UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

റെനോ ക്വിഡ് ഒരു പെട്രോള്‍ കുടിയനല്ല

റെനോ എന്ന ഫ്രഞ്ച് കമ്പനി ഇന്ത്യയില്‍ ക്ലച്ച് പിടിച്ചത് ഡസ്റ്റര്‍ എന്ന കോംപാക്ട് എസ്.യു.വി.യുടെ വരവോടെയാണ്. കുറഞ്ഞവിലയ്ക്ക് ഒന്നാന്തരമൊരു എസ്.യു.വി അതാണ് ഡസ്റ്റര്‍. ഇന്ത്യക്കാര്‍ക്ക് ഡസ്റ്ററിനെ ‘ക്ഷ’ പിടിച്ചു. കച്ചവടം പൊടിപൊടിച്ചു. പക്ഷേ, ഡസ്റ്റര്‍ കൊണ്ടുമാത്രം പിടിച്ചു നില്‍ക്കാനാവില്ലല്ലോ. റെനോ എന്ന ബ്രാന്റ് സാധാരണക്കാരനിലേക്കും ഇറങ്ങിച്ചെല്ലണമെങ്കില്‍ ഒരു കുഞ്ഞുകാര്‍ അത്യാവശ്യമാണ്. മാരുതിയും ഹ്യുണ്ടായ്‌യും അങ്ങനെയാണല്ലോ ജനമനസ്സുകളെ കീഴടക്കിയത്. തന്നെയുമല്ല, കൂടുതല്‍ യൂണിറ്റുകള്‍ വില്‍ക്കാനും അതുവഴി ലാഭം കൊയ്യാനും കഴിയണമെങ്കില്‍ ജനസാമാന്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചെറു ഹാച്ച്ബായ്ക്ക് തന്നെ വേണം.

ഇനി റെനോ ക്വിഡ് കാണുക, ഹ്യുണ്ടായ്, മാരുതി തുടങ്ങിയവരെ ‘ബുദ്ധിമുട്ടി’ക്കാനായി റെനോ നിര്‍മ്മിച്ച കുഞ്ഞു ഹാച്ച്ബായ്ക്കാണിത്. വലിയ കാറിന്റെ രൂപഭംഗിയുള്ള ക്വിഡിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടിലേക്ക്.

ക്വിഡ്
2014 ലെ ദല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് റെനോ ക്വിഡ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് ആഗോള തലത്തില്‍ പ്രൊഡക്ഷന്‍ മോഡല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതും ഇന്ത്യയില്‍ത്തന്നെ ചെന്നൈയില്‍ 2015 മെയ് 20ന്. 

ഇന്ത്യയില്‍ റെനോയുടെ ‘ഗെയിം ചെയ്ഞ്ചര്‍’ എന്ന വിശേഷണത്തോടെയാണ് റെനോയുടെ ഗ്ലോബല്‍ സിഇഒ കാര്‍ലോസ് ഘോസ് ക്വിഡിനെ അവതരിപ്പിച്ചത്.

കാഴ്ച
ഒരു കുഞ്ഞുകാറിന്റെ ലക്ഷണങ്ങളല്ല ക്വിഡിനുള്ളത്. ഒരു ചെറിയ എസ്.യു.വി.യാണ് ക്വിഡെന്നും തോന്നും. ഹ്യുണ്ടായ് ഇയോണിനു ശേഷം വൃത്തിയും ഭംഗിയുമുള്ള ഒരു ചെറു ഹാച്ച് വരുന്നത് ഇപ്പോഴാണ്. ചെറുതാണെങ്കിലും മസില്‍മാന്റെ ലുക്ക് ആണ് ക്വിഡിന്. ഡസ്റ്ററിനെ ഓര്‍മ്മിപ്പിക്കുന്ന ഗ്രില്ലിന് ബ്ലാക്ക് ഫിനിഷാണ്.

തീക്ഷ്ണമായ നോട്ടവുമായി ഹെഡ്‌ലാമ്പുകള്‍. കറുത്ത ഫൈബര്‍ വൃത്തത്തിന്മേല്‍ ഫോഗ്‌ലാമ്പ്. കറുത്ത എയര്‍ഡാമിനു താഴെ പ്ലാസ്റ്റിക് ക്ലാഡിങ് ആരംഭിക്കുന്നു. ഇത് വശങ്ങളിലൂടെ പിന്‍ഭാഗത്തേക്ക് നീളുന്നു. ബോണറ്റിലും ബമ്പറിലും പവര്‍ ബള്‍ജുകള്‍. ഗ്രില്ലിലെ വലിയ റെനോ എംബ്ലം കൂടിയാകുന്നതോടെ നിങ്ങള്‍ കണ്‍ഫ്യൂഷനിലാവുന്നു. ഇത് ഹാച്ചോ, എസ്.യു.വിയോ, ക്രോസ് ഓവറോ!
സൈഡ് പ്രൊഫൈലില്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ്ങാണ് ആദ്യം ശ്രദ്ധയില്‍ പെടുക. ഒരു ചെറിയ കാറിന് ഇത്രയും ക്ലാഡിങ് വേണോ എന്നും സംശയം തോന്നാം. വീല്‍ ആര്‍ച്ചും കറുത്ത ഫൈബറില്‍ പൊതിഞ്ഞിട്ടുണ്ട്. തടിയന്‍ ഷോള്‍ഡര്‍ബെല്‍റ്റ് ലൈനുകള്‍ കരുത്തുറ്റ രൂപത്തിന് പിന്‍ബലമേകുന്നു.

രസകരമാണ് പിന്‍ഭാഗത്തിന്റെ ഡിസൈന്‍. പവര്‍ ബള്‍ജുകള്‍ തന്നെയാണ് ഇവിടെയും ശ്രദ്ധിക്കപ്പെടുന്നത്. ചെറിയ ടെയ്ല്‍ ലാമ്പുകള്‍ പോലും ഭംഗിയായിട്ടുണ്ട്. താഴെ ക്ലാഡിങ്ങിന്റെ തിരനോട്ടം. എങ്ങനെ നോക്കിയാലും രസികന്‍ ഡിസൈനാണ് കിഡിന്റേത്.

ഉള്ളില്‍
ഹ്യുണ്ടായ് ഇയോണ്‍ തന്നെയാണ് ചെറുഹാച്ചുകളുടെ ഇന്റീരിയറും മനോഹരമാക്കാം എന്ന് ആദ്യമായി തെളിയിച്ച കാര്‍. ക്വിഡും ഒട്ടും മോശമല്ല. ബ്ലാക്ക് ഫിനിഷിങ്ങാണ് ഉള്ളില്‍. തടിച്ചു കറുത്ത 3 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍ ഗംഭീരമായിട്ടുണ്ട്. സെന്റര്‍ കണ്‍സോളിന് ഗ്ലോസിബ്ലാക്ക് ഫിനിഷാണ്. ക്രോമിയം ലൈനിങ്ങുമുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ടാക്കോ മീറ്ററില്ല. വലിയ സ്‌പോര്‍ട്ടി ഡിജിറ്റല്‍ സ്പീഡോമീറ്റാണ് ക്ലസ്റ്ററിലുള്ളത്. 

രണ്ട് ഗ്ലോബോക്‌സുകളും ഡോര്‍പാഡിലെ ബോട്ടില്‍ ഹോള്‍ഡറും ഗ്ലോ ബോക്‌സുകള്‍ക്കിടയിലെ തുറന്ന സ്ഥലവും സ്റ്റോറേജ് സ്‌പേസ് ധാരാളം. സീറ്റുകള്‍ക്കിടയില്‍ കപ്‌ഹോള്‍ഡറുകളുമുണ്ട്.

വലിയ മള്‍ട്ടിഫങ്ഷന്‍ ടച്ച് സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡില്‍ ഇന്‍ഗ്രേറ്റ് ചെയ്തിരിക്കുന്നു. ബ്ലൂടൂത്ത് ടെലിഫോണി, എയര്‍ബാഗ് (ഓപ്ഷണല്‍) നാവിഗേഷന്‍ സിസ്റ്റം. എന്നിങ്ങനെ ചെറുഹാച്ചില്‍ നിന്ന് പ്രതീക്ഷിക്കാനാവാത്ത കാര്യങ്ങള്‍ ക്വിഡില്‍ കണ്ട് ഞെട്ടാന്‍ തയ്യാറായിക്കൊള്ളുക.
എ.സി. വെന്റുകള്‍ക്കും ക്രോമിയം ലൈനിങ്ങുണ്ട്. മുന്നിലെ പവര്‍വിന്‍ഡോയുടെ സ്വിച്ചുകള്‍ ഗിയറിനു സമീപമാണ്. പിന്നില്‍ പവര്‍വിന്‍ഡോ ഇല്ല.

2422 മി.മീ. വീല്‍ബെയ്‌സ് ഉള്ള ക്വിഡ് ഈ സെഗ്‌മെന്റിലെ ഏറ്റവും സ്ഥലസൗകര്യമുള്ള കാറാണ്. പിന്‍സീറ്റില്‍ മൂന്നുപേര്‍ക്ക് സുഖമായിരിക്കാം. ലെഗ്‌റൂം ഒട്ടും മോശമല്ല. പിന്‍സീറ്റില്‍ തുട സപ്പോര്‍ട്ട് അല്പം കുറവാണെന്നു തോന്നി. 300 ലിറ്ററാണ് ബൂട്ട്‌സ്‌പേസ്. അതും ചെറുകാറുകളില്‍ പ്രതീക്ഷിക്കാവുന്നതില്‍ അധികമാണ്. എന്നാല്‍ പെട്രോള്‍ടാങ്ക് കപ്പാസിറ്റി 28 ലിറ്ററേയുള്ളു.

എഞ്ചിന്‍
ക്വിഡിനു വേണ്ടി മാത്രം നിര്‍മ്മിച്ച 3 സിലിണ്ടര്‍ 799 സിസി. 53 ബിഎച്ച്പി എഞ്ചിന്‍ വളരെ സ്മൂത്താണ്. 7.34 കിഗ്രാം ലിറ്ററാണ് ടോര്‍ക്ക്. 25.2 കി.മീ ലിറ്റര്‍ എന്ന മൈലേജ് രാജ്യത്തെ ഏറ്റവും മൈലേജുള്ള കാറാക്കി ക്വിഡിനെ മാറ്റുന്നു.

ചെറിയ വൈബ്രേഷനാണ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ആകുമ്പോള്‍. എന്നാല്‍ ആക്‌സിലേറ്ററില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ അത് മാറുന്നു. വേഗത കൂടുന്തോറും ക്വിഡ് സ്മൂത്ത് ആയി മാറുന്നു. 1200 ആര്‍.പി.എം. മുതലേ മികച്ച ടോര്‍ക്ക് ലഭിക്കുന്നുണ്ട്. ഗിയര്‍ ഷിഫ്റ്റുകള്‍ മോശമല്ല. എങ്കിലും ഗിയറുകള്‍ക്കിടയില്‍ ‘ഗ്യാപ്പ്’ അല്പം കൂടുതലാണ്. പക്ഷേ 800 സി.സി, 3 സിലിണ്ടര്‍ എഞ്ചിന്‍ ആണല്ലോ ഇത് എന്നോര്‍ക്കുമ്പോള്‍ അത്തരം കുറവുകള്‍ കണ്ടില്ലെന്നു നടിക്കാവുന്നതേയുള്ളു.

13 ഇഞ്ച് ടയറുകള്‍ അത്ര വലുതല്ലെങ്കിലും 180 മി.മീ ഗ്രൗണ്ട് ക്ലിയറന്‍സ് വലുതു തന്നെയാണ്. നഗരത്തില്‍ ബമ്പുകള്‍ ചാടിച്ച് ക്വിഡിനെ അനായാസം ഓടിച്ചു പോകാം. വെറും 660 കി.ഗ്രാം മാത്രമേ വാഹനത്തിന് ഭാരമുള്ളു. അതെല്ലാം പെര്‍ഫോമന്‍സിനെയും ഡ്രൈവിങ് സുഖത്തേയും സഹായിക്കുന്നുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് കുടുതലാണെങ്കിലും ബോഡിറോള്‍ ഉണ്ടാകാത്ത രീതിയില്‍ മനോഹരമായി സസ്‌പെന്‍ഷന്‍ സെറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സ്റ്റിയറിംഗ് കുറച്ചു ‘ഹെവി’യാണ്. അത് ഡ്രൈവിങ് സുഖത്തെ ബാധിക്കുന്നുണ്ട്.

ചെറുകാറുകളുടെ പരമ്പരാഗത രൂപഭാവങ്ങളെ മാറ്റി മറിക്കുകയാണ് ക്വിഡ്. എസ് യു വികളെ ഓര്‍മ്മിപ്പിക്കുന്ന രൂപവും നിലവാരമുള്ള ഇന്റീരിയറും സ്ഥലസൗകര്യവും നിരവധി എക്യൂപ്‌മെന്റുകളും ഞെട്ടിക്കുന്ന മൈലേജുമൊക്കെ ക്വിഡിനെ ജനപ്രിയമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍