UPDATES

ട്രെന്‍ഡിങ്ങ്

അപ്പോഴാരാണ് നിസാമിനെ ഉള്‍പ്പെടുത്തിയത്?

ഒരു വര്‍ഷം പോലും ശിക്ഷകാലാവധി പൂര്‍ത്തിയാകാത്ത ഒരു കുറ്റവാളിക്ക് ശിക്ഷായിളവ് നല്‍കണമെന്നു തോന്നിയത് ഏതു പൊലീസുകാരനാണ്?

ശിക്ഷായിളവിനായി ഗവര്‍ണര്‍ക്കു മുമ്പാകെ സമര്‍പ്പിച്ച പട്ടികയില്‍ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമും ഉള്‍പ്പെട്ടിരുന്നോ? ആഭ്യന്തര വകുപ്പ് അഡിഷണല്‍ സെക്രട്ടറിയും സ്‌ക്രൂട്ടനിംഗ് കമ്മിറ്റിയംഗവുമായ ഷീല റാണി ഐ എ എസ് പറയുന്നത് ഗവര്‍ണര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ നിസാമോ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളോ ഉള്‍പ്പെട്ടിരുന്നില്ലെന്നാണ്. ജയില്‍വകുപ്പ് നല്‍കിയ പ്രതികളുടെ പട്ടികയില്‍ നിന്നും നിസാമിനേയും ടിപി കേസു പ്രതികളെയും അടക്കം പലരെയും ഒഴിവാക്കിയിരുന്നുവെന്നും സര്‍ക്കാരിന്റെ വിശദീകരണമായി അഡീഷണല്‍ സെക്രട്ടറി പറയുന്നു. അതില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. പക്ഷെ, അപ്പോഴും കല്ലുകടി ബാക്കിയാണല്ലോ!

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ വാദം അംഗീകരിച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ, ഇതാണു നേരെങ്കില്‍ ജയിലില്‍ പട്ടിക തയ്യാറാക്കിയവര്‍ ആരാണ്? അങ്ങനെയൊരു പട്ടിക തയ്യാറാക്കുമ്പോള്‍ ജയില്‍ ഡിജിപി പോലും അതറിഞ്ഞില്ലേ? ഒരു വര്‍ഷം പോലും ശിക്ഷകാലാവധി പൂര്‍ത്തിയാകാത്ത ഒരു കുറ്റവാളിക്ക് ശിക്ഷായിളവ് നല്‍കണമെന്നു തോന്നിയത് ഏതു പൊലീസുകാരനാണ്. എന്തായാലും ആ പൊലീസുകാരനും പൊലീസും പിണറായി വിജയന്‍ എന്ന ആഭ്യന്തര മന്ത്രിയുടെ കീഴിലാണല്ലോ. മുഖ്യമന്ത്രി എല്ലാം അറിയേണ്ടതില്ലെങ്കിലും അറിയേണ്ട കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതല്ലേ? മുഹമ്മദ് നിസാം മുച്ചീട്ടു കളിക്കാരനോ പോക്കറ്റടിക്കാരനോ അല്ലല്ലോ? ക്രൂരമായി ഒരു മനുഷ്യനെ കൊന്നവനല്ലേ? കോടതിക്ക് അതു ബോധ്യപ്പെട്ടതല്ലേ? കൊലപാതകം മരണശിക്ഷ കിട്ടാവുന്ന കുറ്റമല്ലേ. ക്യാപിറ്റല്‍ പണിഷ്‌മെന്റ് കിട്ടിയേക്കുമായിരുന്ന ഒരു കുറ്റവാളി ജയിലില്‍ എത്തി ഒരു വര്‍ഷം തികയുമ്പോഴേക്കും ശിക്ഷായിളവിന് പരിഗണിക്കപ്പെടുകയാണെങ്കില്‍, അതെന്തു ന്യായം?

സാങ്കേതികതയില്‍ തന്നെ തൂങ്ങി നിന്നു സംസാരിച്ചാലും ദഹിക്കാതെ കിടക്കുന്ന ചിലതുണ്ട്. അതിലൊന്നാണ് ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമദ് നിസാമിന്റെ പേരും ജയില്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്. എല്ലാ കുറ്റവാളികള്‍ക്കും തുല്യനീതിക്ക് അവകാശമുണ്ട്. പക്ഷേ സാങ്കേതികതയും യുക്തിയും പറയുന്നിടത്ത് അതുവച്ചു തന്നെ ചിന്തിക്കുമ്പോഴും നിസാമിന്റെ മനുഷ്യാവകാശത്തിനുമേല്‍ സര്‍ക്കാര്‍ പറയുന്ന/ വക്താക്കള്‍ പ്രചരിപ്പിക്കുന്ന കാരണങ്ങളില്‍ ചില കള്ളത്തരങ്ങള്‍ തലനീട്ടി നില്‍ക്കുന്നുണ്ട്.

ചന്ദ്രബോസിനെ കൊന്ന നിസാമിനെ വെറുതെ വിടാന്‍ പോകുന്ന മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഗൂണ്ടകളെയും ക്രിമിനലുകളെയും മനുഷ്യമൃഗങ്ങളെയുമാണു സംരക്ഷിക്കുന്നതെന്നു സംഘഗാനം പാടുന്നവരോട് പിണറായി വക്താക്കള്‍ പറയുന്ന മറുപടിയുണ്ട്. 2015 ലെ സ്വാതന്ത്ര്യദിനത്തില്‍ ശിക്ഷ കാലയളവില്‍ ഇളവ് നല്‍കാനുള്ള 2300 തടവുകാരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ അന്നു കേരളം ഭരിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നതു രമേശ് ചെന്നിത്തലയുമാണെന്ന്. ആ പട്ടികയിലെ ഓരോ കേസും മന്ത്രിസഭ പരിശോധിച്ചില്ല എന്ന കാരണം പറഞ്ഞു ഗവര്‍ണര്‍ തിരിച്ചയക്കുകയുമായിരുന്നു. പിന്നീട് ഈ ലിസ്റ്റ് വെട്ടിച്ചുരുക്കി 2300 എന്നതു 1850 ആക്കി. ചട്ടങ്ങള്‍ക്കും നിയമത്തിനും വിരുദ്ധമായവയൊന്നും ഇല്ലാത്ത ആ ലിസ്റ്റ് സൂക്ഷിച്ചുവച്ചവര്‍ കേരളം വജ്രജൂബിലി ആഘോഷിക്കുന്ന സമയത്ത് ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നുവത്രേ!

ഇവിടെയാണു ചെറിയൊരു സംശയം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ അന്യായ ലിസ്റ്റ് പിണറായി സര്‍ക്കാര്‍ പ്യൂരിഫൈ ചെയ്‌തെടുത്തു. തെറ്റും കുറവുമൊന്നുമില്ലാതെയാണല്ലോ ഗവര്‍ണര്‍ സമക്ഷം സമര്‍പ്പിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ഉണ്ടായിരുന്നോ? 2015 ല്‍ അല്ലേ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംഘവും ലിസ്റ്റ് തയ്യാറാക്കിയത്.

ഇനി ചന്ദ്രബോസ് വധക്കേസ് നാള്‍ വഴികള്‍ പരിശോധിക്കാം;

2015 ജനുവരി 29 പുലര്‍ച്ചെയാണു ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ മുഹമ്മദ് നിസം എന്ന വ്യവസായ പ്രമുഖന്‍ മര്‍ദ്ദിച്ചും ചവിട്ടിയും മൃതപ്രായനാക്കിയത്. സംഭവത്തില്‍ സിറ്റി പൊലീസ് മേധാവി ജേക്കബ് ജോബ് നിസാമിനെ അറസ്റ്റ് ചെയ്തു. 19 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ചന്ദ്രബോസ് മരണത്തിനു കീഴടങ്ങി. മാര്‍ച്ച് ഒമ്പതിനു നിസാമിനെതിരേ കാപ്പ ചുമത്തി. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കുശേഷം 2016 ജനുവരി 20 നു കോടതി ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിസാം കുറ്റക്കാരനെന്നു വിധിച്ചു. 2016 ജനുവരി 21 തൃശൂര്‍ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി നിസാമിന് ജീവപര്യന്തവും 24 വര്‍ഷം അധിക തടവും വിധിച്ചു. പ്രതി 80 ലക്ഷത്തി 30,000 രൂപ പിഴയട്ക്കാനും കോടതി വിധിച്ചിരുന്നു. ഇതില്‍ 50 ലക്ഷം ചന്ദ്രബോസിന്റെ കുടുംബത്തിനു നല്‍കാനുമാണു കോടതി പറഞ്ഞത്.

മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ സമ്മതിക്കുന്നുണ്ടെങ്കില്‍ 2015 ല്‍ തയ്യാറാക്കിയ ലിസ്റ്റില്‍ 2016 ല്‍ ശിക്ഷിക്കപ്പെട്ട നിസാം എങ്ങനെ ഉള്‍പ്പെട്ടു? യുഡിഎഫ് സര്‍ക്കാര്‍ തന്നെയാണു നിസാമിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെങ്കില്‍ അവര്‍ മുന്‍കൂട്ടി കാര്യങ്ങള്‍ കണ്ട് നിസാമിനോടുള്ള കൂറ് കാട്ടിയതാകാനെ വഴിയുള്ളൂ!

അതല്ല സത്യമെന്ന് അറിയാവുന്നതുകൊണ്ടാണ് അടുത്ത ചോദ്യം, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ അന്യായ ലിസ്റ്റില്‍ നിന്നും ചട്ടവും നിയമവുമൊക്കെ അളന്നു പലരയെും വെട്ടിക്കളഞ്ഞെന്നു പറയുന്നവര്‍ പുതിയ സര്‍ക്കാര്‍ വന്ന ശേഷം ജയിലില്‍ നിന്നും വന്ന പുതിയ ലിസ്റ്റില്‍ മുഹമ്മദ് നിസാം എങ്ങനെ കയറിക്കൂടി എന്നതിന് ന്യായീകരണം പറഞ്ഞു കാണുന്നില്ല.

എന്തായാലും മുഹമ്മദ് നിസാമിനെ കോടതി ശിക്ഷിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ലിസ്റ്റ് തയ്യാറാക്കിയത് നവംബറിലോ ഡിസംബറിലോ ആണ്. ജനുവരിയില്‍ ശിക്ഷിക്കപ്പെട്ട നിസാം അതുകൊണ്ടു തന്നെ ആ ലിസ്റ്റില്‍ കയറിയിട്ടുമില്ല. ജയില്‍ വിവരാവകാശ രേഖപ്രകാരം ശിക്ഷ ഇളവ് നല്‍കിയവരുടെ പട്ടികയില്‍ മുഹമ്മദ് നിസാം ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറയുന്നു. ഈ രേഖ സത്യമാണെങ്കില്‍ സര്‍ക്കാരിന് മുമ്പാകെ വന്ന പുതിയ ലിസ്റ്റില്‍ നിസാം എങ്ങനെ വന്നു? അതാരു ചേര്‍ത്തു? ആഭ്യന്തര വകുപ്പ് അറിയാതെ പൊലീസ് ചെയ്തതാണോ? യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ ഫയല്‍ എല്‍ഡിഎഫ് സര്‍ക്കാരിനു മുന്നില്‍ വന്നപ്പോള്‍ ആ ഫയല്‍ പരിശോധിക്കാനായി ആഭ്യന്തര വകുപ്പ് അഡി. സെക്രട്ടറിയും ജയില്‍ ഡി ഐ ജിയും ലോ സെക്രട്ടറിയും അടങ്ങുന്ന ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ആ കമ്മറ്റി ഓരോ കേസും പരിശോധിച്ചാണു പട്ടികയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കിയത്. അങ്ങനെ വരുമ്പോള്‍ നിസാമിന്റെ പേര് ഇടയില്‍ തിരുകിയത് ആരാണ് എന്നത് അന്വേഷിക്കേണ്ടതല്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍