോലീസിന് യുവാക്കള്‍ക്കെതിരെ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ സാധിക്കാത്തതിനാല്‍ കോടതി യുവാക്കളെ വെറുതെവിട്ടിരിക്കുകയാണ്.

2014 ഡിസംബറിലാണ് ഈ വീഡിയോ പ്രചരിച്ചത്. പിന്നീട് റോഹ്താക് സഹോദരിമാര്‍ എന്നറിയപ്പെട്ട രണ്ട് യുവതികള്‍ തങ്ങളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവാക്കളെ മര്‍ദ്ദിക്കുന്നതായിരുന്നു വീഡിയോയില്‍. അതില്‍ ഒരു യുവതി യുവാക്കളെ തന്റെ ബെല്‍റ്റുകൊണ്ടാണ് ആക്രമിക്കുന്നത്. ബസിലെ മറ്റ് യാത്രക്കാരെല്ലാം ഇത് കണ്ട് നിശബ്ദരായിരിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. പോലീസ് അന്വേഷണത്തില്‍ ബസിലെ യാത്രക്കാരെല്ലാം യുവാക്കള്‍ക്ക് അനുകൂലമായാണ് മൊഴി നല്‍കിയത്. നുണപരിശോധനയില്‍ പോലും യുവാക്കള്‍ നുണയാണ് പറയുന്നതെന്ന് തെളിയിക്കാന്‍ സാധിച്ചില്ല.

40 സാക്ഷി മൊഴികളും യുവാക്കള്‍ക്ക് അനുകൂലമായതോടെയാണ് കോടതി ഇവരെ വെറുതെ വിടാന്‍ തീരുമാനിച്ചത്. വിചാരണ തടവുകാരായി കഴിഞ്ഞിരുന്ന കുല്‍ദീപ്, ദീപക്, മോഹിത് എന്നിവര്‍ തങ്ങളുടെ ഗ്രാമത്തില്‍ തിരിച്ചെത്തിയതായി എന്‍ഡിടിവി അറിയിച്ചു.

തനിക്കും കുല്‍ദീപിനും സൈന്യത്തില്‍ ചേരാനായിരുന്നു ആഗ്രഹമെന്നും അതിന്റെ എല്ലാ ടെസ്റ്റുകളും പാസായിരുന്നു എന്നാല്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും തങ്ങളെ ഈ കേസ് മൂലം വിലക്കിയെന്നും ദീപക് അറിയിച്ചു. എന്നാല്‍ ഒരിക്കല്‍ കൂടി അപേക്ഷിക്കാന്‍ തങ്ങള്‍ക്ക് പ്രായം കഴിഞ്ഞുപോയെന്നും ഇവര്‍ വ്യക്തമാക്കി. ഒരു പരീക്ഷ എഴുതിക്കഴിഞ്ഞ് തങ്ങള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. ആ പെണ്‍കുട്ടികളും ഒരു പ്രായമായ സ്ത്രീയും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ തങ്ങള്‍ ഇടപെടുകയും ഇതേ തുടര്‍ന്ന് അവര്‍ തങ്ങളെ ആക്രമിക്കുകയുമായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. തങ്ങളുടെ നിരപരാധിത്വം വൈകിയാണെങ്കിലും കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പെണ്‍കുട്ടികള്‍ ടെലിവിഷന്‍ ചാനലുകളിലേക്ക് ക്ഷണിക്കപ്പെടുകയും തങ്ങളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയും രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച നടക്കുകയും ചെയ്തു. പെണ്‍കുട്ടികളുടൈ സഹായത്തിനെത്താത്തതിന്റെ പേരില്‍ ബസിന്റെ ഡ്രൈവറും കണ്ടക്ടറും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. റോഹ്താക് സഹോദരിമാര്‍ മറ്റൊരാളുമായും തര്‍ക്കത്തിലേര്‍പ്പെടുകയും അയാളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന മറ്റൊരു വീഡിയോയും പിന്നീട് പുറത്തുവന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍