UPDATES

40 രാജ്യങ്ങളില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിന് ധനസഹായം ലഭിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ്

129 പേരുടെ മരണത്തിന് ഇടയാക്കിയ പാരീസ് ആക്രമണത്തിന് ഉത്തരവാദികളായ ഇസ്ലാമിക് സ്റ്റേറ്റിന് ജി-20-യിലെ ചില രാഷ്ട്രങ്ങള്‍ അടക്കം 40 രാജ്യങ്ങള്‍ ധനസഹായം നല്‍കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പറഞ്ഞു. റഷ്യാ ടുഡേയുടെ ഓണ്‍ലൈന്‍ വിഭാഗമായ ആര്‍ടി.കോമിന് നല്‍കിയ അഭിമുഖത്തിലാണ് പുടിന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവിധ ഇസ്ലാമിക് സ്റ്റേറ്റ് യൂണിറ്റുകള്‍ക്ക് ധനം ലഭിക്കുന്നതിന്റെ വിവരങ്ങള്‍ വച്ചാണ് താന്‍ ഇത് വെളിപ്പെടുത്തുന്നത് എന്ന് പുടിന്‍ പറയുന്നു. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളെയാണ് പുടിന്‍ ഉദ്ദേശിക്കുന്നത് എന്ന് വെബ്‌സൈറ്റ് വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ ഐഎസ് നടത്തുന്ന നിയമവിരുദ്ധമായ എണ്ണ വ്യാപാരം നിയന്ത്രിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും പുടിന്‍ എടുത്ത് പറയുന്നുണ്ട്.

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിന് എതിരായ പോരാട്ടത്തില്‍ സായുധരായ പ്രതിപക്ഷത്തെ സഹായിക്കാന്‍ റഷ്യ തയ്യാണ്. റഷ്യയുടെ സഹായത്തോടെ ഐഎസിന് എതിരായി ആക്രമണം നടത്തുന്ന കാര്യം ചില സായുധ പ്രതിപക്ഷ സംഘങ്ങള്‍ പരിഗണിക്കുന്നുവെന്ന് പുടിന്‍ പറഞ്ഞു. അത് നടക്കുകയാണെങ്കില്‍ പിന്നീടുള്ള ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിനുള്ള നല്ലൊരു അടിസ്ഥാനമാകുമിതെന്ന് പുടിന്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍, സൗദി അറേബ്യ, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും പിന്തുണ ആവശ്യമുണ്ടെന്ന് പുടിന്‍ വ്യക്തമാക്കി.

റഷ്യയുമായി സഹകരിക്കുന്നതിലെ നിലപാടില്‍ പാരീസ് ആക്രമണത്തിന് ശേഷം അമേരിക്ക മാറ്റം വരുത്തിയിട്ടുണ്ടെന്ന് പുടിന്‍ അവകാശപ്പെട്ടു. ആഗോള തലത്തില്‍ ഭീകരവാദത്തേയും ഭീകരാക്രമണത്തേയും തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ നടത്തേണ്ടതുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്ന വാഗ്ദാനം അമേരിക്കയ്ക്ക് മുന്നില്‍ റഷ്യ വച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ നിങ്ങളുടെ വാഗ്ദാനം നിരസിക്കുന്നു എന്ന് അവര്‍ അറിയിച്ചുവെന്ന് പുടിന്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍