UPDATES

വായന/സംസ്കാരം

പ്രണയിനിയും പെങ്ങളും കവിതയുടെ നൂല്‍പാലത്തിലൂടെ അയ്യപ്പനും

Avatar

സഫിയ ഒ സി 

ഉന്മാദത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ നഗ്നപാദനായി അലഞ്ഞ എ അയ്യപ്പന്‍ വിടപറഞ്ഞിട്ടു ആറുവര്‍ഷം കടന്നുപോയിരിക്കുന്നു. ‘തെരുവിന് തിന്നാന്‍ കവിതയുടെ കയറുകൊണ്ട് കെട്ടിയിട്ടൊരു പെരുമരം, കുമ്മായ വെളുപ്പില്‍ കരിക്കട്ട തിരഞ്ഞ് കല്ല്‌വീണ കുളം പോലൊരുള്ള്, വെയില്‍ പൊള്ളിയ വെളുവെളുത്തൊരു ഹൃദയം, കാറ്റ് പിടിച്ച പതാക പോലെ കവിത പിടിച്ചൊരു മനസ്സ്’ ഇതൊക്കെയായിരുന്നു അയ്യപ്പന്‍. കവിത അയ്യപ്പന് ആത്മഭാഷണം അഥവാ ആത്മാവ് തന്നെയായിരുന്നു.

‘എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട് 
എന്‍റെ ഹൃദയത്തിന്‍റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം
മരണത്തിന്‍റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്‍റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!’

ശവപ്പെട്ടി ചുമക്കുന്നവര്‍ക്കുള്ള അവസാന ഔസ്യത്തും എഴുതിവെച്ച് പൊള്ളുന്ന കവിതകള്‍ ബാക്കിവെച്ചു തീക്ഷ്ണ ബിംബങ്ങള്‍ നിറഞ്ഞ ഒരു കവിതപോലെ അയ്യപ്പന്‍ ആരുമറിയാതെ തെരുവില്‍ മരിച്ചു കിടന്നു.

നിഷേധി, അരാജകവാദി, ഉന്മാദി, തെരുവിന്‍റെ കവി എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ടായിരുന്നു അയ്യപ്പന്. ഇതൊക്കെ ആയിരിക്കുമ്പോഴും അയ്യപ്പന്‍ ഒരു നിര്‍വ്വചനങ്ങള്‍ക്കും പിടി കൊടുക്കാതെ കുതറി നടന്നു. അയ്യപ്പനെ വിശേഷിപ്പിക്കാന്‍ പറ്റിയ ഒരു നാമം കണ്ടെത്തുക അസാധ്യം. സ്ഥിരമായൊരു വൃത്തമോ ഘടനയോ അയ്യപ്പന്റെ കവിതകള്‍ക്ക് ഉണ്ടായിരുന്നില്ല. ലളിതമായ വാക്കുകള്‍ കൊണ്ട് തീക്ഷ്ണമായ അനുഭവലോകത്തിലേക്ക് അയ്യപ്പന്‍ വായനക്കാരെ കൊണ്ടുപോയി. ഭാഷാ ശൈലിയിലും അവതരണത്തിലും രചനാരീതിയിലും മലയാള കവിതയ്ക്ക് പുതിയ ഭാവുകത്വം സമ്മാനിച്ച അയ്യപ്പന്‍ സമകാലികരായ കവികളില്‍ നിന്നു വേറിട്ടു നടന്നു. പൊള്ളുന്ന അനുഭവങ്ങളെയും കാഴ്ചകളെയും കാച്ചിക്കുറുക്കി കവിതയിലേക്ക് ആവാഹിച്ചു. ചോരയും വിയര്‍പ്പും കണ്ണീരും രേതസും പുരണ്ട അക്ഷരങ്ങളായിരുന്നു അയ്യപ്പന് കവിത.

അവദൂതനായി അലഞ്ഞു നടന്ന അയ്യപ്പന് കവിത തന്നെയായിരുന്നു പാഥേയം. അയ്യന്‍ സ്വന്തം കവിതകളെ കുറിച്ച് ഒരിക്കലെഴുതി. “എന്റെ എഴുതപ്പെട്ട കവിതകളില്‍ മുണ്ടന്‍മാരും കുരുടന്മാരും സുന്ദരന്മാരും പിറന്നു. അതില്‍ സുന്ദരരൂപം പൂണ്ടവയെ മാത്രം ഒക്കത്തെടുത്ത് താലോലിച്ചാല്‍, എന്നിലെ കവി കവികള്‍ക്ക് ഒരു അപവാദമാകും. രചനയില്‍ വൈകല്യം പുരണ്ട എന്‍റെ കവിതകള്‍ പോലും എനിക്കു പ്രിയപ്പെട്ടവയാണ്. ഒരു കവിക്ക് അയാളുടെ ഒരു കവിതയെ മാത്രം പ്രിയപ്പെട്ടതായി കാണാനാവില്ല. കുറേ കവിതകള്‍ ചേര്‍ന്നതാണ് അയാളുടെ ജീവിതം തന്നെ.” കുരുടനും മുണ്ടനും സുന്ദരനും മാത്രമല്ല അമ്മ, അച്ഛന്‍, ബാല്യം,പെങ്ങള്‍, സൌഹൃദം, വിശപ്പ്, പ്രണയം, പ്രണയിനി, പുഴ, കടല്‍, ഋതുക്കള്‍, മയില്‍പ്പീലി, ദൈവം, അഭിസാരിക, കുറ്റവാളി, ബുദ്ധന്‍, നരി, പാളങ്ങള്‍, ജാതകം, നാരകം, ആട്ടിന്‍ കുട്ടിയുടെ ഭാഷ, മരണം, പ്രവാസം, വിശപ്പിന്‍റെ ഭാഷ, വഴികള്‍, എല്ലാം അയ്യപ്പന് അയ്യപ്പന് കവിതയ്ക്കുള്ള ചാലകങ്ങളായിരുന്നു.

അയ്യപ്പന്‍റെ കവിതകള്‍ ചിലപ്പോള്‍ വിയോഗ വ്യഥയുടെ വിഷാദ ഗീതികളാകുന്നു. കവിത നഷ്ടപ്രണയത്തിന്‍റെ ഉള്ളുലയ്ക്കുന്ന തോറ്റമാവുമ്പോഴും അയ്യപ്പന്‍ അക്ഷരങ്ങളില്‍ ഒരു തഥാഗഥന്‍റെ സംയമനം പാലിച്ചു.

ഇരുട്ടില്‍ പുതഞ്ഞുപോയ
ഒരു ഓട്ടുവിളക്കായിരുന്നു
അവന്‍റെ പ്രേമം
(വാക്ക് തെറ്റിച്ച ജാതകം)

‘മണ്ണുപിളര്‍ന്നുപോയ പ്രേമമേ
മണക്കുന്ന ഒരു കരിമ്പനയാകുക’
‘അര്‍ഥമില്ലാത്ത ഭാഷയില്‍
എനിക്കു വിശ്വാസമില്ല
നിന്നെ ഞാന്‍ ചൊല്ലുകൊണ്ട് സ്നേഹിച്ചിട്ടില്ല’
(പ്രേമം നിശ്ശബ്ദമായത് കൊണ്ട്)

കൂട്ടുതരാമെന്നു പ്രവചിച്ച സ്നേഹമേ
വീടില്ലാതെയെന്നില്‍ ഞാനലയുന്നു.
(അഗ്നിയും ജലവും) 

‘വേരുകള്‍ പൊട്ടി
മരമായ്
ശാഖകള്‍ വീശി
തളിരിടും പൂമരമല്ല എന്‍റെ പ്രേമം
എന്‍റെ പ്രേമത്തിന് നെല്ലിമരത്തിന്‍റെ ചിഹ്നം
നെല്ലിമരത്തിന്‍റെ രുചിഭേദങ്ങള്‍’

‘വേണ്ടെനിക്ക് കല്ലുകടിക്കുന്ന
കാമത്തിന്‍റെ ചോറ്
സ്വേദവും കണ്ണീരും നിറഞ്ഞ
സ്വാദാണെനിക്ക് പ്രേമം’
(പ്രേമത്തിന്‍റെ ചിഹ്നവും ഗോത്രവും)

‘ഒരേ മണ്ണുകൊണ്ട് 
നീയും ഞാനും സൃഷ്ടിക്കപ്പെട്ട
പ്രാണന്‍ കിട്ടിയനാള്‍ മുതല്‍
നമ്മുടെ രക്തം ഒരു കൊച്ചരുവിപോലെ
ഒന്നിച്ചൊഴുകി
സംശുദ്ധമായ പ്രണയത്തിന്
ഒരിന്ദ്രജാലവുമില്ല
ഞാന്‍ പ്രണയത്തിന്‍റെ രക്തസാക്ഷിയാണ് 
ബോധി തണുപ്പില്‍
നീലവെളിച്ചം തളര്‍ന്നുറങ്ങുന്ന രാവുകളില്‍ 
ഒരിക്കലും നടന്നുതീര്‍ന്നിട്ടില്ലാത്ത
നാട്ടിടവഴികളില്‍ എല്ലായിടത്തും ഞാന്‍
പ്രണയം അനുഭവിച്ചിട്ടുണ്ട്
പ്രണയം നിലനിര്‍ത്താന്‍
ഒറ്റ വഴിയെയുള്ളൂ പ്രണയിക്കുക
പെണ്ണൊരുത്തിക്ക് മിന്നുകെട്ടാത്ത
കാമമാണിന്നു ഞാന്‍’

‘പ്രേമം നിലനിര്‍ത്താന്‍ പ്രേമിക്കുക മാത്രം. താലികെട്ടുമ്പോള്‍ അറ്റുപോകുന്നത് പ്രണയമാണ്. അതിനാല്‍ ഞാനെന്‍റെ പ്രണയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നു. വിവാഹത്തില്‍ എനിക്കിന്ന് താത്പര്യം ഇല്ല. ഒറ്റയ്ക്ക് നടക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു’. എന്നു പറയുന്ന കവി രാഷ്ട്രീയവും പ്രണയവുമാണ് എന്നെ ഈ വഴിക്കു കൊണ്ടുവന്നതെന്നും രണ്ടും വളരെ നിരാശാജനകമായിരുന്നെന്നും പറയുന്നുണ്ട്.

‘എനിക്കും സ്നേഹ ബന്ധങ്ങളുണ്ടായി അവരൊക്കെ രക്ഷപ്പെട്ടെന്ന് വേണം പറയാന്‍. എനിക്കു നഷ്ടവും’ എന്നു ആത്മഗതം ചെയ്യുന്നുമുണ്ട് പ്രണയത്തെ കുറിച്ചും പ്രണയ ഭംഗത്തെ കുറിച്ചും പറയുന്ന കവി. മണ്‍മറഞ്ഞുപോയ പ്രേമത്തിന്‍റെ തലയോട്ടിയെ മടിയില്‍ വെച്ച് തലോടിയ കവി പേമാരിയുടെ മുന്നില്‍ തീകാഞ്ഞിരുന്നു. വെയില്‍ തിന്നുന്ന പക്ഷിയെ കുറിച്ചും അഗ്നിയെ തിരസ്കരിച്ച ഫീനിക്സ് പക്ഷിയെ കുറിച്ചും വാന്‍ഗോഗിനെ കുറിച്ചും കണ്ണകിയെ കുറിച്ചും എഴുതി.   

പരിവ്രാചകനായും ഭിക്ഷുവായും തഥാഗതനായും അവദൂതനായും സ്വയം  തീര്‍ത്ത തെരുവിലൂടെ അലഞ്ഞു. തന്‍റെ യാത്രക്കിടെ പലപ്പോഴും പെങ്ങളിലയുടെ സ്വാന്തനത്തിലേക്ക് മടങ്ങിയെത്തി.

ഇലകളായി ഇനി നമ്മള്‍
പുനര്‍ജ്ജനിപ്പിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം
എനിക്കൊരു കാമിനിയല്ല
ആനന്ദത്താലും ദുഖത്താലും കണ്ണുനിറഞ്ഞ
ഒരു പെങ്ങളില വേണം.
(ആലില)

പുറത്ത്
മരം പെയ്യുന്ന മഴ
കണ്ണുചിമ്മിയുണരുമ്പോള്‍
മെഴുകുതിരിയുടെ കത്തുന്ന മുറിവുപോലെ
പെങ്ങള്‍
(ഒന്നാം വാര്‍ഡ്)   

വജ്രസൂചിപോലെ വായനക്കാരുടെ മനസ്സിലേക്ക് തുളച്ച് കയറുന്ന കാവ്യ ബിംബങ്ങള്‍കൊണ്ട് സമകാലിക ജീവിത യാഥാര്‍ഥ്യങ്ങളോടും ദുരന്തങ്ങളോടും അനീതികളോടും ശക്തമായി തന്നെ പ്രതികരിക്കുന്നുണ്ട് അയ്യപ്പന്‍റെ കവിതകള്‍.

അരികുവത്ക്കരിക്കപ്പെട്ടവരെ മാറ്റിനിര്‍ത്തുകയും തിരസ്ക്കരിക്കുകയും ചെയ്യുന്ന വരേണ്യ വര്‍ഗ്ഗത്തോടുള്ള അയ്യപ്പന്‍റെ മൂര്‍ച്ചയുള്ള ചോദ്യത്തിന്‍റെ മാറ്റൊലി വര്‍ത്തമാന കാലത്തും മുഴങ്ങുന്നുണ്ട്.  

ഞാന്‍ കാട്ടിലും 
കടലോരത്തുമിരുന്ന് 
കവിതയെഴുതുന്നു 
സ്വന്തമായൊരു 
മുറിയില്ലാത്തവന്‍ 
എന്‍റെ കാട്ടാറിന്‍റെ 
അടുത്തു വന്നു നിന്നവര്‍ക്കും 
ശത്രുവിനും സഖാവിനും 
സമകാലീന ദുഃഖിതര്‍ക്കും 
ഞാനിത് പങ്കുവെയ്ക്കുന്നു  (ഞാന്‍)  
എന്നു പറയുന്ന കവി 

വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട് 
കുട്ടിയ്ക്കൊരു പേരിടാനും 
ചൊല്ലവേ നീ കൂട്ടുകാരാ 
രണ്ടുമില്ലാത്തൊരുവന്‍റെ 
നെഞ്ചിലെ തീ കണ്ടുവോ (ഈശാവാസി) എന്നും ചോദിക്കുന്നുണ്ട്. 

ഋതുക്കളുടെ ഭാഷയാണ്‌ അയ്യപ്പന്‍റെ ഭാഷ. അത് ദേശത്തിന്‍റെ അതിരുകളെ മായ്ച്ചുകളയുന്നു. പ്രണയവും സ്‌നേഹവും സാന്ത്വനവും കോപവും വാത്സല്യവും വെറുപ്പും പ്രതിഷേധവും എതിര്‍പ്പും സമന്വയിച്ച കാവ്യ ഭാഷയാണത്. ദയാശൂന്യമായ ജീവിത ചുറ്റുപാടുകളോട് ഏറ്റമുട്ടി തീവ്രവേദന ഏറ്റുവാങ്ങേണ്ടി വന്നവന്‍റെ വിങ്ങലും നിസ്സംഗതയുമുണ്ട് അയ്യപ്പന്‍റെ കവിതകളില്‍. മറ്റാരെയും പഴിചാരാതെ ആത്മപീഡനം ഏറ്റുവാങ്ങുന്നു കവി. മരിച്ചു കിടക്കുന്നവന്‍റെ പോക്കറ്റിലെ അഞ്ചുരൂപ മോഷ്ടിക്കുന്നവനോടുള്ള വെറുപ്പല്ല, മറിച്ച് അഞ്ചുരൂപ നോട്ടില്‍നിന്ന്‌ ഒരു നേരത്തെ ആഹാരം സ്വപ്‌നം കാണുന്നവന്‍റെ മുഖമാണതില്‍ കാണാനാവുക.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍