UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സച്ചാര്‍ റിപ്പോര്‍ട്ടിന് 10 വയസ്: ഐഎഎസ്, ഐപിഎസുകാരില്‍ മുസ്ലീം പ്രാതിനിധ്യം പഴയപടി തന്നെ

Avatar

അഴിമുഖം പ്രതിനിധി

സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് 10 വര്‍ഷമായിട്ടും ഐ എ എസ്, ഐ പി എസ് വിഭാഗങ്ങളിലെ മുസ്ലീം പ്രാതിനിധ്യം പഴയപടി തന്നെ. ന്യൂനപക്ഷ സമുദായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഐ എ എസ്, ഐ പി എസ് ജോലികളിലെ മുസ്ലീങ്ങളുടെ എണ്ണം കൂട്ടണമെന്ന് സമിതി നിര്‍ദേശിച്ചിരുന്നു. 10 വര്‍ഷം കഴിയുമ്പോള്‍ മുസ്ലീങ്ങളായ ഐ എ എസുകാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലും ഐ പി എസുകാരുടെ എണ്ണം കുറഞ്ഞു. 2006 നവംബറില്‍ റിപ്പോര്‍ട്ട് നല്കുമ്പോള്‍ 128 മുസ്ലീങ്ങള്‍ ഐ പി എസില്‍ ഉണ്ടായിരുന്നു. അതായത് 3209-ല്‍ 4 ശതമാനം പേര്‍. ജനുവരി 2016ല്‍ 120 പേരാണ് ഐ പി എസില്‍ മുസ്ലീങ്ങളായി ഉള്ളത്. 3754-ല്‍ 3.9 ശതമാനം.

ഒരാളെ യൂണിയന്‍ സിവില്‍ സര്‍വീസ് കേഡറില്‍ എടുക്കുന്നത് രണ്ടുതരത്തിലാണ്; UPSC പരീക്ഷ വഴിയോ അല്ലെങ്കില്‍ സംസ്ഥാന ജീവനക്കാരില്‍ നിന്നും സ്ഥാനക്കയറ്റം വഴിയോ. സംസ്ഥാന കേഡറില്‍ നിന്നും ഐ പി എസിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ മുസ്ലീങ്ങളുടെ എണ്ണമാണ് ഗണ്യമായി കുറഞ്ഞിരിക്കുന്നത്. 2006-ല്‍ ഇത് 7 ശതമാനം ആയിരുന്നു. 2016 ജനുവരിയില്‍ 3.82 ശതമാനമായി. സംസ്ഥാന കേഡറില്‍ നിന്നും സ്ഥാനക്കയറ്റം കിട്ടിയ 912 ഐ പി എസുകാരില്‍ സച്ചാര്‍ സമിതി 65 മുസ്ലീങ്ങളെയാണ് കണ്ടത്. 2016-ല്‍ 1150 ഐ പി എസ് സ്ഥാനക്കയറ്റക്കാരില്‍ 44 മുസ്ലീങ്ങള്‍ മാത്രമാണുള്ളത്. യു പി എസ് സി വഴി വന്ന ഐ പി എസുകാരില്‍ മുസ്ലീങ്ങളുടെ എണ്ണം കൂടി. സച്ചാര്‍ റിപ്പോര്‍ട്ട് നല്കുമ്പോള്‍  നേരിട്ടു നിയമനം കിട്ടിയ 2297 ഐ പി എസുകാരില്‍ 63 മുസ്ലീങ്ങളാണ് ഉണ്ടായിരുന്നത്- 2.7 ശതമാനം. ഇപ്പോഴത് 2604-ല്‍ 76 ആണ്- 2.91 ശതമാനം. ഐ എ എസുകാരില്‍ മുസ്ലീങ്ങളുടെ എണ്ണം നാമമാത്രമായി കൂടിയിട്ടുണ്ട്. സച്ചാര്‍ റിപ്പോര്‍ട്ട് കാലത്ത് 3 ശതമാനം ആണെങ്കില്‍ ജനുവരി 2016-ല്‍ 3.32 ശതമാനം അതായത് 4926-ല്‍ 164 മുസ്ലീങ്ങള്‍. ഇതില്‍ 96 പേര്‍ നേരിട്ടു നിയമനം കിട്ടിയവരാണ്. യു പി എസ് സി പരീക്ഷ വിജയിച്ച 3511-ല്‍ 2.7 ശതമാനം. 2006-ല്‍ ഇത് 2.3 ശതമാനം ആയിരുന്നു.

“ജനസംഖ്യയുടെ 14 ശതമാനം വരുന്ന മുസ്ലീങ്ങളുടെ പങ്കാളിത്തം ഭരണനിര്‍വ്വഹണ സര്‍വീസില്‍ വളരെ കുറവാണ്,” സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന് ശേഷമുള്ള  അവലോകന സമിതി അദ്ധ്യക്ഷന്‍ അമിതാഭ് കുണ്ടു പറഞ്ഞു. “ഈ പദവികളിലേക്ക് അപേക്ഷിക്കുന്നവരെ നോക്കിയാല്‍ അസന്തുലിതാവസ്ഥയുടെ ശരിയായ അവസ്ഥ അറിയാം. അപേക്ഷകരിലെ മുസ്ലീങ്ങളുടെ  എണ്ണം ഏതാണ്ട് 8 ശതമാനമാണ്,” രണ്ടു സര്‍വീസിലേക്കും കൂടി നേരിട്ടു നിയമിക്കപ്പെട്ട 172 മുസ്ലീങ്ങളില്‍ 48 പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്. ബീഹാര്‍-34, ജമ്മു കാശ്മീര്‍ 22.

രജിന്ദര്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ട്
ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്റെ നിലവിലെ സാമ്പത്തിക, സാമൂഹ്യ, വിദ്യാഭ്യാസ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനാണ് 2005-ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, സച്ചാര്‍ സമിതിയെ നിയോഗിച്ചത്. ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു രജിന്ദര്‍ സച്ചാര്‍. ആറംഗങ്ങളാണ് സച്ചാറിനെ കൂടാതെ സമിതിയില്‍ ഉണ്ടായിരുന്നത്. 2006 നവംബര്‍ 30-നു 403 പുറങ്ങളുള്ള റിപ്പോര്‍ട്ട് സമിതി പാര്‍ലമെന്റിന് സമര്‍പ്പിച്ചു. മുസ്ലീം സമുദായം ഇന്ത്യയിലെ പൊതു ജീവിതത്തില്‍ നേരിടുന്ന പ്രാതിനിധ്യക്കുറവും മറ്റ് പ്രശ്നങ്ങളും സമിതി ഉയര്‍ത്തിക്കാണിച്ചു. ശുപാര്‍ശകളുടെയും പഠനരീതികളുടെയും പേരില്‍ സമിതിക്ക് വിമര്‍ശനവും നേരിടേണ്ടിവന്നു.

ഇന്ത്യയുടെ പൊതു രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തില്‍ മുസ്ലീങ്ങള്‍ക്ക് എങ്ങനെ പൂര്‍ണപങ്കാളിത്തം ഉറപ്പുവരുത്താം എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളും അതിനിപ്പോഴുള്ള തടസങ്ങളും സമിതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കുന്ന അത്തരത്തിലുള്ള  ആദ്യ പഠനമായിരുന്നു അത്. ജനസംഖ്യയുടെ 14 ശതമാനം വരുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ വെറും 2.5 ശതമാനമാണ് അവരുടെ പങ്കാളിത്തം. പട്ടികജാതി, പട്ടികവര്‍ഗക്കാരെക്കാള്‍ മോശമാണ് ഇന്ത്യന്‍ മുസ്ലീങ്ങള്‍ നേരിടുന്ന അവസ്ഥ എന്ന് സച്ചാര്‍ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ നേരിടുന്ന അസമത്വത്തെ വെളിച്ചത്തുകൊണ്ടുവന്ന റിപ്പോര്‍ട് ഇപ്പോഴും തുടരുന്ന വലിയ സംവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍