അഴിമുഖം പ്രതിനിധി
രേണുക യാദവ്. ചത്തീസ്ഗഡുകാര്‍ ഇപ്പോള്‍ ഏറ്റവുമധികം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പേരാണ്. രജ്‌നന്ദഗോണ്‍ ഗ്രാമത്തില്‍ പാല്‍ വിറ്റു ഉപജീവനം നടത്തിയ രേണുക എന്ന ഇരുപത്തിരണ്ടുകാരി ചത്തീസ്ഗഡില്‍ നിന്നും ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. മാത്രമല്ല സംസ്ഥാനത്ത് നിന്നുള്ള ആദ്യ വനിത ഒളിമ്പ്യന്‍ കൂടിയാണ് രേണുക.
റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന വനിത ഹോക്കി ടീമിലെ പതിനാറംഗങ്ങളില്‍ ഒരാളാണ് രേണുക. “റിയോയിലേക്കുള്ള പാത ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. ഒരു താഴ്ന്ന മധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ച എനിക്ക് ഇത് സ്വപ്‌ന സാഫല്യമാണ്. ഞാന്‍ പാല്‍ വീറ്റിട്ടാണ് വരുമാനം കണ്ടെത്തിയത്. അതേ സമയം എന്റെ മാതാപിതാക്കള്‍ മറ്റ് വീടുകളില്‍ വീട്ടു ജോലിചെയ്യുകയായിരുന്നു”, രേണുക പറയുന്നു.
അടങ്ങാത്ത പോരാട്ട വീര്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥയാണ് രേണുകയുടേത്. ചെറുപ്പം മുതല്‍ ഹോക്കി കളിക്കുന്ന രേണുകയോട് കളി കാര്യമാക്കാന്‍ ഉപദേശിച്ചത് ബുഷന്‍ സൗവാണ്. അന്ന് തുടങ്ങിയ യാത്ര ചത്തീസ്ഗഡില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യത്തെ കളിക്കാരിയില്‍ നിന്നും ഒളിമ്പിക്‌സ് വരെയെത്തി നില്‍ക്കുന്നു.
“ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രേണുക ആദ്യമായി ഹോക്കി കളിക്കുന്നത്. താനാണ് അവള്‍ക്ക് ആദ്യമായി ഒരു ഹോക്കി സ്റ്റിക്ക് സമ്മാനമായി നല്‍കിയത്. സ്‌കൂളില്‍ എല്ലാവരും രണ്ട് നേരം പരിശീലിക്കുമ്പോള്‍ അവള്‍ കൂടുതല്‍ സമയം പരിശീലനത്തിനായി മാറ്റി വയ്ക്കും. ആ കഠിനാദ്ധ്വാനത്തിന്റെ വിജയമാണ് അവളെ ഇന്ന് കാണുന്ന നിലയിലേക്കെത്തിച്ചത്.” രേണുകയുടെ ആദ്യകാല പരീശീലകനും രജ്‌നന്ദഗോണില്‍ സ്‌കൂള്‍ തലത്തില്‍ ഹോക്കി കോച്ചായ ബുഷന്‍ സൗവിന് ശിഷ്യയെ പറ്റി പറയാന്‍ കാര്യങ്ങള്‍ നിരവധിയാണ്.
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ രേണുകയ്ക്ക് ഗ്വാളിയാറിലെ പെണ്‍കുട്ടികള്‍ക്കുള്ള ഹോക്കി അക്കാദമിയില്‍ പ്രവേശനം ലഭിച്ചു. കേന്ദ്ര റയില്‍വേയില്‍ ടിക്കറ്റ് പരിശോധകയായ രേണുകയിപ്പോള്‍ മുംബൈയിലാണ് താമസം. സംസ്ഥാനത്ത് വളര്‍ന്ന് വരുന്ന കായിക പ്രതിഭകള്‍ക്ക് തന്റെ ഗ്രാമവാസി കൂടിയായ റമണ്‍ സിങ് നയിക്കുന്ന സര്‍ക്കാര്‍ പിന്തുണയേകുമെന്ന വിശ്വാസത്തിലാണ് രേണുക.