UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞങ്ങള്‍ക്ക് നിങ്ങളുടെ മകള്‍ ഡോക്ടറാവണം എന്നില്ല; ഡോ.റോഷന്‍ രാധാകൃഷ്ണന് ഒരു മറുപടി

Avatar


ഇന്ത്യന്‍ ആരോഗ്യ ചികിത്സാരംഗത്തെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി  എന്റെ കുഞ്ഞിനെ ഇന്ത്യയില്‍ ഡോക്ടറാക്കില്ല എന്ന പേരില്‍ ഡോക്ടര്‍ റോഷന്‍ രാധാകൃഷ്ണന്‍ എഴുതിയ  ബ്ലോഗ് കുറിപ്പിനുള്ള സില്‍വിയ കര്‍പാഗം/ആരതി പി എം എന്നിവരുടെ  മറുപടി.

ഈ കുറിപ്പു വായിച്ചപ്പോള്‍ ഈ ബ്ലോഗ് സൈറ്റ് ഏറ്റവും മികച്ച എഴുത്തിനുള്ള സമ്മാനം നേടിയത് എന്തുകൊണ്ടാണെന്ന് മനസിലായി. ഡോക്ടര്‍മാരേയും അവരുടെ മൂല്യം മനസിലാകാതെ ലോകത്തേയും കുറിച്ചു ബ്ലോഗെഴുത്തുകാരന്‍ സാങ്കല്‍പ്പിക രാക്ഷസന്മാരെയും, ഭാവന നായകന്മാരേയും കൊണ്ടുനിറക്കുകയാണ്. എന്നാല്‍, ഇന്ത്യയിലെ ഡോക്ടര്‍മാര്‍ ധാര്‍മികച്യുതിയുടെ ചെളിക്കുണ്ടിലാണെന്നും ഇത്തരത്തിലെ വിങ്ങലിനും പരാതിപറച്ചിലിനും വിമ്മിട്ടത്തിനും ഒന്നും ആ വാസ്തവം മാറ്റാനാവില്ല എന്നാണ് വസ്തുത. ശരിയാണ്, ഒരുകാലത്ത് ഡോക്ടര്‍മാരെ ദൈവങ്ങളെ പോലെ ആരാധിച്ചിരുന്നു. പക്ഷേ അവര്‍തന്നെയാണ് തങ്ങളുടെ അമാന്യവും അഴിമതി നിറഞ്ഞതും മനുഷ്യത്വ വിരുദ്ധവും, അധാര്‍മികവുമായ പെരുമാറ്റത്തിലൂടെ ആ പീഠം ഓടയിലേക്ക് തട്ടിയെറിഞ്ഞത്.

ഡോക്ടര്‍ രോഗി അനുപാതത്തെ കുറിച്ച് തുടക്കത്തില്‍ പ്രതിപാദിക്കുന്ന ബ്ലോഗ് മനസ്സിലാക്കുന്നുണ്ടോ, ഇന്ത്യയിലെ പൊതുജനാരോഗ്യമേഖലയെ സ്വകാര്യ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അടിയറ വച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നതാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം എന്ന്. ഇന്ത്യയിലെ ആരോഗ്യരംഗത്തെ ചിലവിന്റെ 70 ശതമാനം ഇവിടുത്തെ ജനങ്ങളുടെ കീശയില്‍ നിന്നുമാണ് വരുന്നത്; അതിലെ സര്‍ക്കാര്‍ അനുപാതമാകട്ടെ അഞ്ച് ശതമാനത്തില്‍ താഴെയും! ഇത്തരത്തിലുള്ള സാമൂഹിക ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്‍വാങ്ങുന്ന സാമ്പത്തികനയങ്ങള്‍ രോഗചികിത്സാചിലവ് താങ്ങാനാവാതെ സാധാരണ ജനങ്ങളെ തീരാകടങ്ങളിലേക്കും ചികിത്സിച്ച് മാറ്റാന്‍ സാധ്യമാകുന്ന രോഗങ്ങളില്‍ പോലും ചികിത്സ നിഷേധിക്കപ്പെട്ട് മരണത്തിലേക്കും തള്ളിവിടുകയാണ്.

ലോകമെമ്പാടുമുള്ള അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് വികസിതരാജ്യങ്ങളിലെ സ്വകാര്യ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്നതില്‍ വന്നിട്ടുള്ള പാളിച്ചകള്‍ ആണ് പൊതുജനാരോഗ്യത്തെ തകര്‍ത്തിട്ടുള്ളത് എന്നാണ്. രാജ്യസഭയില്‍ മാത്രം പാസായി നില്‍ക്കുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ ആന്‍ഡ് റഗുലേഷന്‍ ബില്‍, 2010 ആണ് സ്വകാര്യ മെഡിക്കല്‍ രംഗത്തെ നിയന്ത്രിക്കാന്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഒരേ ഒരു വിഫല ശ്രമം!!!

ജോലിഭാരത്തെ കുറിച്ച് കണ്ണീരണിഞ്ഞ് സംസാരിക്കുന്ന ബ്ലോഗ്, ആതുര സേവനത്തെ മറ്റേതൊരു തൊഴിലും എന്ന പോലെ പരിഗണിക്കുകയാണ്. ഹിപ്പോക്രാറ്റിക് പ്രതിജ്ഞയെടുത്ത് ഈ മേഖലയിലേക്ക് കടക്കുന്ന ഏതൊരു ഡോക്ടറും തന്റെ താല്‍പര്യങ്ങള്‍ രോഗിയുടെ പരോമന്നത താല്‍പ്പര്യങ്ങള്‍ക്കായി ബലികഴിക്കാന്‍ തയ്യാറായി വരുന്നയാള്‍ ആണ്. തീര്‍ച്ചയായും ഇതൊരു തിരഞ്ഞെടുപ്പാണ്. ഉത്തരവാദിത്തം ഏറിയ ഒരു വ്യക്തിപരമായ തിരഞ്ഞെടുപ്പ്.

വാദത്തിനുവേണ്ടി ഈ തൊഴില്‍ മറ്റേതു തൊഴില്‍ പോലെയും ആണെന്നു കരുതൂ. എങ്കില്‍ തന്നെ കൃത്യമായ വിശ്രമവും മെച്ചപ്പെട്ട വേതനവും ഉറപ്പുവരുത്തുന്ന എന്ത് തൊഴില്‍ മേഖലയാണ് മുതലാളിത്ത വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നത്? തൊഴില്‍ മേഖലയിലെ ചൂഷണം എന്നത് നിര്‍മ്മാണ തൊഴിലാളി മുതല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ വരെ അനുഭവിക്കുന്ന പ്രശ്‌നം ആണ്.

ഡോക്ടര്‍മാര്‍ അവരുടെ ജ്ഞാനം കൊണ്ട് നേടുന്ന് സാമൂഹീകാംഗീകാരം, അനുഭവിക്കുന്ന അധികാരം ഇതൊന്നും മറ്റൊരു തൊഴില്‍ മേഖലയിലും ഇല്ലാത്തതാണ് താനും! ”മാരിവില്ലിനറ്റത്തെ സ്വര്‍ണ്ണകുംഭം” എന്ന ബ്ലോഗറുടെ തന്നെ പ്രയോഗം വ്യക്തമാക്കുന്നു, പണം ഉണ്ടാക്കാനുള്ള ഉപാധിയായി ആതുരശുശ്രൂഷാ സംവിധാനത്തെ മാറ്റിയ സ്വകാര്യതാല്‍പര്യങ്ങള്‍ ആണ് ഇദ്ദേഹത്തെയും ഭരിക്കുന്നതെന്ന്!!

അനേകായിരങ്ങളുടെ ശരീരത്തില്‍ നിന്ന് വൃക്ക, ഗര്‍ഭപാത്രം, അണ്ഡാശയം, പിത്താശയം തുടങ്ങിയവ നീക്കം ചെയ്യപ്പെടുന്നതെന്താണ്? എന്തുകൊണ്ടെന്നാല്‍ ചില ഡോക്ടര്‍മാര്‍ അവര്‍ക്കു മാസം കിട്ടുന്ന അമ്പതിനായിരം രൂപ കൊണ്ട് സന്തുഷ്ടരല്ലായിരിക്കും. അതിപ്പോള്‍ ഒരു ലക്ഷത്തിന്റെയോ നാലു ലക്ഷത്തിന്റെയോ സാലറി ചെക്ക് ആയാലും ശരി. രാജ്യത്തെ ഒരു മുന്തിയ ആശുപത്രിയിലെ മസ്തിഷ്‌ക ശസ്ത്രക്രിയാ വിദഗ്ദ്ധനെ ഉദ്ധരിച്ചാല്‍ ‘എനിക്കു പ്രതിമാസം 20 മസ്തിഷ്‌ക ശസ്ത്രക്രിയ ഉണ്ടാക്കണം. ഞാനത് ചെയ്‌തേ മതിയാകൂ. ഇല്ലങ്കില്‍ എനിക്കു മുഴുവന്‍ ശമ്പളം കിട്ടില്ല.’ പ്രതിമാസം 3 ലക്ഷം രൂപ വാങ്ങുന്ന ഡോക്ടറാണിത് എന്നോര്‍ക്കണം. ഈ ഡോക്ടറുടെ ദയനീയമായ അവസ്ഥയെയോര്‍ത്ത് ഡോക്ടര്‍, താങ്കളുടെ ഹൃദയം തേങ്ങുന്നില്ലേ?

ഗ്രാമീണ സേവനം മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിര്‍ബന്ധിത ഭാഗമാക്കിമാറ്റണം എന്ന ആവശ്യം ഇന്ത്യയിലെ ജനകീയ ആരോഗ്യപ്രസ്ഥാനങ്ങള്‍ ഉന്നയിച്ച് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ആരോഗ്യരക്ഷ സര്‍വ്വീസുകള്‍ നഗരകേന്ദ്രീകൃതമായി മാറുമ്പോള്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ രോഗാതുരമാകുന്നു എന്ന യാഥാര്‍ത്ഥ്യം പല പഠനങ്ങളും, ചൂണ്ടിക്കാണിക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രമില്ലാത്ത, ഒരു ഡോക്ടര്‍ പോലും കടന്നുചെല്ലാത്ത പതിനായിരക്കണക്കിനു ഗ്രാമങ്ങളും കോടിക്കണക്കിന് ജനതയുമുള്ള ഒരു രാജ്യത്തില്‍ ഗ്രാമീണ സേവനത്തോടുള്ള ബ്ലോഗറുടെ അഭിപ്രായം കണ്ടപ്പോള്‍ ‘ജാള്യത’ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്തയാള്‍ ആണ് എന്ന് മനസ്സിലായി.

മെഡിക്കല്‍ നെഗ്ലിജന്‍സ്  കേസുകളില്‍ ഇരകളാവേണ്ടിവരുന്നതിനെക്കുറിച്ചുള്ള വാചാലത കാണുമ്പോള്‍ ചോദിക്കാന്‍ തോന്നുന്നതിതാണ്: ലംഘനങ്ങള്‍ ഉണ്ടായാല്‍ തങ്ങളുടെ കൂട്ടക്കാരനെ സംരക്ഷിക്കാന്‍ ഡോക്ടര്‍ സമൂഹം സൈന്യത്തെ പോലെ ഒറ്റക്കെട്ടായി വരും. മനപൂര്‍വം ചികിത്സ നിഷേധിച്ചതിന് ഒരു ഡോക്ടറെ സസ്‌പെന്റ് ചെയ്തത് അവസാനമായി എന്നാണ്? മനപൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ ഒരു ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കിയത് എന്നാണ്? മനപൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ ഒരു ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കിയത് എന്നാണ്? താന്‍ ചികിത്സിക്കുന്ന രോഗികളെ പീഡിപ്പിച്ചതിന് ഒരു ഡോക്ടറെ പിടികൂടിയത് എന്നാണ്? എത്ര ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും പരാതി പരിഹാരസംവിധാനമുണ്ട്? കോപ്പിയടിക്കാതെ പരീക്ഷ എഴുതിയ എത്ര ഡോക്ടര്‍മാരുണ്ട്, അല്ലെങ്കില്‍ പരിശോധകനെ ചാക്കിലാക്കി ചോദ്യക്കടലാസ് കൈക്കലാക്കാത്തവര്‍? ഡോക്ടര്‍മാരുടെയും എന്തിന് രോഗികളുടെ പോലും കള്ളപ്പട്ടികയുണ്ടാക്കി നല്‍കാതെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അംഗീകാരം നേടിയ എത്ര മെഡിക്കല്‍ കോളേജുകളുണ്ട്? ഇന്ത്യയില്‍ ഡോക്ടറുടെ കൈപ്പിഴ കൊണ്ട് മരിക്കുന്നത് പ്രതിവര്‍ഷം എത്ര പേരാണ്? താങ്ങാനാവാത്ത വൈകല്യങ്ങള്‍ ഏറ്റുവാങ്ങേണ്ടത് എത്ര പേരാണ്? അതില്‍ എത്ര പേര്‍ കോടതിയെ സമീപിക്കുന്നു? അതില്‍ എത്ര കേസുകള്‍ കീഴ്‌കോടതി ശിക്ഷിക്കുന്നു? കീഴ്‌കോടതി ശിക്ഷിച്ച കേസുകളില്‍ എത്ര പേര്‍ മേല്‍ക്കോടതിയുടെ അനുകൂല വിധിയുമായി തങ്ങളുടെ പ്രാക്ടീസ് നിര്‍ബാധം തുടരുന്നു? കണ്ണടച്ച് ഇരുട്ടാക്കുന്നതിന് പരിധിയുണ്ട് ഡോക്ടര്‍!!

താങ്കളുടെ ബ്ലോഗില്‍ ചില വസ്തുതാപരമായ പിശകുകള്‍ കൂടിയുണ്ട്. ഛത്തീസ്ഗഡ് വന്ധ്യംകരണ കൂട്ടക്കൊലയുടെ കാരണങ്ങള്‍ ശാസ്ത്രീയമായി തെളിഞ്ഞുകഴിഞ്ഞു. ശരിയാണ് നിലവാരം കുറഞ്ഞ മരുന്നുകളാണ് സ്ത്രീകള്‍ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം നല്‍കിയിരുന്നത്. പക്ഷെ അത് മരണകാരണം ആയിട്ടില്ല. ശുചിത്വഹീനമായ സാഹചര്യങ്ങളില്‍ മൃഗതുല്യമായി മനുഷ്യസ്ത്രീകളെ പരിഗണിച്ചു നടത്തിയിട്ടുള്ള ശസ്ത്രക്രിയയില്‍ വന്നിട്ടുള്ള പാകപ്പിഴകള്‍ തന്നെയാണ് മരണകാരണം. കൊല്‍ക്കത്തയിലേയും ഡല്‍ഹിയിലേയും ലാബുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഒരു സര്‍ജന്‍ ആറുമണിക്കൂറില്‍ 83 വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്തി തന്റെ കിരീടത്തില്‍ ഒരു തൂവല്‍കൂടി തുന്നിച്ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പതിമൂന്ന് അമ്മമാരുടെ ജീവനാണ് ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ കഴിഞ്ഞ നവംബറില്‍ നഷ്ടമായത്. ആരോഗ്യമന്ത്രാലയം പറയുന്നത് എല്ലാ സൗകര്യങ്ങളോടും കൂടിയ സുസജ്ജമായ ഒരു ടീം ഉണ്ടെങ്കില്‍ ഒരു ഡോക്ടര്‍ക്ക് ഒരു ദിവസം ചെയ്യാവുന്നത് പരമാവധി 30 ശസ്ത്രക്രിയയാണ്. അപ്പോള്‍ അതിന്റെ മൂന്നിരട്ടി ചെയ്യാന്‍ ശ്രമിച്ച് പതിമൂന്ന് സ്ത്രീകളെ കൊന്ന ഡോക്ടറുടെ പേര് ഓര്‍ത്തിരിക്കുന്നതില്‍ എന്താണ് തെറ്റ്? ഡോക്ടര്‍, മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ ചോദിക്കേണ്ടത് മറ്റൊരു ചോദ്യമാണ്, മരിച്ചുപോയ പതിമൂന്ന് സ്ത്രീകളുടെ പേരെന്താണ്? അവര്‍ ആരാണ്? എന്താണ് അവര്‍ ചെയ്ത കുറ്റം? സര്‍ക്കാരിന്റെ നയങ്ങള്‍ക്കും ഡോക്ടര്‍മാരുടെ അലംഭാവത്തിനും ഇരയാകേണ്ടിവന്ന അവര്‍ക്കുവേണ്ടി ആരാണ് സംസാരിക്കുക?

ഒരു ടീം ലീഡര്‍ എന്ന നിലയില്‍ ഒരു ഡോക്ടര്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട് .അതില്‍ നിന്നും ഒഴിഞ്ഞു മാറല്‍ ഒരു കുറ്റകൃത്യം തന്നെയാണ്. ഡോക്ടര്‍മാര്‍ ആത്മാവു വരെ വില്‍ക്കുമ്പോള്‍, അവരെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഇല്ലാത്തപ്പോള്‍, നിയമപരമായി ഉത്തരവാദിത്തമില്ലാതെയിരിക്കുമ്പോള്‍, ഒരുതരത്തിലും നിയന്ത്രണമില്ലാതെയിരിക്കവേ ജങ്ങള്‍ നിയമം കയ്യിലെടുക്കുന്ന നേരത്ത് വിശുദ്ധ പശുക്കളെ പോലെ പെരുമാറുന്നതെന്തുകൊണ്ട്? സ്വന്തം തൊഴിലില്‍ മാലിന്യം വളര്‍ത്തിയെടുക്കുന്ന കാലത്തോളം ധാര്‍മിക ഔന്നത്യമൊന്നും ഇന്ത്യയില്‍ ഒരു ഡോക്ടര്‍ക്കും അവകാശപ്പെടാനാവില്ല.

എന്തുകൊണ്ടാണ് പൊതു സമൂഹം ഡോക്ടര്‍മാര്‍ക്ക് എതിരാകുന്നത്? അവര്‍ക്ക് ചുറ്റുമുള്ള ദൈനംദിന ജീവിതം, അവരുടെ തന്നെ അനുഭവങ്ങള്‍ അവരോടു പറയുന്നു. അതാണ് അവരെ നിസ്സഹായമായ അവസ്ഥകളില്‍ അക്രമത്തിനു പ്രേരിപ്പിക്കുന്നത്. അതൊരു ഉദാഹരണം അല്ല, അപവാദം മാത്രമാണ്. അതിനെ പെരുപ്പിച്ചു കാണിക്കുന്നത് തീര്‍ത്തും നിഷ്‌കളങ്കമായ ഒരു കാര്യമായി കരുതാന്‍ കഴിയില്ല. അതുവഴി താങ്കള്‍ ഇരയാക്കാന്‍ ശ്രമിക്കുന്ന ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ഉണ്ട്. കാലാകാലങ്ങളിലായി നിയമത്തിന്റെ കുരുക്കില്‍ നിന്നും തങ്ങളുടെ കൂട്ടുകാരെ ഊരിയെടുക്കാന്‍ നിങ്ങളും നിങ്ങളുടെ സമൂഹവും ഇടപെടുന്നത് അതേ താല്‍പ്പര്യങ്ങളാല്‍ തന്നെയാണ്.

തെറ്റായ ആളുകള്‍ ഡോക്ടര്‍മാരാകുന്നു എന്നതാണു പ്രശ്‌നം. സീറ്റിനായി പണം മുടക്കാന്‍ കഴിവുള്ളവര്‍, പെട്ടന്ന് കാശുണ്ടാക്കാനുള്ള വഴിയായി ഇതിനെ കാണുന്നവര്‍, മെഡിക്കല്‍ കോളേജും ആശുപത്രിയും സ്ഥാപിച്ച് കള്ളപ്പണം വെളുപ്പിക്കുന്ന രാഷ്ട്രീയക്കാരായ അച്ഛനും അമ്മാവനും ഒക്കെയുള്ളവര്‍, വിദേശത്തേക്ക് പോകാന്‍ കഴിയുന്നവര്‍, വ്യാജ പ്രമാണങ്ങളുമായി വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഴുന്നവര്‍;  ഇങ്ങനെയൊക്കെയുള്ളവരാണ് ഇന്ത്യയില്‍ ഡോക്ടര്‍മാരാകുന്നത്. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ചില ഡോക്ടര്‍മാരാകട്ടെ ഇത്തരം ബ്ലോഗുകള്‍ എഴുതാറുമില്ല, എന്തിന് വായിക്കുക പോലുമില്ല.

പിന്നെ, സ്വന്തം മകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് വിട്ടുകൊടുക്കുക. അതവളുടെ പൂര്‍ണ്ണമായ സ്വയം നിര്‍ണ്ണയ അധികാരമാണ്. ഒരു പക്ഷേ ദരിദ്രരായ മനുഷ്യര്‍ക്കിടയില്‍ സ്വയം അര്‍പ്പിച്ച് ജീവിച്ചിരുന്ന ജനകീയ ഡോക്ടര്‍മാര്‍ക്ക് ഒരു പിന്‍തുടര്‍ച്ചക്കാരി ആയി അവള്‍ വളര്‍ന്നുവന്നേക്കാം. അല്ല, താങ്കള്‍ നിര്‍മ്മിച്ച സ്വര്‍ണ്ണകുഭത്തില്‍ നിന്നും ഉള്ള പണം വാരി വാങ്ങിയ മെഡിക്കല്‍ സീറ്റില്‍ പഠിച്ച്,പണം ഉണ്ടാക്കാനുള്ള യന്ത്രമായിമാറുന്നുവെങ്കില്‍, ശരിയാണ് ഡോക്ടര്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ മകള്‍ ഡോക്ടറാവണം എന്നില്ല(അത് പറയാന്‍ ഞങ്ങള്‍ക്ക് അവകാശമൊന്നുമില്ലെങ്കിലും).

(ഡോക്ടര്‍ സില്‍വിയ കര്‍പാഗം കര്‍ണ്ണാടകയില്‍ ജനകീയ ആരോഗ്യ പ്രസ്ഥാനത്തിന്റെ ഭാഗവും കുടിയൊഴിക്കപ്പെടുന്ന കോളനികളിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. 
ആരതി പി എം ബെര്‍ലിന്‍ സോഷ്യല്‍ സയന്‍സ് സെന്ററില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആണ്)

 

ഡോ. റോഷന്‍ രാധാകൃഷ്ണന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

http://www.godyears.net

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍