UPDATES

ഓഫ് ബീറ്റ്

വില്യം ലോഗനുണ്ടായിരുന്ന താല്‍പര്യം പോലും നമ്മുടെ പുരാവസ്തുവകുപ്പിന് ഇല്ലാതെ പോയല്ലോ? കരിവെള്ളൂരിൽ മഹാശിലായുഗ ശേഷിപ്പുകള്‍ സംരക്ഷിക്കാതെ നശിക്കുന്നു

ബൃഹത്തായ ഒരു ചരിത്ര മ്യൂസിയത്തിന് വേണ്ടതെല്ലാം കരിവെള്ളൂര്‍ പെരളം എന്ന ഒരൊറ്റ ഗ്രാമപഞ്ചായത്തില്‍ മാത്രമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

മഹാശിലയുഗ സ്മാരകങ്ങളായി കരുതുന്ന കുടക്കല്ലുകള്‍ സംരക്ഷിക്കാതെ നശിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കരിവള്ളൂരിലാണ് ചരിത്ര ഗവേഷണത്തിന് ഉതകുന്ന നിരവധി കുടക്കല്ലുകള്‍ പുരാവസ്തു വകുപ്പിന്റെയടക്കം അവഗണന കാരണം നശിക്കുന്നത്.

മഹാശിലായുഗ സ്മാരകങ്ങളായി കണക്കാക്കുന്ന കുടക്കല്ലുകള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സ്ഥലമാണ് കരിവെള്ളൂര്‍. കര്‍ഷക കമ്യൂണിസ്റ്റ് പോരാട്ടങ്ങളിലൂടെ ചരിത്രത്തിലിടം നേടിയ കരിവെള്ളൂരെന്ന ഗ്രാമത്തിന് ശിലായുഗത്തോളം നീളുന്ന, ഇനിയും ചുരുളഴിയാത്ത മറ്റൊരു ചരിത്രം കൂടിയുണ്ടെന്ന് ദൗര്‍ഭാഗ്യവശാല്‍ കരിവെള്ളൂരുകാര്‍ക്കു പോലും അറിയില്ല. അനാവൃതമാകാത്ത മനുഷ്യന്റെ ചരിത്രത്തെ മണ്ണടരുകളില്‍ നിന്നു പോലും കുഴിച്ചെടുത്ത് പഠിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ ബാധ്യസ്ഥരായ സംസ്ഥാന പുരാവസ്തു വകുപ്പ് കേരളത്തിലെ ചരിത്ര ഗവേഷണത്തിന്റെ ‘ഹോട്ട് സ്‌പോട്ടായി’ പരിഗണിച്ച് പഠനങ്ങളും സംരക്ഷണ പ്രവര്‍ത്തനങ്ങളും എത്രയോ മുന്‍പേ നടത്തേണ്ടിയിരുന്ന പ്രദേശമായിരുന്നിട്ടു കൂടി ഈ മേഖലകള്‍ അവഗണിക്കപ്പെടുകയായിരുന്നു.

കണ്ണൂര്‍ കാസര്‍കോട് ദേശീയപാതയില്‍ കരിവള്ളൂര്‍ ബസ് സ്റ്റോപ്പില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ കിഴക്കായാണ് ചെമ്പോട്ടിക്കുന്ന്. ഈ ഇടനാടന്‍ കുന്നിന്റെ തലപ്പാകെ ചിതറിക്കിടപ്പുണ്ട് പ്രാചീന കേരളത്തിലെ നിരവധിയായ ഗോത്രസ്മൃതികള്‍. ആദ്യകാല മനുഷ്യാധിവാസത്തിന്റെയും സമൂഹ പരിണാമത്തിന്റെയും കഥകള്‍ പറയുന്ന എത്രയോ സ്മാരകങ്ങള്‍ കുടക്കല്ലുകളായും പഴുതറകളായും വൃത്തക്കല്ലുകളായുമെല്ലാം ഈ പ്രദേശത്ത് ശേഷിച്ചിരിപ്പുണ്ട്.

1500 മുതല്‍ 3000 വര്‍ഷം വരെ പഴക്കമുള്ളവയാണ് മഹാശിലായുഗ സ്മാരകങ്ങള്‍, കുടക്കല്ല്, തൊപ്പിക്കല്ല്, പഴുതറ, വൃത്തക്കല്ല് തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഇവയെല്ലാം പ്രാചീന മനുഷ്യരുടെ ശവകുടീരങ്ങളാണ്. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന അവര്‍ ശവം മറവുചെയ്യുമ്പോള്‍ കാര്‍ഷിക ഉപകരണങ്ങളും ആയുധങ്ങളും പാത്രങ്ങളുമെല്ലാം കുഴിമാടങ്ങളില്‍ നിക്ഷേപിച്ചു. ശവസംസ്‌കാരരീതിയും ഈ ഉപകരണങ്ങളുമാണ് അക്കാലത്തെ മനുഷ്യജീവിതത്തെ കുറിച്ച് പഠിക്കാന്‍ നമ്മെ സഹായിക്കുന്നത്. വിപുലമായ ഒരു ശ്മശാനം കാണുന്നു എന്നതിന്റെയര്‍ത്ഥം അതിലേറെ വിപുലമായ മനുഷ്യ ജീവിതം അവിടെയുണ്ടായിരുന്നു എന്നു തന്നെയാണല്ലോ’ ചരിത്ര ഗവേഷകനും അധ്യാപകനുമായ ഡോ.ടി.പവിത്രന്‍ പറയുന്നു.

ഒരു ഏക്കര്‍ സ്ഥലത്ത് 11 കുടക്കല്ലുകള്‍ കേരളത്തില്‍ കരിവെള്ളൂരില്‍ നിന്നു മാത്രമേ കണ്ടെടുത്തിട്ടുള്ളൂ. നൂറു കണക്കിനു പഴുതറകളും ഒരു വൃത്തക്കല്ലും ഈ പ്രദേശത്തുണ്ട്. കേരളത്തില്‍ മറ്റ് സ്ഥലങ്ങളില്‍ കണ്ടെടുത്തവയുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ കരിവെള്ളൂരിലെ പഴുതറകളുടെ പ്രവേശന ദ്വാരങ്ങള്‍ താരതമ്യേന ചെറുതാണ്. കാര്‍ഷിക ജീവിതത്തിന്റെ പ്രാരംഭദശയിലാണ് മഹാശിലായുഗം. ചെങ്കല്ല് വെട്ടിയെടുത്താണ് ഈ സ്മാരകങ്ങളെല്ലാം നിര്‍മിച്ചിരിക്കുന്നത്. മൂര്‍ച്ചയേറിയതും ഉറപ്പുള്ളതുമായ ഇരുമ്പായുധങ്ങള്‍ അക്കാലത്തുണ്ടായിരുന്നു എന്ന് ഇവയില്‍ നിന്നെല്ലാം വ്യക്തമാണ്. കരിവെള്ളൂരിന് തൊട്ടുകിഴക്ക് ഏറ്റുകുടുക്കയില്‍ ചെങ്കല്‍പ്പാറയില്‍ കാണുന്ന ശിലാ ചിത്രങ്ങള്‍ക്ക് എടക്കല്‍ ഗുഹാ ചിത്രങ്ങളേക്കാള്‍ പഴക്കമുണ്ട് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ആദ്യ ചെങ്കല്‍ ശിലാ ചിത്രവും ഇതു തന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ചിത്രങ്ങളെ മണ്ണിട്ടു മൂടി പഞ്ചായത്ത് റോഡ് നിര്‍മിക്കുകയും പ്രതിഷേധമുയര്‍ന്നപ്പോള്‍ മണ്ണ് നീക്കുകയുമായിരുന്നു. അമൂല്യമായ ഈ ചരിത്ര സ്മാരകത്തെ വേലി തിരിച്ച് സംരക്ഷിക്കാന്‍ പോലും പുരാവസ്തു വകുപ്പ് തയ്യാറായില്ല എന്നതാണു വസ്തുത. കേരളത്തില്‍ 17 ഇടങ്ങളില്‍ നിന്നും ഹാരപ്പന്‍ ലിഖിതങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അവയില്‍ രണ്ടെണ്ണം കണ്ണൂര്‍ ജില്ലയിലാണ്. ഹിമാചല്‍ പ്രദേശില്‍ നൂറിലേറെ ഗവേഷകര്‍ പങ്കാളികളായി നടന്ന വിപുലമായ ഒരു പഠനത്തിന്റെ വിവരങ്ങള്‍ ഈ മാസം പ്രസിദ്ധീകരിച്ചിരുന്നു. ഹാരപ്പന്‍ ലിഖിതങ്ങളെ കുറിച്ച് കേരളത്തില്‍ നടന്ന പഠനങ്ങളെ സാധൂകരിക്കുന്നതാണ് ഹിമാചലില്‍ നിന്നുമുള്ള ഈ റിപ്പോര്‍ട്ട്. ഇറാന്റെ ഭാഗങ്ങളില്‍ നിന്നുമാകാം കേരളത്തിലേക്ക് ഈ പ്രാചീന മനുഷ്യര്‍ എത്തിച്ചേര്‍ന്നത് എന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്.

‘കരിവെള്ളൂരിലെ സ്മാരകങ്ങളെല്ലാം സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലാണുള്ളത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചരിത്ര ശേഷിപ്പുകളെല്ലാം സര്‍ക്കാരിന്റെ സ്വത്താണ്. അവയെ സംരക്ഷിക്കാന്‍ വ്യക്തികള്‍ക്ക് നിര്‍ദേശം നല്‍കേണ്ടതും അതിനുള്ള സഹായം നല്‍കേണ്ടതും പുരാവസ്തു വകുപ്പിന്റെ ചുമതലയാണ്. ദൗര്‍ഭാഗ്യവശാല്‍ ഇതൊന്നും നടക്കുന്നില്ല’ ഡോ. പവിത്രന്‍ പറഞ്ഞു.

ആരാലും സംരക്ഷിക്കപ്പെടാത്തതിനാല്‍ ഈ പുരാവസ്തുക്കളില്‍ മിക്കവയും നശിപ്പിക്കപ്പെടുകയോ നിലംപൊത്തി മണ്‍മറയുകയോ ചെയ്തു കഴിഞ്ഞു. പുരാവസ്തു ഗവേഷകരും സര്‍ക്കാരുമെല്ലാം അവഗണിച്ചിട്ടും ഇവയില്‍ ചിലതെങ്കിലും ഇന്നും നിലനില്‍ക്കുന്നത് ചില ഗ്രാമീണ മനുഷ്യരുടെ ഇടപെടല്‍ കൊണ്ടു മാത്രം.

ചെമ്പോട്ടിക്കുന്നിലെ പെരികമന നാരായണന്‍ നമ്പൂതിരിയുടെ വീട്ടുവളപ്പില്‍ എട്ട് കുടക്കല്ലുകളുണ്ടായിരുന്നു. രണ്ടായിരമോ മൂവായിരമോ വര്‍ഷം മുന്‍പ് ജീവിച്ച ഏതോ ഗോത്രത്തലവന്റെ ശവകുടീരങ്ങളാണ് കുടക്കല്ലുകള്‍ എന്നൊന്നും നാരായണന്‍ നമ്പൂതിരിയെന്ന ഗ്രാമീണ മനുഷ്യന് അറിയില്ലെങ്കിലും വീട്ടുപറമ്പിലെ റബര്‍ മരങ്ങള്‍ക്കിടയില്‍ അദ്ദേഹം അവയെ ഇന്നും നിലനിര്‍ത്തുന്നു. കല്ലടുപ്പിന്റെ ആകൃതിയിലും ഒരാളുടെ പൊക്കത്തിലും മണ്ണില്‍ കുത്തി നിര്‍ത്തിയ മൂന്ന് വലിയ കല്ലുകളും അതിനു മുകളിലായി വട്ടത്തില്‍ കൊത്തിയെടുത്ത കൂറ്റന്‍ പാറയും ചേര്‍ന്നവയാണ് ഈ കുടക്കല്ലുകള്‍. ചെങ്കല്‍ പാറയിലാണ് നിര്‍മാണം . കൃഷിപ്പണികള്‍ക്ക് ഈ കൂറ്റന്‍ കല്‍നിര്‍മിതികള്‍ തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും നാരായണന്‍ നമ്പൂതിരിക്കും കുടുംബത്തിനും അവ നശിപ്പിക്കാന്‍ താല്‍പര്യമില്ല.

അഞ്ചെണ്ണത്തില്‍ മൂന്നെണ്ണവും കാലപ്പഴക്കത്താല്‍ ഇടിഞ്ഞ് നിലംപൊത്തിക്കഴിഞ്ഞു. മാസങ്ങള്‍ക്കു മുന്‍പ് എറണാകുളത്തു നിന്നും ചരിത്ര പ്രാധാന്യമുള്ള ഈ ‘കൗതുകവസ്തു’ വാങ്ങാന്‍ വന്ന ഹോട്ടലുകാരെ നിരാശരാക്കി മടക്കി അയച്ച കഥ നാരായണന്‍ നമ്പൂതിരി പറഞ്ഞു  ഇടിഞ്ഞു വീണ ഒരു കുടക്കല്ലിന്റെ ഭാഗങ്ങള്‍ മാത്രം മതിയായിരുന്നു അവര്‍ക്ക്, ഒരു ലക്ഷം രൂപ വില തരാമെന്നും പറഞ്ഞു. നാരായണന്‍ നമ്പൂതിരി വഴങ്ങിയില്ല, ഇല്ലത്തിന്റെ പേരില്‍ തന്നെ ഹോട്ടല്‍ വക മ്യൂസിയത്തില്‍ സൂക്ഷിക്കാമെന്നും വില വേണമെങ്കില്‍ ഇതിലും കൂട്ടിത്തരാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഭൂമി വാങ്ങാന്‍ വന്ന അമേരിക്കന്‍ പ്രസിഡന്റിനോട് പണ്ട് സിയാറ്റില്‍ മൂപ്പന്‍ പറഞ്ഞതു പോലെ നാരായണന്‍ നമ്പൂതിരി ഹോട്ടലുകാരോട് പറഞ്ഞു.. ‘ഞാന്‍ ഉണ്ടാക്കിയതാണെങ്കില്‍ ഞാന്‍ അത് നിങ്ങള്‍ക്ക് തരുമായിരുന്നു, പക്ഷേ എന്റെ അപ്പനപ്പൂപ്പന്‍മാര്‍ പോലും ജനിച്ചിട്ടില്ലാത്ത കാലത്ത് ഏതോ മനുഷ്യര്‍ നിര്‍മിച്ച വസ്തുക്കള്‍ വില്‍ക്കാന്‍ എനിക്കെന്തവകാശം..!,ഇതെല്ലാം ആര്‍ക്കും പഠിക്കാം, കിളച്ച് പരിശോധിക്കാം, ഒന്നിനും വിരോധമില്ല, പക്ഷേ നശിപ്പിക്കാനും വില്‍ക്കാനും ആര്‍ക്കും അവകാശമില്ല..’ അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം മുന്‍പു വരെ പെരികമന ഇല്ലത്തിന്റെ തൊട്ടടുത്ത പറമ്പിലുമുണ്ടായിരുന്നു മൂന്നു നാലു കുടക്കല്ലുകള്‍. എന്നാല്‍ അവയും അവയോടൊപ്പമുണ്ടായിരുന്ന ഇരുമ്പായുധങ്ങളടക്കമുള്ള പുരാവസ്തുക്കളും ആ സ്ഥലത്തിന്റെ ഉടമ ജെ.സി.ബി കൊണ്ടുവന്ന് ഇടിച്ച് സമീപത്തെ പൊട്ടക്കിണറ്റിലിട്ട് മൂടിയെന്ന് നാരായണന്‍ നമ്പൂതിരി പറഞ്ഞു.

കുടക്കല്ലുകള്‍ കൂടാതെ പഴുതറകള്‍, കല്‍വൃത്തങ്ങള്‍ തുടങ്ങിയവയെല്ലാം ചെമ്പോട്ടിക്കുന്നിലും തൊട്ടടുത്ത കൂക്കാനം കൂളിപ്പാറ, പുത്തൂര്‍, ചീറ്റ തുടങ്ങിയ പ്രദേശങ്ങളിലുമാണ് കണ്ടെത്തിയിട്ടുള്ളത്. സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലാണുള്ളത് എന്നതിനാല്‍ ഇവയില്‍ മിക്കവയും ഇതിനകം തന്നെ നശിപ്പിക്കപ്പെടുകയോ നശിച്ചുപോകുകയോ ചെയ്തു കഴിഞ്ഞു.

കൂക്കാനം കൂളിപ്പാറയില്‍ നൂറോളം പഴുതറകള്‍ ഉണ്ടായിരുന്ന സ്ഥലത്ത് ഇന്ന് ഒരു സ്വകാര്യ കോളജും അനുബന്ധ റോഡുകളുമാണുള്ളത്. പരിസ്ഥിതി ഗവേഷകന്‍ ഡോ.ഇ.ഉണ്ണികൃഷ്ണന്‍ പറയുന്നു. മരിച്ചവരുടെ കുഴിമാടം പണ്ട് ‘മാണ്ഡവര്‍ കൂളി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതില്‍ നിന്നാകാം നാട്ടു മൊഴിയിലെ ‘കൂളി’യും ‘മാണ്ടു’വും എല്ലാം ഉദ്ഭവിച്ചത്. മാണ്ടു എന്നതിന് പ്രേതം എന്നാണര്‍ത്ഥം. കൂക്കാനത്തെ കൂളിപ്പാറ ഇങ്ങനെയൊരു ശവസംസ്‌കാര സ്ഥലമായിരുന്നിരിക്കണം. വിപുലമായ ഉദ്ഖനനങ്ങളും പഠനങ്ങളുമെല്ലാം നടക്കേണ്ട പ്രദേശങ്ങളാണിവയെല്ലാം, ദൗര്‍ഭാഗ്യവശാല്‍ ഇന്നേ വരെ അതുണ്ടായിട്ടില്ല. മൂവായിരം വര്‍ഷം മുന്‍പു തന്നെ സുരക്ഷിതമായ മനുഷ്യാധിവാസത്തിന് ഇടനാടന്‍ ചെങ്കല്‍ കുന്നുകള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിശാലമായ ചെങ്കല്‍ പാറപ്പരപ്പുകളും അവയുടെ താഴ്വരകളും പ്രദാനം ചെയ്ത പാരിസ്ഥിതിക സുരക്ഷിതത്വം തന്നെയാകണം ഇതിന്റെ കാരണം. ഇന്നും കൊടിയ വരള്‍ച്ചയും പ്രളയവും ഉരുള്‍പൊട്ടലുമൊന്നും മറ്റിടങ്ങളേ പോലെ ഈ ഭൂപ്രദേശങ്ങളെ അലട്ടുന്നില്ല എന്നത് ഓര്‍ക്കേണ്ടതാണ്’

കുന്നിടിച്ച് നിരപ്പാക്കുമ്പൊഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പൊഴും ഈ ചരിത്ര സ്മാരകങ്ങള്‍ ഒന്നൊന്നായി ഇല്ലാതാവുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ പി.മുരളീധരന്‍ മാസ്റ്റര്‍ പറയുന്നു. ലോകത്ത് മറ്റെവിടെയും ചരിത്ര സ്മാരകങ്ങളെ ഇത്രയും ക്രൂരമായി അവഗണിക്കുന്നുണ്ടാകില്ല. ഏറ്റുകുടുക്കയില്‍ ശിലാചിത്രത്തിനു മുകളില്‍ മണ്ണിട്ട് പഞ്ചായത്ത് തന്നെ റോഡ് നിര്‍മിച്ചത് ചരിത്ര സ്മാരകങ്ങളോടുള്ള നമ്മുടെ മനോഭാവം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ തീരപ്രദേശത്തു നിന്നും ആറായിരം അടി ഉയരത്തില്‍ വരെ മഹാശിലാ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയുട്ടുണ്ടെന്ന് ചരിത്ര ഗവേഷകര്‍ പറയുന്നു. മിക്ക മഹാശിലാസ്മാരകങ്ങളില്‍ നിന്നും ഇരുമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കത്തികള്‍, അസ്ത്രമുനകള്‍, വാളുകള്‍, കുന്തങ്ങള്‍, കഠാരകള്‍, അരിവാളുകള്‍, മണ്‍വെട്ടികള്‍ തുടങ്ങി നിരവധി ഇരുമ്പുപകരണങ്ങളും ആയുധങ്ങളും മണ്‍പാത്രങ്ങള്‍, മെഴുക്, വില കൂടിയ കല്ലുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. കേരളത്തിലെ മഹാശിലാ സംസ്‌കാരത്തിന്റെ കാലനിര്‍ണയത്തെ കുറിച്ച് ചരിത്ര ഗവേഷകര്‍ക്കിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എങ്കിലും ഇരുമ്പിന്റെ ഉപകരണങ്ങള്‍ കണ്ടെടുക്കപ്പെട്ടതില്‍ നിന്നും ദക്ഷിണേന്ത്യയില്‍ ഇരുമ്പുപയോഗത്തിന്റെ ആവിര്‍ഭാവ ഘട്ടത്തിലാകാം ഈ സംസ്‌കാരത്തിന്റെ തുടക്കം എന്ന് പൊതുവേ അനുമാനിക്കപ്പെടുന്നു. ഇടനാടന്‍ ചെങ്കല്‍ പരപ്പുകളില്‍ കഴിഞ്ഞ മൂവായിരം വര്‍ഷമായി മനുഷ്യര്‍ അധിവസിക്കുന്നു എന്നത് ചരിത്ര പഠനങ്ങളില്‍ നിന്നും വ്യക്തമാണ്. ചെങ്കല്‍ പ്രദേശങ്ങളുടെ ജലസമൃദ്ധി ഇതിനൊരു കാരണമായിരിക്കാമെന്ന് പല ഗവേഷകരും അഭിപ്രായപ്പെടുന്നുണ്ട്.

വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ വടക്കന്‍ കേരളത്തിലെ മഹാശിലാസ്മാരകങ്ങളെ കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ട്.  നാടിന്റെ ചരിത്രത്തെ കുറിച്ച് ലോഗനെന്ന വിദേശിക്കുണ്ടായിരുന്ന താല്‍പര്യത്തിന്റെ നൂറിലൊരംശം പോലും നമ്മുടെ ചരിത്ര ഗവേഷണ സ്ഥാപനങ്ങള്‍ക്കില്ല എന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് ചരിത്രാധ്യാപകനായ ഷൈജു നമ്പിടി പറയുന്നു.

കണ്ണൂര്‍ കാസര്‍ക്കോട് ജില്ലകളിലെ ചെങ്കല്‍ കുന്നുകളില്‍ മഹാശിലാ യുഗത്തിന്റെയും ഒപ്പം നവീന ശിലായുഗത്തിന്റെ അന്ത്യഘട്ടത്തിന്റെയും തെളിവുകള്‍ ധാരാളമായി അവശേഷിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ ആനക്കാര പഞ്ചായത്തില്‍ പെട്ട വളയനാട് നിന്നും 2500 വര്‍ഷത്തോളം പഴക്കമുള്ള ശ്മശാനവും മഹാശിലാവശിഷ്ടങ്ങളും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിരുന്നു. സമാനമായ ഒന്നാകാന്‍ സാധ്യതയുള്ളതാണ് കരിവെള്ളൂരെ കൂക്കാനവും ചെമ്പോട്ടിക്കുന്നുമെല്ലാം.

ബൃഹത്തായ ഒരു ചരിത്ര മ്യൂസിയത്തിന് വേണ്ടതെല്ലാം കരിവെള്ളൂര്‍ പെരളം എന്ന ഒരൊറ്റ ഗ്രാമപഞ്ചായത്തില്‍ മാത്രമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷേ അതാതിടങ്ങളില്‍ തന്നെ അവയെ നിലനിര്‍ത്തിക്കൊണ്ടുള്ള പഠനവും ഗവേഷണവും സംരക്ഷണ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യാന്‍ നാളിതുവരെ ആരും തയ്യാറായിട്ടില്ല. ചരിത്ര കേന്ദ്രീകൃതമായ വിനോദ സഞ്ചാര സാധ്യത പോലും സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നുള്ള കാര്യവും ചരിത്ര ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അമൂല്യമായ പുരാവസ്തു ശേഖരങ്ങള്‍ മണ്ണില്‍ കുഴിച്ചിടുന്ന അതിദയനീയമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. അടിയന്തിര നടപടികളുണ്ടായില്ലെങ്കില്‍ ചരിത്ര പുസ്തകങ്ങളില്‍ കാണുന്ന ചിത്രങ്ങള്‍ മാത്രമായി കുടക്കല്ലും തൊപ്പിക്കല്ലുമെല്ലാം ഒതുങ്ങും .

നിശാന്ത് പരിയാരം

നിശാന്ത് പരിയാരം

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍, കണ്ണൂര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍