UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനുഷ്യത്വത്തിന്റെ മറ്റൊരു ബില്ല് കഥ; ഇത്തവണ അമേരിക്കയില്‍ നിന്ന്

അഴിമുഖം പ്രതിനിധി

മലപ്പുറത്തെ ഹോട്ടല്‍ ബില്ല് സോഷ്യല്‍ മീഡിയയിലും മലയാളം- ഇംഗ്ലീഷ് മാധ്യമങ്ങളിലും വൈറലായി പരന്നതിന്റെ കഥകള്‍ പറഞ്ഞു തീരും മുന്നെ മനുഷ്യത്വത്തിന്റെ മറ്റൊരു ബില്ല് കഥ അങ്ങ് അമേരിക്കയില്‍ നിന്നും.

അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശി ബ്രിജറ്റ് സ്റ്റീവന്‍സ് എന്ന വീട്ടമ്മ തനിക്ക് കിട്ടിയൊരു ബില്ല് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. കേരളത്തില്‍ അഖിലേഷ് കുമാര്‍ എന്ന യുവാവ് തനിക്ക് ഹോട്ടല്‍ കൗണ്ടറില്‍ നിന്നു ‘കിട്ടിയ’ ബില്ല് ആണ് മനുഷ്യത്വത്തിന്റെ കഥയായി പ്രചരിപ്പിച്ചതെങ്കില്‍, അമേരിക്കക്കാരി ബ്രിജിറ്റ് തന്റെ വീട്ടിലെ ചിമ്മിണി പിടിപ്പിക്കാന്‍ വന്നയാള്‍ തന്ന ബില്ലിനെക്കുറിച്ചാണ് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

ബ്രിജറ്റിന്റെ ബില്ല് കഥ ഇപ്രകാരമാണ്; 

തണുപ്പ് അസഹനീയമായി മാറിയൊരു ദിവസമായിരുന്നു ഞാനും മക്കളും ആ വീട്ടിലേക്ക് വന്നത്. എന്റെ കുട്ടികള്‍ രണ്ടും തീരെ ചെറിയവരാണ്. വീട്ടിലെത്തിയശേഷമാണ് എനിക്ക് മനസിലായത്, ഞങ്ങളുടെ തെര്‍മോസ്റ്റാറ്റ്( വീടിനുള്ളില്‍ ചൂട് സ്വയം നിയന്ത്രിച്ചു നിര്‍ത്തുന്ന യന്ത്രം, ശൈത്യ രാജ്യങ്ങളിലെ വീടുകളില്‍ ഇത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്) ശരിയായി പ്രവര്‍ത്തിക്കുന്നില്ല. അതില്ലാതെ ഞങ്ങള്‍ക്ക് ഇവിടെ തങ്ങുക അസാധ്യം. ഉടന്‍ തന്നെ ബെറ്റ്‌ലിന്‍ ഹീറ്റിംഗ് ആന്‍ഡ് കൂളിംഗിന്റെ ഓഫിസിലേക്ക് ഫോണ്‍ ചെയ്തു. അവര്‍ തെര്‍മോസ്റ്റാറ്റ് യന്ത്രം മാറ്റി സ്ഥാപിച്ചു തരുന്നവരും അതോടൊപ്പം റിപ്പയറിംഗ് നടത്തുന്നവരുമാണ്. എനിക്ക് ശരിയായി പ്രവര്‍ത്തിക്കുന്നൊരു യന്ത്രം അത്യാവശ്യമായിരുന്നു.

പോള്‍, അതായിരുന്നു ആ സ്ഥാപനത്തിന്റെ ഉടമയുടെ പേര്. പോളിനോടാണ് ഞാന്‍ സംസാരിച്ചത്. വളരെ ക്ഷമയോടെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. എന്റെ വീട്ടിലുള്ള തെര്‍മോസ്റ്റാറ്റ് എങ്ങനെയെങ്കിലും ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമോ എന്നു നോക്കാനായിരുന്നു പോള്‍ ആദ്യം അവശ്യപ്പെട്ടത്. ഫോണിലൂടെ അദ്ദേഹം പല വഴികളും പറഞ്ഞു തന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ അവയൊന്നും ആ യന്ത്രം പ്രവര്‍ത്തിക്കുന്നതിന് കാരണമായില്ല. എന്റെ അവസ്ഥ പോളിനു മനസിലായി. നിങ്ങള്‍ പേടിക്കേണ്ട, ഞാന്‍ നേരിട്ടു വന്നു യന്ത്രം ശരിയാക്കി തരാം, പോള്‍ ആശ്വസിപ്പിച്ചു.

പോള്‍ വളരെ വേഗം തന്നെ ഞങ്ങളുടെ വീട്ടിലെത്തി. തെര്‍മോസ്റ്റാറ്റിന്റെ ചിമ്മിണിയിലായിരുന്നു പ്രശ്‌നം, അത് മാറ്റി വയ്ക്കുന്നതിനിടയില്‍ ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് പോള്‍ തിരക്കി. എന്റെ ഭര്‍ത്താവ് ഒരു സൈനികനാണ്. ഇപ്പോള്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പമില്ല. സൈനികസേവനത്തിന് നിയോഗിക്കപ്പെട്ടിരിക്കുകയാണ്, ഞാന്‍ കാര്യങ്ങള്‍ ചുരുക്കി പറഞ്ഞു.

പോളിനോട് വിശേഷങ്ങള്‍ പറയുമ്പോഴും എന്റെ ഹൃദയം പിടയ്ക്കുകയായിരുന്നു. എന്റെ പേഴ്‌സ് കാലിയാണ്. ചെയ്ത ജോലിയുടെ കൂലി കൊടുക്കേണ്ടതുണ്ട്. എന്തു ചെയ്യുമെന്ന് എനിക്കറിയില്ല. 

എന്റെ മുഖത്തെ ഭയം പോള്‍ വായിച്ചെടുത്തെന്നു തോന്നുന്നൂ.

പോള്‍ എനിക്ക് നേരെ ബില്ല് നീട്ടി. അതില്‍ കുറിച്ചിരുന്നത്, നോ ഹീറ്റ്, ഈവനിംഗ് കാള്‍, ഡിപ്ലോയ്‌മെന്റ്, ഡിസ്‌കൗണ്ട് വണ്‍ ഡോളര്‍.

എനിക്ക് കൃത്യമായി ഒന്നും മനസിലായില്ല. പക്ഷെ ഒന്നറിയാം, ഒരു ഡോളര്‍ പോലും പോളിനു കൊടുക്കാന്‍ എന്റെ കൈവശമില്ല.

ഞാന്‍ പോളിനെ നോക്കി. പിന്നെ ശാന്തനായി പറഞ്ഞു; ഒരു ഡോളറെന്നത് തമാശയായി കണ്ടാല്‍ മതി. പിന്നെ നിങ്ങളുടെ ഭര്‍ത്താവിനോട് അദ്ദേഹം ചെയ്യുന്ന സേവനത്തിനുള്ള എന്റെ അഭിനന്ദനം അറിയിക്കുക. തന്റെ ജോലിക്ക് ഒരു കൂലിയും വാങ്ങാതെ, പകരം എന്റെ സൈനികനായ ഭര്‍ത്താവിനെ അദ്ദേഹം ചെയ്യുന്ന സേവനത്തിന്റെ പേരില്‍ അഭിനന്ദിക്കുകയും ചെയ്താണ് പോള്‍ മടങ്ങിയത്.

വളരെ നന്ദി പോള്‍ ബെറ്റ്‌ലിന്‍. എന്റെ വീട്ടിലിപ്പോള്‍ സുഖകരമായ അന്തരീക്ഷമാണുള്ളത്… ഒരുപാട് നന്ദി….

ജനുവരി 13 ന് ബ്രിജിറ്റ് സ്റ്റീവന്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ കുറിപ്പ് ഇതിനോടകം അയ്യായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. എല്ലാവരും പോളിന്റെ നല്ല മനസിന് നന്ദി പറയുന്നു. രാജ്യത്തിനായി സൈനികസേവനം നടത്തുന്ന ഓരോ വ്യക്തിയോടും അവരുടെ കുടുംബത്തിനോടും എല്ലാവരും കാണിക്കേണ്ട കടമയും സ്‌നേഹവുമാണ് പോള്‍ വെളിവാക്കിയതെന്നും ബ്രിജിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കിട്ടുന്ന കമന്റുകള്‍ പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍