UPDATES

സിനിമ

വിദ്യാര്‍ത്ഥികളേ, നിങ്ങളുടെ ചോരത്തിളപ്പ് വേണം ഈ നാടിന്; രണ്‍ജി പണിക്കര്‍

Avatar

രണ്‍ജി പണിക്കര്‍

രാഷ്ട്രീയം പറയണം. കാമ്പസുകളില്‍, തടവറകളില്‍, തെരുവില്‍ രാഷ്ട്രീയം പറയരുതെന്ന് ആരാണ് ഈ രാജ്യത്ത് നിയമം ഉണ്ടാക്കിയത്? ഹൈക്കോടതി പറഞ്ഞിട്ടുണ്ട് കാമ്പസുകളില്‍ രാഷ്ട്രീയം പാടില്ലെന്ന്. ഹൈക്കോടതിയാണോ അതു തീരുമാനിക്കേണ്ടത്. കോടതിയലക്ഷ്യം ആയിക്കോട്ടെ. പതിനെട്ട് വയസ് തികഞ്ഞൊരാള്‍ക്ക് വോട്ടവകാശമുള്ള രാജ്യത്ത് ഒരു കോളേജിന്റെ മതില്‍ക്കെട്ടിനകത്ത് രാഷ്ട്രീയം പറയരുതെന്നാണ് ഉത്തരവ്. മതില്‍ക്കെടുകള്‍ക്ക് പുറത്ത് രാഷ്ട്രീയമുണ്ടല്ലോ.

രാഷ്ട്രീയം ഇല്ലാത്ത, രാഷ്ട്രീയം പറയാത്ത കാമ്പസുകളിലാണ് വെമൂലമാര്‍ ഉണ്ടാകുന്നത്. രാഷ്ട്രീയം അനുവദിച്ച കാമ്പസിലാണ് രാജന്‍ ഉണ്ടായത്. അതാണ് പുതിയകാലവും പഴയകാലവും തമ്മിലുള്ള വ്യത്യാസം. 

ഈ മാര്‍ച്ച് മാസത്തില്‍ ഞാന്‍ രാജന്‍ എന്ന രക്തസാക്ഷിയെ ഓര്‍മിക്കുന്നു.

അടിയന്തരാവസ്ഥയുടെ ഇരുട്ടറയില്‍ ഉരുട്ടി കൊലചെയ്യപ്പെട്ടവര്‍, കക്കയം ഡാമില്‍ മുക്കിതാഴ്ത്തപ്പെവര്‍ ഇന്നും ഇവിടുത്തെ കാമ്പസുകളുടെ ഹൃദയത്തില്‍ ജീവിക്കുകയാണ്.

കാമ്പസുകളില്‍ രാഷ്ട്രീയം പറയുന്നവന്‍ ഇന്നു രാജ്യദ്രോഹി എന്നു മുദ്രകുത്തപ്പെടുന്നു. രാഷ്ട്രീയം പറയുന്നവന് ആത്മഹത്യക്കുറിപ്പ് എഴുതിവച്ച് ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നു. രാഷ്ട്രീയം പറയാത്തൊരു കാമ്പസ് ജനാധിപത്യത്തിന്റെ ഭാഗമല്ല. അത് തികഞ്ഞ ഏകാധിപത്യത്തിന്റെ ഭാഗമാണ്.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. എല്ലാ സഭകള്‍ക്കും എല്ലാ സമുദായങ്ങള്‍ക്കും രാഷ്ട്രീയമുണ്ട്. എല്ലാ പിതാക്കന്മാര്‍ക്കും പാതിരിമാര്‍ക്കും സമുദായനേതാക്കള്‍ക്കും രാഷ്ട്രീയമുണ്ട്. എന്നാല്‍ അവര്‍ നടത്തുന്ന കോളേജുകളുടെ മതില്‍ക്കെട്ടിനകത്ത് രാഷ്ട്രീയം പറയാന്‍ അനുവാദമില്ല. ഇത് തെമ്മാടിത്തരമാണ്. അവരുടെ കോളേജുകളില്‍ ജനാധിപത്യമില്ല, രാഷ്ട്രീയമില്ല. അതുകൊണ്ടാണ് വിദ്യാര്‍ത്ഥികളെ വേട്ടയാടിക്കൊണ്ടുപോയി തിഹാര്‍ ജയിലില്‍ അടയ്ക്കാം എന്ന ധാര്‍ഷ്ട്യം സര്‍ക്കാരിനുണ്ടാകുന്നത്.

ഈ ധാര്‍ഷ്ട്യത്തെ, വിദ്യാര്‍ത്ഥികളെ നിങ്ങളുടെ മതില്‍ക്കെട്ടുകളെ, നിങ്ങള്‍ ഭേദിക്കുക.

ഒരു ജനാധിപത്യസംവിധാനവും ഒരു കോടതിയും രാഷ്ട്രീയം പറയുന്ന, രാഷ്ട്രീയം പ്രവര്‍ത്തിക്കുന്ന, രാഷ്ട്രീയം ചിന്തിക്കുന്ന തലച്ചോറുകളെ നിരോധിക്കില്ല, നിരോധിക്കാന്‍ കഴിയുകയുമില്ല.

നിങ്ങള്‍ നിങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ രാഷ്ട്രീയം പറയുക, രാഷ്ട്രീയം പ്രവര്‍ത്തിക്കുക. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ നിങ്ങള്‍ വേട്ടയാടപ്പെടും. ആ വേട്ടയാടലിന് ഇരകളാകാതിരിക്കട്ടെ ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹം, കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം.

ഒന്നോര്‍ക്കണം, ജാതിയും മതവും കാമ്പസിനകത്തേക്ക് കടന്നു വരുന്നത് അവിടെ രാഷ്ട്രീയം ഇല്ലാത്തതുകൊണ്ടാണ്. പണ്ടവിടെ ജാതി സംഘടനകള്‍ക്ക് സമുദായസംഘടനകള്‍ക്ക് ഇടമില്ലാത്തവണ്ണം എഎസ്‌ഐയും കെ എസ്‌യുവും നിന്നിരുന്നു. 

1975 ല്‍ സംഭവിച്ചതും ഇതുപോലെയായിരുന്നു. ജയപ്രകാശ് നാരായണനെ രാജ്യദ്രോഹിയായി മുദ്രകുത്തി. ജനാധിപത്യം പറഞ്ഞവരെ, അഭിപ്രായസ്വാതന്ത്ര്യത്തിനായി നിലപാടുകളെടുത്തവരെ, അതിനുവേണ്ടി കൊടിപിടിച്ചവരെ മുദ്രാവാക്യം വിളിച്ചവരെ തെരുവിലിറങ്ങിയവരെ രാജ്യദ്രോഹികളാക്കിയ അതേ രാഷ്ട്രീയസംവിധാനം നിങ്ങളുടെ കഴുത്തിനു പിന്നില്‍ വന്നു നിന്നു ശ്വാസം വിടുകയാണ്. അതനുവദിച്ചുകൊടുത്താല്‍ എല്ലാ മനുഷ്യാവകാശങ്ങളും ധ്വംസിക്കപ്പെടുന്ന അരാജകത്വത്തിലേക്കും ഏകാധിപത്യരാഷ്ട്രീയത്തിലേക്കുമായിരിക്കും നാം എത്തിച്ചേരുക.

അതിനെ പ്രതിരോധിക്കാന്‍ വിദ്യാര്‍ത്ഥികളെ നിങ്ങളുടെ ചോരത്തിളപ്പ് ആവശ്യമാണ്…

( കോട്ടയം സിഎംഎസ് കോളേജിലെ ഗ്രേറ്റ് ഹാളില്‍ സംഘടിപ്പിച്ച എം ജി സര്‍വകലാശാല യൂണിയന്‍ ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട് രണ്‍ജി പണിക്കര്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍