അഴിമുഖം പ്രതിനിധി
ഇന്ത്യയിലെ ഏറ്റവും ധനികനായ കായിക താരമാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനായി കാര്‍ വിളിക്കാന്‍ കൈയില്‍ പണമില്ലാതിരുന്ന ദിവസം സച്ചിനും അനുഭവിച്ചിട്ടുണ്ട്. പൂനെയില്‍ നടന്ന ഒരു അണ്ടര്‍ 15 ക്രിക്കറ്റ് മത്സരത്തിനുശേഷം വീട്ടിലേക്ക് തിരികെ വരുമ്പോഴാണ് സംഭവം.
12 വയസ്സുള്ളപ്പോള്‍ മുംബയ് അണ്ടര്‍-15 ടീമിലിടം നേടിയ സച്ചിന്‍ ആവേശത്തോടെ സഹതാരങ്ങള്‍ക്കൊപ്പം പൂനെയിലേക്ക് പോയി. സച്ചിന്‍ കളിയില്‍ നാല് റണ്‍സിന് പുറത്തായി. 12 വയസ്സുകാരനായ സച്ചിന് ഓടി മറുവശത്ത് എത്താന്‍ കഴിഞ്ഞില്ല. നിരാശനായി ഡ്രസ്സിങ് റൂമില്‍ തിരിച്ചെത്തിയശേഷം താന്‍ കരഞ്ഞുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. മഴകാരണം കളി അവസാനിപ്പിച്ചതിനാല്‍ ഒരു ദിവസം മുഴുവന്‍ ടീമിന് പുറത്തു പോയി സിനിമ കാണുക, ഭക്ഷണം കഴിക്കുക എന്നീ രണ്ട് വഴികളേയുണ്ടായിരുന്നുള്ളൂ. എങ്ങനെ പണം ചെവഴിക്കണമെന്ന് അറിയാതിരുന്ന സച്ചിന്റെ കൈയിലെ പണം തീര്‍ന്നു. മുംബൈയില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു പൈസ പോലും പോക്കറ്റിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
ദാദര്‍ സ്‌റ്റേഷനില്‍ ഇറങ്ങിയ സച്ചിന്‍ രണ്ട് വലിയ ബാഗുകളും ചുമന്ന് ശിവാജി പാര്‍ക്കുവരെ നടന്നു. ഇത് മൊബൈല്‍ ഫോണുകള്‍ക്കും മുമ്പുള്ള കാലമായിരുന്നു. ഇന്നായിരുന്നുവെങ്കില്‍ ഒരു എസ് എം എസ് മതിയായിരുന്നു പ്രശ്‌നം പരിഹരിക്കാനെന്ന് സച്ചിന്‍ തന്നെ പറയുന്നു.
എന്നാല്‍ ടെക്‌നോളജിയുടെ വളര്‍ച്ച കാരണം സച്ചിനും ചരിത്രത്തില്‍ ഇടം പിടിച്ചു. മൂന്നാം അമ്പയര്‍ ആദ്യമായി ഔട്ട് പറഞ്ഞ ബാറ്റ്‌സ്മാന്‍ സച്ചിനായിരുന്നു. 1992-ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഡര്‍ബനില്‍ നടന്ന മത്സരത്തിലായിരുന്നു ആ ചരിത്രം പിറന്ന പുറത്താക്കല്‍. 11 റണ്‍സെടുത്ത അദ്ദേഹം റണ്‍ഔട്ടാകുകയായിരുന്നു.
ഡിബിഎസിന്റെ ഡിജി ബാങ്ക് അവതരിപ്പിച്ച വേളയില്‍ സംസാരിക്കുകയായിരുന്നു സച്ചിന്.