UPDATES

ട്രെന്‍ഡിങ്ങ്

വ്യാജ ചിത്രവുമായി റിപ്പബ്ലിക് ടിവി ഉപദേശകന്‍, ഒപ്പം സംഘപരിവാറും; മമതയുടെ പൊലീസ് വിമുക്തഭടനെ തല്ലിച്ചതച്ചെന്ന പ്രചാരണം പക്ഷേ പൊളിഞ്ഞു

ഗൂര്‍ഖാലാന്‍ഡിനായി നടക്കുന്ന പ്രതിഷേധത്തില്‍ ചൈന യുദ്ധത്തില്‍ പങ്കെടുത്ത ധീര സൈനികനെ മമതയുടെ പൊലീസ് തലതല്ലിപ്പൊട്ടിച്ചെന്നായിരുന്നു പ്രചാരണം

എതിരാളികളായി കരുതുന്നവര്‍ക്കെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് അതിശക്തമാം വിധം വര്‍ദ്ധിക്കുകയാണ് സമകാലിക ഇന്ത്യയില്‍. സോഷ്യല്‍ മീഡിയ അതിന് വളരെയധികം സഹായം ചെയ്യുന്നുണ്ട്. ഒഴുകുന്ന വെളത്തില്‍ ഒരുതുള്ളി വിഷം കലര്‍ത്തിയാലും അതെത്രമാത്രം അപകടം വരുത്തുമെന്നതുപോലെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വ്യാജ ചിത്രമോ, വീഡിയോയോ അതല്ലെങ്കില്‍ അവാസ്തവമായ ഒന്നിനെക്കുറിച്ച് രണ്ടു വരി കുറിക്കുന്നതോ. പിന്നീടതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുമെങ്കിലും അതിനെടുക്കുന്ന സമയത്തിനുള്ളില്‍ ചിലര്‍ക്ക് അവരുടെ ഉദ്ദേശലക്ഷ്യം ഭാഗികമായെങ്കിലും നേടിയെടുക്കാന്‍ സാധിക്കും.

സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും അവര്‍ക്ക് പിന്തുണകൊടുക്കുന്ന മറ്റുള്ളവരില്‍ നിന്നും ഇത്തരം വ്യാജപ്രചരണങ്ങള്‍ സര്‍വസാധാരണമാം വിധം നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമാണ് മേജര്‍ ഗൗരവ് ആര്യ പ്രചരിപ്പിക്കുന്ന ഒരു ചിത്രം.

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജി ഉപദേശകനാണ് മേജര്‍ ആര്യ. തലപ്പൊട്ടി ചോരയെഴുകുന്ന ഒരു വിമുക്ത ഭടന്റെ ചിത്രമാണത്. പ്രത്യേക ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്കെതിരേ പൊലീസ് നടത്തിയ അക്രമത്തില്‍ പരിക്കേറ്റ വിമുക്തഭടന്റെ ചിത്രമാണിതെന്നാണു മേജര്‍ ആര്യ പറയുന്നത്. മമത ബാനര്‍ജി സര്‍ക്കാരിനെതിരേയുള്ള ആയുധമായാണ് ഈ ചിത്രം ആര്യ പ്രചരിപ്പിക്കുന്നത്. നിമിഷങ്ങള്‍ക്കകം ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വൈറലായി. നിരവധി പ്രമുഖരും ഈ ചിത്രം ഷെയര്‍ ചെയ്യുകയും മമത സര്‍ക്കാരിന്റെ ക്രൂരതയ്‌ക്കെതിരേ വാചാലരാവുകയും ചെയ്തു.

ഇവര്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ യാഥാര്‍ത്ഥ്യമന്താണ്? Quint അടക്കമുള്ള ദേശീയമാധ്യമങ്ങള്‍ സത്യം പുറത്തു പറയുന്നുണ്ട്. മേജര്‍ ആചാര്യമടക്കമുള്ളവര്‍ പറയുന്നത് നുണയാണ്. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് പത്താംക്ലാസ് വരെ ബംഗാളി ഭാഷ നിര്‍ബന്ധിത പഠനവിഷയമാക്കിയതിനെതിരേ ഖൂര്‍ഖ ജന്‍മുക്തി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്നും ഇതില്‍ പരിക്കേറ്റ ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്‍ഖ റജിമെന്റില്‍ സേവനം അനുഷ്ഠിച്ച ധീര സൈനികന്റെ ചിത്രമാണിതെന്നുമായിരുന്നു പ്രചാരകരുടെ അവകാശവാദം. എന്നാല്‍ സത്യം അതല്ല. ഈ ചിത്രത്തിന് ഇപ്പോള്‍ ഡാര്‍ജിലിംഗില്‍ നടക്കുന്ന ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭവുമായി യാതൊരുബന്ധവുമില്ല.

ഈ ചിത്രത്തില്‍ തലപ്പൊട്ടി ചോരയൊഴുകുന്ന നിലയില്‍ കാണുന്നത് കേണല്‍ ഡി കെ റായി ആണ്. 6/8 ഗൂര്‍ഖ റൈഫിള്‍സിലെ കമാന്‍ഡറായിരുന്നു ഡി കെ റായി. 2008 ല്‍ നടന്ന ഖൂര്‍ഖലാന്‍ഡ് പ്രതിഷേധത്തില്‍ പങ്കെടുത്തപ്പോള്‍ ലാത്തിച്ചാര്‍ജില്‍ അദ്ദേഹത്തിന് പരിക്കേറ്റതിന്റെ ചിത്രമാണ് ഇത്. 2017 മാര്‍ച്ച് 29 നു കേണല്‍ റായി അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷമാണ് ഈ ചിത്രം വ്യക്തിതാത്പര്യത്തിന്റെ പുറത്ത് വ്യാജമായി ഉപയോഗിക്കുന്നതും. മറ്റൊന്ന്, കേണല്‍ റായിക്ക് പരിക്കേറ്റ പ്രതിഷേധം നടന്നത് ബുദ്ധദേവ് ഭട്ടാചാര്യ ബംഗാള്‍ ഭരിക്കുമ്പോഴായിരുന്നു.

പക്ഷേ ഇന്നിപ്പോള്‍ ബിജെപിയുടെ മുഖ്യശത്രുക്കളില്‍ ഒരാളായ മമതയ്‌ക്കെതിരേ ഉപയോഗിക്കാന്‍ പ്രസ്തുത ചിത്രം ഉപകാരപ്പെടുമെന്ന് മേജര്‍ ആര്യയെ പോലുള്ളവര്‍ കരുതുന്നു. ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ചയ്ക്ക് പിന്തുണകൊടുക്കുന്നവരാണ് ബിജെപി. ബംഗാളില്‍ കലാപം വര്‍ദ്ധിക്കുകയാണെന്നും ഡാര്‍ജിലിംഗില്‍ പ്രത്യേക ഗൂര്‍ഖലാന്‍ഡ് സംസ്ഥാനത്തിനായി വാദിക്കുന്നവര്‍ക്കെതിരേ മമത സര്‍ക്കാര്‍ അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ നടത്തുകയാണെന്നുമാണ് ബിജെപി ആരോപിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ തക്കംപാര്‍ത്തിരിക്കുന്നുണ്ട്. വിഷയം കൊഴുപ്പിക്കാനും മമതയ്‌ക്കെതിരേ ജനങ്ങളെ തിരിക്കാനുമാണ് ഒരു സൈനികനെ തന്നെ തല്ലിച്ചതച്ചെന്ന തരത്തില്‍ വികാരപ്രക്ഷോഭം ഉണ്ടാക്കുന്ന ഇത്തരം ചിത്രങ്ങളും ഉപയോഗിക്കുന്നത്‌.


ഡല്‍ഹി ഹൈക്കോടതി അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ ഈ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് പറയുന്നത് 1962,71 കാലത്ത് നടന്ന ചൈന-ഇന്ത്യ യുദ്ധത്തില്‍ പങ്കെടുത്ത ധീരനായ ഗൂര്‍ഖ സൈനികനെ ലാത്തിചാര്‍ജില്‍ തല്ലിച്ചതച്ചെന്നാണ്. ബ്രിട്ടീഷ് ജനറല്‍ ഡയര്‍ ചെയ്തതിന്റെ ബാക്കിയാണ് ഇപ്പോള്‍ മമത ചെയ്യുന്നതെന്നാണ് പട്ടേലിന്റെ ആരോപണം. ഇതേ പട്ടേലാണ് മുമ്പ് മൊറോക്കയിലെ ഒരു ഇറച്ചിക്കടയ്ക്കു മുന്നില്‍ വച്ചിരിക്കുന്ന കന്നിന്റെ തല ബംഗാളില്‍ ആണെന്നു പറഞ്ഞു മമതയ്‌ക്കെതിരേ പോസ്റ്റ് ഇട്ടത്. കൊല്‍ക്കത്തയില്‍ പശുക്കളെ അറക്കുന്നുവെന്നും മമത ബാനര്‍ജി ഈദ് ആഘോഷിച്ചു നടക്കുകയാണെന്നുമായിരുന്നു പട്ടേലിന്റെ വിമര്‍ശനം. ആ വ്യാജപ്രചരണത്തില്‍ ഈ അഭിഭാഷകന്‍ കൈയോടെ പിടിക്കപ്പെട്ടിരുന്നു. എന്നാല്‍ അയാള്‍ തന്റെ പ്രവര്‍ത്തി തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നതാണ് പുതിയ കാര്യം കാണിക്കുന്നത്.

സംഘപരിവാര്‍ അനുകൂലവെബ്‌സൈറ്റായ പോസ്റ്റ്കാര്‍ഡും അതിന്റെ സ്ഥാപകനായ മഹേഷ് വിക്രം ഹെഗ്‌ഡെയും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ഇതുപോലെ ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകരും അനുകൂലികളുമായി പതിനായിരക്കണക്കിനുപേര്‍ ചിത്രം ഷെയര്‍ ചെയ്യുന്നു. യഥാര്‍ത്ഥ്യം പുറത്തുവന്നെങ്കിലും അതിനുള്ളില്‍ ഈ നുണ വിശ്വസിച്ചുവച്ചിരിക്കുന്നവരുടെയും ഇപ്പോഴും സത്യമെന്നു കരുതി ഷെയര്‍ ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുന്നവരുടെയും എണ്ണം വളരെ കൂടുതലാണ്. സംഘപരിവാറിന്റെ മറ്റൊരു നുണപ്രചരണം പൊളിച്ചെന്നു പറയാമെങ്കിലും അതിനു തയ്യാറായവരുടെ ലക്ഷ്യം ഭാഗികമായിട്ടാണെങ്കിലും വിജയിക്കുന്നത്, അവരെ സന്തോഷിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍