UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ എത്രത്തോളം ജനായത്തമാണ്? ഈ റിപ്പബ്ലിക്ക് ദിനത്തില്‍ ചോദിക്കാവുന്ന ഏറ്റവും നല്ല ചോദ്യം

Avatar

ടീം അഴിമുഖം

1950 ജനുവരി 26ന് നമ്മുടെ ഭരണഘടന അംഗീകരിക്കുകയും പാര്‍ലമെന്ററി സംവിധാനത്തിലുള്ള ഒരു സര്‍ക്കാരും നിയമനിര്‍മാണ സഭയ്ക്ക് വിധേയമായ ഭരണനിര്‍വഹണ സംവിധാനവുമുള്ള ഒരു ജനാധിപത്യ റിപബ്ലിക്കാണ് ഇന്ത്യ എന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന്റെ 66-ആം വാര്‍ഷികം ആഘോഷിക്കുകയാണ് നാം ഇന്ന്.

ഭരണഘടന അംഗീകരിക്കപ്പെട്ടതോടെ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ പാരമ്പര്യത്തിന്റെ അവസാന അടയാളങ്ങള്‍ തൂത്തെറിയുകയും, ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ 1947ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ ചട്ടം പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തു. ജോര്‍ജ്ജ് ആറാമന്‍ രാജ്യത്തിന്റെ തലവനായുള്ള ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ രണ്ട് സ്വതന്ത്ര കോളനികള്‍ അല്ലാതെ ആവുകയായിരുന്നു നമ്മള്‍ ഈ നീക്കത്തിലൂടെ.

ഭരണഘടനാപരമായി രാജവാഴ്ച ഇപ്പോഴും നിലനില്‍ക്കുന്ന യുകെ, കാനഡ പോലുള്ള നിരവധി മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തരാണ് നമ്മള്‍. മാത്രമല്ല രാജ്യത്തിന്റെ തലവനെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കാനുള്ള അടിയന്തിര സാധ്യത നിലനില്‍ക്കുന്നുമില്ല. വടക്കന്‍ കൊറിയയും ഇസ്ലാമിക സ്‌റ്റേറ്റും പോലെയുള്ള കപട റിപ്പബ്ലിക്കുമല്ല നമ്മള്‍. റിപ്പബ്ലിക്കുകളുടെ ഒരു ദീര്‍ഘകാല ചരിത്രം ഇന്ത്യയ്ക്കുണ്ടെന്ന വസ്തുതയാണ് ഇതുവരെ വിശദമായി ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നത്.

ക്ലാസിക്കല്‍ ഗ്രീസിലും റോമിലുമാണ് റിപ്പബ്ലിക് എന്ന വാക്കിന്റെ തത്വശാസ്ത്രപരമായ സങ്കേതം വികസിതമായത്. ലോകത്തിന്റെ ഈ കോണില്‍ ദീര്‍ഘകാലമായി പുഷ്ടിപ്പെട്ടുവന്ന ഒരു സങ്കല്‍പമായിരുന്നു റിപ്പബ്ലിക്. ഗണ സംഘ (സമിതിയുടെ അടിസ്ഥാനത്തിലുള്ള ഭരണനിര്‍വഹണം) എന്ന സങ്കല്‍പത്തെ കുറിച്ച് പല പുരാതന ഗ്രന്ഥങ്ങളിലും പരാമര്‍ശങ്ങളുണ്ട് എന്ന് മാത്രമല്ല, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വൈശാലിയിലെ ലിച്ചാവി പ്രജാരാജ്യം, കപിലവസ്തുവിലെ സാഖ്യ പ്രജാരാജ്യം, മിഥിലയിലെ വിധേഹ പ്രജാരാജ്യം തുടങ്ങിയ നിരവധി ജനായത്ത ഭരണ സംവിധാനങ്ങള്‍ നിലനില്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്ന് ചോദിക്കേണ്ട ചോദ്യം ഇതാണ്: ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഒരു ജനായത്തായ ഭരണസംവിധാനം നിലനില്‍ക്കുന്ന രാജ്യമാണോ?

നമ്മള്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായ മുകേഷ് അംബാനി , മുംബെയില്‍ പണികഴിപ്പിച്ച അന്റിലിയ എന്ന രമ്യഹര്‍മത്തിന്റെ മുന്നിലോ അല്ലെങ്കില്‍ രാജ്യത്തെ ഏതെങ്കിലും ദളിത് കോളനിയിലോ കേരളത്തിലെ ഏതെങ്കിലും ആദിവാസി മേഖലയിലോ ആണ് നില്‍ക്കേണ്ടി വരുന്നതെങ്കില്‍, ഈ ചോദ്യത്തിന് മറുപടിയായി ‘അല്ല’ എന്ന് ഉറക്കെ പറയേണ്ടി വരും. പണ്ടൊരു അനാഥാലയം നിലനിന്ന സ്ഥലത്താണ്, ചില എഴുത്തുകാര്‍ 21-ാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ പടുകൂറ്റന്‍ സൗധം റിലയന്‍സ് മുതലാളി നിര്‍മ്മിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യം ഉപേക്ഷിച്ചു പോയ മൂല്യങ്ങളെ അന്റിലിയ ക്രൂരമായി ഓര്‍മ്മപ്പെടുത്തുന്നുണ്ടാവാം. എന്നാല്‍ നിരവധി തരത്തിലുള്ള പ്രഭുക്കളുടെയും രാജക്കന്മാരുടെയും നാടായി ആധുനിക ഇന്ത്യ മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

കോണ്‍ഗ്രസ് പാര്‍ട്ടിയെ നോക്കൂ. താഴെ തട്ടില്‍ നിന്നും സത്യസന്ധമായി ഉയര്‍ന്നുവന്ന എത്ര യുവ നേതാക്കന്മാര്‍ അതിന്റെ നേതൃനിരയില്‍ ഉണ്ട്? രാഹുല്‍ ഗാന്ധി, സച്ചിന്‍ പൈലറ്റ്, ഹൈബി ഈഡന്‍, ജോതിരാഥിത്യ സിന്ധ്യ എന്നിവരെ പോലുള്ള ആളുകള്‍ പുതിയ തരം പ്രഭുത്വത്തിന്റെ പ്രതിനിധികളല്ലെ? കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എവിടെയാണ് ഇന്ത്യന്‍ ജനായത്തായ സമ്പ്രദായത്തിന്റെ ഊര്‍ജ്ജം ബാക്കിയുള്ളത്?

ബിജെപിയും കോണ്‍ഗ്രസിന്റെ വഴിയില്‍ തന്നെയാണോ മുന്നേറുന്നത്? എങ്ങനെയാണ് അനുരാഗ് താക്കൂറിനെയും ജയന്ത് സിംഗിനെയും പോലെയുള്ളവര്‍ക്ക് ജനായത്തായ മാതൃകകളുടെ ആത്മാവ് ഉള്‍ക്കൊള്ളാന്‍ സാധിക്കുക? ഭരണഘടനയും അതിന്റെ മൂല്യങ്ങളൂമാണ് പരമപ്രധാനം എന്ന് പ്രഖ്യാപിക്കുന്ന ഒരു ജനായത്ത വ്യവസ്ഥിതിയുടെ ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍, നിരവധി ക്രിമിനല്‍ ഗൂഢാലോചനകളില്‍ പ്രതിയും വിഷം തുപ്പുന്ന നിരവധി എംപിമാരുടെ സൃഷ്ടാവുമായ ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്ക് എങ്ങനെയാണ് സാധിക്കുക?

ശാസ്ത്രീയ അഭിരുചിയും മാനുഷികതയും അന്വേഷണ, പരിഷ്‌കരണത്വരകളും വളര്‍ത്തേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്വമാണെന്ന് ഉത്‌ഘോഷിക്കുന്ന ഭരണഘടനയും 51എ വകുപ്പിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളാന്‍, പുരാവൃത്തത്തെ ശാസ്ത്രമായി തെറ്റിദ്ധരിക്കുന്ന ഒരു പ്രധാനമന്ത്രിക്ക് എങ്ങനെയാണ് സാധിക്കുക?

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ പ്രസിഡന്റിന്റെ മകള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ ഏത് മൂല്യത്തെയാണ് പ്രതിനിധീകരിക്കുക?

പഞ്ചാബിലെ ബാദല്‍ കുടുംബത്തിന്റെ ശാസനങ്ങള്‍ ജനായത്തായ സങ്കല്‍പങ്ങളെ എങ്ങനെയാണ് പ്രതിനിധീകരിക്കുക? സമാജ് വാദി പാര്‍ട്ടിയെ പൂര്‍ണമായും വരുതിയിലാക്കിയിരിക്കുന്ന മുലായം സിംഗ് യാദവിന്റെയും കുടുംബത്തിന്റെയും അധീശത്വം എങ്ങനെ ജനായത്ത ഭരണത്തിന്റെ സത്തയെ പ്രതിനിധീകരിക്കുക? അല്ലെങ്കില്‍, സമൂഹത്തെ നയിക്കാനുള്ള സാധാരണ ജനങ്ങളുടെ അവകാശത്തെ തട്ടിപ്പറിക്കുന്ന ശരദ് പവാറും അദ്ദേഹത്തിന്റെ കുടുംബവും ഉള്‍പ്പെടുന്ന നിരവധി രാഷ്ട്രീയ കുടുംബങ്ങളുടെ നടപടികളാണോ നമ്മുടെ ജനായത്ത വ്യവസ്ഥിതിയെ നിര്‍ണയിക്കുന്നത്?

ജനായത്ത വ്യവസ്ഥിതി, ഭരണഘടനാനുശാസനം, സഭ്യത, പൊതു ധാര്‍മികത എന്നിവയുടെ അതിര്‍വരമ്പുകള്‍ ഇന്ത്യന്‍ പൊതുജീവിതത്തില്‍ ലോലമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ, ഈ രാജ്യത്തെ നയിക്കാനുള്ള നമ്മുടെ അവകാശത്തെ ചില കുടുംബങ്ങളും വ്യവസായികളും ഉദ്യോഗപ്രഭുക്കളും ചേര്‍ന്ന് തട്ടിയെടുക്കുമ്പോള്‍, അതില്‍ അത്ഭുതത്തിന് അവകാശമില്ലെന്ന് മാത്രമല്ല അംഗീകരിക്കപ്പെടുകപോലും ചെയ്യുന്നു. നമ്മുടെ കുട്ടികളില്‍ അമ്പത് ശതമാനത്തിലേറെ പോഷകദാരിദ്രത്തിലാണെന്നതും മുപ്പത് ശതമാനത്തിന് മാത്രമാണ് ശുചിത്വ സംവിധാനങ്ങളില്‍ പ്രാപ്യതയുള്ളതെന്നതും കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഇപ്പോഴും ആരോഗ്യ സംവിധാനങ്ങളില്‍ പ്രാപ്യത ഇല്ലെന്നതും അതുപോലെ തന്നെ അംഗീകരിക്കപ്പെടുന്നു. നമുക്ക് വേണ്ടത്ര വിഭവങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല ഇത് സംഭവിക്കുന്നത്. മറിച്ച്, രാജ്യത്തിന്റെ നല്ലൊരു ഭാഗത്തും ഇപ്പോഴും ജനയാത്തയ വ്യവസ്ഥിതിയുടെ സത്ത യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കപ്പെടാത്തത് കാരണം ആ വിഭവങ്ങള്‍ ദരിദ്രരിലേക്ക് എത്തിപ്പെടാത്തത് കൊണ്ട് മാത്രമാണ് ഈ വൈരുദ്ധ്യം നിലനില്‍ക്കുന്നത്.

പൊതുവിശ്വാസം ദുര്‍വിനിയോഗം ചെയ്തുകൊണ്ടും ഇന്ത്യന്‍ ജനായത്ത വ്യവസ്ഥയുടെ അസാന്നിധ്യം മൂലവും സര്‍ക്കാര്‍ വിഭവങ്ങള്‍ വഴി മാറി ഒഴുകുന്നത് നമ്മുടെ മിന്നിത്തിളങ്ങുന്ന നഗരങ്ങളില്‍ ദൃശ്യമാവില്ല. എന്നാല്‍ വിദൂരസ്ഥ ഗ്രാമീണ ഇന്ത്യയില്‍ പോഷകരഹിത, സ്വപ്നരഹിത, പലപ്പോഴും മേല്‍ക്കുരയില്ലാത്തതും അത്യഗാധതയില്‍ നിപതിച്ചതുമായ ജീവിതങ്ങള്‍ നിലനില്‍ക്കുന്നു. നമ്മുടെ ജനായത്ത സമ്പ്രദായത്തിന്റെ വക്രീകരിച്ച രീതികള്‍ മൂലം തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന കുഞ്ഞുങ്ങളെ, നിരന്തരം കുഴിച്ചിടേണ്ടി വരുന്ന മാതാപിതാക്കളുടെ ഊഷരനേത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന കേരളത്തിലെ ആദിവാസി മേഖലകള്‍ ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്.

സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമാവുമ്പോള്‍ മാത്രമേ ഇന്ത്യ ഒരു യഥാര്‍ത്ഥ ജനായത്ത വ്യവസ്ഥിതിയായി നിലനില്‍ക്കൂ. ഈ തിങ്കളാഴ്ച നമുക്ക് നമ്മോട് തന്നെ ചോദിക്കാവുന്ന നല്ല ചോദ്യമുണ്ട്: ഇന്ത്യ എത്രത്തോളം ജനായത്തമാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍