UPDATES

രഞ്ജി ക്രിക്കറ്റ്: ജമ്മുവിന് എതിരെ സചിനും സഞ്ജുവിനും സെഞ്ച്വറി

Avatar

അഴിമുഖം പ്രതിനിധി

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മുകശ്മീരിന് എതിരെ കേരളത്തിന്റെ സചിന്‍ ബേബിക്കും സഞ്ജു സാംസണിനും സെഞ്ച്വറി. ഇരുവരുടേയും സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ കേരളം ആദ്യ ഇന്നിംഗ്‌സ് ലീഡും കരസ്ഥമാക്കി. സചിന്‍ 151 റണ്‍സും സഞ്ജു 101 റണ്‍സും എടുത്ത് പുറത്തായി. കേരളം ഇതുവരെ എട്ട്‌ വിക്കറ്റിന് 485 റണ്‍സ് എടുത്തിട്ടുണ്ട്. കേരളത്തിന് 155 റണ്‍സിന്റെ ഒന്നാംഇന്നിംഗ്‌സ് ലീഡായി. ജമ്മു 330 റണ്‍സിന് ആദ്യ ഇന്നിംഗ്‌സില്‍ പുറത്തായിരുന്നു. ഇന്ന് മൂന്നാം ദിനം രണ്ട് വിക്കറ്റിന് 158 റണ്‍സ് എന്ന നിലയിലാണ് കേരളം ബാറ്റിംഗ് പുനരാരംഭിച്ചത്. രോഹന്‍ പ്രേമും സചിന്‍ ബേബിയുമായിരുന്നു ക്രീസില്‍. എങ്കിലും 69 റണ്‍സെടുത്ത രോഹനെ രാവിലെ തന്നെ പുറത്താക്കാന്‍ ജമ്മുവിന്റെ മുഹമ്മദ് മുദാസിറിന് കഴിഞ്ഞു. ഇന്നലെ നിര്‍ത്തിയ ഇടത്തു നിന്നും കേവലം രണ്ട് റണ്‍സ് മാത്രമാണ് രോഹന് കൂട്ടിച്ചേര്‍ക്കാനായത്. 75-ാം ഓവറില്‍ രോഹന്‍ പുറത്തായപ്പോള്‍ സചിന് കൂട്ടായി ക്രീസിലെത്തിയ സഞ്ജു 132-ാം ഓവറിലാണ് പുറത്തായത്. അപ്പോഴേക്കും കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിക്കഴിഞ്ഞിരുന്നു. നാലാമനായി സഞ്ജു പുറത്തായപ്പോള്‍ 342 ആയിരുന്നു കേരളത്തിന്റെ സ്‌കോര്‍. പിന്നീട് വന്ന റൈഫി വിന്‍സെന്റ് ഗോമസും നിഖിലേഷ് സുരേന്ദ്രനും പിടിച്ചു നില്‍ക്കാനായില്ല. അഞ്ച് റണ്‍സിന് റൈഫിയും നിഖിലേഷ് ഒരു റണ്‍സിനും പുറത്തായി. മോനിഷ് കരേപറമ്പില്‍ 27 റണ്‍സെടുത്ത് സചിന് മികച്ച പിന്തുണ നല്‍കി. ഒമ്പതാമനായി എത്തിയ അഹമ്മദ് ഫര്‍സീനും സചിന് പിന്തുണ നല്‍കി. സചിനെ ഇന്ത്യന്‍ താരമായ പര്‍വേസ് റസൂലും, സഞ്ജുവിനെ രാം ദയാലുമാണ് പുറത്താക്കിയത്. 21 ഫോറും ഒരു സിക്‌സും അടങ്ങിയതാണ് സചിന്റെ ഇന്നിംഗ്‌സ്. സഞ്ജു 16 ഫോറുകളും അടിച്ചു. കേരള ടീമിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗംഭീരമാക്കാന്‍ സഞ്ജുവിനായി. കേരളത്തിന്റെ മുന്‍ ക്യാപ്റ്റനാണ് സചിന്‍.  161 ഓവറില്‍ 3.01 റണ്‍ റേറ്റിലാണ് കേരളം 485 റണ്‍സ് അടിച്ചു കൂട്ടിയത്. 12 റണ്‍സെടുത്ത അഹമ്മദ് ഫര്‍സീനും 11 റണ്‍സെടുത്ത നിധീഷ് എംഡിയുമാണ് പുറത്താകാതെ നില്‍ക്കുന്നത്. നിധീഷ് നാല് പന്തില്‍ നിന്ന് ഒരോ സിക്‌സും ഒരോ ഫോറും അടിച്ചാണ് 11 റണ്‍സെടുത്തത്.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍