UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈദ്യശാസ്ത്ര വാര്‍ത്തകളോട് മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ലാഘവത്വം സാമൂഹ്യദ്രോഹമാണ്

Avatar

രൂപേഷ് വൈക്കം

ടെസ്സയെ മലയാളി ഒരിക്കലും മറക്കുകയില്ല. ഒരു പൂ ഇറുത്തു കളയുന്ന ലാഘവത്തോടെ കാമുകന്‍റെ ലിംഗം വെറും ലോക്കല്‍ അനസ്തേഷ്യയിലൂടെ മുറിച്ചു മാറ്റിയ പുലിക്കുട്ടി.

ലോക്കല്‍ അനസ്തേഷ്യ (സര്‍ജറി ചെയ്യുന്ന ഭാഗം മാത്രം മരവിപ്പിക്കുന്ന രീതി) കൊടുത്ത് സാധ്യമാകുന്ന ഒരു നിസ്സാര ശസ്ത്രക്രിയയല്ല total penectomy എന്ന വിവരം 22 FK എന്ന ചലച്ചിത്രത്തിന്‍റെ തന്ത്രപ്രധാനമായ കഥാതന്തുവിനെ സാരമായ പരിക്കേല്‍പ്പിക്കും എന്നതിനാല്‍ നമുക്കത് വിടാം. മലയാള സിനിമയിലെ / സീരിയലിലെ മെഡിക്കല്‍ മണ്ടത്തരങ്ങള്‍ ഗവേഷണ വിഷയമാക്കാന്‍ പറ്റിയ ഒരിടമാണ്.

ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത് ഇതാണ്, ജനപ്രിയ മാധ്യമങ്ങളില്‍ ഒന്നായ നമ്മുടെ സിനിമകള്‍ ആധുനിക വൈദ്യശാസ്ത്രസംബന്ധിയായ വിഷയങ്ങളില്‍ പരത്തുന്ന അജ്ഞതയും മിസ്‌കണ്‍‌സപ്റ്റുകളും ചെറുതല്ല എന്നാണ്‌.

എണ്ണിയാലൊടുങ്ങാത്ത ആരോഗ്യമാസികകള്‍ക്ക് വായനക്കാരുള്ള ഇടമാണ് കേരളം. അത്തരമൊരു സമൂഹത്തിലെ ഭൂരിപക്ഷത്തിനും അടിസ്ഥാനപരമായ വൈദ്യശാസ്ത്രജ്ഞാനം ഇല്ല എന്നറിയുമ്പോഴാണ് നാം അത്ഭുതപ്പെടുന്നത്. ഇത്തരം മാസികകള്‍ രോഗഭീതിയും ആധുനിക ശാസ്ത്രവിരുദ്ധതയുമാണ്‌ കൂടുതലായും പ്രചരിപ്പിക്കുന്നത് എന്ന് പരിശോധിച്ചാല്‍ വ്യക്തമാകും. ചികിത്സാ പിഴവ്, ഗുരുതരമായ ശസ്ത്രക്രിയ പിഴവ്, മരുന്ന് മാറിക്കൊടുക്കല്‍ തുടങ്ങിയ ആരോപണങ്ങളെത്തുടര്‍ന്ന് ആശുപത്രി തകര്‍ക്കുന്നതും ഡോക്ടറെ കൈയ്യേറ്റം ചെയ്യുന്നതും പതിവാകുന്നതിന് ജനങ്ങളുടെ ഈ അറിവില്ലായ്മ ഒരു പ്രധാന കാരണമാണ്. ഡോക്ടര്‍ക്ക് ഒരു സാഹചര്യത്തിലും പിഴവ് വരികയില്ല എന്നര്‍ത്ഥമില്ല. എന്നാല്‍ ഡോക്ടര്‍മാര്‍ നിസ്സഹായരായിരുന്ന അവസ്ഥകളിലടക്കം ഗുരതരമായ പിഴവും അനാസ്ഥയും ആരോപിച്ചുകൊണ്ട്‌ അവരെ കയ്യേറ്റം ചെയ്യുന്ന പ്രവണത കേരളത്തില്‍ വര്‍ധിച്ചു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹൈ റിസ്ക്‌ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഡോക്ടര്‍മാര്‍ മടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ചികിത്സാചിലവ്, സ്വകാര്യ ഹോസ്പിറ്റലുകളുടെ ചൂഷണം തുടങ്ങി പല കാരണങ്ങളും ആധുനികവൈദ്യത്തോടുള്ള പൊതുജനത്തിന്‍റെ ഇത്തരം വൈരാഗ്യ മന:സ്ഥിതിക്ക് കാരണമാണ്. അതല്ല ഈ ലേഖനത്തിന്‍റെ വിഷയം. കഴിഞ്ഞ ദിവസം നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ഉണ്ടായ ശസ്ത്രക്രിയ പിഴവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ശസ്ത്രക്രിയകളില്‍ ഉണ്ടാകുന്ന പിഴവുകളെയെല്ലാം “അതീവ ഗുരുതരം” എന്ന വിശേഷണം ചാര്‍ത്തി പ്രചരിപ്പിച്ച് ആധുനിക വൈദ്യശാസ്ത്ര വിരുദ്ധതയ്ക്ക് ആക്കം കൂട്ടുന്ന പ്രവണതയെ ചെറുതായി വിശകലനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്.

നെടുമങ്ങാട് സംഭവം
ഈ സംഭവത്തെപ്പറ്റി ഡോ.വിനോദ് ബി നായര്‍ ഒരു ചെറിയ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വസ്തുതകള്‍ മനസ്സിലാക്കുവാന്‍ ഈ കുറിപ്പ് ഉപകരിക്കും. (https://www.facebook.com/drvinod.entdoctor/posts/1397608843587782)

ഗര്‍ഭാശയ മുഴ നീക്കാനുള്ള ഒരു സര്‍ജറി നടത്തുന്നു. സര്‍ജറിക്കിടെ ഉപയോഗിച്ച ഉപകരണങ്ങളില്‍ ഒന്ന് ഒടിഞ്ഞ്‌ ചെറിയൊരു ഭാഗം വയറിനുള്ളില്‍ വീഴുന്നു. അത് അപ്പോള്‍ തന്നെ ശ്രദ്ധയില്‍പ്പെടുകയും തിരയുകയും കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. ശേഷം അത് കൃത്യമായി വയറിനുള്ളില്‍ എവിടെ എന്ന് കണ്ടെത്തുകയും അത് പുറത്തെടുക്കാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ഇവിടെ സംഭവിച്ച പിഴവ് വളരെ സാധാരണമായി സംഭവിക്കാവുന്ന ഒന്നാണ്. ഏതൊരു തൊഴില്‍ മേഖലയിലും ജോലിക്കിടെ വളരെ സാധാരണമായി സംഭവിക്കാന്‍ സാധ്യതയുള്ള ഒന്നാണ് ഉപകരണം ഒടിയുക എന്നത്. അതിനെ വയറിനുള്ളില്‍ ഉപകരണ ഭാഗം മറന്നു വച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പത്താംക്ലാസ് ബേസിക് അനാട്ടമി പഠിച്ച ഒരാള്‍ പോലും വിശ്വസിക്കാത്ത, കരള്‍ ഛര്‍ദ്ദിക്കുന്ന അപൂര്‍വ്വ രോഗ വാര്‍ത്ത കൊടുക്കുന്ന നമ്മുടെ മലയാള മാധ്യമങ്ങളുടെ മെഡിക്കല്‍ ജേര്‍ണ്ണലിസം എത്ര പരിതാപകരമാണ് എന്ന് ചിന്തിക്കുക. ദി ഹിന്ദുവില്‍ ഇതേ വാര്‍ത്ത വളരെ കൃത്യതയോടെ പ്രസിദ്ധീകരിച്ചപ്പോള്‍ സര്‍ജിക്കല്‍ നോട്ട് പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഒരു ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ ഉപകരണത്തെക്കുറിച്ച് തെറ്റായ വിവരം പറയുന്നത്.

ഗുരുതരമായ പിഴവുകള്‍
രോഗിയുടെ വയറിനുള്ളില്‍ ഒരു സാധനം വച്ച് മറന്നതിന് ശേഷം ഡോക്ടറെ വെള്ള പൂശാന്‍ ശ്രമിക്കുകയാണോ എന്നതാണ് പ്രധാനപ്പെട്ട ഒരു ചോദ്യം.

അല്ല എന്നതാണ് ആദ്യത്തെ മറുപടി. മറന്നുവച്ചു എന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇത് അല്പം വിശദീകരിക്കേണ്ടതുണ്ട്. ശസ്ത്രക്രിയാ പിഴവുകളെ എല്ലാം ഗുരുതരം എന്ന ഒറ്റ സംജ്ഞയ്ക്ക് കീഴില്‍ കൊണ്ട് വരുന്നതില്‍ തന്നെ ശരികേടുണ്ട്. പരിചയക്കുറവ് കൊണ്ടോ അറിവ് കേടുകൊണ്ടോ ഒരു സര്‍ജന്‍ വരുത്തുന്നതാണ് ശരിയായ അര്‍ത്ഥത്തില്‍ ഗുരുതരമായ പിഴവ്. ഒരു സിസേറിയന്‍ നടത്തുന്നതിനിടെ യൂറിനറി ബ്ലാഡര്‍ മുറിയുക എന്നത് ഗുരുതരമായ പിഴവാണ്. എന്നാല്‍ സര്‍ജറിക്കിടെ ഒരു ഉപകരണം ഒടിയുക എന്നത് ആര്‍ക്കും എവിടെവച്ചും സംഭവിക്കാവുന്ന ഒരു സാധ്യതയാണ്. എങ്കിലും മറ്റ് തൊഴിലുകളെ അപേക്ഷിച്ച് മനുഷ്യജീവനുമായി ഇടപെടുന്ന മെഡിക്കല്‍ മേഖലയില്‍ അതിന്‍റേതായ ഗൌരവത്തോടും സൂക്ഷ്മതയോടും കൂടിത്തന്നെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത് അല്ലെങ്കില്‍ ചെയ്യേണ്ടത് എന്നതില്‍ തര്‍ക്കമൊന്നുമില്ല. മറന്നു വച്ചു എന്നത് എങ്ങനെ ശരിയല്ലാതാകുന്നു എന്നത് പരിശോധിക്കാം.

ഒരു ശരീരം കീറി മുറിക്കുന്നതിന് മുന്‍പ് ആ ശസ്ത്രക്രിയയ്ക്ക് വേണ്ടുന്ന എല്ലാ ഉപകരണങ്ങളും (രക്തം തുടയ്ക്കാനുപയോഗിക്കുന്ന ചെറിയ തുണികള്‍, തുന്നാനുപയോഗിക്കുന്ന സൂചികള്‍ തുടങ്ങിയവയെല്ലാം,) കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തുന്നുണ്ട്. ഈ എണ്ണം ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരം തുന്നിക്കെട്ടുന്നതിന് മുന്നേ വീണ്ടും എണ്ണിത്തിട്ടപ്പെടുത്തുന്നു. അങ്ങനെയാണ് ഉപകരണങ്ങള്‍ ഒന്നും കുറവ് വരികയോ രോഗിയുടെ ഉള്ളില്‍ പോവുകയോ ചെയ്തിട്ടില്ല എന്ന് ഉറപ്പുവരുത്തുക. ഇത് അടിസ്ഥാനപരമായും നിര്‍ബന്ധമായും ലോകത്തെല്ലായിടത്തും അനുവര്‍ത്തിക്കുന്ന ഒരു നടപടിയാണ്. എന്നാല്‍ അശ്രദ്ധ കൊണ്ട് ഈ എണ്ണം തെറ്റുകയോ കുറവുകണ്ടിട്ടും എന്തെങ്കിലും കാരണത്താല്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്‌താല്‍ കാര്യം ഗുരുതരമാകും. രോഗി ഈ വസ്തുവും ഉള്ളില്‍ വച്ച് ആശുപത്രി വിടുകയും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഈ അന്യവസ്തുവിനെ ശരീരം നിഷേധിക്കുകയും തുടര്‍ന്ന് അവിടം പഴുപ്പ് ബാധിക്കുകയും രോഗി ഗുരുതരാവസ്ഥയില്‍ എത്തുകയും ചെയ്യും. നെടുമങ്ങാട് സംഭവത്തില്‍ വളരെ കൃത്യമായി ഉപകരണഭാഗം നഷ്ടമായി എന്ന് കണ്ടെത്തുകയും തുടര്‍ നടപടികള്‍ അടിയന്തിരമായി  സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാണ്. അതിനാല്‍ ഡോക്ടറെ ഗുരുതരമായ പിഴവ് എന്നാരോപിച്ച് ക്രൂശിക്കുന്നതില്‍ നീതികേടും അറിവുകേടുമുണ്ട്.

എന്നാല്‍ ഡോക്ടര്‍ പൂര്‍ണ്ണമായും കുറ്റവിമുക്തനാണെന്ന് വ്യക്തിപരമായി എനിക്ക് അഭിപ്രായമില്ല. രണ്ടു പിഴവുകള്‍ ഡോക്ടറുടെ ഭാഗത്ത് നിന്നും വന്നിട്ടുണ്ട് എന്ന് കരുതുന്നു. ഒന്ന് ഓരോ ഉപകരണങ്ങള്‍ക്കും അതിന്‍റേതായ ഉപയോഗമുണ്ട്. അവയുടെ ഡിസൈന്‍ അപ്രകാരമായിരിക്കും. അസ്ഥികള്‍ പിടിക്കാന്‍ ഉപയോഗിക്കുന്നത്ര കരുത്ത് മസിലുകള്‍ പിടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് ഉണ്ടായിരിക്കുകയില്ല. ഇത് പരസ്പരം മാറി ഉപയോഗിക്കുന്നത് ഉപകരണത്തിനോ ശരീരാവയവങ്ങള്‍ക്കോ കേടുപാട് വരാന്‍ ഇടയാക്കും. ഇവിടെ തുണി ഉറപ്പിച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്ന towel clip എന്ന താരതമ്യേന ദുര്‍ബലമായ ഉപകരണമാണ് ഗര്‍ഭാശയമുഴ പിടിക്കുവാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഗര്‍ഭാശയ മുഴകള്‍ പിടിക്കാന്‍ അതിനുവേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടുള്ള myoma screw, somer uterine elevator തുടങ്ങിയ ഏതെങ്കിലും ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളുടെ പരിമിതികളും പരാധീനതകളും ചൂണ്ടിക്കാണിച്ചുകൊണ്ട് ഇത്തരം വീഴ്ചകളെ ന്യായീകരിക്കാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ആധുനിക വൈദ്യത്തിനെതിരെ വലിയ പ്രചാരണങ്ങള്‍ നടക്കുന്ന ഒരു സമൂഹത്തില്‍.

രണ്ടാമതായി ഉപകരണം ഒടിഞ്ഞ് വയറിനുള്ളില്‍ കുടുങ്ങി എന്നത് രോഗിയുടെ ബന്ധുക്കളെ വിശദമായി പറഞ്ഞു മനസ്സിലാക്കേണ്ടിയിരുന്നു. അത് കണ്ടെത്താന്‍ കഴിയാത്ത പരിമിതികളും സാഹചര്യങ്ങളും ഉള്‍പ്പെടെ. ഇവിടെ ആശുപത്രിക്ക്  പുറത്ത് x-ray എടുത്തതിന് ശേഷമാണ് ബന്ധുക്കള്‍ ഈ വിവരം അറിയുന്നതെന്ന് തോന്നുന്നു. അത് പിഴവ് ഒളിച്ചുവയ്ക്കാനുള്ള ശ്രമമായി തെറ്റിദ്ധരിച്ചിട്ടുണ്ട്.

മെഡിക്കല്‍ ജേര്‍ണ്ണലിസം
വൈദ്യശാസ്ത്ര മാധ്യമപ്രവര്‍ത്തനം എത്രമാത്രം ഗൌരവതരമായ ഒന്നാണെന്ന് നമ്മുടെ മലയാള മാധ്യമങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. നമ്മുടെ പത്രങ്ങളിലെ ഈ വിഷയ സംബന്ധിയായ റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ അവസ്ഥ എത്ര പരിതാപകരമാണ് എന്നറിയാം. വസ്തുതകള്‍ പരിശോധിക്കാതെ അല്‍പ്പജ്ഞാനം വച്ചുകൊണ്ട് അപൂര്‍വ്വ രോഗം, ഗുരുതരമായ അനാസ്ഥ, പിഴവ് എന്നിങ്ങനെയുള്ള സെന്‍സേഷനല്‍ തലക്കെട്ടുകളില്‍ അഭിരമിക്കുകയാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍. ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് വ്യക്തവും അടിസ്ഥാനപരവും ആയ വിജ്ഞാനം പൊതുജനത്തിന് പകര്‍ന്നുകൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയും. കുറെ ഒറ്റമൂലികളും ചികിത്സാനിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കുന്ന അതിനേക്കാള്‍ കൂടുതല്‍ അനാവശ്യ രോഗഭീതി പരത്തുന്ന ആരോഗ്യമാസികകളുടെ ശൈലിയും പൂര്‍ണ്ണമായും ഉടച്ചു വാര്‍ക്കേണ്ടതുണ്ട്.

പശുച്ചാണകവും ഗോമൂത്രവും സമാസമം പാലില്‍ ചേര്‍ത്ത് നാല് നേരം കഴിച്ചാല്‍ പൊണ്ണത്തടി കുറയുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന് തയ്യാറാകുന്ന കുറെയധികം പേരുള്ള നാടാണ് നമ്മുടേത്. ശാസ്ത്രത്തിന്‍റെ ലളിതതത്വങ്ങള്‍ക്ക് പോലും വിരുദ്ധമായ സകല സമാന്തര ചികിത്സകള്‍ക്കും വേര് പിടിക്കുന്ന മനോനിലയുള്ള ഒരു സമൂഹത്തില്‍ മാധ്യമങ്ങള്‍ വൈദ്യശാസ്ത്ര വാര്‍ത്തകളോട് പുലര്‍ത്തുന്ന ലാഘവത്വം ഗുരുതരമായ ഒരു സമൂഹ്യദ്രോഹമാണ്. ശരിയായ അര്‍ത്ഥത്തില്‍ ഉത്തരവാദിത്തമില്ലാത്ത, അജ്ഞത നിറഞ്ഞ ഈ പത്രപ്രവര്‍ത്തനത്തിനാണ്  ഗുരുതരമായ പിഴവ് എന്ന തലക്കെട്ട് ചേരുക.

(കുവൈറ്റിലെ റോയല്‍ ഹയാത്ത് ഹോസ്പിറ്റലില്‍ സ്റ്റെറൈല്‍ പ്രോസസിഗ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍