UPDATES

ട്രെന്‍ഡിങ്ങ്

കീഴാറ്റൂരിലേക്ക് പരിസ്ഥിതി പ്രവര്‍ത്തകരെ അടുപ്പിക്കില്ല: സിപിഎം ചെക്ക് പോസ്റ്റ് സ്ഥാപിച്ചെന്ന് വയല്‍ക്കിളികള്‍

പുറമെ നിന്നുള്ള ആരും കീഴാറ്റൂരില്‍ പ്രവേശിക്കരുതെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഉത്തരവ്

കീഴാറ്റൂരിലേക്ക് പരിസ്ഥിതി പ്രവര്‍ത്തകരുള്‍പ്പെടെ കൂടുതല്‍ പേരെത്തി സമരം കൂടുതല്‍ ശക്തമാകാതിരിക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വം ശ്രമം തുടങ്ങിയെന്ന ആരോപണവുമായി സമരത്തിന് നേതൃത്വം നല്‍കുന്ന വയല്‍ക്കിളികള്‍. നാളെ ഇവിടേക്ക് പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്തിച്ചേരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇവര്‍ കീഴാറ്റൂരില്‍ പ്രവേശിക്കില്ലെന്നാണ് സിപിഎം പറയുന്നതെന്ന് വയല്‍ക്കിളികള്‍ പ്രവര്‍ത്തകന്‍ മനോഹരന്‍ കീഴാറ്റൂര്‍ അഴിമുഖത്തെ അറിയിച്ചു.

റോഡില്‍ തന്നെ പരിസ്ഥിതി പ്രവര്‍ത്തകരെ തടയാനാണ് സിപിഎം നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ കീഴാറ്റൂരിലെത്തിച്ചേര്‍ന്നാല്‍ സമരം തങ്ങളുടെ കൈവിട്ട് പോകുമെന്ന ഭയമാണ് സിപിഎം പ്രാദേശിക നേതൃത്വത്തിനെന്ന് അദ്ദേഹം ആരോപിച്ചു. പുറമെ നിന്നുള്ള ആരും കീഴാറ്റൂരില്‍ പ്രവേശിക്കരുതെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഉത്തരവ്. എത്തിയാല്‍ തടയാനാണ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുന്നത്. നേരത്തെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് നിഷാന്ത് പരിയാരം എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തു വന്നിരുന്നു.

ഇന്നാണ് നന്ദിഗ്രാം വെടിവയ്പ്പിന്റെ വാര്‍ഷികം, മാര്‍ക്‌സിന്റെ ചരമദിനവും: വയല്‍ക്കിളികള്‍ ജീവന്മരണ പോരാട്ടത്തിലേക്ക്‌

കീഴാറ്റൂരില്‍ സിപിഎം ചെക്ക് പോസ്റ്റ് വരുന്നു
നിങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ കര്‍ഷക സമരനായികയുടെ ഫോട്ടോ അതിവൈകാരികമായി അവതരിപ്പിക്കാം പക്ഷേ കീഴാറ്റൂരിലെ നമ്പ്രാടത്ത് ജാനകിയമ്മയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്. കേരളീയരായ കെ.കെ.രാഗേഷിനും ഡോ.വിജു കൃഷ്ണനും മഹാരാഷ്ട്രയില്‍ പോയി കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാം പക്ഷേ പയ്യന്നൂരും കണ്ണൂരുമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് സ്വന്തം ജില്ലയില്‍ തന്നെയുള്ള കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തില്‍ പങ്കെടുക്കാന്‍ പത്തോ ഇരുപതോ കിലോമീറ്റര്‍ മാത്രം സഞ്ചരിച്ച് വന്നു കൂടാ.

പുറമേ നിന്നുള്ള ആരും കിഴാറ്റൂരിലേക്ക് സമരത്തിനെന്ന പേരില്‍ വരരുതെന്ന ഫത്വ സിപിഎം പ്രദേശിക നേതൃത്വം പുറത്തിറക്കിക്കഴിഞ്ഞു. വയല്‍ക്കിളികളുടെ അടുത്തേക്ക് പുറമേ നിന്ന് ആരെത്തിയാലും പാര്‍ട്ടി തടയുമത്രേ. അങ്ങേയറ്റം പ്രതിലോമകരമായ ഈ പ്രാദേശിക വാദം വിളമ്പുന്നവര്‍ പലരും സഖാവ് ഏണസ്റ്റോ ചെഗുവേരയുടെ ചിത്രം ഇലക്ട്രിക് പോസ്റ്റിലും ഫ്‌ലക്‌സ് ബോര്‍ഡിലും വരച്ചു വച്ച് സംതൃപ്തിയടയുന്ന വിപ്ലവകാരികള്‍ കൂടിയാണെന്നത് പ്രത്യേകം സ്മരണീയം. പുറമേ നിന്നുള്ളവര്‍ വിപ്ലവത്തില്‍ പങ്കെടുക്കരുതെന്ന് ക്യൂബന്‍ ജനത സഖാവ് ചെയോട് പറഞ്ഞിരുന്നോ എന്നറിയില്ല.

ഞങ്ങളുടെ നാടിന്റെ പ്രശ്‌നം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന് സഖാവിനോട് ബൊളീവിയന്‍ ജനത പറഞ്ഞിരുന്നോ എന്നും അറിയില്ല. നിങ്ങള്‍ ഏത് ദേശക്കാരനായാലും ഏത് ഭാഷക്കാരനായാലും ചൂഷണങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ നമ്മള്‍ സഖാക്കളായിരിക്കുമെന്ന ചെഗുവേരയുടെ വചനം താറിട്ട റോഡില്‍ വെളുത്ത പെയിന്റിനാല്‍ എഴുതി വച്ച ഡിവൈഎഫ്‌ഐ സഖാക്കള്‍ക്കെങ്കിലും സ്വന്തം നേതൃത്വത്തിന്റെ ഈ സങ്കുചിത പ്രാദേശിക വാദത്തെ പ്രതിരോധിക്കാനാകേണ്ടതാണ്. കാറല്‍ മാര്‍ക്‌സ് കല്യാശേരിക്കാരനായതു കൊണ്ടല്ലല്ലോ സഖാക്കളേ സഖാവ് ഇ.കെ.നായനാരും കെപിആറും കമ്യൂണിസ്റ്റായത്! മാര്‍ക്‌സിസം ആലപ്പുഴയിലുണ്ടായ പ്രത്യയശാസ്ത്രമായതുകൊണ്ടല്ലല്ലോ സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ള ചെങ്കൊടിയേന്തിയത്. ഭൂഖണ്ഡങ്ങള്‍ കടന്ന് എല്ലാ സങ്കുചിത ബോധങ്ങള്‍ക്കുമപ്പുറത്തേക്ക് സഞ്ചരിച്ച മനുഷ്യ മോചന പ്രത്യയശാസ്ത്രത്തിന്റെ പതാകാ വാഹകര്‍ക്ക് എങ്ങനെയാണ് സങ്കുചിത പ്രാദേശിക വാദത്തിന്റെ മുട്ടയ്ക്ക് അടയിരിക്കാനാകുന്നത്? ക്യൂബയിലേക്കായി അരിയും ഗോതമ്പും പിരിച്ചെടുത്തവരല്ലേ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍? കെന്‍സാരോ വിവയുടെ മോചനത്തിനായി ഗര്‍ജിച്ച കേരളീയ കലാലയങ്ങളുടെ അകത്തളങ്ങളെ ഇത്ര വേഗം മറക്കാമോ? സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ കേരളത്തിലെ നാട്ടുകവലകളില്‍ പോലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത് വിസ്മൃതിയിലായോ?

നമ്മുടെ രാജ്യത്ത് നടന്ന കമ്യൂണിസ്റ്റ് സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ പ്രതിനിധിയെ അനുവദിക്കാതിരുന്ന കേന്ദ്രത്തിലെ ഹിന്ദു ഫാസിസ്റ്റ് സര്‍ക്കാരിന്റെ നയത്തെ അതിരൂക്ഷമായി. വിമര്‍ശിച്ചവരല്ലേ നമ്മള്‍ കമ്യൂണിസ്റ്റുകാര്‍?

മലബാറുകാരനായ സഖാവ് എ.കെ.ജി എന്തിനാണ് മധ്യകേരളവും കടന്ന് ഒരു മലയടിവാരത്തെത്തി കുടിയിറക്കിനെതിരെ സത്യാഗ്രഹം നത്തെിയത്? പി കൃഷ്ണപിള്ള എന്തിനാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ഗ്രാമങ്ങളില്‍ സഞ്ചരിച്ച് കര്‍ഷകപ്പോരാട്ടങ്ങള്‍ക്ക് തീ പകര്‍ന്നത്?
മറുപടിയുണ്ടോ സഖാക്കളേ?

കീഴാറ്റൂരേക്ക് പുറമേ നിന്ന് ആരും വരണ്ടാത്രേ. കീഴാറ്റൂരെന്താ വിസയും പാസ്‌പോര്‍ട്ടും കൊണ്ടു മാത്രം കടന്നു ചെല്ലാവുന്ന മറ്റൊരു രാജ്യമാണോ? അന്യരാജ്യത്ത് പോയി സമരത്തില്‍ പങ്കെടുക്കുന്നത് വിസാ ചട്ടങ്ങളുടെ ലംഘനമാണെന്നു കേട്ടിട്ടുണ്ട്, കിഴാറ്റൂരിലും സിപിഎമ്മിന്റെ വിസാ ചട്ടങ്ങളുണ്ടോ? സര്‍വ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍ എന്നുദ്‌ഘോഷിച്ച ആചാര്യന്റെ പേരുപയോഗിക്കുന്നവര്‍ക്ക് ഒരു കൊച്ചു ഗ്രാമത്തിന് അതിരും മതിലും ചെക്ക് പോസ്റ്റും സ്ഥാപിക്കാനുള്ള തൊലിക്കട്ടിയുണ്ടാകുന്നത് എങ്ങനെയാണ്? അര്‍ദ്ധ മുതലാളിത്ത (BOT) ബൈപ്പാസ് പാതാ പദ്ധതി മുന്നോട്ടുവയ്ക്കുന്ന വികസന സ്വപ്നങ്ങളുടെ ലഹരി പാര്‍ട്ടി നേതൃത്വത്തെ ഇത്രമാത്രം മത്തുപിടിപ്പിച്ചുവോ? ആരെ കൊന്നിട്ടായാലും ബൈപ്പാസ് റോഡ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ കൊണ്ടുവരുമെന്ന ആക്രോശം ഈ ലഹരിയുടെ ഭാഗമാണോ?

സഖാക്കളേ, വിമര്‍ശന ശബ്ദങ്ങളെ, ഒരു ഗ്രാമാതിര്‍ത്തിക്കുള്ളിലേക്ക് കടത്താനുള്ള മനസ്സ് പോലുമില്ലാത്ത നിങ്ങളാണോ ആവിഷ്‌കാര സ്വതന്ത്ര്യത്തെ കുറിച്ച് വാചാലരാകുന്നത്? ഫാസിസത്തെ കുറിച്ച് ഉച്ച പ്രസംഗങ്ങള്‍ നടത്തുന്നത്? ആശയ സമരങ്ങളെ നിങ്ങളിത്രയും ഭയക്കുന്നുവോ? ഭീരുത്വം ഒരു കുറ്റമല്ല അതൊരു രോഗലക്ഷണമാണ്. ലാല്‍സലാം”
എന്നതായിരുന്നു നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ലോംഗ് മാര്‍ച്ചില്‍ നിന്നുള്ള ഊര്‍ജ്ജം ധാര്‍ഷ്ട്യമാവരുത്; കീഴാറ്റൂരില്‍ നിന്നും സിപിഎം പഠിക്കേണ്ടത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍