UPDATES

ട്രെന്‍ഡിങ്ങ്

ഹെല്‍മറ്റ് വയ്ക്കുക തന്നെ വേണം, ഒഴിവാക്കേണ്ടത് തലയ്ക്കടിക്കുന്ന പോലീസുകാരെയാണ്

ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ഭരണകൂടത്തിന് എന്താണധികാരം? എന്ന ലേഖനത്തിന് ഒരു വിയോജനക്കുറിപ്പ്‌

കഴിഞ്ഞ ദിവസം അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ഭരണകൂടത്തിന് എന്താണധികാരം?  എന്ന ആര്‍ട്ടിക്കിള്‍ ആണ് ഇങ്ങനെ ഒരു എഴുത്തു എഴുതാന്‍ നിര്‍ബന്ധിച്ചത്. മേല്‍പ്പറഞ്ഞ ലേഖനത്തില്‍ പറയുന്നു, ഹെല്‍മെറ്റ് ഇടാതെ ബൈക്ക് ഓടിച്ചാല്‍ അപകടം സംഭവിക്കുന്നത് ഓടിക്കുന്ന ആള്‍ക്ക് മാത്രമാണെന്ന്. ഇത് വളരെ തെറ്റായ, ഒട്ടും ചിന്തിക്കാതെയുള്ള ഒരു പറച്ചിലാണ്.

ഞാന്‍ ഒരു ഉദാഹരണം പറയാം. ഞാന്‍ ഹെല്‍മെറ്റ് ഇടാതെ 50 കി.മീ സ്പീഡില്‍ ബൈക്ക് ഓടിക്കുന്നു. ഭാര്യക്ക് ഞാന്‍ ഹെല്‍മെറ്റ് വാങ്ങികൊടുക്കുന്നില്ല, ചേട്ടന്‍ വേണ്ട എന്ന് പറയുന്നുണ്ടെങ്കില്‍ ശെരിക്കും ഹെല്‍മെറ്റ് അനാവശ്യമാണെന്ന് ഭാര്യയും ചിന്തിക്കുന്നു (അതിലെ ജെന്‍ഡര്‍ സംബന്ധിയായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല, കേരളത്തിലെ യതാര്‍ത്ഥ ജീവിതത്തില്‍ എത്രത്തോളം ജെന്‍ഡര്‍ ഇക്വാലിറ്റി ഉണ്ടെന്ന് നമുക്കറിയാമെല്ലോ). ഞാനങ്ങനെ ഒറ്റക്കല്ല ഓടിക്കുന്നത്, എന്റെ പിന്നിലായി ഒരു ലോറി, 2 – 3 കാര്‍ ലോറിക്ക് പിറകിലായി, പിന്നെ എന്റെ സൈഡിലും ബാക്കിലുമായി 3 ബൈക്‌സ്. നല്ല ഒരു കാറ്റടിച്ച് ഒരു കരിയിലയോ, മണ്ണുപൊടിയോ പ്രാണിയോ എന്റെ കണ്ണില്‍ വീണാല്‍ എന്റെ ചുറ്റും ഓടിക്കുന്ന ഈ വണ്ടികളൊന്നിനെയും ഞാന്‍ തട്ടി വീഴുകയും അവരിലാര്‍ക്കെങ്കിലും മരണമോ ധനനഷ്ടമോ ഞാന്‍ ഉണ്ടാക്കില്ലെന്ന് എന്തുറപ്പാണ് കൊടുക്കാന്‍ പറ്റുക? കരിയില പോട്ടെ, ഒരു കാറിന്റെ ടയറില്‍ കുടുങ്ങി കല്ല് തെറിച്ച് തലയില്‍ തട്ടി ബാലന്‍സ് പോയാല്‍ ഇങ്ങനൊന്നും സംഭവിക്കില്ലെന്ന് ആര്‍ക്കാണ് ഉറപ്പു പറയാന്‍ പറ്റുക? എനിക്ക് ബാലന്‍സ് പോയി, ഞാന്‍ പിടിച്ചിരുന്നു , വീണില്ല, പിന്നില്‍ കൊച്ചിനേം പിടിച്ചിരിക്കുന്ന ഭാര്യ റോഡില്‍ തലയിടിച്ചു വീണു മരിച്ചാലോ? അല്ലെങ്കില്‍ റോഡില്‍ വീണ ഭാര്യയെ തട്ടാതെ പോകാന്‍ ശ്രമിച്ച് വണ്ടികള്‍ കൂട്ടയിടിച്ചാലോ? അതുകൊണ്ട് തന്നെ ഹെല്‍മെറ്റ് ധരിക്കാതിരുന്നാല്‍ നിങ്ങളുടെ മാത്രമല്ല, മറ്റുള്ളവരുടെയും ജീവന് വരെ ഭീഷ]ണിയുണ്ടാകുന്ന കുറെ അധികം കാര്യങ്ങള്‍ ഉണ്ടെന്നര്‍ഥം. അത് മനസിലാക്കാതെ വ്യക്തിസ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് അപകടം വിളിച്ചു വരുത്തുന്നതും ആഘോഷം എന്നും പറഞ്ഞ് ആള്‍ക്കാരെ വിഷപ്പുക ശ്വസിപ്പിക്കുന്നതും ഒരേ സാധനം തന്നെ.

ഇനി നിങ്ങള്‍ ഓടിക്കുന്ന ബൈക്കിലേക്ക്

നിങ്ങള്‍ ഓടിക്കുന്ന ബൈക്ക്, മനുഷ്യന്റെ ഇന്‍പുട്ട് ശരിയല്ലാത്ത രീതിയില്‍ കൊടുക്കുകയാണെങ്കില്‍ മനുഷ്യന് ദോഷകരമായി വരാന്‍ സാധ്യതയുള്ള ഒരു യന്ത്രമാണ്. ഇതേ കാരണം കൊണ്ടാണ് KTM duke ആളെക്കൊല്ലി വണ്ടിയാണെന്ന (ദുഷ്) പ്രചാരണങ്ങള്‍ വരുന്നത്. തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്നതിന് പകരം ഒരു ‘relatively unknown’ ലേക്ക് കുറ്റം ആരോപിക്കുക. അപ്പോള്‍ അതെ തെറ്റ് വീണ്ടും ചെയ്യാന്‍ ബുദ്ധിമുട്ട് കുറവായിരിക്കും.

എന്റെ അറിവില്‍ 3 ലക്ഷത്തില്‍ കുറഞ്ഞ വിലയ്ക്ക് ഏറ്റവും നല്ല body parts, riding dynamics, performance, power to weight ratio എന്നിവ നല്‍കുന്ന വണ്ടിയാണത്. അത് ഓടിക്കാന്‍ വേണ്ട വൈദഗ്ധ്യം ഇല്ലാതെ, ഇതിനെക്കുറിച്ച് വലിയ ധാരണയില്ലാത്ത മാതാപിതാക്കളെ ഇമോഷണലി ബ്ലാക്‌മെയ്ല്‍ ചെയ്ത് വാങ്ങിച്ച് സ്വയവും, ബാക്കിയുള്ളവര്‍ക്കും നഷ്ടം വരുത്തി വച്ചവരെ വെച്ച് ആ വണ്ടിയെ ജഡ്ജ് ചെയ്യുന്നത് അത്ര നല്ല കാര്യമല്ല. നിങ്ങള്‍ ഒരാളെ വണ്ടി ഇടിക്കുമ്പോള്‍, പരിക്ക് നിങ്ങള്‍ക്ക് മാത്രമല്ല. അതിന് വേണ്ടത് വിദേശ രാജ്യങ്ങളിലെ പോലെ tier based licensing system ആണ്. ആദ്യം കുറഞ്ഞ power to weight ratio ഉള്ള വണ്ടി, പിന്നെ അതില്‍ കൂടുതല്‍, അങ്ങനെ. അതും പോരാത്തതിന് ഉല്പാദിപ്പിക്കുന്ന രാഷ്ട്രത്തിന്റെ ബെനിഫിറ്റ് കാരണം വിദേശരാജ്യങ്ങളേക്കാള്‍ പകുതി വിലക്ക് ആ വണ്ടി വാങ്ങിക്കുകയും ചെയ്യാം. ഇതൊക്കെയാണ് ആ വണ്ടിയെ മരണവണ്ടി എന്ന പേരിലേക്കെത്തിച്ചത്. തെറ്റ് മനുഷ്യന്റെ, പഴി യന്ത്രത്തിന്.

വീണ്ടും ഹെല്‍മെറ്റ്‌

ഇത് തന്നെയാണ് ഹെല്‍മെറ്റിന്റെയും അവസ്ഥ. അത് ധരിച്ചില്ലെങ്കില്‍ നഷ്ടം നിങ്ങള്‍ക്ക് മാത്രമല്ല, നിങ്ങളുടെ കൂടെ നിങ്ങളെ വിശ്വസിച്ചു നിങ്ങളുടെ കൂടെ റോഡില്‍ വണ്ടി ഓടിക്കുന്ന ബാക്കി ഉള്ളവരെയും ബാധിക്കും. അത് കൊണ്ട്, ദയവായി ഹെല്‍മെറ്റ് ധരിക്കുക. സര്‍ക്കാര്‍ ഇനി ‘പൊതുതാല്പര്യം’ മാനിച്ചു നിര്‍ബന്ധമാക്കിയില്ലെങ്കിലും ധരിക്കാന്‍ ശ്രമിക്കുക. കൂടിയ വേഗതകളില്‍ മാത്രമല്ല, കുറഞ്ഞ വേഗത മതി ആളെ കൊല്ലാന്‍.

ഹെല്‍മെറ്റ് ഇടാതെ ചെറു വഴികളിലൂടെ പതുക്കെ ബൈക്ക് ഓടിച്ചു താഴെ വീണു തലയിടിച്ചു ഒരു വര്‍ഷം നഷ്ടപ്പെട്ടു സംസാരശേഷി പൂര്‍ണമായും തിരിച്ചു കിട്ടാത്ത architecture വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പോയി കണ്ടത് നല്ല ഓര്‍മയുണ്ട് ഇന്നും. അത് അവന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് പറയുമ്പോള്‍, അത് അവന്റെ മാതാപിതാക്കള്‍ക്ക് ഉണ്ടായ സമയ, ധനനഷ്ടങ്ങളോട് (മനസികവ്യഥകള്‍ മനഃപൂര്‍വം മറക്കുന്നു) നേരെ കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്. ഇത് ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ട് അല്ലല്ലോ. സ്‌നേഹിച്ചു വളര്‍ത്തിയ ഒരു മനുഷ്യജീവന്‍ അനങ്ങാനാവാതെ ജീവച്ഛവം പോലെ കിടക്കുന്നതു കാണുമ്പോള്‍ അത് അവന്റെ ഉത്തരവാദിത്തം ആയിരുന്നു എന്നൊക്കെ പറഞ്ഞാല്‍ ‘ഒരു മാതിരി വര്‍ത്താനം’ ആയിപ്പോകും അത്.

കഴിഞ്ഞ വര്‍ഷം ലഡാക് വരെ ഞാന്‍ എന്റെ ബൈക്കിലാണ് പോയത്. With all luggage and pillion. ആ യാത്രകളിലും, ഏത് യാത്രകളിലും, ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട് ഹെല്‍മെറ്റ് വെക്കുന്നത് എനിക്ക് മാത്രമല്ല, എന്റെ പിറകില്‍ എന്നെ വിശ്വസിച്ചിരിക്കുന്നവരെയും, റോഡില്‍ എന്നെ വിശ്വസിച്ചു കൂടെ വേഗതയില്‍ വണ്ടിയോടിക്കുന്നവരെയും അത് സുരക്ഷിതരാക്കുന്നുണ്ടെന്ന്. ഹെല്‍മെറ്റ് മാത്രമല്ല സുരക്ഷ തരുന്നത്, പലതുമുണ്ട്, പക്ഷെ ഹെല്‍മെറ്റ് ഒഴിച്ചു കൂടാനാവാത്തതാണ്. കാരണം അത് വാഹനത്തെ കണ്ട്രോള്‍ ചെയ്യുന്ന നമ്മുടെ തലയ്ക്ക് സംരക്ഷണം തരുന്നു. ഒഴിവാക്കേണ്ടത് ഹെല്‍മെറ്റ് ഇട്ടില്ലെങ്കില്‍ തലക്കടിക്കുന്ന, ഷര്‍ട്ടില്‍ പിടിച്ച് വലിക്കുന്ന, തെറി വിളിക്കുന്ന, മനുഷ്യത്വരഹിതമായ പൊലീസിങ് രീതികളാണ്. പൊതു നിരത്തുകളില്‍ ഹെല്‍മെറ്റ് ഇട്ടില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് പോലുള്ള രീതികളാണ് കൂടുതല്‍ ചേര്‍ന്നത്.

(വിനായക് വി പുരുഷോത്തമന്‍-തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ആര്‍കിടെക്ചറില്‍ ബിരുദം സ്വന്തമാക്കിയ ശേഷം ന്യൂഡല്‍ഹി എസ് പി എ യില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദം നേടി. ഇപ്പോള്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുന്നതിനൊപ്പം ആര്‍കിടെക്ചര്‍ മേഖലയിലും പ്രവര്‍ത്തിക്കുന്നു.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍