UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോ മെഡിസിന്‍ ക്രോ; അമേരിക്കന്‍ ഇന്ത്യക്കാരുടെ അവസാനത്തെ പടത്തലവന്‍

Avatar

സാറാ കപ്ലാന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ക്രോ ഗോത്രപാരമ്പര്യമനുസരിച്ച് തലവനാകുന്നയാള്‍ക്ക് ചില യോഗ്യതകളുണ്ടായിരിക്കണം. വിജയകരമായി ഒരു യുദ്ധം നയിക്കുക, രാത്രി ശത്രുപാളയത്തില്‍ കടന്ന് ഒരു കുതിരയെ മോഷ്ടിക്കുക, ശത്രുവില്‍ നിന്ന് ആയുധം തട്ടിയെടുക്കുക, ആദ്യം വീഴുന്ന ശത്രുവിനെ കൊല്ലാതെ തൊടുക എന്നിവ അവയില്‍പ്പെട്ടതാണ്.

ഈ നിയമം പാലിക്കുന്ന അവസാനത്തെയാളായിരുന്നു ജോ മെഡിസിന്‍ ക്രോ. അവ പാലിക്കപ്പെട്ടത് പൂര്‍വികര്‍ ഈ നിയമങ്ങള്‍ നിര്‍മിച്ച ഭൂപ്രദേശത്തുനിന്ന് വളരെ ദൂരെയായിരുന്നുവെങ്കിലും. രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലെ 103ാം കാലാള്‍പ്പെടയിലെ അംഗമായിരിക്കുമ്പോള്‍ യൂണിഫോമിനടിയില്‍ യുദ്ധനിറമണിഞ്ഞും ഹെല്‍മറ്റിനുള്ളില്‍ കഴുകന്റെ തൂവല്‍ ധരിച്ചുമാണ് ക്രോ യുദ്ധത്തിനിറങ്ങിയത്.

ജര്‍മനിയുടെ സേനയില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത ക്രോയുടെ സൈന്യം ഒരു ജര്‍മന്‍ ഗ്രാമം തിരിച്ചുപിടിക്കുന്നതിലും ശത്രു സൈനികനെ (കൊല്ലാതെ) നിരായുധനാക്കുന്നതിലും വിജയിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണത്തിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു നാസി ലായത്തില്‍നിന്ന് 50 കുതിരകളുമായി കടന്ന ക്രോ ഇതിനിടെ തന്റെ ഗോത്രത്തിന്റെ ‘ബഹുമതി ഗാനം’ പാടുകയും ചെയ്തു.

‘എനിക്ക് ഒരിക്കലും പോറല്‍ പോലും ഏറ്റില്ല,’ ദശകങ്ങള്‍ക്കുശേഷം ക്രോ ബില്ലിങ്‌സ് ഗസറ്റിനോട് പറഞ്ഞു.

മെഡിസിന്‍ ക്രോ ഞായറാഴ്ച മരിച്ചു. 102ാം വയസില്‍. ക്രോ ഗോത്രത്തിന്റെ അവസാന പടത്തലവനായിരുന്നു അദ്ദേഹം. കഴിഞ്ഞുപോയ ഒരു പട്ടാളപാരമ്പര്യത്തിന്റെ അവസാനകണ്ണി. തന്റെ ഗോത്രത്തിന്റെ ചരിത്രകാരന്‍ ആക്ടിവിസ്റ്റും എഴുത്തുകാരനും മെഡല്‍ ഓഫ് ഫ്രീഡം ജേതാവും കൂടിയായിരുന്നു ക്രോ.

‘ജോ മെഡിസിന്‍ ക്രോയെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ 19ാം നൂറ്റാണ്ടുമായാണ് ഹസ്തദാനം നടത്തുന്നതെന്ന് ഞാന്‍ എപ്പോഴും ആളുകളോടു പറയുമായിരുന്നു,’സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ നാഷനല്‍ മ്യൂസിയം ഓഫ് ദ് അമേരിക്കന്‍ ഇന്ത്യന്‍ മുന്‍ ക്യുറേറ്റര്‍ ഹെര്‍മന്‍ വയോല പറയുന്നു.

മൊണ്ടാനയിലെ ലോഡ്ജ് ഗ്രാസിലെ തടികൊണ്ടുണ്ടാക്കിയ വീട്ടില്‍ 1913ലാണ് മെഡിസിന്‍ ക്രോ ജനിച്ചത്. കുട്ടിയെ കാണാനെത്തിയ ഒരു സിയു യോദ്ധാവ് ക്രോയ്ക്ക് ‘ മഞ്ഞുമനുഷ്യന്‍’ എന്നു പേരിട്ടതായി തന്റെ ഓര്‍മക്കുറിപ്പുകളില്‍ ക്രോ പറയുന്നു. ക്രോ ശക്തനായി വളരുമെന്നും പ്രതികൂലസാഹചര്യങ്ങളെ ശക്തമായി നേരിടുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഇത്.

ക്രോ വളര്‍ന്നത് പേരിനു യോജിച്ച വിധമാണ്. ക്രോയുടെ മുത്തശി യെല്ലോ ടെയില്‍ കുട്ടിയെ ക്രോ യുദ്ധപാരമ്പര്യമനുസരിച്ചാണു വളര്‍ത്തിയത്. കഠിനമായ ശാരീരിക അഭ്യാസമുറകള്‍ ഇതിന്റെ ഭാഗമായിരുന്നു. കാലിനു ശക്തിപകരാന്‍ മഞ്ഞിലൂടെ നഗ്നപാദനായി ഓടുക, മനോവീര്യം കൂട്ടാന്‍ മഞ്ഞുറഞ്ഞ നദികളില്‍ കുളിക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ബന്ധുക്കളില്‍ നിന്ന് തന്റെ ഗോത്രത്തിലുള്ളവര്‍ ഉള്‍പ്പെട്ട യുദ്ധകഥകള്‍ ക്രോ കേട്ടറിഞ്ഞു. ക്രോയുടെ ബന്ധു വൈറ്റ് മാന്‍ റണ്‍സ് ഹിം ‘ബാറ്റില്‍ ഓഫ് ലിറ്റില്‍ ബിഗ്‌ഹോണി’ല്‍ ജോര്‍ജ് ആംസ്‌ട്രോങ് കസ്റ്ററിനുവേണ്ടി പോരാടിയിരുന്നു.

‘അക്കാലത്ത് മുത്തശനും മുത്തശിയുമായിരുന്നു ഞങ്ങളുടെ അദ്ധ്യാപകര്‍,’ 2006ല്‍ ക്രോ ബില്ലിങ്‌സ് ഗസറ്റിനോടു പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്രോ ഗോത്രത്തിന്റെ സംരക്ഷിതഭൂമിയില്‍ ജീവിതം കാഠിന്യം നിറഞ്ഞതായിരുന്നു. രോഗങ്ങളും പട്ടിണിയും മൂലം ഗോത്രാംഗങ്ങളുടെ എണ്ണം രണ്ടായിരത്തോളമായി കുറഞ്ഞു. ഗോത്രപാരമ്പര്യത്തില്‍നിന്ന് കുട്ടികളെ അകറ്റാന്‍ ശ്രമിച്ച ബോര്‍ഡിങ് സ്‌കൂളുകളായിരുന്നു മറ്റൊരു കടമ്പ. ബന്ധുക്കള്‍ കന്നുകാലികളെ മോഷ്ടിച്ച് ജീവിക്കാന്‍ ശ്രമിച്ച കഥ ഓര്‍മപ്പുസ്തകത്തില്‍ ക്രോ പറയുന്നുണ്ട്.

‘ഞങ്ങള്‍ അങ്ങേയറ്റം ദുരിതത്തിലായിരുന്നു,’ അക്കാലം ഓര്‍മിച്ച് ക്രോ പറഞ്ഞു.

വിദ്യാഭ്യാസം തന്റെ ദുരിതങ്ങളെ ഇല്ലാതാക്കുമെന്ന് ക്രോ വിശ്വസിച്ചു. മറ്റൊരു ക്രോ ഗോത്രത്തലവന്‍ പ്ലെന്റി കൂപ്‌സ് ക്രോയോട് ഇങ്ങനെ പറഞ്ഞിരുന്നു: ‘വിദ്യാഭ്യാസം നിന്നെ വെള്ളക്കാരനു തുല്യനാക്കും. അതില്ലെങ്കില്‍ നീ അവന്റെ ഇരയാകും.’

‘എനിക്ക് അത് വ്യക്തിപരമായ വെല്ലുവിളിയായിരുന്നു,’ 2009ല്‍ ക്രോ ഓര്‍മിച്ചു. ‘ ഇന്ത്യന്‍ ഗോത്രക്കാരന് മികച്ച കോളജ് വിദ്യാര്‍ത്ഥിയാകാന്‍ കഴിയുമെന്ന് എന്റെ ഗോത്രത്തിലുള്ളവര്‍ക്കുമാത്രമല്ല എല്ലാവര്‍ക്കും കാണിച്ചുകൊടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഗോത്രവര്‍ഗക്കാര്‍ക്കു ബുദ്ധിയില്ലെന്നും കോളേജ് പ്രവേശനം നേടാനാകില്ലെന്നുമായിരുന്നു ആളുകളുടെ ചിന്ത. അത് തെറ്റാണെന്നു തെളിയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.’

ഓറിഗണില്‍ ലിബറല്‍ ആര്‍ട്‌സ് സ്‌കൂളായ ലിന്‍ഫീല്‍ഡ് കോളജില്‍നിന്ന് ക്രോ പഠനം പൂര്‍ത്തിയാക്കി. സതേണ്‍ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് 1939ല്‍ നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി. ക്രോ ഗോത്രത്തില്‍നിന്ന് ബിരുദം നേടുന്ന ആദ്യത്തെയാളാണ് മെഡിസിന്‍ ക്രോ. ക്രോ ഇന്ത്യക്കാരുടെ സാമ്പത്തിക, സാമൂഹിക, മത ജീവിതത്തില്‍ യൂറോപ്യന്‍ സംസ്‌കാരവുമായുള്ള ബന്ധത്തിന്റെ ഫലങ്ങള്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണവിഷയം.

പഠനം പൂര്‍ത്തിയാക്കിയ ക്രോ ഓറിഗണിലെ നേറ്റിവ് അമേരിക്കന്‍  സ്‌കൂളില്‍ അദ്ധ്യാപകനായി. തുടര്‍ന്ന് പേള്‍ ഹാര്‍ബര്‍ ആക്രമണവും യുദ്ധപ്രഖ്യാപനവും വന്നു. 1943ല്‍ മെഡിസിന്‍ ക്രോ പട്ടാളക്കാരനായി.

‘ഞങ്ങള്‍ യോദ്ധാക്കളാണ്. ജര്‍മ്മനിയിലേക്കു പോയപ്പോള്‍ പ്രശസ്തരായ യോദ്ധാക്കളെപ്പറ്റിയാണ് ഞാന്‍ ചിന്തിച്ചത്. അവരുടെ പാരമ്പര്യം എനിക്കു കാത്തുസൂക്ഷിക്കേണ്ടതുണ്ടായിരുന്നു.’

ഗോത്രവര്‍ഗക്കാര്‍ ബഹുമാനം നേടുന്നത് ‘കൂപ്പു’കളുടെ എണ്ണം അനുസരിച്ചാണ്. യുദ്ധത്തിനിടയിലെ ധീരപ്രവൃത്തികളാണ് കൂപ്പ്. ശത്രുവിനെ നേരിട്ട് പരുക്കേല്‍ക്കാതെ രക്ഷപെടുന്നതാണ് ഏറ്റവും വലിയ കൂപ്പ്. ജര്‍മന്‍ ഗ്രാമം പിടിച്ചെടുക്കാന്‍ പുറപ്പെടുമ്പോള്‍ ഇത് ക്രോയുടെ മനസിലുണ്ടായിരുന്നില്ല. എന്നാല്‍ ഒരു ഇടവഴിയിലൂടെ അന്വേഷിച്ച് നടക്കുമ്പോള്‍ ജര്‍മന്‍ പട്ടാളക്കാരന്‍ ക്രോയുമായി കൂട്ടിമുട്ടി.

‘എന്റെ തോക്കു കൊണ്ട് അയാളുടെ തോക്ക് തട്ടിയെറിഞ്ഞു. കാഞ്ചിവലിക്കുകയേ വേണ്ടിയിരുന്നുള്ളൂ,’ ദ് വാര്‍ എന്ന വാര്‍ത്താചിത്രത്തിന്റെ നിര്‍മാതാവ് കെന്‍ ബേണ്‍സിനോട് ക്രോ പറഞ്ഞു.

എന്നാല്‍ തോക്ക് ദൂരെയിട്ട് മല്‍പ്പിടിത്തത്തിനു മുതിരുകയാണ് ക്രോ ചെയ്തത്. ജര്‍മന്‍കാരന്റെ കഴുത്തുപിടിച്ച് കൊല്ലാനൊരുങ്ങുമ്പോഴാണ് അയാള്‍ അമ്മയെ വിളിച്ചത്.

‘ആ വാക്ക് എന്റെ കണ്ണു തുറപ്പിച്ചു. ഞാന്‍ അയാളെ പോകാന്‍ അനുവദിച്ചു.’

1946ല്‍ യുദ്ധത്തിനുശേഷം തിരിച്ചെത്തിയ ക്രോ ഈ കഥകളെല്ലാം ഗോത്രത്തിലെ മുതിര്‍ന്നവരുമായി പങ്കുവച്ചു. യുദ്ധകഥകളെന്നുമാത്രമായിരുന്നു ക്രോയുടെ അതുവരെയുള്ള തോന്നല്‍.

എന്നാല്‍ ‘ നീ നാലു പ്രവൃത്തികളും പൂര്‍ത്തിയാക്കി’  എന്നായിരുന്നു മുതിര്‍ന്നവരുടെ പ്രതികരണം.

ആ നിമിഷം ഓര്‍ത്തെടുത്ത് ക്രോ ആനന്ദവാനായി. ‘ നിങ്ങള്‍ അവസാന യുദ്ധത്തലവനെയാണ് കണ്ടുകൊണ്ടിരിക്കുന്നത്,’ ദ് വാറില്‍ ക്രോ പറയുന്നു.

1948ല്‍ ഗോത്ര ചരിത്രകാരനും നരവംശ ശാസ്ത്രജ്ഞനുമായി ക്രോ നിയമിക്കപ്പെട്ടു. കുട്ടിക്കാലത്ത് കേട്ട കഥകള്‍ ഓര്‍മിച്ചെടുക്കാനുള്ള അസാമാന്യ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ക്രോ ഗോത്രത്തിന്റെ ആദ്യകാല ജീവിതവും ചരിത്രവുമായുള്ള ഏക കണ്ണിയും മെഡിസിന്‍ ക്രോ ആയിരുന്നു.

വിദ്യാഭ്യാസ, ചരിത്ര സമിതികളില്‍ സേവനം അനുഷ്ടിച്ച ക്രോ ക്രോ സംസ്‌കാരത്തെപ്പറ്റി പന്ത്രണ്ടോളം പുസ്തകങ്ങള്‍ രചിച്ചു. ബന്ധുവിന്റെ ഓര്‍മകള്‍ അടിസ്ഥാനമാക്കി ബാറ്റില്‍ ഓഫ് ലിറ്റില്‍ ബിഗ് ഹോണിന്റെ ചരിത്രവും എഴുതി. കസ്റ്ററിന്റെ ക്രോ പടയാളിയായിരുന്ന ഇദ്ദേഹം ഒളിയാക്രമണത്തെപ്പറ്റി കസ്റ്ററിനു മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ അത് ശ്രദ്ധിക്കപ്പെട്ടില്ല. 1941ല്‍ ഇതേ യുദ്ധത്തെപ്പറ്റിയുള്ള ‘ ദെ ഡൈഡ് വിത് ദെയര്‍ ബൂട്‌സ് ഓണ്‍’ എന്ന ചലച്ചിത്രത്തിന്റെ കഥയില്‍ സഹകരിക്കാന്‍ ക്ഷണിക്കപ്പെട്ടപ്പോള്‍ ഈ ചരിത്രം ഉള്‍പ്പെടുത്താന്‍ ക്രോ ശ്രമിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ വെള്ളക്കാര്‍ ഇത് നിരാകരിച്ചു.

‘ഒരു ദിവസം ഞാന്‍ എന്റെ സ്വന്തം കഥയെഴുതും. അതില്‍ ഞാന്‍ ഇത് എഴുതും,’ 2009ല്‍ ക്രോ ട്രൂ വെസ്റ്റ് മാസികയോടു പറഞ്ഞു. 1964ല്‍ ക്രോ അത് എഴുതി. ഇന്ന് യുദ്ധത്തിന്റെ പുനരാഖ്യാനങ്ങളില്‍ അതാണ് ഉപയോഗിക്കപ്പെടുന്നത്.

ജീവിതത്തിന്റെ ഭൂരിഭാഗവും ക്രോ സമുദായത്തിനും പുറംലോകത്തിനും ഇടയിലുള്ള ദൂതനെന്ന നിലയിലാണ് ക്രോ പ്രവര്‍ത്തിച്ചത്. അമ്മാവനായ വൈറ്റ് മാന്‍ റണ്‍സ് ഹിമ്മുമായി അഭിമുഖം നടത്താന്‍ വരുന്ന വെള്ളക്കാരായ റിപ്പോര്‍ട്ടര്‍മാര്‍ക്കുവേണ്ടി മൊഴിമാറ്റം നടത്തുകയായിരുന്നു കുട്ടിക്കാലത്ത് ക്രോയുടെ പതിവ്. രാജ്യത്തെമ്പാടുമുള്ള മ്യൂസിയങ്ങളില്‍ അമേരിക്കന്‍ ആദിവാസി സംസ്‌കാരത്തെപ്പറ്റിയുള്ള നിരവധി പ്രദര്‍ശനങ്ങള്‍ക്ക് ക്രോ ശബ്ദവും ഓര്‍മയുമായി. കോളജുകളിലും കോണ്‍ഫറന്‍സുകളിലും ഒരു യുഎന്‍ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തു.

‘ഇരുലോകങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു മദ്ധ്യരേഖയുണ്ട്. ഞാന്‍ ആ രേഖയിലാണു ചലിക്കുന്നത്. രണ്ടില്‍ നിന്നും മികച്ചവ എടുക്കുന്നു. മോശമായവ ഒഴിവാക്കുന്നു. തുലനമുള്ള, മികച്ച ജീവിതമാണ് ഞാന്‍ ജീവിച്ചത്. ഇങ്ങനെ ചെയ്യാന്‍ ഞാന്‍ എന്റെ കൊച്ചുമക്കളോടും ക്രോ ഗോത്രത്തിലെ ചെറുപ്പക്കാരോടും പറയുന്നു. അങ്ങനെ ചെയ്താല്‍ അവര്‍ സന്തുഷ്ടരായിരിക്കും.’

തന്റെ ജനതയ്ക്കുവേണ്ടി സംസാരിക്കാന്‍ ക്രോ അവസരങ്ങള്‍ ഉപയോഗിച്ചു. മൊണ്ടാനയിലെ ബില്ലിങ്‌സില്‍ വയോധികര്‍ക്കുവേണ്ടിയുള്ള കേന്ദ്രത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ ബാരക്ക് ഒബാമയെ 2008ല്‍ നേരിട്ട ക്രോ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: ‘ നിങ്ങള്‍ വൈറ്റ്ഹൗസിലെത്തുമ്പോള്‍ ഞങ്ങള്‍ ഇന്ത്യന്‍ ഗോത്രവര്‍ഗക്കാര്‍ 1492 മുതല്‍ അമേരിക്കന്‍ സമൂഹത്തിന്റെ അവസാനപടിയിലാണെന്ന് ഓര്‍ക്കുക. ഞങ്ങളെ ഒപ്പത്തിനൊപ്പം കൊണ്ടുവരാന്‍ നിങ്ങള്‍ക്കു കഴിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളെ ഒന്നാംകിട പൗരന്മാരായി മാനിക്കണമെന്നും.’

അടുത്ത വര്‍ഷം അമേരിക്കയിലെ ഉന്നത പൗരബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ഒബാമ മെഡിസിന്‍ ക്രോയെ ആദരിച്ചു.

ക്രോ നല്ല മനുഷ്യനാണെന്നായിരുന്നു ചടങ്ങില്‍ ഒബാമ നടത്തിയ പരാമര്‍ശം. ‘ക്രോ വര്‍ഗക്കാരുടെ യുദ്ധവീര്യം മാത്രമല്ല അമേരിക്കയുടെ ഉയര്‍ന്ന ആദര്‍ശങ്ങളും പ്രതിനിധാനം ചെയ്യുന്നയാളാണ് ക്രോ.’

തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ ഒബാമ ഇക്കാര്യം ആവര്‍ത്തിച്ചു. ക്രോ ഒരു നല്ല മനുഷ്യനായിരുന്നു.

‘തന്റെ ഗോത്രത്തില്‍നിന്ന് ആദ്യമായി കോളജ് വിദ്യാഭ്യാസവും ബിരുദാനന്തര ബിരുദവും നേടുന്ന ക്രോ യൂണിഫോമിനടിയില്‍ വാര്‍ പെയിന്റും ഹെല്‍റ്റിനുള്ളില്‍ കഴുകന്റെ തൂവലും വച്ച് രണ്ടാം ലോകമഹായുദ്ധത്തില്‍ പൊരുതി. യുദ്ധസാമര്‍ത്ഥ്യം കൊണ്ട് അമേരിക്കയുടെ ബ്രോണ്‍സ് സ്റ്റാര്‍, ഫ്രാന്‍സിന്റെ ലിജിയന്‍ ഡെഓണര്‍ എന്നിവ നേടി. 2009ല്‍ അദ്ദേഹത്തിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം സമ്മാനിക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. എങ്കിലും അദ്ദേഹം നേടിയ ഏറ്റവും വലിയ ബഹുമതി അദ്ദേഹത്തിന്റെ ജനതയില്‍നിന്നായിരുന്നു എന്നു ഞാന്‍ കരുതുന്നു – വാര്‍ ചീഫ് എന്ന പദവി. ആ പദവി നേടുന്ന അവസാനത്തെ ക്രോ.

ഡോ. മെഡിസിന്‍ ക്രോ ജീവിതത്തിന്റെ ഭൂരിഭാഗവും തന്റെയും ഗോത്രത്തിന്റെയും സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് സമര്‍പ്പിച്ചു. അതുവഴി അമേരിക്കയുടെ ചരിത്രം കൂടുതല്‍ പൂര്‍ണമാക്കാന്‍ സഹായിച്ചു. നന്നായി ചെലവഴിക്കപ്പെട്ട 102 വര്‍ഷത്തെ ആ ജീവിതത്തെ ഞാനും മിഷേലും ബഹുമാനിക്കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥനയും ചിന്തകളും അദ്ദേഹത്തിന്റെ കുടുംബത്തോടും ക്രോ സമൂഹത്തോടുമൊപ്പം ഉണ്ടാകും’.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍