UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുടിയിറക്കിലിന്റെ ഭീകരതയോട് ഏറ്റുമുട്ടി വിജയിച്ച ഒരു വാര്‍ത്താ ചിത്രം

Avatar

അഴിമുഖം പ്രതിനിധി

വല്ലാര്‍പാടം തുറമുഖത്തേക്കുള്ള റെയില്‍ പാലം നിര്‍മ്മിക്കുന്നതിനായി മൂലമ്പിള്ളിയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കും എന്ന വാര്‍ത്ത 2005 മുതല്‍ കൊച്ചിയില്‍ ഉയര്‍ന്നു കേട്ടിരുന്നു. ഗോശ്രീ പാലത്തിന്റെ ഒരു ഭാഗം പൊളിക്കാതെയും മൂലമ്പള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കല്‍ നടത്താതെയും ടാറ്റയുടെ ഭൂമിയിലൂടെ പാത നിര്‍മിക്കാം എന്ന് സമരസമിതി നിര്‍ദേശവും മുന്നോട്ടു വച്ചിരുന്നു. ടാറ്റായുടെ ഭൂമി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. ചര്‍ച്ചകളും സമവായ ശ്രമങ്ങളും നീണ്ടു പോയി കൊണ്ടേ ഇരുന്നു. ഒരു ദിവസം എറണാകുളം പ്രസ് ക്ലബ്ബിനു താഴെ നില്‍ക്കുമ്പോഴാണ് ബ്യുറോ ചീഫ് രാജുപോളിന്റെ ഫോണ്‍ വിളി ഫോട്ടോ ഗ്രാഫര്‍ രഞ്ജിത് ബാലന് എത്തുന്നത്. മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കല്‍ നടക്കുന്നു. പിന്നെ ബൈക്കെടുത്തു രഞ്ജിത് പറക്കുകയായിരുന്നു.

പത്തുവര്‍ഷം മുന്‍പുള്ള മൂലമ്പള്ളി ഇന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ജങ്കാറും കടന്നു എത്തുമ്പോള്‍ കൂട്ട നിലവിളിയാണ്. ജില്ല ഭരണകൂടം താമസക്കാരെ ഒഴിപ്പിക്കുകയാണ്. ഒരു വീട് വലിയ കൂടം ഉപയോഗിച്ച് അടിച്ചു തകര്‍ക്കുന്നു. അരുതേ എന്നു പറഞ്ഞു സ്ത്രീകള്‍ ആ വീടിന്റെ ജനലിലൂടെ കൈകള്‍ പുറത്തേക്കിട്ടു വിലക്കി കൊണ്ട് അലമുറയിടുന്നു. സ്ത്രീകള്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് പൊളിക്കലിന് നേതൃത്വം നല്‍കുന്നത്. മുദ്രാവാക്യം മുഴക്കി എത്തിയ പള്ളി വികാരിയെയും പൊതു പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

വീട് സംരക്ഷിക്കാനുള്ള അവസാന ശ്രമവും നടത്തുന്ന നിസഹായരായ സ്ത്രീകളും ഇതൊന്നും വകവയ്ക്കാതെ വീട് പൊളിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയും. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ കാഴ്ച രഞ്ജിത്തിന്റെ ക്യാമറക്കുള്ളില്‍ പതിഞ്ഞു. തകര്‍ക്കാന്‍ ഭരണകൂടം ലക്ഷ്യമിട്ട അടുത്ത വീടിന്റെ തിണ്ണയില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന അമ്മുമ്മയും അടുത്ത ഫ്രയിമായി.

വേദനിപ്പിക്കുന്ന ഇ ചിത്രം മംഗളം പത്രത്തിന്റെ ഒന്നാം പേജില്‍ വാര്‍ത്താചിത്രമായി. നൂറു വാര്‍ത്തയ്ക്കു തുല്യം ഒരു ചിത്രം എന്ന ആപ്തവാക്യം പോലെ ആയി പിന്നീടുള്ള നടപടികള്‍. മൂലമ്പള്ളിക്കാര്‍ക്കു പുതിയ വീടും സ്ഥലവുമായി. അതുവരെ പരിഹരിക്കാതെ കിടന്ന പല കാര്യങ്ങളും , സര്‍ക്കാര്‍ സംവിധാനവും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായമായി നിരവധിപേര്‍ മൂലമ്പള്ളിയില്‍ എത്തി. അന്ന് കെഎസ് യു ജില്ല പ്രസിഡന്റ ആയിരുന്ന ഹൈബി ഈഡന്‍ പുതിയ ബാഗും പുസ്തകവുമൊക്കെയായി മൂലമ്പള്ളിയിലെ കുട്ടികളെ തേടിയെത്തി. കൊല്‍ക്കത്തയിലെ ജോഷി ജോസഫ് വഴി വിവരം അറിഞ്ഞു മഹാശ്വേതാ ദേവി ഈ ദ്വീപിലേക്ക് എത്തി. രഞ്ജിത്തിന്റെ പടം സമരസമിതിയുടെ പോസ്റ്റര്‍ ആയി. പല രാഷ്ട്രീയ പാര്‍ട്ടികളും പോസ്റ്ററില്‍ ചിത്രമാക്കി. കുടിയിറക്കപ്പെട്ടവര്‍ക്കു വേണ്ടി അവരില്‍ നിന്നും ഒരാള്‍ സ്ഥാനാര്‍ഥി വരെ ആയി. യഥാര്‍ത്ഥ വാര്‍ത്താചിത്രത്തിന്റെ ശക്തി കേരളം തിരിച്ചറിഞ്ഞു.

ചങ്കു പൊട്ടുന്ന വേദന അടക്കിപിടിച്ചാണ് പലപ്പോഴും ഒരു ഫോട്ടോഗ്രാഫര്‍ ജോലി ചെയ്യുന്നത്. എല്ലാത്തിനും സാക്ഷി ആയി, ഒരു മൂന്നാമനായി ജോലി ചെയ്യണം എന്നാണ് ഫോട്ടോ ജേര്‍ണലിസത്തിലെ ബാലപാഠം. കൂട്ട കുടിയിറക്കിന് ശേഷം പണിത റെയില്‍ പാലത്തിലൂടെ ട്രെയിന്‍ പോകാതിരിക്കുന്നതും കോടികള്‍ മുടക്കി നിര്‍മിച്ച വല്ലാര്‍പാടം തുറമുഖം നഷ്ടത്തിലാകുന്നതിനും കാലം സാക്ഷി.

രഞ്ജിത്ത് ബാലന്റെ ചില പ്രസ് ഫോട്ടോഗ്രാഫുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍