UPDATES

സിനിമ

രഞ്ജിത്ത

Avatar

മുഴക്കമുള്ള ശബ്ദവും ചിന്തയും സ്വന്തമായുള്ള രഞ്ജിത്തിന്…
തിരക്കഥ സാഹിത്യശാഖയില്‍പ്പെടാത്ത ഒന്നാണെന്നു പറയാറുണ്ടെങ്കിലും എന്തുകൊണ്ടോ, പ്രിയപ്പെട്ട രഞ്ജിത്ത് നിങ്ങളെ ഒരു സാഹിത്യകാരന്‍ എന്നുതന്നെ വിളിക്കാനായിരുന്നു താല്‍പര്യം. എംടിയും പത്മരാജനും കഴിഞ്ഞാല്‍ തീര്‍ച്ചയായും ശൈലിവത്കലമായ രചനാചാരുതയാല്‍ തീര്‍ത്ത തിരക്കഥകള്‍ നിങ്ങള്‍ക്ക് സ്വസ്ഥാനം സിനിമാലോകത്തു നേടിത്തന്നിരുന്നു. ഒരിക്കല്‍ എം ടി വാസുദേവന്‍ നായരെ സമീപിച്ച് ഒരു തിരക്കഥ ആവശ്യപ്പെട്ട താങ്കളോട്, ‘രഞ്ജിത്തിന് എന്തിനാണ് എന്റെ തിരക്കഥ’ എന്ന് കാലത്തെ ജയിച്ച കഥാകാരന്‍ സാക്ഷ്യപ്പെടുത്തിയതായി കേട്ടിട്ടുണ്ട്. പറഞ്ഞുകേട്ടതില്‍ പതിരുണ്ടോയെന്നറിയില്ലെങ്കിലും അതിശോക്തിപരം എന്നും കരുതിയില്ല.
എഴുത്തില്‍ മാത്രമല്ല, പറഞ്ഞും നിങ്ങള്‍ മറ്റുള്ളവരുടെ ആരാധന നേടിയെടുത്തിരുന്നു. ഭംഗിയായി സംസാരിക്കും. ദാര്‍ശനികമായും ദൃഷ്ടാന്തപരമായും ജീവിതത്തിന്റെ അര്‍ത്ഥ-നിരര്‍ത്ഥതകളെ കുറിച്ചും പറയുന്നതു കേട്ടിട്ടുണ്ട്. ലേഖനങ്ങളായും ചെറുകുറിപ്പുകളായും എഴുതുന്നതൊക്കെ വായിക്കുമ്പോള്‍ സിനിമ നിങ്ങളെ സ്വന്തമാക്കിയതില്‍ ആ കലാരൂപത്തിന്റെ ആസ്വാദകര്‍ സന്തോഷിച്ചു. കാലമിത്തിരി പഴക്കമുള്ളൊരു അവാര്‍ഡ്ദാന ചടങ്ങില്‍, കാവിമുണ്ടിന്റെ ലാളിത്യത്തില്‍ സ്റ്റേജിലേക്കു കയറി വന്ന നിങ്ങളെ കണ്ടപ്പോള്‍ നിര്‍ത്താതെ കൈയടിച്ചുവരുണ്ട്. അതൊരു ഹീറോവര്‍ഷിപ്പിന്റെ ആസ്വാദനം കൂടിയായിരുന്നു. എഴുത്തും വാക്കും കടന്ന് അണിയുന്ന വേഷത്തില്‍പ്പോലും നിങ്ങളോടു തോന്നിയ ആരാധന…
ഉടയ്ക്കപ്പെടുന്ന ഓരോ വിഗ്രഹങ്ങളും അതിനുള്ള കാരണങ്ങള്‍ സ്വയം ഉണ്ടാക്കാറുണ്ട്. രഞ്ജിത്ത്, താങ്കളും അതുതന്നെ ചെയ്യുന്നു. നിങ്ങളെ എതിര്‍ക്കേണ്ടി വരികയാണ്. നിങ്ങളുടെ മുഴക്കമുള്ള ശബ്ദത്തെ, ഫിലോസഫിയെ, ഉറപ്പുകളെ അവിശ്വസിക്കേണ്ടി വരികയാണ്. ഒന്നുറങ്ങിയെഴുന്നേറ്റപ്പോള്‍ മാറിവന്ന ചിന്തയല്ലയിത്. ലോഹം എന്ന സിനിമയില്‍ വരെ എത്തിനില്‍ക്കുന്ന അന്വേഷണത്തില്‍, നിങ്ങളെന്നും നിങ്ങളിലെ സിനിമാക്കാരനെ മാത്രമാണ് സ്‌നേഹിക്കുന്നതെന്ന സത്യം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പറയുന്നതാണ്. അതേ രഞ്ജിത്ത്, നിങ്ങള്‍ വെറുമൊരു സിനിമാക്കാരന്‍ മാത്രമായി മാറുകയാണ്.
കച്ചവടപ്പടങ്ങളുടെ തമ്പുരാന്‍ എന്ന് വിദൂഷികള്‍ വാഴ്ത്തി പാടിയിട്ടുണ്ട്, ഏറെക്കാലം. പിന്നീട് കേട്ടത് രഞ്ജിത്ത് സ്വയം മാറി സഞ്ചരിക്കാന്‍ തുടങ്ങിയതിന്റെ സ്തുതിവചനങ്ങള്‍. യഥാര്‍ത്ഥത്തില്‍ ആ ‘മാറ്റം’ പശ്ചാത്താപം ആയിരുന്നു. പണ്ടു തീര്‍ത്തുവച്ച കഥയും കഥാപാത്രങ്ങളും നഗ്നശരീരങ്ങള്‍ ധരിച്ച പ്രേതങ്ങളായി അലോസരപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ നിങ്ങളിലെ ഉഗ്രമൂര്‍ത്തിയായ രചയിതാവിനെ നിങ്ങളില്‍ തന്നെ ആണിയടിച്ചു തളച്ചശേഷം നടത്തിയ പശ്ചാത്താപം. തിരക്കഥയും പാലേരി മാണിക്യവും പ്രാഞ്ചിയേട്ടനുമൊക്കെ ആ പ്രയശ്ചിത്തങ്ങളായിരുന്നു. പക്ഷെ അപ്പോഴും നിങ്ങളിലെ മോഹം അടങ്ങിയിരുന്നില്ല എന്നതായിരുന്നു സത്യം. രാവണപ്രഭുക്കളുടെയും പ്രജാപതിമാരുടെയും സൃഷ്ടാവ് എന്നറിയപ്പെടാന്‍ വീണ്ടും വീണ്ടും കൊതിച്ചു രഞ്ജിത്ത് എന്ന സിനിമാക്കാരന്‍. അടങ്ങാത്ത ആണ്‍വെറികളുടെ അവതാരങ്ങളെ പടച്ചുണ്ടാക്കാന്‍ കൈതരിച്ചു.
ലോഹത്തില്‍ നായകനെക്കൊണ്ട് കുറച്ച് ന്യൂജന്‍ പിള്ളേര്‍ക്ക് സദാചാര ക്ലാസ് എടുപ്പിക്കുന്നുണ്ട് രഞ്ജിത്ത്. അന്യ പെണ്ണിന്റെ ശരീരം സൂം ചെയ്ത് ചെയ്ത് ഒടുവില്‍ വികലമായ മനസ് സ്വന്തം അമ്മയുടെയും സഹോദരിയുടെയും നഗ്നതയിലേക്ക് തിരിയുന്ന ആസുരയുവത്വങ്ങളോട്, പിതാവിന്റെ കുനിയുന്ന ശിരസ്സിനെപ്പറ്റി ഓര്‍മിപ്പിക്കുന്നൂ. തലകുനിക്കേണ്ടവനല്ല പിതാവ് എന്ന പുരുഷന്‍ എന്നാണ് ആ ഓര്‍മപ്പെടുത്തല്‍. സ്ത്രീയോ? അടുത്തിരിക്കാന്‍ ഒരു പുരുഷന്‍ ഇല്ലെങ്കില്‍ അവളെ ആരെങ്കിലുമൊക്കെ കൊത്തിപ്പറിക്കും. അതേ…എത്രമുറുക്കി കുത്തിയാലും ഏതെങ്കിലും ഒരാണിന് കൈകൊണ്ട് അഴിക്കാവുന്ന പാവാടച്ചരടിന്റെ ഉറപ്പേയുള്ളൂ അവളുടെ പ്രതിരോധങ്ങള്‍ക്കെന്ന് ഒരിക്കല്‍ ഭയപ്പെടുത്തിയിട്ടുണ്ട് നിങ്ങള്‍. മടുപ്പ് തോന്നുന്നൂ, അറപ്പും; മാറിയ രഞ്ജിത്തിന്റെ അവര്‍ത്തിക്കപ്പെടുന്ന നായകോദ്‌ഘോഷങ്ങളിലെ സ്ത്രീപക്ഷവാദങ്ങള്‍ കേള്‍ക്കുമ്പോള്‍.
അവതാരപ്പിറവികള്‍ക്ക് നിങ്ങള്‍ ദേവഭാവം കൊടുക്കുമ്പോഴും അവരിലെ ആസുരത്വം മറനീക്കി കാണുന്നതിനും അവസരമുണ്ടായിട്ടുണ്ട്. ലോഹത്തില്‍ പിതാവിന്റെ ശിരസ് കുനിയാന്‍ ഇടവരുത്തരുതേയെന്ന് ഓര്‍മ്മിപ്പിക്കുന്ന എഴുത്തുകാരാ, നിങ്ങള്‍ തന്നെയല്ലേ സര്‍വം തികഞ്ഞ നായകന്റെ കാലില്‍ താന്‍ ചെയ്തുപോയ പാപങ്ങള്‍ക്കെല്ലാം പരിഹാരമേകണേയെന്ന അപേക്ഷയോടെ സ്വന്തം പിതാവിനെ കൊണ്ട് പിടിപ്പിച്ചതും? മരണത്തിന്റെ മഹത്വത്തെക്കുറിച്ച് വാചാലനായ നിങ്ങള്‍ തന്നെയല്ലേ നായകകോപത്തിന്റെ കാല്‍ച്ചുഴറ്റലില്‍ സ്വന്തം പിതാവിന്റെ ചിതാഭസ്മം കൊണ്ടുപോയി തെങ്ങിന്‍മൂട്ടിലിട്ടു മൂടാന്‍ എതിരാളിയോടു കല്‍പ്പിച്ചതും. തത്വം പറയുന്ന കലാകാരാ… മരണം സര്‍വ്വപാപങ്ങളുടെയും പരിഹാരമാകുമ്പോള്‍, കത്തിയമര്‍ന്ന ചാരത്തോടുപോലും പക കൊണ്ടുനടക്കുന്ന നിങ്ങളുടെ നായകന് എന്ത് ക്വാളിറ്റിയാണുള്ളത്?
പഴയകാല നക്‌സലൈറ്റുകള്‍ പിന്നീട് വചനപ്രഘോഷകരായി നടക്കുന്നുണ്ട്. അവരോട് സാമ്യം തോന്നുന്നു ഇപ്പോഴുള്ള രഞ്ജിത്തിയന്‍ നായകന്മാരെ കാണുമ്പോള്‍. പക്ഷെ അത്രയധികമൊന്നും സൂക്ഷിച്ചു നോക്കേണ്ടതില്ല, അവരില്‍ തെളിയുന്ന ഇന്ദുചൂഢന്മാരെയും ജഗന്നാഥന്മാരെയും കാണാന്‍. പെരുവിരലില്‍ കുത്തിനിന്ന് ശത്രുക്കളുടെ നെഞ്ചുകൂടു പൊളിക്കുന്ന ശിവ-നാരായണബിംബങ്ങളെ ഓര്‍മ്മപ്പെടുത്താത്തെ പോകുന്നില്ല ഒരു രഘുനന്ദനനും രാജുവുമൊന്നും. അവരൊക്കെ നായകന്മാര്‍ ആണെന്ന് ഓര്‍മപ്പെടുത്താതിരിക്കാന്‍ കഴിയുന്നുമില്ല നിങ്ങളെന്ന എഴുത്തുകാരന്.
കേട്ടുട്ടുണ്ട് സാര്‍, താങ്കള്‍ സ്വര്‍ണം എന്ന പേരില്‍ ഒരു സിനിമ ചെയ്യാന്‍ ആലോചിച്ചതിനെ കുറിച്ച്. ഇതെലെന്താണ് കഥയെന്ന താരത്തിന്റെ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം കൊടുക്കാതെ ആ പ്രൊജക്ട്് ഉപേക്ഷിച്ചതിനെ കുറിച്ച്. അന്നത്തെ സ്വര്‍ണം ഇപ്പോള്‍ ലോഹമായപ്പോള്‍ ഞങ്ങള്‍ പ്രേക്ഷകര്‍ ഒരു ചോദ്യം വീണ്ടും ആവര്‍ത്തിക്കുകയാണ്, ഇതിലെന്താണ് കഥ? കഥയില്ലായ്മകളുടെ മലയാള സിനിമാലോകത്ത് ഓര്‍ത്തിരിക്കാന്‍ ഒരുപിടി നല്ലകഥകള്‍ തന്നിട്ടുള്ള നിങ്ങളോട് ചോദിക്കാന്‍ ബുദ്ധിമുട്ടുള്ളൊരു ചോദ്യമാണെങ്കിലും അതിനു മുതിരുന്നത് താങ്കള്‍ നടത്തുന്ന കള്ളം കടത്തിലിനോടുള്ള എതിര്‍പ്പുകൊണ്ടാണ്. ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും അതിന്റെ മഹത്വഗുണങ്ങളെക്കുറിച്ച് വാചലനാകുന്നത് കണ്ടിട്ടുണ്ട് താങ്കള്‍. ഭയം കൊണ്ടാണത്. നിങ്ങള്‍ വളര്‍ത്തിയെടുത്ത ഒരുകൂട്ടം പ്രേക്ഷകരെ കുറിച്ചോര്‍ത്തുള്ള ഭയം. വിഷപാമ്പുകളെ വളര്‍ത്തിയവന്റെ അവസ്ഥയിലാണ് താങ്കളും. അവരെ, ആ ആരാധകരെ തൃപ്ത്തിപ്പെടുത്താന്‍ കഴിയാതെ വന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ ഒരു കൊമേഴ്‌സ്യല്‍ സിനിമാക്കാരനായ താങ്കള്‍ക്ക് നന്നായി അറിയാം. അതുകൊണ്ട തന്നെയാണ് ഓരോ സിനിമയിലും പ്രേക്ഷക സംതൃപ്തിക്കുള്ള അജിനോമോട്ടോ ചേര്‍ക്കാന്‍ നിങ്ങള്‍ തയ്യാറാകുന്നതും. അളവു കുറച്ചാല്‍ രുചി കൂടില്ലെന്ന തിരിച്ചറിവില്‍ അമിതമായി തന്നെ പഴയ മായം കലര്‍ത്തി താങ്കള്‍ പിടിച്ച ഈ സിനിമയുണ്ടല്ലോ, ലോഹം; അതുു കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയൊരു കാര്യം പറയട്ടെ; മാടിക്കുത്തിയ മുണ്ടും പിരിച്ചുവച്ച മീശയും പ്രാസമൊപ്പിച്ച പ്രസംഗവുമില്ലാത്ത നായകനെ ഉണ്ടാക്കാത്ത രഞ്ജിത്തിനെ മുഷിഞ്ഞു തുടങ്ങിയിരിക്കുന്നു ഒരു പ്രത്യേകവിഭാഗം പ്രേക്ഷകനെങ്കിലും. അവരെ അവഗണിക്കരുത്. ബോക്‌സ് ഓഫാസിലെ മജീഷ്യന്മാരാക്കി താങ്കളെപ്പോലുള്ളവരെ മാറ്റിയത് അവരാണ്. തിരക്കഥയോ, ഞാനോ, പ്രാഞ്ചിയേട്ടനൊ ഒക്കെ എടുത്താല്‍ കാണാന്‍ വരുന്നവര്‍ ന്യൂനപക്ഷമാണ്. അവരെ അവഗണിച്ചാലും കുഴപ്പമില്ല. കാരണം സിനിമ ആത്യന്തികമായി ബിസിനസ്സാണ്…
പ്രിയപ്പെട്ട രഞ്ജിത്ത, താങ്കളുടെ മഷിയും മനീഷിയും ഇആര്‍ക്കുവേണ്ടി വ്യയം ചെയ്യണമെന്ന് തീര്‍ച്ചപ്പെടുത്തുക…മാറ്റു കുറഞ്ഞലോഹങ്ങള്‍ വിപണിയില്‍ വിറ്റ് മറ്റുള്ളവരെ വഞ്ചിക്കാതിരിക്കുക…

സ്‌നേഹപൂര്‍വം അംബുജാക്ഷന്‍

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍